Connect with us

Siraj Article

വേണ്ടത് സുന്നി ഉലമ സഖ്യം

അതിരാവിലെ കുളിച്ചൊരുങ്ങി മദ്‌റസയിലേക്കും തുടര്‍ന്ന് സ്‌കൂളിലേക്കും സഞ്ചരിക്കുന്നത് ഒരു സംസ്‌കാരമായോ സമ്പ്രദായമായോ രൂപപ്പെട്ടിരിക്കുന്നു കേരളത്തില്‍. ഉമ്മത്തിന്റെ വൈജ്ഞാനിക അടിസ്ഥാനത്തെ തകര്‍ത്ത് നിരായുധരാക്കി ഇല്ലാതാക്കാനുള്ള സാമ്രാജ്യത്വ മച്ചുനന്മാരുടെ അത്യപകടകരമായ ആസൂത്രണത്തെയാണ് സമസ്ത പൊളിച്ച് കൈയില്‍ കൊടുത്തത്. പക്ഷേ, അപ്പോഴേക്കും വിജ്ഞാനത്തിന്റെ നേര്‍ പാതി ഭൗതിക ലേബലൊട്ടിച്ചു മാറ്റിവെച്ചിരുന്നു ശത്രുക്കള്‍. നശീകരണ നവോത്ഥാനക്കാര്‍ കുഴലൂത്ത് തുടര്‍ന്നു. സ്‌കൂള്‍ വിദ്യാഭ്യാസം നിഷിദ്ധം, കോളജ് വിദ്യാഭ്യാസം ശിര്‍ക്ക്, സര്‍ക്കാര്‍ ജോലി ഹറാം, ഭരണപങ്കാളിത്തം ബിംബം... സമുദായത്തെ വീണ്ടും പതിറ്റാണ്ടുകള്‍ പിറകിലേക്കെറിയാനുള്ള ശ്രമം പക്ഷേ പരാജയപ്പെട്ടെങ്കിലും ഇവര്‍ ഊതിക്കത്തിച്ചെടുത്ത മതതീവ്രവാദം ഇപ്പോള്‍ അതിന്റെ ദ്രംഷ്ടകള്‍ കാട്ടി അക്രമോത്സുക രൂപം കൈവരിച്ചിരിക്കുന്നു

Published

|

Last Updated

തത്തിലേക്ക് ചേക്കേറുന്ന അപനിര്‍മിതികളെ പ്രതിരോധിക്കുക, സമുദായത്തിന്റെ നാനോന്മുഖമായ വളര്‍ച്ചയെ ത്വരിതപ്പെടുത്തുക, ധാര്‍മിക അപചയങ്ങളില്‍ വീണുപോകാതെ ജാഗ്രത്തായ കാവല്‍ ഒരുക്കുക ഇതെല്ലാമാണ് കേരളത്തില്‍ ഒരു പണ്ഡിത സംഘടന നിലവില്‍ വരുമ്പോള്‍ അതിന്റെ ലക്ഷ്യങ്ങളായി വിവരിക്കപ്പെട്ടിരുന്നത്. സമുദായത്തിന്റെ ഉത്ഥാനം സാധ്യമാക്കുക മൂലം ഉത്തമ സമുദായത്തിന്റെ നിര്‍മാണ പ്രക്രിയ യാഥാര്‍ഥ്യമാക്കുക എന്ന പരമോന്നത ലക്ഷ്യം അതിന്റെ പിന്നിലുണ്ടായിരുന്നു. കാലാനുസൃതം ഒട്ടൊക്കെ മുന്നോട്ട് പോകാന്‍ അതിന് സാധിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സമസ്തക്ക് ഏറെ സമയം വേണമായിരുന്നു. സമുദായത്തിന്റെ മുന്നാക്ക അജന്‍ഡകള്‍ക്ക് തടയിടുന്നതിന് അകത്ത് തന്നെ ഏതാനും അപഭ്രംശങ്ങളെ ശത്രുക്കള്‍ രൂപപ്പെടുത്തിയിരുന്നല്ലോ. ഖാദിയാനിസം, വഹാബിസം, മൗദൂദിസം, തബ്്ലീഗിസം തുടങ്ങിയവ. ഖാദിയാനിസം സമസ്ത നേരത്തേ എടുത്ത് പുറത്തിട്ടിരുന്നു. മറ്റുള്ളവ അകത്ത് തുടര്‍ന്നെങ്കിലും അവയെ ഒരു പരിധി വരെ ചെറുക്കുകയോ തകര്‍ക്കുകയോ ചെയ്തു. എങ്കിലും ഈ മാര്‍ഗഭ്രംശങ്ങളില്‍ ഉടക്കി പലപ്പോഴും മുസ്‌ലിം സമുദായത്തിന്റെ അജന്‍ഡകള്‍ നിലച്ചുപോയിരുന്നു. നാനാര്‍ഥത്തില്‍ സ്വയം പര്യാപ്തമായ ഒരു സാമുദായിക മുന്നേറ്റത്തിന് സമസ്തക്ക് ഇനിയും കര്‍മപദ്ധതികള്‍ ആവശ്യമാണ്. പ്രബോധന രംഗത്ത് പുതിയ ആവിഷ്‌കാരങ്ങള്‍ നടക്കണം. സഹോദര സമുദായങ്ങളില്‍ പലതും സ്വയം പര്യാപ്തമായിരിക്കുന്നു. വിദ്യാഭ്യാസം കൊണ്ടും രാഷ്ട്രീയ, സാമ്പത്തിക വളര്‍ച്ച കൊണ്ടും മുസ്‌ലിം സമുദായം കേരളത്തില്‍ പോലും ഏറെ മേഖലകളിലും പിന്നാക്ക ജനവിഭാഗങ്ങളുടെയും പിന്നിലാണ്.

