Articles
ഹേമ കമ്മീഷന്‍ റിപോര്‍ട്ടിന് എന്ത് സംഭവിച്ചു?
ഹേമ കമ്മീഷന്‍ റിപോര്‍ട്ടില്‍ സിനിമാ രംഗത്തെ പ്രമുഖരായ പലര്‍ക്കുമെതിരെ അതിക്രമ പരാതികള്‍ ഉണ്ടെന്നതിനാലാണ് അത് പുറത്തുവിടാത്തതെന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ആരോപണം. അങ്ങനെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നല്ലൊരു വിഭാഗം ജനങ്ങളും വിശ്വസിക്കുന്നു. കാരണം ആ മേഖലയെ പറ്റിയുള്ള ധാരണകളാണ്. ഹേമ കമ്മീഷന്‍ റിപോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടുകയും അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഏറ്റവും മുന്‍ഗണനയുള്ള വിഷയമാണെന്ന് സര്‍ക്കാറുകള്‍ നിരന്തരം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കാര്യമായ വ്യത്യാസമില്ല എന്നതാണ് അനുഭവം. കൊച്ചിയില്‍ മലയാള സിനിമയിലെ ഒരു പ്രമുഖ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത് കേരളത്തെ ഞെട്ടിച്ചതാണ്. തൃക്കാക്കര എം എല്‍ എ ആയിരുന്ന അന്തരിച്ച പി ടി തോമസിന്റെ ഇടപെടല്‍ കൊണ്ട് മാത്രമാണ് ആ സംഭവം ഒരു വാര്‍ത്ത തന്നെയായതും കേസ് എടുത്ത് അന്വേഷണം നടത്തിയതും. ഏതാണ്ടെല്ലാ കക്ഷി നേതാക്കള്‍ക്കും ഇക്കാര്യം മൂടിവെക്കാനായിരുന്നു താത്പര്യം എന്നതൊരു രഹസ്യമല്ല. കാരണം വ്യക്തമാണ്. ഈ കേസിലെ പ്രതികള്‍ സിനിമാ മേഖലയിലെ അത്യുന്നതരാണ്, അവര്‍ക്ക് എല്ലാ കക്ഷി നേതാക്കളുമായും നല്ല ബന്ധമുണ്ട്. മറ്റു കാര്യങ്ങളില്‍ എന്ന പോലെ വ്യക്തമായ നിലപാടുള്ള പി ടി തോമസ് ഒരുവിധ വിട്ടുവീഴ്ചക്കും തയ്യാറായില്ല. കേസ് ശരിയായല്ല മുന്നോട്ടു പോകുന്നതെന്ന തോന്നല്‍ പൊതു സമൂഹത്തില്‍ ഉണ്ടാക്കിയത് ആഭ്യന്തര വകുപ്പ് കൂടി ഭരിക്കുന്ന മുഖ്യമന്ത്രി തന്നെയാണ്. ചില ഗുണ്ടകളുടെ ആക്രമണം മാത്രമാണിതെന്നും ഒരുവിധ ഗൂഢാലോചനയും ഇല്ലെന്നുമാണ് ആദ്യ ഘട്ടത്തില്‍ പോലീസ് അദ്ദേഹത്തെ ധരിപ്പിച്ചത്. അത് അദ്ദേഹം പറഞ്ഞപ്പോഴാണ് പി ടി നിരാഹാര സമരം പ്രഖ്യാപിച്ചത്. ആ കേസിന്റെ ഇന്നത്തെ അവസ്ഥ അത്ര മെച്ചമാണെന്നൊന്നും പറയാന്‍ കഴിയില്ല. നിരന്തരം സിനിമാ സ്റ്റൈലില്‍ വളവു തിരിവുകള്‍ (ട്വിസ്റ്റുകള്‍) ഉണ്ടാകുന്നു. പുതിയ വെളിപ്പെടുത്തലുകള്‍ വരുന്നു, അന്വേഷണത്തിന്റെ ദിശകള്‍ മാറുന്നു. അഡ്വ. ജയശങ്കറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ജഡ്ജി തന്നെ കൂറുമാറുന്ന അവസ്ഥയാണുള്ളത്.
തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളില്‍ സിനിമാ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെ പറ്റി ഒട്ടനവധി വെളിപ്പെടുത്തലുകള്‍ ഉണ്ടായി. ആ രംഗത്തെ പ്രമുഖരായ സ്ത്രീകള്‍ നേരിട്ട് വന്ന് തങ്ങള്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായി എന്നറിയിച്ചു. അതില്‍ പലരെയും പരോക്ഷമായി ഈ മേഖലയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം നടക്കുന്നതായും കണ്ടു. നമ്മള്‍ നവോത്ഥാനത്തെയും സ്ത്രീകളുടെ പൗരാവകാശങ്ങളെയും മറ്റും പറ്റി വാതോരാതെ സംസാരിക്കുമ്പോഴും പണക്കൊഴുപ്പിന്റെയും അധികാര ബന്ധങ്ങളുടെയും ഒരു നിഗൂഢ മേഖലയായ സിനിമയില്‍ ഈ അതിജീവിതക്കൊപ്പം നില്‍ക്കാന്‍ ഒട്ടുമിക്ക പ്രമുഖ കലാകാരന്മാരും തയ്യാറായില്ല എന്നത് തന്നെ ഒരു സൂചനയാണല്ലോ. അവിടെ ഇപ്പോഴും ഒരു പണാധിപത്യ, പുരുഷാധിപത്യ വ്യവസ്ഥയാണ് നിലനില്‍ക്കുന്നത്.
മേല്‍പ്പറഞ്ഞ കൊച്ചിയിലെ സംഭവത്തിന് ശേഷം മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ‘വുമണ്‍ ഇന്‍ സിനിമ കളക്ടീവ്’ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, 2017 ജൂലൈ 16നാണ് ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായ സമിതിയെ സര്‍ക്കാര്‍ നിയോഗിക്കുന്നത്. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനായി ജസ്റ്റിസ് ഹേമ, റിട്ട ഐ എ എസ് ഓഫീസര്‍ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയതാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍.
മലയാള സിനിമാ രംഗത്തെ പ്രവര്‍ത്തകരോട് സംസാരിച്ച് സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, അവര്‍ നേരിടുന്ന ചൂഷണം എന്നീ പ്രശ്നങ്ങള്‍ പഠിച്ച് ആറ് മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹേമ കമ്മീഷനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. എന്നാല്‍ ഏതാണ്ട് രണ്ട് വര്‍ഷത്തോളം സമയമെടുത്താണ് ഹേമ കമ്മീഷന്‍ അവരുടെ റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഹേമ കമ്മീഷനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഏഴ് നിബന്ധനകള്‍ (ടേംസ് ഓഫ് റഫറന്‍സ്) പ്രകാരം സിനിമയിലെ സ്ത്രീകളുടെ സുരക്ഷ, മെച്ചപ്പെട്ട ശമ്പള പാക്കേജ്, സേവന വ്യവസ്ഥകള്‍, അനുയോജ്യമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കല്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളാണ് കമ്മീഷന്‍ അന്വേഷിക്കേണ്ടിയിരുന്നത്.
