Articles
കേരളത്തിലെ പോലീസിന് എന്താണ് സംഭവിക്കുന്നത്?
പോലീസ് സേനയില്‍ ഇപ്പോഴും കൃത്യമായ ജോലി സമയം ഇല്ല. പലരും ക്ഷീണിതരും അസംതൃപ്തരുമാണ്. ആത്മഹത്യകള്‍ കൂടുന്നതെന്തുകൊണ്ട് എന്ന് പരിശോധിക്കേണ്ടതല്ലേ? സേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനോപകാരപ്രദമാക്കാം എന്നവര്‍ ചിന്തിക്കേണ്ടതുണ്ട്. പോലീസില്‍ ജാതി, മത ഗ്രൂപ്പുകള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന കാര്യം ഇന്നൊരു രഹസ്യമല്ല.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പോലീസുകാരുടെ വിദ്യാഭ്യാസ നിലവാരവും സാമൂഹിക നിലവാരവും ഏറെ ഉയര്‍ന്നതാണ്. ഇവിടെ ബിരുദാനന്തര ബിരുദക്കാരും അതിലും ഉയര്‍ന്ന യോഗ്യതകള്‍ ഉള്ളവരും സിവില്‍ പോലീസ് ഓഫീസര്‍മാരായി തന്നെ ധാരാളമായി ഉണ്ട്. വിദ്യാര്‍ഥി ജീവിതത്തില്‍ ഏതെങ്കിലും വിധത്തിലുള്ള സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി മിക്കവര്‍ക്കും ബന്ധവുമുണ്ട്. ഒട്ടനവധി ദുരൂഹമായ കേസുകള്‍ നിഷ്പ്രയാസം തെളിയിക്കാന്‍ കഴിഞ്ഞ അനുഭവങ്ങളും ഉണ്ട്. മറ്റു പല സംസ്ഥാനങ്ങളിലും അഞ്ചും പത്തും രൂപ പോലും ചോദിച്ചു വാങ്ങുന്നവര്‍ എന്ന് അവരെ നാം പരിഹസിക്കാറുമുണ്ട്. നമ്മുടെ പോലീസ് സംശുദ്ധമാണെന്നല്ല, താരതമ്യേന ഏറെ മെച്ചമാണ് എന്നര്‍ഥം. ഇവിടെയും അഴിമതിയും കക്ഷിരാഷ്ട്രീയ ഇടപെടലുകളും ഉണ്ട്. പോലീസിലെ കുറച്ചു പേര്‍ ഗുണ്ടകളേക്കാള്‍ മോശമായിട്ടുണ്ട്. എങ്കിലും നമ്മള്‍ ഏറെ മെച്ചമാണെന്നാണ് കരുതിപ്പോന്നത്. എന്നാല്‍ കുറെ വര്‍ഷങ്ങളായി മേല്‍പ്പറഞ്ഞ വിശ്വാസങ്ങളെല്ലാം തകര്‍ക്കപ്പെടുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത് എന്ന് പറയേണ്ടി വന്നിരിക്കുന്നു.
