Connect with us

Education

എന്താണ് സി യു ഇ ടി?

കേന്ദ്ര- സംസ്ഥാന- സ്വകാര്യ സർവകലാശാലകൾ, ഡീംഡ് സർവകലാശാലകൾ, ഉൾപ്പെടുന്ന 106 സ്ഥാപനങ്ങളിലെ വിവിധ ബിരുദ കോഴ്‌സുകളിലേക്കാണ് സി യു ഇ ടി യു ജി വഴി പ്രവേശനം സാധ്യമാകുന്നത്. പ്ലസ്ടുവിൽ ഏത് ശാഖ എടുത്ത് പഠിച്ചവർക്കും പോകാൻ പറ്റുന്ന കോഴ്‌സുകൾ സി യൂ ഇ ടിക്ക് കീഴിൽ ഉണ്ട്

Published

|

Last Updated

ഞാൻ പ്ലസ് ടു കൊമേഴ്‌സ് പഠിക്കുന്ന വിദ്യാർഥിയാണ്. സി യു ഇ ടി പരീക്ഷയെ കുറിച്ച് കേൾക്കുന്നു. കൊമേഴ്‌സ് പഠിക്കുന്ന എനിക്ക് ഈ പരീക്ഷ വഴി കോഴ്‌സുകൾക്ക് പ്രവേശനം നേടാൻ അവസരം ഉണ്ടോ?
| സഹൽ മുഹമ്മദ് തിരൂർ

നാഷനൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ) രാജ്യത്തെ യൂനിവേഴ്‌സിറ്റികളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതുപരീക്ഷയാണ് സി യൂ ഇ ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കോമൺ യൂനിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ്. ബിരുദ കോഴ്‌സുകളിലേക്കും ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും ഉന്നത പഠനവുമായി ബന്ധപ്പെട്ട ഫെലോഷിപ്പുകളിലേക്കും പ്രവേശനത്തിനുള്ള പരീക്ഷകളാണ് എൻ ടി എ നടത്തുന്ന കോമൺ യൂനിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ്. താങ്കൾ പ്ലസ് ടു ചെയ്തുകൊണ്ടിരിക്കുന്ന ആളായതിനാൽ കോമൺ യൂനിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് യു ജി (CUET-UG) പരീക്ഷയാണ് എഴുതേണ്ടത്. 2023-24 വർഷത്തെ സി യൂ ഇ ടി വിജ്ഞാപന പ്രകാരം കേന്ദ്ര- സംസ്ഥാന- സ്വകാര്യ സർവകലാശാലകൾ, ഡീംഡ് സർവകലാശാലകൾ, ഉൾപ്പെടുന്ന 106 സ്ഥാപനങ്ങളിലെ വിവിധ ബിരുദ കോഴ്‌സുകളിലേക്കാണ് സി യു ഇ ടി യു ജി വഴി പ്രവേശനം സാധ്യമാകുന്നത്.

പ്ലസ്ടുവിൽ ഏത് ശാഖ എടുത്ത് പഠിച്ചവർക്കും പോകാൻ പറ്റുന്ന കോഴ്‌സുകൾ സി യൂ ഇ ടിക്ക് കീഴിൽ ഉണ്ട്. പ്രധാന ബിരുദങ്ങളായ ബാച്ചിലർ സയൻസ്, ബാച്ചിലർ ആർട്‌സ്, ബാച്ചിലർ കൊമേഴ്‌സ് അടക്കം നിയമം, ഫാർമസി, എൻജിനീയറിംഗ്, ഡിസൈനിംഗ്, വൊക്കേഷനൽ വിഷയങ്ങൾ, തുടങ്ങിയവയൊക്കെ സി യൂ ഇ ടി – യു ജി വഴി നേടാം. ഇവയുടെയൊക്കെ ബിരുദ കോഴ്‌സുകൾ, ഹോണേഴ്‌സ് ബിരുദങ്ങൾ, ഇന്റഗ്രേറ്റഡ് ബിരുദ ബിരുദാനന്തര കോഴ്‌സുകൾ തുടങ്ങിയവ സി സി യൂ ഇ ടിക്ക് കീഴിൽ വരുന്ന കോഴ്‌സുകളിൽ പെടുന്നു. അതത് കോഴ്‌സുകൾക്ക് വേണ്ട അടിസ്ഥാന യോഗ്യതകൾ എന്തെല്ലാമെന്ന് യൂനിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റുകൾ നോക്കി ഉറപ്പുവരുത്തണം. www.cut.samarth.ac.in എന്ന വെബ്‌സൈറ്റിൽ പങ്കെടുക്കുന്ന യൂനിവേഴ്‌സിറ്റി ലിങ്ക് വഴി ഇത് കൃത്യമായി മനസ്സിലാക്കാവുന്നതാണ്.

