Connect with us

Editors Pick

നാലു വർഷ ബിരുദം എന്ത്? മൂന്ന് വർഷ ബിരുദം ഇനി ഇല്ലേ?

ടീച്ചിങ്, ലേണിങ്, ഇവാല്വേഷൻ എന്നതിനൊപ്പം തൊഴിൽ, നൈപുണി, അഭിരുചി തുടങ്ങിയവയ്‌ക്കും പ്രാധാന്യം നൽകുന്ന സംവിധാനമായിട്ടാണ് നാലു വർഷ ബിരുദ പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്.

Published

|

Last Updated

വിദ്യാഭ്യാസ മേഖലയിൽ വലിയൊരു മാറ്റം ലക്ഷ്യമിട്ടാണ് കേന്ദ്ര ഗവൺമെന്റ് ദേശീയ വിദ്യാഭ്യാസ നയം (എൻ ഇ പി) അവതരിപ്പിച്ചത്. അധ്യാപകർക്കും വിദ്യാഭ്യാസ വിദഗ്ധർക്കുമടക്കം എങ്ങനെയാണ് പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ പോകുന്നത് എന്നതിനെക്കുറിച്ച് സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ 2020ലെ എൻ ഇ പി ഈ വർഷം മുതൽ എല്ലാതരത്തിലും നിലവിൽ വരികയാണ്. എംഫില്‍ കോഴ്സുകൾ എടുത്തു കളഞ്ഞതും പുതിയ ഇന്റഗ്രേറ്റഡ് കോഴ്സുകൾക്ക് തുടക്കം കുറിക്കുന്നതും ഒക്കെ ഇതിന്റെ ഭാഗമായാണ്.

ഇതിൽ പ്രധാനപ്പെട്ട ഒരു മാറ്റമാണ് നാലുവർഷം ബിരുദം. കഴിഞ്ഞ ദിവസമാണ് കാലിക്കറ്റ് സർവകലാശാലയിൽ നാലുവർഷ ബിരുദ പ്രഖ്യാപനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നിർവഹിച്ചത്. നാനൂറിലേറെ അഫിലിയേറ്റഡ് കോളേജുകളിലായി നാലുവർഷ ബിരുദം നടപ്പാക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ സർവകലാശാലയാണ് കലിക്കറ്റ്. കാലിക്കറ്റ് അടക്കം എല്ലാ സർവകലാശാലകളും നാലുവർഷ ബിരുദത്തിലേക്ക് ചുവട് വയ്ക്കുകയാണ്.

എന്താണ് നാലു വർഷ ബിരുദം?

ടീച്ചിങ്, ലേണിങ്, ഇവാല്വേഷൻ എന്നതിനൊപ്പം തൊഴിൽ, നൈപുണി, അഭിരുചി തുടങ്ങിയവയ്‌ക്കും പ്രാധാന്യം നൽകുന്ന സംവിധാനമായിട്ടാണ് നാലു വർഷ ബിരുദ പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്. മൂന്നു വർഷത്തെ ബിരുദം, നാലു വർഷത്തെ ഓണേഴ്‌സ് ബിരുദം, ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം എന്നിങ്ങനെ മൂന്നുതരത്തിലാണ് ഇത്‌.

മൂന്നുവർഷത്തെ ബിരുദം നിലവിലുള്ളത്‌ പോലെയാണ്‌. പഠനം കഴിഞ്ഞാൽ ബിരുദം നേടി പുറത്തിറങ്ങാം. തുടർപഠനത്തിനായി രണ്ടുവർഷത്തെ പിജിക്കു ചേരാം. തൊഴിൽ അഭിരുചിയുള്ളവർക്ക് മൂന്നുവർഷത്തിനു ശേഷം നാലാം വർഷം ഓണേഴ്‌സിനു ചേരാം. അവർക്കു വേണ്ട പ്രവൃത്തിപരിചയവും ഇക്കാലയളവിൽ ലഭിക്കും. ഗവേഷണത്തിൽ താത്പര്യമുള്ളവർക്ക് മൂന്നുവർഷത്തെ പഠനത്തിൽ 75 ശതമാനം മാർക്കുണ്ടെങ്കിൽ ഓണേഴ്‌സ് വിത്ത് റിസർച്ചിനു ചേരാം. ഇവർക്കു നേരിട്ടു പിഎച്ച്ഡിക്ക്‌ ചേരാനും നെറ്റ് പരീക്ഷ എഴുതാനും സാധിക്കും. കേന്ദ്ര സർക്കാർ പദ്ധതിയിലുള്ള ഓരോ വർഷത്തെയും എക്സിറ്റ് കേരളത്തിലില്ല.

