Connect with us

Editorial

യു പി കേരളത്തെ പോലെ ആയാല്‍?

യു പി കേരള സമാനമായാല്‍ യു പി ജനത രക്ഷപ്പെട്ടു. അവര്‍ക്ക് മികച്ച വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും സാമൂഹികക്ഷേമവും കൈവരിക്കാനാകും. ഇത്തരമൊരു സാമൂഹികാന്തരീക്ഷത്തില്‍ യോഗിയെ പോലെയുള്ള ഫാസിസ്റ്റ് നേതാക്കളുടെ നിലനില്‍പ്പ് അവതാളത്തിലാകും. അതാണ് യോഗിയുടെ ട്വിറ്റര്‍ സന്ദേശത്തില്‍ ധ്വനിക്കുന്ന ആശങ്കയുടെ കാരണവും.

Published

|

Last Updated

കേരളത്തിനെതിരെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിമര്‍ശം ഇതാദ്യമല്ല. നേരത്തേ പലപ്പോഴും അദ്ദേഹം കേരളത്തെ നിശിതമായി വിമര്‍ശിക്കുകയും മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. 2017ല്‍ കേരളത്തിന്റെ ആരോഗ്യ മേഖലയിലെ മികവിനെ താഴ്ത്തിക്കെട്ടാന്‍ ഒരു ശ്രമം നടത്തി യോഗി. “ആരോഗ്യ രംഗത്തെ പ്രവര്‍ത്തനം എന്താണെന്ന് കേരളം യു പിയെ കണ്ടുപഠിക്കണ’മെന്നായിരുന്നു അന്നദ്ദേഹത്തിന്റെ പരാമര്‍ശം. കുമ്മനത്തിന്റെ ജനരക്ഷാ യാത്രയില്‍ സംബന്ധിക്കാനെത്തിയപ്പോഴും യു പിയെ കണ്ടു പഠിക്കാന്‍ കേരള സര്‍ക്കാറിനെ ഉപദേശിച്ചു യോഗി. വ്യാഴാഴ്ച യു പിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനു തൊട്ടു മുമ്പും നടത്തി അദ്ദേഹം ഇത്തരമൊരു പരാമര്‍ശം. “യു പി, കശ്മീരോ കേരളമോ ബംഗാളോ ആകാതിരിക്കാന്‍ ബി ജെ പിക്കു വോട്ടു ചെയ്യണം. അഞ്ച് വര്‍ഷത്തെ തന്റെ ഭരണത്തില്‍ സംസ്ഥാനത്തിനു നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചു. ജനങ്ങളുടെ സമ്മതിദാനത്തില്‍ തെറ്റു സംഭവിച്ചാല്‍ അഞ്ച് വര്‍ഷത്തെ ഈ അധ്വാനം വൃഥാവിലാകു’മെന്നായിരുന്നു വോട്ടര്‍മാര്‍ക്കുള്ള മുന്നറിയിപ്പെന്നോണം തന്റെ ട്വിറ്റര്‍ പേജില്‍ യോഗി നല്‍കിയ വീഡിയോ സന്ദേശം. മുഖ്യമന്ത്രി പിണറായി വിജയന്‍, വയനാട് എം പി രാഹുല്‍ ഗാന്ധി, പ്രതിപക്ഷ നേതാവ് വി ഡി സതീഷന്‍, ശശി തരൂര്‍ എം പി തുടങ്ങി കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളീയ നേതാക്കളെല്ലാം ഇതിനു ചുട്ട മറുപടി നല്‍കിയിട്ടുമുണ്ട്.
വികസനത്തിലും ഭരണ രംഗത്തും രാജ്യത്ത് മികച്ചു നില്‍ക്കുന്നത് കേരളവും ഏറ്റം മോശം ഉത്തര്‍ പ്രദേശുമാണെന്നത് അറിയപ്പെട്ടതാണ്; രാജ്യത്തിനകത്തു മാത്രമല്ല ആഗോളതലത്തില്‍ തന്നെയും. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമെങ്കിലും ലോകത്തെ വികസന ശാസ്ത്രജ്ഞര്‍ കേരളത്തിനും അതിന്റെ വികസനത്തിനും സവിശേഷ സ്ഥാനം തന്നെ നല്‍കുന്നുണ്ട്. ഉയര്‍ന്ന സാക്ഷരതാ നിരക്ക്, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശു മരണ നിരക്ക്, സാര്‍വത്രിക വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നിങ്ങനെ മാനവ വിഭവ സൂചകങ്ങളിലും കേരളം മുന്നിട്ടു നില്‍ക്കുന്നു. വികസനവുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ താരതമ്യ പഠനങ്ങളിലൊക്കെ കേരളം ഒന്നാമത് എത്തുന്നതും കേരള മോഡല്‍ എന്ന പ്രയോഗം തന്നെ പിറവിയെടുത്തതും ഇതടിസ്ഥാനത്തിലാണ്. ന്യൂഡല്‍ഹി ആസ്ഥാനമായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് 2021 ആദ്യത്തില്‍ പ്രസിദ്ധീകരിച്ച ദേശീയ സുസ്ഥിര വികസന സര്‍വേയില്‍ കേരളം ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു. ദേശീയ സാക്ഷരതാ മിഷന്‍ 2019ല്‍ രാജ്യമെമ്പാടും അനൗപചാരിക വിദ്യാഭ്യാസം വ്യാപിപ്പിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ അതിനു മാതൃകയായി ചൂണ്ടിക്കാട്ടിയത് യോഗി ആദിത്യനാഥിന്റെ യു പിയെയോ മോദിയുടെ തട്ടകമായ ഗുജറാത്തിനെയോ ആയിരുന്നില്ല എന്നും, ബി ജെ പിയുടെയും സംഘ്പരിവാറിന്റെയും കണ്ണിലെ കരടായ കേരളത്തെയായിരുന്നുവെന്നും ഓര്‍ക്കണം. കേരളത്തില്‍ നടപ്പാക്കുന്ന അനൗപചാരിക സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കാന്‍ കേന്ദ്ര നിതി ആയോഗ് അധികൃതരും സാക്ഷരതാമിഷനെ ഉപദേശിക്കുകയുണ്ടായി.

