Connect with us

Ramzan

ഇതെന്ത് കച്ചോടാണ് കോയാ; ഇങ്ങനെയൊക്കെ പറ്റിക്കാമോ

തട്ടിപ്പും വഞ്ചനയും നടക്കുന്നത് വിപണിയിൽ മാത്രവുമല്ല. ഏത് തരത്തിലുള്ള ചതിയും വഞ്ചനയും ഹറാമാണ്. പൂഴ്ത്തിവെപ്പും കച്ചവടച്ചരക്കുകൾക്ക് കൃത്രിമ ക്ഷാമമുണ്ടാക്കലും അനാവശ്യമായി വില കയറ്റലും ഇസ്്ലാം ശക്തമായി എതിർത്തിട്ടുണ്ട്

Published

|

Last Updated

വലിയ അരിമില്ല്. ലോഡ് കണക്കിന് അരി ദിവസവും കയറ്റിപ്പോകും. കുന്നുകൾ പോലെ അരി കൂട്ടിയിട്ടിരിക്കുന്നു. ഓരോ കൂനയിലേക്കും ഓരോ ചാക്ക് ചെറിയ കല്ലുകളും തൂത്തുകൂട്ടിയ പൊടികളും കൂട്ടിച്ചേർത്താൽ എന്ത് സംഭവിക്കും. 100 ചാക്ക് അരി കിട്ടുന്ന കൂമ്പാരത്തിൽ നിന്ന് 101 ചാക്ക് അരി കിട്ടും. ഒരു ചാക്ക് കല്ലും പൊടിയും ഒരു ചാക്ക് അരിയുടെ വിലക്ക് കയറിപ്പോകും!.
50 ലിറ്റർ പാൽ വിൽക്കുന്നയാൾ അതിലേക്ക് രണ്ട് ലിറ്റർ വെള്ളം ചേർത്താൽ രണ്ട് ലിറ്റർ വെള്ളം രണ്ട് ലിറ്റർ പാലിന്റെ വിലക്ക് വിറ്റ് പോകും. കട്ടിയും കൊഴുപ്പും കൂട്ടാനായി വേറെന്തെങ്കിലും മായവും കൂടി ചേർത്താൽ കുറച്ചുകൂടി വെള്ളം ചേർക്കാനാകും. ഒന്നും അറിയാത്ത നമ്മൾ പാലിന് പണ്ടത്തെ പോലെ കട്ടിയില്ലെന്ന് പറഞ്ഞ് കുറച്ചധികം വാങ്ങും. അരിയിലെ കല്ല് പാടശേഖരങ്ങളിൽ നിന്ന് അവിചാരിതമായി കുടുങ്ങിയതാണെന്ന് കരുതും.

അരിക്കച്ചവടത്തിലും പാൽ വിൽപ്പനയിലും മാത്രമല്ല വഞ്ചനയുള്ളത്. തട്ടിപ്പും വഞ്ചനയും നടക്കുന്നത് വിപണിയിൽ മാത്രവുമല്ല. ഏത് തരത്തിലുള്ള ചതിയും വഞ്ചനയും ഹറാമാണ്. പൂഴ്ത്തിവെപ്പും കച്ചവടച്ചരക്കുകൾക്ക് കൃത്രിമ ക്ഷാമമുണ്ടാക്കലും അനാവശ്യമായി വില കയറ്റലും ഇസ്്ലാം ശക്തമായി എതിർത്തിട്ടുണ്ട്. വിലയും നിലവാരവും വ്യത്യാസമുണ്ടെങ്കിൽ പഴയതും പുതിയതും കൂട്ടിക്കലർത്തി വിൽക്കലും കേടായത് നല്ലതിനോടൊപ്പം ചേർത്ത് നൽകലും അനുവദനീയമല്ല.

ഒരു ദിവസം നബി (സ) ധാന്യക്കച്ചവടം നടക്കുന്ന സ്ഥലത്തിലൂടെ നടക്കുകയായിരുന്നു. ഒരു ധാന്യക്കൂമ്പാരത്തിലേക്ക് അവിടുന്ന് കൈ പൂഴ്ത്തി നോക്കി. നബിയുടെ കൈവിരലുകളിൽ നനവ് അനുഭവപ്പെട്ടു. അവിടുന്ന് ചോദിച്ചു. ഏയ് കച്ചവടക്കാരാ എന്താണിത്. മഴ നനഞ്ഞതാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു. നബി ചോദിച്ചു എന്നാൽ നിനക്കത് ജനങ്ങൾ കാണുംവിധം മുകളിലാക്കിക്കൂടായിരുന്നോ. നമ്മെ ആരെങ്കിലും വഞ്ചിച്ചാൽ അവൻ നമ്മിൽപ്പെട്ടവനല്ല.
പൊട്ടലും പുഴുക്കുത്തുമുള്ളതിന് നല്ലതിന്റെ വില കിട്ടില്ല. അത് ലഭിക്കാനായി കേടുകൾ മറച്ചുവെച്ച് കച്ചവടം ചെയ്യലും അളവിലും തൂക്കത്തിലും എണ്ണത്തിലും വ്യത്യാസപ്പെടുത്തി കൊള്ള ലാഭമുണ്ടാക്കലും ഇല്ലാത്ത ഗുണങ്ങൾ പറഞ്ഞ് ഉപഭോക്താക്കളെ പറ്റിക്കലും അനുവദനീയമായ
കച്ചവടമല്ല.

പരിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നത് നോക്കൂ. അവൻ ആകാശത്തെ ഉയർത്തുകയും നീതി സ്ഥിരപ്പെടുത്തുകയും െചയ്തിരിക്കുന്നു. അളവിലും തൂക്കത്തിലും ക്രമക്കേട് വരുത്താതിരിക്കാൻ വേണ്ടിയാണത്. നിങ്ങൾ തൂക്കത്തെ നീതിപൂർവമാക്കുക. നിങ്ങൾ അളക്കുന്നതിലും തൂക്കുന്നതിലും കമ്മിവരുത്തരുത്.

നിഷിദ്ധമായ മാർഗത്തിലൂടെ സ്വായത്തമാക്കുന്ന പണം അർഹതപ്പെട്ടതല്ല. ആരോ അധ്വാനിച്ച് കണ്ടെത്തിയ പണം അവരെ കബളിപ്പിച്ച് സ്വന്തമാക്കുകയാണ് ചതിയിലൂടെ നടക്കുന്നത്. അതുപയോഗിക്കലും കുടുംബത്തിന് വേണ്ടി ചെലവഴിക്കലും അന്തസ്സിന് യോജിച്ചതല്ല. അനുവദനീയവുമല്ല. ഹറാമിന്റെ പണം കൊണ്ട് ഉണ്ടും ഉടുത്തും ജീവിക്കുന്നവരുടെ പ്രാർഥനകൾക്ക് ഉത്തരം ലഭിക്കാനും പ്രയാസമാണ്.

---- facebook comment plugin here -----

Latest