ജനമൈത്രി എന്നൊക്കെ പേരിട്ടു വിളിക്കുന്നു എങ്കിലും പലപ്പോഴും അത് ബോര്‍ഡില്‍ മാത്രമേയുള്ളൂ എന്നതാണ് അനുഭവം. തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാകുമ്പോഴാണ് സാധാരണ ജനങ്ങള്‍ പോലീസിനെ സമീപിക്കുന്നത്. അവിടെ നിന്ന് നീതി ലഭിക്കുമെന്ന ഉറപ്പ് ജനങ്ങള്‍ക്കില്ലാതെയായാല്‍ നീതിന്യായ നിയമപാലന വ്യവസ്ഥ തകര്‍ന്നു പോകും. പോലീസുകാരുടെ സംഘടനയുടെ ഒരു യോഗത്തില്‍ സംസാരിച്ചപ്പോള്‍ ഈ ലേഖകന്‍ പറഞ്ഞു, “എനിക്ക് നേരിട്ട് പരിചയമുള്ള ഉദ്യോഗസ്ഥരില്ലാത്ത ഒരു സ്റ്റേഷനിലേക്ക് പോകേണ്ടി വന്നാല്‍ മിക്കവാറും ഒരു രാഷ്ട്രീയ നേതാവിനെയോ ജനപ്രതിനിധിയെയോ കൂട്ടിയാകും ഞാന്‍ പോലും പോകുക’ എന്ന്. കാരണം അവിടെയുള്ള ഉദ്യോഗസ്ഥന്‍ അത്ര ശരിയല്ലെങ്കില്‍ എന്നെ മര്‍ദിക്കുകയോ ഏതെങ്കിലും കേസില്‍ പെടുത്തുകയോ ചെയ്താല്‍ പിന്നെ എത്ര സമയം അതിന്റെ പിന്നാലെ പോകണം. എന്നാല്‍ ഭാഷ പോലും അറിയാത്ത യൂറോപ്പിലോ ജപ്പാനിലോ ചെന്നാല്‍ വഴിയില്‍ കാണുന്ന ഏത് സ്റ്റേഷനിലും കയറിച്ചെന്ന് പരാതി പറയാന്‍ എനിക്കൊരു ഭയവും ഇല്ല. കാരണം വ്യക്തം. അവിടെ നിയമവാഴ്ച ഉണ്ടാകും എന്ന ഉറപ്പ് എനിക്കുണ്ട്.
പോലീസിലെ അഴിമതിയും രാഷ്ട്രീയ സ്വാധീനവും വ്യക്തിതലത്തില്‍ അവരുടെ മോശം സ്വഭാവങ്ങളും മദ്യം, മയക്കുമരുന്ന് മുതലായവയുമെല്ലാം ഇതിനുള്ള കാരണമായി പറയാം. നാട്ടിലെ ഗുണ്ടകളുടെ സഹായികള്‍, മയക്കുമരുന്ന് ഇടപാടുകളിലെ പങ്കാളിത്തം, പെണ്‍വാണിഭ സംഘാടനം, ബ്ലേഡ് മാഫിയകളുടെ സംരക്ഷണം, എന്തിനേറെ, വ്യാജ പുരാവസ്തു- ചരിത്ര വസ്തുക്കളെ വെച്ചു കൊണ്ട് നാട്ടുകാരെ മുഴുവന്‍ അനേക വര്‍ഷക്കാലം വഞ്ചിച്ചയാളുടെ കാവല്‍ക്കാരും പ്രചാരകരുമായി സംസ്ഥാനത്തെ ഡി ജി പി അടക്കമുള്ളവര്‍ നിന്ന നാടാണിത്. ഏത് ക്രിമിനലിനും പണവും സ്വാധീനവുമുണ്ടെങ്കില്‍ ഏത് കേസിലും രക്ഷപ്പെടാം എന്ന വിശ്വാസം കൂടുതല്‍ ഉറപ്പാക്കപ്പെടുകയാണ്. പ്രത്യേകിച്ചും ഭരണകക്ഷിക്കാര്‍ക്ക് താത്പര്യമുള്ള പ്രതികളാണെങ്കില്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യത തന്നെ കുറവാണ്. ശിക്ഷിച്ചാല്‍ തന്നെ ജയിലില്‍ പരിഗണന കിട്ടും. രാഷ്ട്രീയ കൊലപാതകങ്ങള്‍ പോലുള്ള കേസുകളില്‍ ഇത് കാണാം.