ആരോഗ്യ സുരക്ഷയിലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ മികച്ചു നല്‍ക്കുന്നതായി നിതി ആയോഗ് പുറത്തിറക്കിയ ആരോഗ്യഫല സൂചിക വിളിച്ചു പറയുന്നു. സ്വാതന്ത്ര്യലബ്ധിക്കും കേരളപ്പിറവിക്കും മുമ്പേ തന്നെ നിലനില്‍ക്കുന്നതാണ് ആരോഗ്യ സംരക്ഷണത്തില്‍ മലയാളികളുടെ ശ്രദ്ധ. സംസ്ഥാനത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കൊച്ചിയിലും തിരുവനന്തപുരത്തും ജനറല്‍ ആശുപത്രികളും ഒന്നര പതിറ്റാണ്ടു മുമ്പേ ആരംഭിച്ചിട്ടുണ്ട്. കേരള സംസ്ഥാനം രൂപവത്കരിച്ചതിനു ശേഷം മാറിവന്ന സര്‍ക്കാറുകളെല്ലാം ആരോഗ്യമേഖലയില്‍ സജീവശ്രദ്ധ പുലര്‍ത്തുകയും ചെയ്തു. ലോകാരോഗ്യ സംഘടനയുടെയും യൂനിസെഫിന്റെയും റിപോര്‍ട്ട് പ്രകാരം ലോകത്തെ ആദ്യ ശിശു സൗഹൃദ സംസ്ഥാനമാണ് കേരളം. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിലും കേരളം ദേശീയതലത്തില്‍ മുന്നിട്ടു നില്‍ക്കുന്നു. 2021ലെ ബജറ്റ് അവതരണത്തിന് മുന്നോടിയായി മോദി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ദേശീയ സാമ്പത്തിക സര്‍വേ റിപോര്‍ട്ടില്‍ പൊതുവിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ നേട്ടം പ്രത്യേകം എടുത്തു പറയുന്നുണ്ട്. ദേശീയ വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട “ഡിജിറ്റല്‍ എജ്യുക്കേഷന്‍ ലേണിംഗ് ഇനീഷ്യേറ്റീവ്‌സ് എക്രോസ് ഇന്ത്യ’ റിപോര്‍ട്ടില്‍ കേരളത്തിന്റെ ഡിജിറ്റല്‍ വിദ്യാഭ്യാസം മാതൃകാപരമാണെന്നു വ്യക്തമാക്കുന്നു. ഇതോടൊപ്പം സാമൂഹിക ജീവിതത്തില്‍ മലയാളികള്‍ക്കിടയിലെ പാരസ്പര്യവും സഹവര്‍ത്തിത്വവും എടുത്തുപറയേണ്ടതുണ്ട്. തീവ്രവാദ പ്രസ്ഥാനങ്ങളെയും ചിന്തകളെയും പരമാവധി അകറ്റി നിര്‍ത്തുന്നു മലയാളി സമൂഹം. ഏതൊരു സമൂഹത്തിന്റെയും മുന്നേറ്റത്തില്‍ സ്വസ്ഥമായ സാമൂഹികാന്തരീക്ഷത്തിന്റെ പങ്ക് വളരെ വലുതാണ്.