ക്രെഡിറ്റ്‌, പാത്ത്‌വേ

വിദ്യാർഥി ഒരുവിഷയത്തിൽ ചെലവഴിക്കേണ്ട സമയത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കുന്നതാണ് ക്രെഡിറ്റ്‌. ഒരു ക്രെഡിറ്റ് നേടാൻ ഒരു സെമസ്റ്ററിൽ 45–60 മണിക്കൂർ പഠനപ്രവർത്തനങ്ങൾക്കായി ചെലവഴിക്കണം. നാലു വർഷത്തിൽ 240 ക്രെഡിറ്റിൽ നിന്നും 177 ക്രെഡിറ്റ് നേടിയാൽ ഓണേഴ്‌സും 180 ക്രെഡിറ്റിൽ നിന്ന്‌ 133 ക്രെഡിറ്റ്‌ നേടിയാൽ ബിരുദവും ലഭിക്കും. ഓണേഴ്‌സ്‌ വിത്ത്‌ റിസർച്ചിൽ നാലാം വർഷം 12 ക്രെഡിറ്റ്‌ ഉള്ള ഒരു റിസർച്ച്‌ പ്രോജക്ട്‌ ചെയ്‌തിരിക്കണം.

ഒരു ഐശ്ചിക വിഷയത്തിൽ (മേജർ) അഡ്വാൻസ്‌ ലെവൽ പരിശീലനം ലഭിക്കുന്നു എന്നതാണ്‌ ഓണേഴ്‌സ്‌ ബിരുദത്തിന്റെ പ്രത്യേകത. ഓണേഴ്‌സ്‌ പൂർത്തിയായാൽ ഒരുവർഷംകൊണ്ട്‌ പിജി നേടാം. ഇതിനായി സർവകലാശാലകളിൽ ലാറ്ററൽ എൻട്രി പദ്ധതി തയ്യാറായിട്ടുണ്ട്‌. ഓണേഴ്‌സിന്റെ നാലാം വർഷം രണ്ട്‌ തരത്തിലാണ്‌ സജ്ജീകരിച്ചിരിക്കുന്നത്‌. ഒന്ന്‌, നാല്‌ ക്രെഡിറ്റുകൾ വീതമുള്ള 11 മേജർ കോഴ്‌സുകൾ എടുക്കുമ്പോൾ 44 ക്രെഡിറ്റ്‌ ലഭിക്കും. മറ്റൊന്ന്‌ നാല്‌ ക്രെഡിറ്റുകൾ വീതമുള്ള എട്ട്‌ മേജർ കോഴ്‌സുകൾ തെരഞ്ഞെടുക്കാം. പിന്നീടുള്ള മൂന്ന്‌ മേജർ കോഴ്‌സുകൾക്കുപകരം ഒരു ഓപ്‌ഷണൽ പ്രോജക്‌ട്‌ ചെയ്യാം. ഇതിന്‌ 12 ക്രെഡിറ്റ്‌ ഉണ്ടാകും.

വിദ്യാർഥികൾക്കു തെരഞ്ഞെടുക്കാവുന്ന കോഴ്‌സുകളുടെ വഴികാട്ടിയാണ് പാത്ത്‌വേ. സിംഗിൾ മേജർ, മേജർ വിത്ത് മൈനർ, ഇന്റർഡിസിപ്ലിൻ, ഡബിൾ മേജർ, മേജർ വിത്ത് മൾട്ടിപ്പിൾ മൈനർ ഡിസിപ്ലിൻ എന്നിങ്ങനെ അഞ്ച്‌ പാത്ത്‌വേകൾ ഓരോ കോളേജിലുമുണ്ടാവും. ഇത്‌ ഇഷ്‌ടാനുസരണം തെരഞ്ഞെടുക്കാം. അതായത്‌ ഫിസിക്‌സ്‌ മേജറായി പഠിക്കുന്നവർക്ക്‌ ചരിത്രം, സാമ്പത്തികശാസ്‌ത്രം, സംഗീതം, മലയാളം, ഇംഗ്ലീഷ് തുടങ്ങി ഏതുവിഷയവും മൈനറായി തെരഞ്ഞെടുക്കാം. ചുരുക്കത്തിൽ ഒരു ക്ലാസിൽത്തന്നെ ബിരുദത്തിനു പലവിഷയങ്ങൾ പഠിക്കുന്നവരുണ്ടാവും.