മറിച്ച് ഭരണക്കാര്‍ക്ക് താത്പര്യമില്ലാത്തവര്‍ ആണെങ്കില്‍ ഏതുവിധേനയും യു എ പി എ അടക്കമുള്ള കരിനിയമങ്ങള്‍ ചുമത്തി തടവിലിടാനും മാവോയിസ്റ്റും മതതീവ്രവാദിയുമാക്കി വെടിവച്ചു കൊല്ലാനും വരെ പോലീസ് തയ്യാറാകുന്നത് അവരുടെ വ്യക്തിതാത്പര്യം കൊണ്ടല്ലെന്നു തീര്‍ച്ച. സര്‍ക്കാറിനെതിരായ ജനകീയ സമരങ്ങളോട് പോലീസ് കാണിക്കുന്ന ക്രൂരത ചെറുതല്ല. ഗെയില്‍ പൈപ്പ്‌ലൈന്‍, ദേശീയപാത, പുതുവൈപ്പ് എല്‍ എന്‍ ജി, സില്‍വര്‍ ലൈന്‍, വിഴിഞ്ഞം മുതലായവ ചില സമീപകാല ഉദാഹരണങ്ങള്‍ മാത്രം.
പോലീസിലേക്കുള്ള പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ച് റാങ്ക് നേടിയവര്‍ പിടിക്കപ്പെട്ടിട്ടും ഇപ്പോഴും ആ കേസ് എങ്ങും എത്തിയിട്ടില്ല. ആ കേസ് പുറത്തുവന്നില്ലായിരുന്നെങ്കില്‍ അവരിപ്പോള്‍ പോലീസില്‍ ഉണ്ടാകുമായിരുന്നു. ഇത്തരം തെറ്റുകള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന സേനാംഗങ്ങള്‍ ഒന്നുകില്‍ ഒഴുക്കിനനുസരിച്ച് നീന്തുകയും തങ്ങളുടെ സ്വാര്‍ഥതക്കു വേണ്ടി ഈ രീതി തുടരുകയും ചെയ്യും. അല്ലാത്ത പക്ഷം പോലീസിലെ ഒറ്റയാനുകളായി നിരന്തരം പീഡനങ്ങള്‍ ഏറ്റുവാങ്ങി മാനസിക രോഗത്തിലേക്കും ആത്മഹത്യയിലേക്കും വരെ എത്തിച്ചേര്‍ന്ന എത്ര അനുഭവങ്ങള്‍ ഉണ്ട്?
പോലീസുകാര്‍ മയക്കുമരുന്നിനും മദ്യത്തിനും അടിമകളായി നടത്തുന്ന അതിക്രമങ്ങള്‍ ഇന്നും വ്യാപകമായിട്ടുണ്ട്. നാട്ടില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പ് മുതല്‍ അവയവദാന തട്ടിപ്പു വരെയുള്ള കേസുകളില്‍ പോലീസുകാരുടെ പങ്ക് വ്യക്തമാണ്. അവരുടെ സംരക്ഷണമില്ലാതെ ഒരിക്കലും ഇത് ചെയ്യാന്‍ കഴിയില്ല. പോലീസുകാര്‍ തന്നെ നടത്തുന്ന പെണ്‍വാണിഭ സംഘങ്ങള്‍ പിടിക്കപ്പെട്ടിട്ടുണ്ട്. നിരവധി ഇടങ്ങളില്‍ പോലീസുകാര്‍ തന്നെ ഗ്രൂപ്പ് തിരിഞ്ഞ് തമ്മില്‍ത്തല്ലിയിട്ടുണ്ട്.
പോലീസുകാര്‍ക്ക് യൂനിയന്‍ പാടില്ലെന്ന് വാദിക്കുന്ന ഒരാളല്ല ഈ ലേഖകന്‍. എന്നാല്‍ അതിന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനരീതികളും എന്തായിരിക്കണം എന്ന് ഗൗരവതരമായി ചിന്തിക്കേണ്ടതുണ്ട്. തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരുടെ കൈയാളുകളാകുന്ന ഇന്നത്തെ രീതി തീര്‍ത്തും തെറ്റാണ്. സൗകര്യപ്രദമായ സ്ഥലം – ജോലി മാറ്റങ്ങള്‍ മാത്രമാകരുത് ലക്ഷ്യം. പോലീസ് സേനയില്‍ ഇപ്പോഴും കൃത്യമായ ജോലി സമയം ഇല്ല. പലരും ക്ഷീണിതരും അസംതൃപ്തരുമാണ്. ആത്മഹത്യകള്‍ കൂടുന്നതെന്തുകൊണ്ട് എന്ന് പരിശോധിക്കേണ്ടതല്ലേ? സേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനോപകാരപ്രദമാക്കാം എന്നവര്‍ ചിന്തിക്കേണ്ടതുണ്ട്. പോലീസില്‍ ജാതി, മത ഗ്രൂപ്പുകള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന കാര്യം ഇന്നൊരു രഹസ്യമല്ല.
