Connect with us

articles

യു എസിൽ ആര് വന്നാലെന്ത്?

റിപബ്ലിക്കൻ, ഡെമോക്രാറ്റിക് നയങ്ങളിൽ ചരിത്രപരമായി എന്ത് വ്യത്യാസമുണ്ടെങ്കിലും അടിമുടി മാറിക്കഴിഞ്ഞ അമേരിക്കൻ രാഷ്ട്രീയത്തിൽ സവിശേഷമായ ഒരു വ്യക്തിത്വവും പുലർത്താനാകാത്ത സമാനതയിലേക്ക് ഈ പാർട്ടികൾ കൂപ്പുകുത്തിയിരിക്കുന്നു.

Published

|

Last Updated

“ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ്തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം’ എന്നാണ് മിക്ക മാധ്യമങ്ങളുടെയും ഇൻട്രോ. നവംബർ അഞ്ചിന് യു എസിൽ ആര് തിരഞ്ഞെടുക്കപ്പെടുമെന്നത് സത്യത്തിൽ ലോകത്തിന്റെ ഉത്കണ്ഠയാണോ? മാനവരാശിയെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്‌നത്തിൽ യു എസ് പ്രസിഡന്റ്പദം ആര് വഹിക്കുമെന്നത് പ്രസക്തമാണോ? ലോകം ഏകധ്രുവമാണെന്ന അന്ധവിശ്വാസത്തിന്റെ പുറത്തല്ലേ യു എസ് പ്രസിഡന്റ്തിരഞ്ഞെടുപ്പ് ഇത്ര ആഘോഷമാകുന്നത്? ഡെമോക്രാറ്റിക് പാർട്ടിയും റിപബ്ലിക്കൻ പാർട്ടിയുമാണ് ഏറ്റുമുട്ടുന്നത്. ഇപ്പോഴത്തെ വൈസ് പ്രസിഡന്റ്കമലാ ഹാരിസ് ഡെമോക്രാറ്റിക് സ്ഥാനാർഥിയാണ്. മുൻ പ്രസിഡന്റ്ഡൊണാൾഡ് ട്രംപാണ് റിപബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി.

ഈ സ്ഥാനാർഥികളോട് ചുരുങ്ങിയത് അഞ്ച് ചോദ്യങ്ങൾ ലോകം ചോദിക്കുന്നുണ്ട്. ഒന്ന്, കുടിയേറ്റ വിഷയത്തിൽ താങ്കളുടെ സമീപനമെന്താണ്? രണ്ട്, അമേരിക്കൻ സമ്പദ്‌വ്യവസ്ഥ തുറന്ന് കൊടുക്കുന്നതിൽ എന്താണ് അഭിപ്രായം? മൂന്ന്, ആഗോളതലത്തിൽ ഒളിഞ്ഞും തെളിഞ്ഞും യു എസ് നടത്തുന്ന സൈനിക, നയതന്ത്ര ഇടപെടലുകളിൽ എന്താണ് ഭാവി നയം? നാല്, രാജ്യത്ത് ശക്തിയാർജിക്കുന്ന “വൈറ്റ് സൂപ്രമാസിസ്റ്റ്’ (വെള്ളക്കാരുടെ മേധാവിത്വം) തീവ്രവാദത്തോട് എന്താണ് സമീപനം? ആത്യന്തികമായി, ഗസ്സയിലും ലബനാനിലും ഇസ്‌റാഈൽ നടത്തുന്ന വംശഹത്യ തടയാൻ വല്ല പദ്ധതിയുമുണ്ടോ? ഈ ചോദ്യങ്ങൾക്ക് ഇന്ത്യൻ വംശജയായ കമലാ ഹാരിസിനും തീവ്രവലതുപക്ഷ യുക്തികളുടെ ആൾരൂപവും സ്വയം ഒരു വൈറ്റ് സൂപ്രമാസിസ്റ്റുമായ ഡോണാൾഡ് ട്രംപിനും ഒരേ ഉത്തരമായിരിക്കും. റിപബ്ലിക്കൻ, ഡെമോക്രാറ്റിക് നയങ്ങളിൽ ചരിത്രപരമായി എന്ത് വ്യത്യാസമുണ്ടെങ്കിലും അടിമുടി മാറിക്കഴിഞ്ഞ അമേരിക്കൻ രാഷ്ട്രീയത്തിൽ സവിശേഷമായ ഒരു വ്യക്തിത്വവും പുലർത്താനാകാത്ത സമാനതയിലേക്ക് ഈ പാർട്ടികൾ കൂപ്പുകുത്തിയിരിക്കുന്നു. അൽ ജസീറയിൽ ആൻഡ്ര്യൂ മിറ്ററോവിക എഴുതിയ ലേഖനത്തിൽ സ്ഥാനാർഥികളെ വിശേഷിപ്പിക്കുന്നത്, സ്ഥാനാർഥി നമ്പർ വൺ, സ്ഥാനാർഥി നമ്പർ വൺ എ എന്നാണ്.

