Web Special
നമ്മുടെ ഫേസ്ബുക്കിന് ഇതെന്താണ് സംഭവിക്കുന്നത്?
സാങ്കേതിക പ്രശ്നങ്ങൾ വന്നാല്‍ ഫോളോവേഴ്സില്‍ പലരുടേയും ഹൃദയം നിലച്ചുപോകും എന്ന തരത്തില്‍ പ്രതികരണങ്ങള്‍ കണ്ടിട്ടുണ്ട്. അത്രയേറെ മനുഷ്യര്‍ ഈ സാമൂഹിക മാധ്യമങ്ങളില്‍ മാത്രമായി ജീവിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിനാല്‍ രാഷ്ട്രീയമായി നിയന്ത്രിക്കപ്പെടുന്നത് ആ താല്‍പര്യവും മമതയും ഇല്ലാതെയാക്കും എന്ന കാര്യത്തില്‍ സംശയമില്ല. കാരണം സാമ്പ്രദായിക മാധ്യമങ്ങള്‍ തിരസ്കരിച്ച വാര്‍ത്തകളും പ്രതികരണങ്ങളും അവതരിപ്പിക്കാമെന്ന സോഷ്യൽ മീഡിയയുടെ സ്വാതന്ത്ര്യം ക്രമേണ ഇല്ലാതാവുകയാണല്ലോ.
“എന്‍റെ ലൈക്കിക ശക്തി നഷ്ടപ്പെട്ടു. നിങ്ങളെന്നോട് പൊറുക്കണം. ദയവായി എന്നെ ഡൈവോഴ്സ് ചെയ്യരുതേ” എന്ന അപേക്ഷയാണ് ഫെയ്സ്ബുക്കില്‍ സുഭാഷ് ചന്ദ്രബോസിന്‍റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റ്.
” എനിക്കും ഒരു മണിക്കൂര്‍ ബ്ലോക്ക് കിട്ടി. പിന്നെ കുറച്ചു വാണിംഗുകളും. മൂക്കില്‍ വലിച്ചു കയറ്റിക്കളയുമെന്ന ഭീഷണിയും. നമ്മളിതെത്ര കണ്ടതാ” – ഈ പോസ്റ്റിനു താഴെയുള്ള കമന്‍റ് ബോക്സില്‍ ഷഹീദ് ഭഗത്സിംഗിന്‍റെ കമന്‍റാണിത്. അതിന് കീഴിലുള്ള കമന്‍റുകളെല്ലാം തന്നെ ഇതേ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ളതാണ്. സ്വന്തം അഭിപ്രായം പറയാന്‍ മാത്രമല്ല സമാന ഹൃദയരുടെ അഭിപ്രായങ്ങള്‍ക്ക് സപ്പോര്‍ട്ട് കൊടുക്കാനും അനുവദിക്കുന്നില്ല ഫെയ്സ്ബുക്കിന്‍റെ അണിയറ പ്രവര്‍ത്തകര്‍ എന്ന പ്രതികരണങ്ങളേറെയാണ്.
സുഭാഷ് ചന്ദ്രബോസും ഷഹീദ് ഭഗത്സിംഗും ഫെയ്ക്ക് ഐഡികളാണ്. എന്നുവെച്ചാല്‍ തൂലികാനാമം പോലെ അവര്‍ ഈ പേരിനുള്ളില്‍ മറഞ്ഞിരിക്കുന്നു. അവരുടെ യഥാർത്ഥ പേരും വിലാസവും ചുരുക്കം ചില സുഹൃത്തുക്കള്‍ക്കും ഫെയ്സ് ബുക്ക് ടീമിനും മാത്രമേ അറിയൂ. എങ്കിലും ഈ രണ്ടു പേര്‍ വ്യാജ ഐഡന്‍റിറ്റി കൊണ്ട് ആരേയും വഞ്ചിക്കാറില്ല. പണം തട്ടാറില്ല. പ്രണയം നടിച്ചു സ്ത്രീകളുടെ ഇന്‍ബോക്സില്‍ പോയി “ഒലിപ്പിക്കാറില്ല”. ഒലിപ്പിക്കാറില്ല എന്നത് സൈബര്‍ ഭാഷയാണ്. ഇങ്ങനെ ഓഫ് ലൈനില്‍ പ്രയോഗിക്കാനാവാത്ത പലതരം വാക്കുകളുണ്ട് ഓണ്‍ലൈനില്‍
