Articles
ഹിന്ദുത്വര്‍ കണ്ണുവെക്കുന്നത്
ലോകാത്ഭുതമായ താജ്മഹല്‍ മുതല്‍ ഇന്ത്യയിലെ ഏതൊരു കുഗ്രാമത്തിലെയും പള്ളി കമ്മിറ്റികളുടെ കീഴിലുള്ള വഖ്ഫ് സ്വത്തുക്കള്‍ സര്‍ക്കാറിലേക്കും അതുവഴി സ്വകാര്യ വ്യക്തികള്‍ക്കും സ്വന്തമാക്കാനുള്ള അവസരമാണ് പുതിയ നിയമത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്

“വഖ്ഫ് ബൈ യൂസര്‍ പ്രോപര്‍ട്ടികള്‍ ഡിനോട്ടിഫിക്കേഷന്‍ ചെയ്യുന്നത് ഒരു വലിയ പ്രശ്‌നത്തിലേക്ക് നയിക്കും. ഇന്ത്യയിലെ പല മസ്ജിദുകളും 14, 15, 17 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ചതാണ.് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത വില്‍പ്പന രേഖ ഹാജരാക്കാന്‍ ആവശ്യപ്പെടുന്നത് അസാധ്യമാണ്’- സഞ്ജീവ് ഖന്ന, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ.
ലോകാത്ഭുതമായ താജ്മഹല്‍ മുതല്‍ ഇന്ത്യയിലെ ഏതൊരു കുഗ്രാമത്തിലെയും പള്ളി കമ്മിറ്റികളുടെ കീഴിലുള്ള വഖ്ഫ് സ്വത്തുക്കള്‍ സര്‍ക്കാറിലേക്കും അതുവഴി സ്വകാര്യ വ്യക്തികള്‍ക്കും സ്വന്തമാക്കാനുള്ള അവസരമാണ് പുതിയ നിയമത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. പുരാതന കാലം മുതല്‍ തന്നെ ഇന്ത്യയില്‍ വഖ്ഫ് നിലനിന്നിരുന്നു. മഖ്ബറയും മസ്ജിദും ഉള്‍ക്കൊള്ളുന്ന താജ്മഹല്‍ ഉള്‍പ്പെടെയുള്ള 17 ഹെക്ടര്‍ ഭൂസ്വത്തുകള്‍ വഖ്ഫ് ഭൂമിയാണ്. ബില്ല് അവതരിപ്പിക്കുന്ന വേളയില്‍ കിരണ്‍ റിജിജു, ഡല്‍ഹിയിലെയും യു പിയിലെയും വഖ്ഫ് ഭൂമിയെ കുറിച്ച് പ്രത്യേകം പരാമര്‍ശിച്ചിരുന്നു. ചെങ്കോട്ടയും താജ്മഹലുമാണ് ഈ പറയുന്ന സ്ഥലങ്ങളില്‍ പ്രധാനമായിട്ടുള്ളത്. ഇവ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷിത സ്മാരക പൈതൃക പട്ടികയിലാണുള്ളതെങ്കിലും പുതിയ നിയമത്തിലെ സെക്്ഷന്‍ മൂന്ന് ഡി പ്രകാരം പൂര്‍ണമായും സര്‍ക്കാര്‍ സ്വത്തായി മാറും. കാരണം റവന്യൂ രേഖകളില്‍ സര്‍ക്കാര്‍ ഭൂമി എന്ന് രേഖപ്പെടുത്തിയ ഏതൊരു വസ്തുവും വഖ്ഫ് സ്വത്തായി പരിഗണിക്കപ്പെടില്ല.