അഭിപ്രായ സർവേകൾക്ക് വലിയ പ്രാധാന്യമുണ്ട് അമേരിക്കൻ പ്രസിഡന്റ്തിരഞ്ഞെടുപ്പിൽ. ഈ സർവേകൾ സ്ഥാനാർഥികളുടെ നിജസ്ഥിതി ഇടക്കിടക്ക് പുതുക്കിക്കൊണ്ടിരിക്കും. തിരഞ്ഞെടുപ്പ് സംവാദങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട് അവിടെ. സംവാദങ്ങളിലെ സ്ഥാനാർഥികളുടെ പ്രകടനം ജനപ്രീതിയുടെ പ്രധാന ഘടകമാണ്. സ്റ്റേറ്റുകളിൽ മിക്കവയും ഏത് പാർട്ടിക്കൊപ്പമെന്ന് നേരത്തേ തന്നെ വ്യക്തമാക്കാൻ സർവേകൾക്ക് സാധിക്കും. റിപബ്ലിക്കൻ ശക്തികേന്ദ്രങ്ങളെ റെഡ് സ്റ്റേറ്റുകളെന്നും ഡെമോക്രാറ്റിക് കേന്ദ്രങ്ങളെ ബ്ലൂ സ്റ്റേറ്റ് എന്നും വിളിക്കും. എന്നാൽ ചില സ്റ്റേറ്റുകളിലെ വോട്ടർമാർമാർ എന്ത് ചിന്തിക്കുന്നുവെന്നത് പ്രവചനാതീതമെന്ന് സർവേക്കാർ തന്നെ സമ്മതിക്കും. അവയാണ് സ്വിംഗ് സ്റ്റേറ്റുകൾ. ചാഞ്ചാട്ടക്കാർ. വിസ്‌കോൺസൻ, മിനിസോട്ട, മിഷിഗൻ, നോർത്ത് കരോലിന, പെൻസിൽവാനിയ, ജോർജിയ തുടങ്ങിയവയാണ് ഇത്തവണത്തെ പ്രധാന സ്വിംഗ് സ്റ്റേറ്റുകൾ. ന്യൂയോർക്ക് ടൈംസ് നടത്തിയ സർവേയിൽ കമലക്ക് 49 ശതമാനം പേരുടെ പിന്തുണയുള്ളപ്പോൾ 48 ശതമാനം പേരുടെ പിന്തുണയോടെ ട്രംപ് ഒപ്പത്തിനൊപ്പമുണ്ട്.

ഫലം പ്രവചനാതീതമായ ഏഴ് സംസ്ഥാനങ്ങളിൽ നാലെണ്ണത്തിൽ ട്രംപ് മുന്നിലാണെന്ന് ബി ബി സി റിപോർട്ട് ചെയ്യുന്നു. പെൻസിൽവാനിയയിൽ ഒരു പോയിന്റിൽ താഴെയാണ് ട്രംപിന്റെ ലീഡ്. പ്രസിഡന്റ്ജോ ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറുകയും വൈസ് പ്രസിഡന്റ്കമലാ ഹാരിസ് സഥാനാർഥിയായി എത്തുകയും ചെയ്തത് ഡെമോക്രാറ്റിക് ക്യാമ്പിൽ ആവേശം പകർന്നിട്ടുണ്ട്. കുടിയേറ്റ നയത്തിൽ തട്ടി ആഫ്രോ ഏഷ്യൻ വംശജരുടെ വോട്ട് നഷ്ടമാകുമോയെന്ന ആശങ്ക ട്രംപിനുണ്ട്. അറബ് അമേരിക്കൻ വോട്ടർമാർ അവരുടെ മുൻഗണന വ്യക്തമാക്കിയിട്ടില്ലെന്നാണ് സർവേകൾ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യൻ വംശജരുടെ വോട്ട് ഉറപ്പിച്ചു നിന്നിരുന്ന കമല അവസാനനിമിഷം ആശങ്കയിലാണ്. വോട്ട് ഗ്രൂപ്പുകളുടെ നിലപാട് മാറിമറിയുന്നുണ്ടെന്ന് ചുരുക്കം.