പക്ഷേ ഭഗത്സിംഗും സുഭാഷ് ചന്ദ്രബോസും രാഷ്ട്രീയം പറയും. അതും പ്രതിപക്ഷ രാഷ്ട്രീയം. കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍, ട്രോളുകള്‍, മൂര്‍ച്ചയുള്ള സറ്റയറുകള്‍ തുടങ്ങിയവയിലൂടെ മറുപക്ഷത്തെ ആഴത്തില്‍ മുറിവേല്‍പിക്കും. അവരോട് വാദിച്ചു ജയിക്കുക എളുപ്പമല്ല. അസഹിഷ്ണുക്കളായ ചിലര്‍ സംഘം ചേര്‍ന്ന് അവര്‍ക്കെതിരേ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ പരാതിപ്പെട്ടിയില്‍ റിപ്പോര്‍ട്ട് ചെയ്യും. ഈ റിപ്പോര്‍ട്ടിംഗാവാം പിന്നീടുള്ള പോസ്റ്റുകളില്‍ അവരെ ബാധിക്കുന്നത്. സമാനമായ പല അഭിപ്രായങ്ങൾ വെച്ചു നോക്കിയാല്‍ ഫേസ്ബുക്ക് പ്രതിപക്ഷ പോസ്റ്റുകളുടെ വിസിബിലിറ്റി വല്ലാതെ കുറച്ചിരിക്കുന്നുവെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് കാണാം. നിരന്തരം തമ്മില്‍ കണ്ടു രാഷ്ട്രീയാഭിപ്രായങ്ങള്‍ പങ്കു വെച്ചിരുന്നവര്‍ തമ്മില്‍ കാണാനോ പോസ്റ്റ് വായിക്കാനോ പ്രത്യേകമായി സെര്‍ച്ച് ചെയ്യേണ്ടിയിരിക്കുന്നു .
അതിനിടയിലാണ് ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന ചില സാങ്കേതിക തകരാറുകള്‍. ജനക്കൂട്ടത്തിലേക്ക് കണ്ണീര്‍ വാതകം പ്രയോഗിക്കുന്നപോലെ, എല്ലാവര്‍ക്കും ഒരു മണിക്കൂര്‍ ബ്ലോക്ക് കൊടുക്കുകയും പോസ്റ്റുകൾ ലൈക്കാന്‍ സമ്മതിക്കാതെയുമിരിക്കുന്ന വില്ലന്‍ ഈ സാങ്കേതിക തകരാണത്രേ.
ഇതിനിടയിൽ ഇതൊക്കെ കേന്ദ്രസര്‍ക്കാര്‍ ഇടപെടലുകള്‍ കൊണ്ടാണെന്ന് സംശയിക്കുന്നവരേയാണ്. പൗരന്മാരുടെ പ്രതികരണശേഷിയെ മൂക്കുകയറിടാനുള്ള ശ്രമമാണെന്ന് ധാരാളം പേര്‍ വിശ്വസിക്കുന്നു. ലക്ഷക്കണക്കിന് ഫോളോവേര്‍സുള്ള സുനിത ദേവദാസ് നിരവധി രാഷ്ട്രീയ പ്രശ്നങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയയായ വ്ലോഗറാണ്. ഫെയ്സ്ബുക്കില്‍ മാത്രമല്ല ഇന്‍സ്റ്റഗ്രാമിലും അവര്‍ക്ക് ധാരാളം ഫോളോവേഴ്സുണ്ട്. ദേശീയ തലത്തില്‍ വിവിധ ഭാഷകളില്‍ ബ്ലോഗുകൾ ചെയ്തു മോദി സര്‍ക്കാരിന്‍റെ ജനാധിപത്യ വിരുദ്ധതക്കെതിരേ പ്രതികരിക്കുന്ന ധ്രുവ് രാഥിയുടെ വീഡിയോകള്‍ മലയാളത്തില്‍ അവതരിപ്പിക്കാറുള്ള സുനിത പക്ഷേ , ഇപ്പോള്‍ പരാതിപ്പറയുന്നത് സുക്കര്‍ബര്‍ഗ് ടീം മുക്കിക്കളഞ്ഞ സ്വന്തം വിഡിയോകളെക്കുറിച്ചാണ്.
