നാടിനെ ഒരു നിലക്കും മുന്നോട്ട് നയിക്കാത്ത മറ്റൊരു വിവാദത്തിന് കൂടി തിരികൊളുത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ പേര് ഇന്ത്യയെന്നാണോ? ഭാരതമെന്നാണോ? ഇതാണ് ചോദ്യം. ജി 20 ഉച്ചകോടിക്കെത്തുന്ന വിദേശ രാഷ്ട്ര നേതാക്കള്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒരുക്കുന്ന വിരുന്നിന്റെ ക്ഷണക്കത്താണ് പുതിയ ചര്‍ച്ചക്ക് വഴിവെച്ചതെന്ന് പറയാം. കത്തില്‍ രാഷ്ട്രപതി ഭവന്‍ അടിച്ചുവെച്ചിരിക്കുന്നത് ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നാണ്. ഇക്കാലം വരെ പ്രസിഡന്റ് ഓഫ് ഇന്ത്യയായിരുന്നത് എങ്ങനെ പൊടുന്നനെ അട്ടിമറിഞ്ഞുവെന്നതാണ് പ്രസക്തമായ ചോദ്യം. ഇരുപതാമത് ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്തോനേഷ്യയിലേക്ക് പോകുന്നത് സംബന്ധിച്ച രേഖയില്‍ നരേന്ദ്ര മോദിയെ ‘പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്’ എന്ന് വിശേഷിപ്പിച്ചിട്ടുമുണ്ട്. രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് പ്രയോഗിക്കരുതെന്നും ഭാരതമാണ് ശരിയെന്നും ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞതിന് പിറകേയാണ് ഈ മാറ്റങ്ങള്‍. 18 മുതല്‍ അഞ്ച് ദിവസം നടക്കാനിരിക്കുന്ന പാര്‍ലിമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ പേരുമാറ്റ പ്രമേയം വരുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.
വീഡിയോ കാണാം