2016ൽ ട്രംപ് ജയിച്ചത് തീവ്രദേശീയ വികാരം ആളിക്കത്തിച്ചാണ്. ഒബാമയുടെ രണ്ട് ഊഴങ്ങൾ അമേരിക്കൻ പോളിറ്റിയിലെ വംശീയവാദികളെയും അതിദേശീയ, സയണിസ്റ്റ് ആവേശക്കാരെയും നിരാശരാക്കിയിരുന്നു. മുസ്‌ലിംകളെ പുറത്താക്കുമെന്ന് ആക്രോശിക്കുന്ന, അന്നത്തെ എതിരാളിയായ ഹിലാരി ക്ലിന്റണെതിരെ സ്ത്രീലമ്പടനെപ്പോലെ വാക്കുകൾ തൊടുത്തുവിടുന്ന, കോമാളിയായ ട്രംപിന് ആ വൈചിത്ര്യങ്ങളെല്ലാം വിജയച്ചേരുവകളായിരുന്നു അന്ന്. ഒരു ഊഴം പ്രസിഡന്റായ ട്രംപിനെ 2020ൽ അമേരിക്കക്കാർ കൈയൊഴിഞ്ഞു. ഒബാമയുടെ വൈസ് പ്രസിഡന്റായിരുന്ന, വന്ദ്യ വയോധികനായ ജോ ബൈഡനെ തിരഞ്ഞെടുത്തു. പ്രസിഡന്റ്സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള റിപബ്ലിക്കൻ പ്രൈമറികളിൽ ട്രംപിന് ഇത്തവണ വലിയ വെല്ലുവിളിയാണുയർന്നത്. രണ്ടാമൂഴത്തിന് ശ്രമിച്ച ബൈഡനാകട്ടെ ആദ്യ സംവാദത്തിൽ തന്നെ തളർന്നുപോയി. അങ്ങനെയാണ് കമല എത്തുന്നത്.

യു എസിൽ, പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും വോട്ടർമാർ നേരിട്ട് തിരഞ്ഞെടുക്കുകയല്ല ചെയ്യുന്നത്. വോട്ടർമാർ അവരുടെ ബാലറ്റിൽ തങ്ങളുടെ വോട്ട് രേഖപ്പെടുത്തുമ്പോൾ യഥാർഥത്തിൽ അവരുടെ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്ന ഇലക്ടറൽ കോളജ് അംഗത്തെയാണ് തിരഞ്ഞെടുക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇലക്ടറൽ കോളജ് അംഗങ്ങൾ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്എന്നിവരെ വോട്ട് ചെയ്ത് നിശ്ചയിക്കുന്നു. ഡിസംബറിൽ നടക്കുന്ന ഇലക്ടറൽ കോളേജ് യോഗത്തിലാണ് ഇത് നടക്കുക. ഡിസംബർ 17നാണ് ഈ വോട്ടെടുപ്പ്. നവംബർ അഞ്ചിന് ജയപരാജയം പൂർണമായി നിശ്ചയിക്കപ്പെടുന്നില്ലെന്നർഥം. അന്ന് ജയിച്ചുവെന്ന് കരുതിയ സ്ഥാനാർഥി ഡിസംബറിലെ എണ്ണലിൽ തോറ്റേക്കാം.

ഭൂരിപക്ഷം വോട്ടർമാരുടെ പിന്തുണ (ജനകീയ വോട്ട്) യുള്ള സ്ഥാനാർഥി തന്നെ ജയിക്കണമെന്നില്ല. ഡെമോക്രാറ്റിക് പാർട്ടിയിലെ അൽഗോറിനാണ് 2000ത്തിൽ കൂടുതൽ ജനകീയ വോട്ടുകൾ ലഭിച്ചത്. എന്നാൽ ജയിച്ചത് ബുഷാണ്. 2016ൽ ഹിലരിക്കും ലഭിച്ചു കൂടുതൽ വോട്ടുകൾ. ജയിച്ചതാകട്ടെ ട്രംപും. ബുഷും ട്രംപും വൈറ്റ്ഹൗസിലെത്തിയത് ഇലക്ടറൽ വോട്ടുകളുടെ ബലത്തിലായിരുന്നു. 50 സംസ്ഥാനങ്ങളിലും രാജ്യതലസ്ഥാനം സ്ഥിതിചെയ്യുന്ന ഡിസ്ട്രിക് ഓഫ് കൊളംബിയയിലുമായി മൊത്തം 538 ഇലക്ടറൽ വോട്ടുകളാണുളളത്. 270 എണ്ണം കിട്ടുന്ന ആൾ ജയിക്കുന്നു. സംസ്ഥാനങ്ങളിൽ ഓരോന്നിലെയും ഇലക്ടറൽ വോട്ടുകളുടെ എണ്ണം വ്യത്യസ്തമാണ്. കാരണം, ജനസംഖ്യക്ക് ആനുപാതികമായാണ് എണ്ണം നിശ്ചയിച്ചിട്ടുള്ളത്.