കോഴ്സ് ഇനി സ്വയം ഡിസൈൻ ചെയ്യാം

ഇനിയുള്ള ബിരുദം ഓരോ വിദ്യാർഥിക്കും സ്വന്തമായി ഡിസൈൻ ചെയ്യാം എന്നതാണ്‌ മറ്റൊരു പ്രതേകത. കോമ്പിനേഷൻ താത്പര്യാനുസരണം തെരഞ്ഞെടുക്കാം. ആദ്യ രണ്ടു സെമസ്റ്റർ കഴിഞ്ഞാൽ മേജർ മാറാൻ അവസരമുണ്ടാകും. ആദ്യ രണ്ടു സെമസ്റ്ററിൽ പഠിച്ച വിഷയങ്ങളിൽ താത്പര്യമനുസരിച്ചുള്ളവ മൂന്നാം സെമസ്റ്ററിൽ മേജറാക്കാം. മൈനറാണ് താത്പര്യമെങ്കിൽ അതു മേജറാക്കാം.

കോളേജിനുപുറമേ, പുറത്തുനിന്ന്‌ ഓൺലൈൻ കോഴ്‌സെടുത്ത് ക്രെഡിറ്റ് നേടാം. ക്രെഡിറ്റുകൾ കൈമാറി കോളേജും സർവകലാശാലയുമൊക്കെ മാറാം. സമർഥരായവർക്ക് വേഗത്തിൽ നിശ്ചിത ക്രെഡിറ്റ് സമ്പാദിച്ചാൽ രണ്ടര വർഷത്തിനുള്ളിൽ ബിരുദവും മൂന്നരവർഷത്തിൽ ഓണേഴ്‌സും നേടാൻ എൻ മൈനസ്‌ വൺ സംവിധാനവുമുണ്ട്‌.

ഇതിനിടയിൽ തൽക്കാലത്തേക്ക്‌ വേണമെങ്കിൽ പഠനം നിർത്താം. ഒരു പ്രോഗ്രാമിന് സർവകലാശാലയിൽ രജിസ്റ്റർചെയ്ത തീയതി മുതൽ ഏഴുവർഷം വരെ ക്രെഡിറ്റിന് കാലാവധിയുണ്ടാവും. വീണ്ടും അതേ കോളേജിലോ മറ്റേവിടെയെങ്കിലുമോ പഠനം തുടരാം.

പ്രവേശന രീതികൾക്ക് മാറ്റമില്ല

നാല് വർഷ ബിരുദ കോഴ്സിന്റെ പ്രവേശന നടപടികളിൽ പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ല. അഡ്‌മിഷൻ രീതികൾ പഴയതുപോലെ തന്നെ തുടരും. ഏകജാലക സംവിധാനം വഴിയാണ് നിലവിൽ ബിരുദ പ്രവേശനം നടക്കുന്നത്.

പൊതുവിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും സമഗ്രമായ പരിഷ്കരണങ്ങളുടെ പാതയിലാണ്.ബിരുദതലത്തിൽ സംസ്ഥാനത്ത് നിലവിലുള്ള ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റത്തിൽനിന്ന് തികച്ചും വ്യത്യസ്തമായ കരിക്കുലവും റെഗുലേഷനുമാണ് പുതിയ ബിരുദ പാഠ്യപദ്ധതിയ്ക്കുള്ളത്. നൂതന ചിന്തകൾ മുന്നോട്ടുവയ്ക്കുന്ന ഈ നാലുവർഷ ബിരുദ സംവിധാനം കുട്ടികൾക്കിടയിൽ നല്ല മാറ്റം സൃഷ്ടിച്ച് ഇന്നവേറ്റീവും പ്രൊഡക്ടീവുമായ ഒരു തലമുറയെ രൂപപ്പെടുത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Latest