രാജ്യത്ത് തന്നെ ആദ്യമായായിരുന്നു ഒരു സര്‍ക്കാര്‍ സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയമിക്കുന്നത്. ആ തരത്തില്‍ സ്വാഗതാര്‍ഹമായ തീരുമാനമായിരുന്നു സ്ത്രീ സുരക്ഷക്ക് വലിയ പ്രാധാന്യം നല്‍കുമെന്ന് പറഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചത്. സെന്‍സിറ്റീവായ വിവരങ്ങള്‍ ഉള്‍പ്പെട്ട കമ്മിറ്റി റിപോര്‍ട്ടാണെങ്കില്‍ കൂടി ആ ഭാഗങ്ങള്‍ ഒഴിവാക്കി ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ പുറത്തുകൊണ്ടുവരാനുള്ള ധാര്‍മിക ഉത്തരവാദിത്വം പോലും സര്‍ക്കാര്‍ കാണിക്കുന്നില്ലെന്നാണ് വിമര്‍ശനം. ഹേമ കമ്മിറ്റിക്കായി സര്‍ക്കാര്‍ ചെലവിട്ടത് ഒരു കോടി പത്ത് ലക്ഷത്തിലേറെ രൂപയാണ് എന്ന് വിവരാവകാശ രേഖകള്‍ പറയുന്നു. 2018 ജൂലൈയില്‍ അഞ്ച് ലക്ഷവും ജൂണില്‍ അഞ്ച് ലക്ഷവും സെപ്തംബറില്‍ രണ്ട് ലക്ഷവും ഡിസംബറില്‍ അഞ്ച് ലക്ഷവും കൈപ്പറ്റി. 2020 മാര്‍ച്ച് 31ന് 60 ലക്ഷം കൈപ്പറ്റിയതായും സാംസ്‌കാരിക വകുപ്പ് നല്‍കിയ വിവരാവകാശ രേഖയില്‍ വിശദീകരിക്കുന്നു. പത്ത് തവണയായി ജസ്റ്റിസ് ഹേമ ഒരു കോടിക്ക് മുകളില്‍ കൈപ്പറ്റിയെന്നും രേഖയില്‍ പറയുന്നു.
2019 ഡിസംബര്‍ 31 മുതല്‍ സര്‍ക്കാര്‍ പുറത്തുവിടാതെ ഫയലില്‍ വിശ്രമിക്കുകയാണ് ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണത്തെക്കുറിച്ചും അതിക്രമത്തെക്കുറിച്ചും വിശദമായി പഠിച്ച് തയ്യാറാക്കിയ റിപോര്‍ട്ട്. റിപോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടിയുണ്ടായാല്‍ മെച്ചപ്പെട്ട തൊഴിലിടവും സുരക്ഷിതത്വവും സൃഷ്ടിക്കാന്‍ കഴിയുമെന്ന് നൂറ് ശതമാനം വിശ്വാസമുണ്ടെന്ന് ജസ്റ്റിസ് ഹേമ ഉറപ്പിച്ച് പറയുമ്പോഴും ഹേമ കമ്മിറ്റി റിപോര്‍ട്ട് ടേബിള്‍ ചെയ്യാനോ നടപടിയെടുക്കാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. റിപോര്‍ട്ടില്‍ പറയുന്നത് പോലെ സര്‍ക്കാര്‍ ചെയ്താല്‍ സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും ഉപകാരപ്രദമായിരിക്കുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ട്. താനത് ചെയ്തു, സര്‍ക്കാറിനെ ഏല്‍പ്പിച്ചു, ഇനി സര്‍ക്കാറാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്നുമാണ് ജസ്റ്റിസ് ഹേമ പ്രതികരിച്ചത്. എന്നാല്‍ ഇത് ഒരു കമ്മീഷന്‍ അല്ലെന്നും കേവലം ഒരു സമിതി മാത്രമാണെന്നും അതിന്റെ റിപോര്‍ട്ട് അംഗീകരിക്കണമോ തള്ളിക്കളയണമോ എന്ന് തീരുമാനിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നുമാണ് സ്ത്രീസുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന വനിതാ കമ്മീഷന്‍ പറഞ്ഞത്. ആ റിപോര്‍ട്ടില്‍ സിനിമാ രംഗത്തെ പ്രമുഖരായ പലര്‍ക്കുമെതിരെ അതിക്രമ പരാതികള്‍ ഉണ്ടെന്നതിനാലാണ് അത് പുറത്തുവിടാത്തതെന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ആരോപണം. അങ്ങനെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നല്ലൊരു വിഭാഗം ജനങ്ങളും വിശ്വസിക്കുന്നു. കാരണം ആ മേഖലയെ പറ്റിയുള്ള ധാരണകളാണ്.