കൂടുതൽ ഇലക്ടറൽ വോട്ടുകളുള്ള സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം ജനകീയ വോട്ടുകളും നേടാൻ സ്ഥാനാർഥികൾ കിണഞ്ഞുശ്രമിക്കും. ജനകീയ വോട്ടുകളിൽ വമ്പൻ ഭൂരിപക്ഷം നേടുന്നവർക്ക് ഇലക്ടറൽ വോട്ട് പ്രശ്‌നമാകാനിടയില്ല. 2008ലും 2012ലും ബറാക് ഒബാമ ജയിച്ചത് അങ്ങനെയാണ്. 2008ൽ 53 ശതമാനം ജനകീയ വോട്ടും അതനുസരിച്ച് 365 ഇലക്ടറൽ വോട്ടും കിട്ടിയ അദ്ദേഹത്തിന് 2012ൽ 51 ശതമാനം ജനകീയ വോട്ടും 332 ഇലക്ടറൽ വോട്ടും കിട്ടി. ഓരോ സ്റ്റേറ്റിനും ഓരോ തിരഞ്ഞെടുപ്പ് നയമാണ്. വോട്ടെടുപ്പ് തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും ബാലറ്റ് പേപ്പർ തയ്യാറാക്കുന്നതും എല്ലാം സ്റ്റേറ്റുകൾ തനതായി തന്നെ. ഏതെങ്കിലും ഒരു സ്റ്റേറ്റിലെ കോടതി വിചാരിച്ചാൽ മൊത്തം പ്രക്രിയ തന്നെ അട്ടിമറിക്കാനാകും. ജോർജ് ഡബ്ല്യൂ ബുഷ് ജയിച്ചത് അങ്ങനെയാണ്. അമേരിക്കൻ ജനാധിപത്യ വ്യവസ്ഥയുടെ പോരിശയൊക്കെ മുട്ടൻ നുണയാണെന്ന് ചുരുക്കം. പ്രസിഡന്റ്തിരഞ്ഞെടുപ്പിനൊപ്പം യു എസ് കോൺഗ്രസ്സിന്റെ ഇരു സഭകളിലേക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്. 50 സ്റ്റേറ്റുകളിൽ നിന്നായി ജനപ്രതിനിധി സഭയിലെത്തേണ്ട 435 പേരെ നേരിട്ട് തിരഞ്ഞെടുക്കും. 100 സീറ്റുകളുള്ള സെനറ്റിൽ 33 സീറ്റുകളിലേക്കാണ് അഞ്ചിന് വോട്ടെടുപ്പ് നടക്കുന്നത്.

തുടക്കത്തിൽ ഉന്നയിച്ച ആ ചോദ്യങ്ങളിലേക്ക് തന്നെ മടങ്ങാം. കുടിയേറ്റം നിയന്ത്രിക്കണമെന്നതിൽ ഇരു സ്ഥാനാർഥികൾക്കും ഒരേ നിലപാടാണ്. പാശ്ചാത്യ നാടുകളിലാകെ പടരുന്ന കുടിയേറ്റവിരുദ്ധ രാഷ്ട്രീയം ഇരുവരും പങ്കുവെക്കുന്നു. വാക്കുകളിൽ വ്യത്യാസമുണ്ടാകും. ഊന്നലിൽ ഒന്ന് തന്നെ. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ ആഗോള മത്സരത്തിൽ നിന്ന് സംരക്ഷിക്കണമെന്നതിലും ഒരേ തൂവൽ പക്ഷികളാണവർ. അമേരിക്ക ഫസ്റ്റ് എന്ന് ട്രംപ് പറയും. റെസിസ്റ്റ് ചൈനയെന്ന് കമലയും. ഉദാരവത്കരണവും ആഗോളവത്കരണവുമൊക്കെ ഇന്ത്യയെപ്പോലുള്ളവർ നടപ്പാക്കിക്കൊള്ളണം. യു എസിനെ അതിന് കിട്ടില്ല. വെള്ള മേധാവിത്വവാദികളോട് ഏറ്റുമുട്ടാൻ ഇരുവരും തയ്യാറല്ല. ട്രംപ് അവരുടെ ഒന്നാം നേതാവാണ്. കമല ആ നേതൃസ്ഥാനത്തിനായി ശ്രമിക്കുന്നയാളും.