വഞ്ചനാപരമായ ഒരു ഏര്‍പ്പാടാണ് ഈ നിയമമെന്ന് വ്യക്തമാണ്. ഇതിന്റെ ദുരുപയോഗം ഒഴിവാക്കാനുള്ള മാര്‍ഗങ്ങളും ആലോചിക്കേണ്ടതുണ്ട്. 2013ലെ ലാന്‍ഡ് യൂസര്‍ പ്രൊവിഷന്‍ എന്ന വിഭാഗത്തിലെ സെക്്ഷന്‍ 40 വകുപ്പാണ് ഇപ്പോള്‍ ഭേദഗതി ചെയ്തതില്‍ പ്രധാന അപകടകാരി. ഇത് പ്രകാരം റവന്യൂ രേഖകള്‍ ഇല്ലാത്ത ഭൂമികള്‍ വഖ്ഫ് സ്വത്തായി പരിഗണിക്കില്ല. വ്യവസ്ഥാപിതമായ റവന്യൂ സംവിധാനം നിലവില്‍ വരുന്നതിനു മുമ്പേ ഉള്ള വഖ്ഫ് സ്വത്തുക്കളാണ് ഏറെയും. സ്വാതന്ത്ര്യാനന്തരം റവന്യൂ രേഖ ഉണ്ടാക്കാമായിരുന്നെങ്കിലും ക്രയവിക്രയം ചെയ്യാത്തതിനാലും ചിര പുരാതന കാലം മുതല്‍ക്കേ കൈവശമുള്ളതിനാലും അത്തരമൊരു കാര്യത്തിന് പലപ്പോഴും ആരും മുന്നോട്ടുവന്നിരുന്നില്ല. ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. വര്‍ഷാവര്‍ഷം വഖ്ഫ് ബോര്‍ഡില്‍ പൈസ അടക്കുക മാത്രമല്ല മഹല്ല് കമ്മിറ്റിയുടെ ചുമതല. ഖബര്‍സ്ഥാന്‍, പള്ളി, മദ്‌റസ തുടങ്ങിയവ ഉള്‍പ്പെടുന്ന വഖ്ഫ് ഭൂമിക്ക് കൃത്യമായി നികുതിയടക്കുകയും പട്ടയം ഉണ്ടാക്കുകയും വേണം. പുതിയ നിയമപ്രകാരം ഭൂരേഖയും ആവശ്യമായി വന്നിരിക്കുകയാണ്.
പള്ളി കമ്മിറ്റികള്‍ രൂപം കൊള്ളുന്നതിന് മുമ്പ് മുത്തവല്ലിമാരാണ് വഖ്ഫ് സ്വത്തുകള്‍ കൈകാര്യം ചെയ്തിരുന്നത്. സ്വകാര്യ സ്വത്താണ് വ്യക്തികള്‍ (വാഖിഫ്) വഖ്ഫായി പ്രഖ്യാപിക്കുന്നത്. അത് മിക്കവാറും വാക്കാലായിരിക്കും. അതുകൊണ്ട് കൃത്യമായ ഭൂരേഖ ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥല പരിശോധന നടത്തി ഉപയോഗക്രമത്തെക്കുറിച്ചന്വേഷിച്ച് വില്ലേജ് ഓഫീസര്‍ക്ക് ഭൂമി സംബന്ധിച്ച രേഖകൾ കമ്പ്യൂട്ടറൈസ് ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോള്‍ ആധാരത്തിന്റെ നമ്പര്‍ ആവശ്യമാണ്. എന്നാല്‍ റവന്യൂ സംവിധാനം നിലവില്‍ വരുന്നതിന് മുമ്പേ ഉള്ള സ്വത്ത് ആയതിനാലും ക്രയവിക്രയം നടത്താത്തതിനാലും പട്ടയമോ രേഖയോ ഉണ്ടായിക്കൊള്ളണമെന്നില്ല. അവ വ്യക്തവും ബോധ്യപ്പെടുന്നതുമായ തെളിവിന്റെ പിന്‍ബലത്തില്‍ റിമാര്‍ക് കൊടുത്ത് ഡിജിറ്റലൈസ് ചെയ്യാവുന്നതാണ്. അതിന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം നല്‍കുകയാണെങ്കില്‍ കാലതാമസമില്ലാതെ വഖ്ഫ് സ്വത്തുകള്‍ പുതിയ വഖ്ഫ് നിയമപ്രകാരം സെന്‍ട്രല്‍ ഡിജിറ്റല്‍ പോര്‍ട്ടലില്‍ അപ്്ലോഡ് ചെയ്യാന്‍ സാധിക്കും.