പ്രശസ്തമായ വൈശാഖാ കേസിലെ സുപ്രീം കോടതി വിധി അനുസരിച്ച് ഏത് വ്യവസായത്തിലും ഓഫീസിലും സ്ത്രീകള്‍ തൊഴിലെടുക്കുന്നുണ്ടെങ്കില്‍ അവിടെ ഒരു സമിതി ഉണ്ടാകണം. സ്ഥാപനത്തിലെ ഏറ്റവും മുതിര്‍ന്ന സ്ത്രീയും സ്ഥാപനത്തിന് പുറത്തു നിന്നുള്ള ഒരു സാമൂഹിക പ്രവര്‍ത്തകയും അതില്‍ അംഗങ്ങള്‍ ആയിരിക്കണം. സ്ഥാപനത്തിലെ ഏത് സ്ത്രീക്കും തനിക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ സംബന്ധിച്ചുള്ള പരാതികള്‍ ഈ സമിതിക്ക് നല്‍കാനും പരിഹാരം തേടാനും കഴിയണം.
ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപോര്‍ട്ട് രണ്ട് വര്‍ഷമായിട്ടും പുറത്തുവിടാത്തതില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പുതിയ സമിതിയെ നിയമിച്ചിട്ടുണ്ട് സംസ്ഥാന സര്‍ക്കാര്‍. കമ്മീഷന്‍ റിപോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കുന്നത് പരിശോധിക്കാന്‍ മൂന്നംഗ സമിതിയാണ് സര്‍ക്കാര്‍ രൂപവത്കരിച്ചത്. ചലച്ചിത്ര അക്കാദമി സെക്രട്ടറി, സാംസ്‌കാരിക വകുപ്പിലെ അണ്ടര്‍ സെക്രട്ടറി, നിയമ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ഹേമ കമ്മീഷന്റെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായം ഓരോ അംഗവും പ്രത്യേകം സമര്‍പ്പിക്കണം. സിനിമാ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച ശിപാര്‍ശ ചലച്ചിത്ര അക്കാദമി സെക്രട്ടറിയും സാംസ്‌കാരിക വകുപ്പുമായിരിക്കും പരിശോധിക്കുക. നിയമപരമായ പ്രശ്‌നങ്ങള്‍ നിയമ വകുപ്പ് സെക്രട്ടറി പരിശോധിക്കും. മൂന്ന് അംഗങ്ങളുടെയും അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും സര്‍ക്കാര്‍ തീരുമാനം.
അതേസമയം, റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല. എന്നാല്‍ അടിയന്തരമായി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ സിനിമാ മേഖലയില്‍ കൊടിയ ചൂഷണം നടക്കുന്നു എന്ന റിപോര്‍ട്ട് സര്‍ക്കാറിന്റെ കൈവശം ലഭിച്ചിട്ടും അതിന്മേല്‍ ഒരു നടപടിയും എടുക്കാതിരിക്കുന്നതിന്റെ ഫലങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുന്നു. ഈയടുത്ത ദിവസങ്ങളില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു നടത്തിയ ഫേസ്ബുക്ക് ലൈവ് നമ്മെ ഞെട്ടിപ്പിക്കേണ്ടതാണ്. അതിജീവിതയുടെ പേര് തന്നെ വെളിപ്പെടുത്തിക്കൊണ്ട് അങ്ങനെ ഒന്ന് ചെയ്യാന്‍ അയാള്‍ക്ക് ധൈര്യം കിട്ടിയത് സര്‍ക്കാറിന്റെ ഈ നിലപാട് മൂലമാണ്. ഇത്തരം അവസ്ഥകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കണമെങ്കില്‍ ഹേമ കമ്മീഷന്‍ റിപോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടുകയും അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.