ഗസ്സയിൽ ഇസ്‌റാഈൽ നടത്തുന്നത് വംശഹത്യയാണെന്ന് പറയാൻ ട്രംപും കമലയും തയ്യാറായിട്ടില്ല. ഇസ്‌റാഈലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ഉച്ചത്തിൽ ആവർത്തിച്ച ശേഷം വെടിനിർത്തൽ വേണമെന്ന് മന്ത്രിക്കുന്നവരാണിവർ. ഫലസ്തീൻ രാഷ്ട്ര സ്വപ്നത്തിന്റെ ചിറകരിഞ്ഞ്, ഇസ്‌റാഈൽ തലസ്ഥാനമായി ജറൂസലം പ്രഖ്യാപിച്ചത് ട്രംപ് പ്രസിഡന്റായപ്പോഴാണ്. അത് കഴിഞ്ഞ് നാല് വർഷം ബൈഡൻ ആ കസേരയിലിരുന്നു. കമല വൈസ് പ്രസിഡന്റായുമിരുന്നു. അവർ ട്രംപിനെ തിരുത്തിയോ? ഇല്ല. ശിയാ സുന്നി ഭിന്നത രൂക്ഷമാക്കി മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ ശൈഥില്യം സൃഷ്ടിക്കുകയെന്ന നയത്തിൽ വല്ല മാറ്റവും കൊണ്ടുവന്നോ?

ഇറാനുമായി ബരാക് ഒബാമ ഒപ്പുവെക്കുകയും ട്രംപ് കീറിയെറിയുകയും ചെയ്ത ആണവ കരാർ തിരികെ പ്രാബല്യത്തിലാക്കാൻ ബൈഡൻ തയ്യാറായോ? കാലാവസ്ഥാ വ്യതിയാനമടക്കം അര ഡസനോളം നിർണായക അന്താരാഷ്ട്ര കരാറുകളിൽ നിന്ന് ട്രംപ് ഭരണകൂടം പിൻവാങ്ങിയിരുന്നു. അവയൊന്നും പുനഃസ്ഥാപിക്കാൻ ബൈഡൻ തയ്യാറായിട്ടില്ല. പിന്നെന്ത് വ്യത്യാസമാണ് ഡെമോക്രാറ്റുകളും റിപബ്ലിക്കൻസും
തമ്മിലുള്ളത്?

അറബ് അമേരിക്കൻ വംശജർ തിങ്ങിപ്പാർക്കുന്ന മിഷിഗണിലെ നഗരമാണ് ഡിയർബോൺ. അറബ് അമേരിക്കൻ തലസ്ഥാനമെന്ന് ആലങ്കാരികമായി വിളിക്കാം. ഇവിടുത്തെ 34കാരനായ മേയർ അബ്ദുല്ല ഹമദിനോട് മാധ്യമപ്രവർത്തകൻ ചോദിച്ചു- അറബ് അമേരിക്കൻ വംശജർ ആരെ പിന്തുണക്കും? ഡെമോക്രാറ്റിക് ടിക്കറ്റിൽ വിജയിച്ച ഹമദിന്റെ മറുപടിയിതായിരുന്നു: “അവർ മനസ്സാക്ഷി വോട്ട് ചെയ്യട്ടെ. ഞങ്ങളുടെ മനസ്സിൽ നിറയെ ഗസ്സയിലെയും ബെയ്‌റൂത്തിലെയും മനുഷ്യരാണ്. നവംബർ അഞ്ചിന് ശേഷം ആര് വന്നാലും അവിടെ തീ തുപ്പുന്ന യന്ത്രത്തോക്കുകൾ നിശബ്ദമാകില്ല’. അബ്ദുല്ല ഹമദ് പങ്കുവെക്കുന്ന നിസ്സംഗതയാണ് അമേരിക്കൻ തിരഞ്ഞെടുപ്പിലെ യാഥാർഥ്യം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്