തെളിയോളം
അഞ്ച് മിനുട്ട് വിഡ്ഢിയായാലെന്താ!
"എനിക്ക് ഇപ്പോൾ മണ്ടത്തരം തോന്നുന്നു, പക്ഷേ ഈ വികാരം കടന്നുപോകുമെന്ന് എനിക്കറിയാം. എല്ലാവരും തെറ്റുകൾ വരുത്താറുണ്ട്, ചിലപ്പോൾ മണ്ടത്തരമായും തോന്നും. എനിക്ക് കുഴപ്പമൊന്നുമില്ല.' പ്രമുഖ തത്വചിന്തകനായ എൽബർട്ട് ഹബ്ബാർഡിന്റെ "എല്ലാ മനുഷ്യനും ദിവസവും കുറഞ്ഞത് അഞ്ച് മിനുട്ടെങ്കിലും ഒരു വിഡ്ഢിയാണ്; പരിധി കവിയാതിരിക്കുന്നതാണ് ജ്ഞാനം.' എന്ന വചനം കൂടി ഓർക്കാം.

“പോയി ആ ചെടികൾക്ക് വെള്ളം ഒഴിച്ച് കൊടുക്കൂ.’ സർദാർജി തന്റെ വേലക്കാരനോട് ആജ്ഞാപിച്ചു. “പുറത്ത് മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു ഏമാനേ.’ വേലക്കാരൻ പറഞ്ഞു. “അതിനെന്താ ഒരു കുട എടുത്തങ്ങ് ഇറങ്ങിയാൽ പോരേ.’ എന്നായി സർദാർ. സംസാരങ്ങളിൽ ഇത്തരം ഭീമാബദ്ധങ്ങൾ സംഭവിച്ച് മറ്റുള്ളവർ അത് കണ്ട് തലതല്ലിച്ചിരിക്കുമ്പോൾ പോലും കാര്യം മനസ്സിലാകാത്ത ചില സന്ദർഭങ്ങൾ നമുക്കും ഉണ്ടാവാറില്ലേ? “അയ്യടാ, എന്തൊരു മണ്ടത്തരമാ ഞാനീ പറഞ്ഞത്!’ എന്ന് എത്ര തവണ സ്വയം ആലോചിക്കേണ്ടി വന്നിട്ടുണ്ട് നമുക്ക്. ജീവിതത്തിൽ ഒരിക്കലെങ്കിലും “എന്റെ മണ്ടത്തരം, ഞാൻ ഇത്ര മണ്ടനാണോ?’ എന്ന് ചിന്തിക്കാത്ത ആരും ഉണ്ടാകില്ല. ഇതിനുമപ്പുറം മറ്റൊരു സാഹചര്യം കൂടി ഉണ്ട്.
ഒരു ഗ്രൂപ്പിലായിരിക്കുമ്പോൾ നിങ്ങൾക്ക് പരിചയമില്ലാത്ത ഒരു വിഷയം ഉയർന്നുവരുന്നു. അത് ഒരു രാഷ്ട്രീയ ചർച്ചയാകാം, വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു സംഭവത്തെക്കുറിച്ചുള്ള ചർച്ചയാവാം, അല്ലെങ്കിൽ അന്താരാഷട്ര വിപണിയിൽ നടക്കുന്ന കിടമത്സരത്തിൽ ആര് മുന്നിൽ നിൽക്കുന്നു എന്നതാവാം. ആ സംഭാഷണത്തിൽ നിങ്ങൾക്ക് നിങ്ങളുടെ ഒരു അഭിപ്രായവും സംഭാവന ചെയ്യാൻ കഴിയാതിരിക്കുന്നു എന്ന് കരുതുക. അല്ലെങ്കിൽ നിങ്ങൾ ഒരു പരീക്ഷ എഴുതുകയാണ്, മറ്റുള്ളവർ “ഇതൊക്കെ എത്ര നിസാരം’ എന്ന മട്ടിൽ പേജുകൾ മറിച്ച് എഴുതി നിറയ്ക്കുന്നു. നിങ്ങൾ ആകെ ബ്ലാങ്ക് ആയ അവസ്ഥയിൽ തന്നെ കുടുങ്ങിക്കിടക്കുന്നു. “ഓ, നിങ്ങൾക്കത് അറിയില്ലായിരുന്നോ?’ എന്ന് ആ സമയത്ത് ഒരാൾ ചോദിച്ചു എന്നിരിക്കട്ടെ, ഭൂമി തുരന്ന് ആഴ്ന്ന് പോകാൻ ആഗ്രഹിക്കും വിധം അപമാനത്താൽ നിങ്ങൾ ചുരുണ്ടു പോയേക്കാം. ഈ സന്ദർഭങ്ങളെല്ലാം നിങ്ങൾ ശരിക്കും മണ്ടനാണോ എന്ന് സ്വയം സംശയിപ്പിക്കും.