പോലീസില്‍ നല്ലൊരു ശതമാനം ക്രിമിനലുകളും ഗുണ്ടകളും ആണെന്ന് ആഭ്യന്തര വകുപ്പിലെ മന്ത്രിമാര്‍ മുതല്‍ പോലീസ് തലപ്പത്തുള്ളവര്‍ തന്നെ പറയാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. കുറ്റക്കാരെന്ന് കണ്ടെത്തിയവരെ എങ്ങനെയാണ് ശിക്ഷിക്കുന്നത്? തത്കാലം ജനരോഷമടക്കാന്‍ ഒരു സസ്‌പെന്‍ഷന്‍ ഉണ്ടാകും. വകുപ്പുതല അന്വേഷണങ്ങള്‍ നടത്തുമെന്നും പ്രഖ്യാപിക്കും. ഇത്തരത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എത്ര പേര്‍ക്ക് എന്തെങ്കിലും ശിക്ഷ കിട്ടിയിട്ടുണ്ടോ എന്ന് അന്വേഷിക്കുക. വാളയാര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ കേസിന്റെ അനുഭവം പറയാം, പ്രതികളെയെല്ലാം വെറുതെവിട്ടു. കേസന്വേഷണത്തില്‍ ഗുരുതരമായ പിഴവുണ്ടെന്ന് ഹൈക്കോടതിക്കു തന്നെ ബോധ്യമായി. കേസ് സി ബി ഐക്ക് വിട്ടു. ഒരു എസ് ഐക്ക് കുറച്ചു മാസങ്ങള്‍ സസ്‌പെന്‍ഷന്‍. പിന്നീട് കേട്ടത് അയാള്‍ പ്രമോഷനോടെ സര്‍വീസില്‍ തിരിച്ചുകയറി എന്നാണ്. അതേ കേസിന്റെ അന്വേഷണച്ചുമതല ഉണ്ടായിരുന്ന ഡിവൈ എസ് പി മാധ്യമങ്ങളിലൂടെ പരസ്യമായി പറഞ്ഞു, ഒമ്പതും പതിനൊന്നും വയസ്സായ ആ പെണ്‍കുഞ്ഞുങ്ങള്‍ സ്വന്തം സമ്മതപ്രകാരം പീഡനത്തിന് വിധേയരായി എന്ന്. പോസ്‌കോ, പട്ടികജാതി പീഡന നിയമങ്ങള്‍ അനുസരിച്ച് കുറ്റം ചെയ്തതായി ഹൈക്കോടതി കണ്ടെത്തിയ ആ ഉദ്യോഗസ്ഥന് എസ് പി ആയി പ്രമോഷന്‍ നല്‍കുകയും ഐ പി എസ് നല്‍കാന്‍ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യുകയും ചെയ്തു. കുഞ്ഞുങ്ങളുടെ മാതാവ് ഹൈക്കോടതിയില്‍ പോയതിനാല്‍ ഐ പി എസ് തടയപ്പെട്ടു. ഇതുതന്നെയാണ് അടപ്പാടി മധു കേസിലും വണ്ടിപ്പെരിയാര്‍ പെണ്‍കുഞ്ഞ് കൊല്ലപ്പെട്ട കേസിലും സംഭവിച്ചത്. കേസ് അട്ടിമറിച്ച പോലീസുകാര്‍ക്ക് ഒരു കുഴപ്പവും ഇല്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ തെറ്റ് ചെയ്ത പോലീസുകാരെ മാതൃകാപരമായി ശിക്ഷിക്കാന്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ തയ്യാറാകുമ്പോഴാണ് ജനങ്ങള്‍ക്ക് നിയമവാഴ്ചയില്‍ വിശ്വാസമുണ്ടാകുക.