എന്നിട്ടാണ് യോഗി ആദിത്യനാഥ് തന്റെ ജനതയോട്, യു പി കേരളത്തെ പോലെ ആകരുതെന്നു ഉപദേശിക്കുന്നത്! കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് യു പി എന്തെല്ലാമോ നേടിയതായി യോഗി അവകാശപ്പെടുന്നുണ്ടല്ലോ. എന്തൊക്കെയാണ് ആ നേട്ടങ്ങള്‍. വര്‍ഗീയ സംഘര്‍ഷങ്ങളും ആള്‍ക്കൂട്ടക്കൊലകളും സ്ത്രീപീഡനങ്ങളും ഗുണ്ടാസംഘങ്ങളുടെ വിളയാട്ടവും പൂര്‍വോപരി വര്‍ധിച്ചതോ? ദളിത് സമൂഹത്തിന്റെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായതോ? ചികിത്സാ രംഗത്തെയും മരണാനന്തര സംസ്‌കരണ സൗകര്യങ്ങളുടെയും പരിമിതി കാരണം മൃതദേഹങ്ങള്‍ നദികളില്‍ ഒഴുകി നടന്നതോ? സുസ്ഥിര വികസന സൂചിക, മികച്ച ഭരണ നിര്‍വഹണം, നിതി ആയോഗിന്റെ ആരോഗ്യ സൂചിക, സ്ത്രീസുരക്ഷ, സാമുദായിക സൗഹൃദം തുടങ്ങിയവയിലെല്ലാം യു പി വളരെ പിന്നിലാണെന്ന് ഔദ്യോഗിക പഠന റിപോര്‍ട്ടുകളും സര്‍വേകളും കാണിക്കുന്നു. യഥാര്‍ഥത്തില്‍ യു പി കേരള സമാനമായി മാറിയാല്‍ യു പി ജനത രക്ഷപ്പെട്ടു. അവര്‍ക്ക് മികച്ച വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും സാമൂഹികക്ഷേമവും ജീവിത നിലവാരവും കൈവരിക്കാനാകുകയും ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങള്‍ കൊല്ലപ്പെടുന്ന സ്ഥിതിവിശേഷം ഇല്ലാതാകുകയും ചെയ്യും. ഇത്തരമൊരു സാമൂഹികാന്തരീക്ഷത്തില്‍ പക്ഷേ ബി ജെ പിയുടെയും യോഗിയെ പോലെയുള്ള ഫാസിസ്റ്റ് നേതാക്കളുടെയും നിലനില്‍പ്പ് അവതാളത്തിലാകും. അതാണ് യോഗിയുടെ ട്വിറ്റര്‍ സന്ദേശത്തില്‍ ധ്വനിക്കുന്ന ആശങ്കയുടെ കാരണവും.