സ്വന്തം ഫോട്ടോയിട്ടാണ് സുനിതദേവദാസിന്‍റെ പ്രതിഷേധം “എപ്പോഴാണ് ഞാനിങ്ങനെ ഫോട്ടോയിടുന്നതെന്ന് മനസ്സിലായോ” എന്ന പരിഹാസം ലക്ഷ്യം വെക്കുന്നത് കേന്ദ്ര സര്‍ക്കാരിന് മുമ്പില്‍ മുട്ടിലിഴയുന്ന ഫെയ്സ്ബുക്ക് ടീമിനെയാണ്. അവരുടെ വിഡിയോകളുടെ വിസിബിലിറ്റി കുറച്ചതിനെതിരേയുള്ള പ്രതിഷേധമാണ്. ഇതൊരു സുനിതയുടെ മാത്രം കാര്യമല്ല. പല ഇടതു പ്രൊഫൈലുകളും നിരന്തമായി ഉന്നയിക്കുന്ന പരാതിയാണിത്.
ഇനി സംശയ ദൂരീകരണത്തിനായി “ഇന്ത്യയിലെ ഫെയ്സ് ബുക്കിനെന്തുപറ്റി? ” എന്ന് നിങ്ങള്‍ ഗൂഗിളിൽ വെറുതെ പരതിനോക്കൂ.
“ഇല്ല, ഞങ്ങൾ ഇപ്പോൾ ഫെയ്സ്ബുക്കിൽ പ്രശ്‌നങ്ങളൊന്നും കണ്ടെത്തുന്നില്ല. 2024 ഏപ്രിൽ 16 ചൊവ്വാഴ്‌ച ഏകദേശം 4 മണിക്കൂർ ദൈർഘ്യമുള്ളതാണ് Facebook-ൻ്റെ അവസാനത്തെ തകരാറ്.” എന്നാണ് മറുപടി.
സാങ്കേതിക പ്രശ്നങ്ങൾ വന്നാല്‍ ഫോളോവേഴ്സില്‍ പലരുടേയും ഹൃദയം നിലച്ചുപോകും എന്ന തരത്തില്‍ പ്രതികരണങ്ങള്‍ കണ്ടിട്ടുണ്ട്. അത്രയേറെ മനുഷ്യര്‍ ഈ സാമൂഹിക മാധ്യമങ്ങളില്‍ മാത്രമായി ജീവിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിനാല്‍ രാഷ്ട്രീയമായി നിയന്ത്രിക്കപ്പെടുന്നത് ആ താല്‍പര്യവും മമതയും ഇല്ലാതെയാക്കും എന്ന കാര്യത്തില്‍ സംശയമില്ല. കാരണം സാമ്പ്രദായിക മാധ്യമങ്ങള്‍ തിരസ്കരിച്ച വാര്‍ത്തകളും പ്രതികരണങ്ങളും അവതരിപ്പിക്കാമെന്ന സോഷ്യൽ മീഡിയയുടെ സ്വാതന്ത്ര്യം ക്രമേണ ഇല്ലാതാവുകയാണല്ലോ.
സോഷ്യൽ മീഡിയയെ നിയന്ത്രിക്കാന്‍ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് വിവരസാങ്കേതികയുടെ ചുമതലയുള്ള സഹ മന്ത്രി രാജീവ് ചന്ദ്രശേഖർ അടുത്തയിടെ പറഞ്ഞത് ഇതോട് ചേര്‍ത്തു വായിക്കാം. “ആരേയും ശിക്ഷിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല” എന്ന പ്രസ്താവനയുടെ ഉദ്ദേശ ശുദ്ധിയെക്കുറിച്ചുള്ള ജനങ്ങളുടെ സംശയങ്ങള്‍ക്കിടയിലാണ് സോഷ്യൽ മീഡിയക്ക് കൂടി പത്ര മാധ്യമ നിയമങ്ങള്‍ക്ക് സമാനമായ നിയമങ്ങള്‍ ബാധകമാവുന്ന ആശങ്കകള്‍ ഉയരുന്നത്. അങ്ങനെയാണെങ്കില്‍ ഫെയ്സ്ബുക്കിന്‍റെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ യാദൃശ്ചികമല്ലെന്ന് വേണം കരുതാന്‍.
പക്ഷേ ഇതിന്‍റെ പ്രതിഫലനം ഈ സാമൂഹ്യ മാധ്യമങ്ങളെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയില്‍ കാര്യമില്ലാതില്ല.