പോലീസ് ഇന്നും ബ്രിട്ടീഷ് കാലത്തെ പോലീസ് തന്നെയാണ്. പേരില്‍ സംസ്‌കൃതവത്കരണം നടന്നിട്ടും ശിക്ഷാനിയമവും (ഐ പി സി) ക്രിമിനല്‍ നടപടിച്ചട്ടങ്ങളും (സി ആര്‍ പി സി) തെളിവുനിയമങ്ങളുമെല്ലാം അടിസ്ഥാനപരമായി കോളനി ഭരണകാലത്തേത് തന്നെയാണ്. ഇവയുടെ പരിഷ്‌കരണത്തിനു വേണ്ടി നിരവധി വിദഗ്ധ സമിതികള്‍ ഉണ്ടാക്കി. പോലീസ് എന്നത് ഒരു സേനയാണോ അല്ല സേവനമാണോ എന്ന അടിസ്ഥാന ചോദ്യത്തിന് ഇപ്പോഴും തീരുമാനമായിട്ടില്ല. അവരുടെ രണ്ട് പ്രധാന ചുമതലകളായ ക്രമസമാധാനപാലനവും കുറ്റാന്വേഷണവും വ്യത്യസ്ത വിഭാഗങ്ങളാക്കണം എന്ന നിര്‍ദേശത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്നുവരെ ഇക്കാര്യത്തില്‍ ഒരു ചെറു നീക്കം പോലും ഉണ്ടായിട്ടില്ല.
മറ്റൊന്ന് പോലീസിന്റെ പരിശീലനമാണ്. 2022ല്‍ ഇറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണ് താനാക്കാരന്‍ (സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍). അതില്‍ കൈകാര്യം ചെയ്യുന്ന ഒരേയൊരു വിഷയം പോലീസ് പരിശീലനമാണ്. വിക്രം പ്രഭു നായകനും മലയാള നടനായ ലാല്‍ ഈശ്വരമൂര്‍ത്തി എന്ന വില്ലനുമാണ്. മൂര്‍ത്തി എന്ന പരിശീലകന് കീഴില്‍ നന്മയുള്ള ഒരു പോലീസ് ആകുക എന്ന ലക്ഷ്യത്തോടെ പരിശീലനത്തിനെത്തുന്നയാളാണ് വിക്രം. ഒടുവില്‍ നന്മയുടെ ജയം നമ്മള്‍ പ്രതീക്ഷിക്കും. എന്നാല്‍ ഇവിടെ ദുഷ്ടനും ക്രൂരനുമായ വില്ലനാണ് ജയം. അതിന്റെ ന്യായീകരണമായി പറയുന്നത് – ഈശ്വരമൂര്‍ത്തി എന്നത് ഒരാളല്ല പോലീസ് സംവിധാനം തന്നെയാണ് – അത് തോല്‍ക്കില്ല എന്നു തന്നെയാണ്. നന്മയുള്ള പോലീസ് എന്ന പരമ്പരാഗത സിനിമാക്കഥകള്‍ അസത്യമാണെന്നും യഥാര്‍ഥ പോലീസ് എന്നത് സംബന്ധിച്ചുള്ള നമ്മുടെ അനുഭവം തന്നെയാണ് സത്യമെന്നും നമുക്ക് ബോധ്യമാക്കിത്തരുന്ന ചിത്രമാണിത്.
പോലീസുകാരുടെ വര്‍ധിച്ചുവരുന്ന ആത്മഹത്യകളും ക്രിമിനല്‍വത്കരണവും വര്‍ഗീയവത്കരണവും ഹിംസകളും വഴിവിട്ട ബന്ധങ്ങളും നമ്മെ ഇനിയും ഭയപ്പെടുത്തുന്നില്ലെങ്കില്‍ അരാജകത്വം നമ്മുടെ വീടിനു മുന്നിലെത്തി എന്ന് ഉറപ്പിക്കാം.