സി യൂ ഇ ടി. യു ജി ഒരു കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായാണ് എൻ ടി എ നടത്തുന്നത്. പരീക്ഷയ്ക്ക് മൂന്ന് ഭാഗങ്ങളാണുള്ളത്.
സെക്ഷൻ ഒന്ന്, രണ്ട് ഉപവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. 13 ഭാഷകൾ ഉൾപ്പെടുന്നതാണ് സെക്ഷൻ ഒന്ന് A, ഇവയിൽ നിന്ന് ഏതെങ്കിലും ഒരു ഭാഷ തിരഞ്ഞെടുക്കാം. സെക്ഷൻ ഒന്ന് B യിൽ 20 ഭാഷകൾ ഉണ്ട്, ഇവയിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കാം. ഓരോ സെക്ഷനിലും 50 വീതമുള്ള ചോദ്യങ്ങളിൽ നിന്നും 40 എണ്ണത്തിന് ഉത്തരം നൽകണം.

സെക്ഷൻ രണ്ടിൽ ഉന്നത പഠനവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്ന 27 സവിശേഷ വിഷയങ്ങൾ ഉൾപ്പെടുന്നു. പ്രവേശനം തേടുന്ന സർവകലാശാലകൾക്കനുസരിച്ച് വിഷയങ്ങൾ തിരഞ്ഞെടുക്കാം. 45 ചോദ്യങ്ങളുള്ള വിഷയങ്ങളിൽ നിന്ന് 35 എണ്ണവും 50 ചോദ്യങ്ങൾ ഉള്ള വിഷയങ്ങളിൽ നിന്ന് 40 എണ്ണത്തിനും ഉത്തരം നൽകേണ്ടതാണ്.
സെക്ഷൻ മൂന്ന് ജനറൽ ടെസ്റ്റ്, പ്രവേശനത്തിന് സർവകലാശാല ജനറൽ ടെസ്റ്റ് സ്‌കോർ ഉപയോഗിക്കുന്ന പക്ഷം ഈ സെക്ഷൻ അഭിമുഖീകരിക്കണം. മൊത്തം 60 ചോദ്യങ്ങളിൽ 50 എണ്ണത്തിന് ഉത്തരം നൽകണം.

അപേക്ഷാർഥിക്ക്, ഭാഷകൾ, വിഷയങ്ങൾ, ജനറൽ ടെസ്റ്റ്, എന്നിവയിൽ നിന്ന് പരമാവധി പത്ത് വിഷയങ്ങൾ വരെ തിരഞ്ഞെടുക്കാവുന്നതാണ്. 13 ഭാഷകളിൽ മലയാളവും ഉൾപ്പെടുന്നു. ഓരോരുത്തർക്കും താത്പര്യമുള്ള സർവകലാശാലകളിലെ പഠന വിഷയങ്ങൾ തിരഞ്ഞെടുത്ത് അതനുസരിച്ചുള്ള ടെസ്റ്റുകൾ എഴുതിയാൽ മതിയാവും. ഈ പരീക്ഷയിലെ സ്‌കോർ കൊണ്ടുമാത്രം പ്രവേശനം നേടാൻ സാധ്യമല്ല.

താത്പര്യമുള്ള സർവകലാശാലയിൽ യഥാസമയം ആവശ്യത്തിനനുസരിച്ച് അപേക്ഷിക്കണം. അപേക്ഷിക്കുന്നതിന് മുമ്പ് പങ്കെടുക്കുന്ന സർവകലാശാലകളെ കുറിച്ചും അവ നൽകുന്ന കോഴ്‌സുകളെ കുറിച്ചും ആ കോഴ്‌സുകളിലേക്ക് പ്രവേശനം ലഭിക്കേണ്ട യോഗ്യതകളെ കുറിച്ചും കൃത്യമായ ധാരണ ഉണ്ടാക്കി വെക്കുന്നത് തനിക്ക് ഏറ്റവും അനുയോജ്യമായ കോഴ്‌സ് ഏറ്റവും നല്ല യൂനിവേഴ്‌സിറ്റിയിൽ ലഭിക്കാൻ സഹായകരമാകും.

 

 

ഉന്നത പഠനം, പരീക്ഷകൾ, പ്രവേശനം, തൊഴിൽ സംബന്ധമായ സംശയങ്ങളുമായി ബന്ധപ്പെട്ട നിങ്ങളുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുന്നു.
ചോദ്യങ്ങൾ ഇമെയിൽ, വാട്സ്ആപ്പ് വഴി അയക്കാം.
9349918816

ചീഫ് കരിയർ കൗൺസിലർ, സിജി ചേവായൂർ

---- facebook comment plugin here -----

Latest