2013ലെ വഖ്ഫ് ഭേദഗതിയുടെ സന്ദര്‍ഭത്തില്‍ ഔഖാഫ് ഇന്‍ ഇന്ത്യ നടത്തിയ ദേശീയ സെമിനാറില്‍ ഉണ്ടായ ബെംഗളൂരു പ്രഖ്യാപനം ശ്രദ്ധേയമായിരുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഉള്ള വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് 2013ലെ വഖ്ഫ് നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ അഭ്യര്‍ഥിക്കുന്നതാണ് ബെംഗളൂരു പ്രഖ്യാപനം. പുതിയ നിയമത്തിന്റെ ദൂഷ്യ ഫലങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. മധ്യപ്രദേശിലെ പന്ന ജില്ലയിലെ 30 വര്‍ഷം പഴക്കമുള്ള മദ്‌റസ പുതിയ വഖ്ഫ് നിയമത്തിന്റെ പിന്‍ബലത്തില്‍ പൊളിച്ചു മാറ്റിയിരിക്കുകയാണ്. കോടതിയുടെ പരിഗണനയിലിരുന്ന കേസായിരുന്നു ഇത്.
വഖ്ഫ് നിയമത്തിന്റെ പിന്‍ബലത്തില്‍ വഖ്ഫ് ഭൂമിയിലെ പൈതൃക സമ്പത്ത് കൈക്കലാക്കാനുള്ള നീക്കം നടക്കും. അതില്‍ പ്രധാനപ്പെട്ടതാണ് താജ് മഹല്‍. ബാബരി മസ്ജിദ് പോലെ തര്‍ക്ക വിഷയമാക്കി പിടിച്ചെടുക്കുന്നതിനേക്കാളും എളുപ്പത്തില്‍ താജ്മഹല്‍ ഹിന്ദുത്വര്‍ക്ക് പിടിച്ചെടുക്കാന്‍ പുതിയ വഖ്ഫ് നിയമ ഭേദഗതിയിലൂടെ സാധിക്കുമെന്നാണ് സന്ദേഹിക്കപ്പെടുന്നത്. 2015 മുതല്‍ അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. താജ്മഹലിന്റെ ഉത്ഭവത്തെ കുറിച്ച് തര്‍ക്കമുണ്ടെന്നും അത് പരിഹരിക്കാന്‍ അതിലെ മുദ്ര വെച്ച 22 വാതിലുകള്‍ തുറക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ലക്‌നോ ബഞ്ചില്‍ രജനീഷ് സിംഗ് എന്നയാള്‍ ഹരജി നല്‍കി. അപ്രകാരം താജ്മഹലിലെ മുറികളുടെ ചിത്രം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പുറത്തുവിട്ടു. ഈ മുറികളില്‍ രഹസ്യമൊന്നും ഇല്ലെന്നും അവ ഘടനയുടെ ഭാഗമാണെന്നും താജ്മഹലില്‍ മാത്രമുള്ളതല്ല എന്നും ഹുമയൂണിന്റെ മഖ്ബറയിലും ഇതുപോലെ അറകള്‍ ഉണ്ടെന്നും കോടതി പ്രസ്താവിച്ചു. ഇത് ഫലിക്കാതെ വന്നപ്പോള്‍ ജയന്‍ എന്ന ആള്‍ 2015 ഏപ്രില്‍ എട്ടിന് മറ്റൊരു ഹരജി നല്‍കി. എ ഡി 1212ൽ രാജ ദേവ് തേജോ ആണ് താജ്മഹല്‍ നിര്‍മിച്ചത് എന്നും മഹാലയ ക്ഷേത്ര കൊട്ടാരം താജ്്മഹല്‍ എന്നറിയപ്പെടുന്നു എന്നും ഹരജിയില്‍ വാദിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ വാദത്തില്‍, 2017 ആഗസ്റ്റ് 26ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ താജ്മഹല്‍ ക്ഷേത്രമല്ല മഖ്ബറ ഉള്‍പ്പെടെയുള്ള ഒരു സ്മാരകമാണെന്ന് തെളിവ് സഹിതം സമര്‍ഥിച്ചിരുന്നു.