നിങ്ങൾ മണ്ടനാണെന്ന് തോന്നുന്നു എന്നതുകൊണ്ട് നിങ്ങൾ യഥാർഥത്തിൽ മണ്ടനാണെന്ന് അർഥമാക്കുന്നില്ല. കാരണം, നിങ്ങൾ മണ്ടനല്ല! എന്നാൽ നമുക്ക് മണ്ടനാണെന്ന് തോന്നുമ്പോൾ, പൂർണമായും അരക്ഷിതാവസ്ഥ തോന്നുകയും നമ്മൾ മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യാൻ തുടങ്ങുകയും നമുക്ക് എന്തുകൊണ്ട് മികച്ചവരാകാൻ കഴിയില്ലെന്ന് ചിന്തിക്കുകയും ചെയ്യുന്നു. ഇത് നമ്മെ വല്ലാത്ത ഒരു ഏകാന്തതയിലേക്ക് തള്ളിവിടാൻ ഇടയാക്കും. ചിലപ്പോൾ മറ്റുള്ളവർ നമ്മെ വിഡ്ഢികളാക്കാൻ സാധ്യതയുണ്ട്, അവർ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും. അവർ നമ്മെ വിമർശിക്കുകയോ, പരിഹസിക്കുകയോ, താഴ്ത്തിക്കെട്ടുകയോ ചെയ്താൽ, നമ്മുടെ ആത്മാഭിമാനം മുഴുവൻ എങ്ങോ പറന്നുപോകും.
ആരെങ്കിലും നമ്മെ വിഡ്ഢിയെന്ന് വിളിക്കുമ്പോഴേക്കും നമ്മൾ സ്വയം വിഡ്ഢിയാണെന്ന് കരുതുന്നത് ഒരിക്കലും ശരിയല്ല! സൃഷ്ടിപരമായ വിമർശനം അല്ലെങ്കിൽ തിരുത്ത് ശരിക്കും നമുക്ക് സഹായകരമാണ്. പഠിക്കാനും നന്നായി ചെയ്യാനും അത് എപ്പോഴും നമ്മെ പ്രചോദിപ്പിക്കും. നിങ്ങൾ ഒരു അബദ്ധം പറഞ്ഞു, അല്ലെങ്കിൽ ചെയ്‌തു എന്നതുകൊണ്ടോ ഇനിയും കൂടുതൽ പഠിക്കാനുണ്ടെന്നതുകൊണ്ടോ മാത്രം നിങ്ങൾ വിഡ്ഢിയാണെന്നു വരില്ല. മനുഷ്യൻ സഹജമായിത്തന്നെ എപ്പോഴും പഠിക്കുകയും വളരുകയും ചെയ്യുന്ന അവസ്ഥയിലാണ്.
നമ്മുടെ അറിവിനെയും കഴിവുകളെയും നമ്മൾ തന്നെ സംശയിക്കുന്ന, നമ്മുടെ നേട്ടങ്ങൾക്ക് നമ്മൾ അർഹരല്ലെന്ന് സ്വയം തോന്നുന്ന മാനസികാവസ്ഥ “ഇംപോസ്റ്റർ സിൻഡ്രോം’ എന്നാണറിയപ്പെടുന്നത്.
ഇത് മറികടക്കാൻ ബോധപൂർവമായ ചില ശ്രമങ്ങൾ ആവശ്യമാണ്: നമ്മൾ സ്വയം വിഡ്ഢിയാണെന്ന് തോന്നുമ്പോൾ, ഒരു സുഹൃത്തിനെയോ പ്രിയപ്പെട്ടവരെയോ സമീപിക്കുന്നതിൽ ഒരിക്കലും ലജ്ജിക്കാതിരിക്കുക. ചിലപ്പോൾ നമ്മെ ശ്രദ്ധിക്കാനും നമ്മുടെ വികാരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കാനും ആരെങ്കിലും ഉണ്ടായിരിക്കുന്നത് നമ്മിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഉപകരിക്കും. ഇനി ഈ സാഹചര്യത്തിൽ നിങ്ങൾക്കൊപ്പമുണ്ടാകാൻ കഴിയുന്ന ആരും ഇല്ലെങ്കിൽ, കുഴപ്പമില്ല. നിങ്ങൾക്ക് തന്നെ നിങ്ങൾക്കുവേണ്ടി സ്വയം സുഹൃത്തായി മാറാം! ഈ നിമിഷത്തിൽ ഒരു പ്രിയപ്പെട്ടയാൾ നിങ്ങളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ചിന്തിക്കുക. സ്വയം അഭിനന്ദിക്കുക, നിങ്ങളെക്കുറിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങളുടെ ഒരു പട്ടിക എഴുതുക, നിങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുക.
സ്വയം പ്രോത്സാഹിപ്പിക്കുന്ന ചില വാക്യങ്ങൾ ഉറക്കെ പറയാൻ ശ്രമിക്കാം. “എനിക്ക് ഇപ്പോൾ മണ്ടത്തരം തോന്നുന്നു, പക്ഷേ ഈ വികാരം കടന്നുപോകുമെന്ന് എനിക്കറിയാം. എല്ലാവരും തെറ്റുകൾ വരുത്താറുണ്ട്, ചിലപ്പോൾ മണ്ടത്തരമായും തോന്നും. എനിക്ക് കുഴപ്പമൊന്നുമില്ല.’ പ്രമുഖ തത്വചിന്തകനായ എൽബർട്ട് ഹബ്ബാർഡിന്റെ “എല്ലാ മനുഷ്യനും ദിവസവും കുറഞ്ഞത് അഞ്ച് മിനുട്ടെങ്കിലും ഒരു വിഡ്ഢിയാണ്; പരിധി കവിയാതിരിക്കുന്നതാണ് ജ്ഞാനം.’ എന്ന വചനം കൂടി ഓർക്കാം.