സമുദായത്തിന്റെ ഉത്ഥാനത്തിന് എക്കാലത്തും ഉത്തേജകമാകുക വിദ്യാഭ്യാസമാണ്. അത് തിരിച്ചറിഞ്ഞാണ് സമസ്തയും സമുദായവും മുന്നോട്ട് പോയത്. വിദ്യാഭ്യാസത്തില്‍ അനിവാര്യമായ ചില മുന്‍ഗണനാ ക്രമങ്ങള്‍ നിശ്ചയിച്ചിരുന്നു. അതിന് ചരിത്രപരമായ പശ്ചാത്തലമുണ്ടായിരുന്നു. തൊള്ളായിരത്തി ഇരുപതുകള്‍ക്ക് മുമ്പുള്ള സമുദായത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റം പരിശോധിച്ചാല്‍ അത് വ്യക്തമാകും. സ്ത്രീ പുരുഷ ഭേദമന്യേ അറിവിന്റെ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു അവര്‍. സാഹിത്യവും സര്‍ഗസാഹിത്യവും അവര്‍ക്ക് വഴങ്ങുമായിരുന്നു. വിജ്ഞാനദാഹം കൊണ്ട് സ്വന്തമായി ഒരു ഭാഷ തന്നെ നിര്‍മിച്ചെടുത്തു അവര്‍. മലയാളത്തിന് ലിപിയില്ലാതിരുന്ന കാലത്ത് അവര്‍ അറബിമലയാള ഭാഷ കെട്ടിപ്പടുത്തു. ആ ഭാഷയില്‍ നിരവധി ഗ്രന്ഥങ്ങള്‍, വിജ്ഞാനകോശങ്ങള്‍, നിഘണ്ടുകള്‍, കവിതകള്‍, എല്ലാം വിരചിതമായി. അതിനും മുമ്പ്, എഴുത്തച്ഛന്‍ മലയാള ലിപി കൊണ്ടുവരുന്നതിനും മുമ്പ് നിലവിലുണ്ടായിരുന്ന, വട്ടെഴുത്തും കോലെഴുത്തും സമുദായം അഭ്യസിക്കപ്പെട്ടിരുന്നു. ജ്ഞാനപ്രക്രിയയുടെ ആദാന പ്രദാനങ്ങള്‍ നിര്‍വഹിക്കപ്പെട്ടിരുന്നത് അറബിമലയാള ഭാഷയിലൂടെയായിരുന്നു. അന്ന് മത ഭൗതിക വിദ്യാഭ്യാസങ്ങളുണ്ടായിരുന്നില്ല. എല്ലാം മതപരമായിരുന്നു. വിദ്യാഭ്യാസത്തെ ഒന്നായിക്കണ്ട് മുന്നോട്ട് പോകാന്‍ പണ്ഡിതന്‍മാര്‍ക്ക് സാധിച്ചിരുന്നു. അറബി മലയാള ഭാഷയിലെ സര്‍ഗ സര്‍ഗേതര സാഹിത്യങ്ങളുടെ വളര്‍ച്ചക്ക് നിമിത്തമായതും ഈ നിലപാടായിരുന്നു. പക്ഷേ, ശത്രുക്കള്‍ക്ക് അപകടം മണത്തു. പുഷ്‌കലമായ ആ കാലം നിലനിന്നു പോകുന്നത് തങ്ങളുടെ അധിനിവേശ മോഹങ്ങളെ തകര്‍ക്കുമെന്ന തിരിച്ചറിവില്‍ നിന്ന് ഒരു കൊടും ചതി രൂപം കൊണ്ടു. തങ്ങളുടെ വളര്‍ത്ത് പുത്രന്മാരായ ഏതാനും മാര്‍ഗഭ്രംശങ്ങളെ കോടാലി കൈകളാക്കി അവര്‍ തന്ത്രം മെനഞ്ഞു. മുസ്‌ലിം സമുദായത്തിന്റെ വൈജ്ഞാനിക മൂലധനമായിരുന്ന അറബി മലയാള ഭാഷയെ വളര്‍ത്ത് പുത്രന്മാരെ ഉപയോഗിച്ച് ശത്രുക്കള്‍ തകര്‍ത്തു. ബ്രിട്ടീഷധികാരികളോട് ചേര്‍ന്ന് നിന്ന് സമുദായത്തിലെ മാര്‍ഗഭ്രംശങ്ങള്‍ അറബി മലയാള ഭാഷയെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്തു. ക്രമത്തില്‍ വളർന്നുവന്ന അപകര്‍ഷത സമുദായത്തെ ഒരു തരം സ്വയം പരിഹാസത്തിലേക്ക് തള്ളിവിട്ടു. മനഃശാസ്ത്രപരമായ മസ്തിഷ്‌ക പ്രക്ഷാളനമാണ് യജമാനന്മാരും കൈയാളുകളും ചേര്‍ന്ന് നടപ്പാക്കിയത്. തങ്ങളുടെ എല്ലാമായ ഭാഷ സംരക്ഷിക്കാന്‍ സമുദായമൊരുക്കിയ പ്രതിരോധം പക്ഷേ, ദുര്‍ബലമായിരുന്നു. മലബാര്‍ സമര പരമ്പരയോടെ മുസ്‌ലിംകളെ വെള്ളപ്പട്ടാളക്കാരും ഒറ്റുകാരും ചേര്‍ന്ന് ചവച്ച് തുപ്പിയിരുന്നല്ലോ.

തുര്‍ക്കി ഖലീഫ മുതല്‍ ഇന്തോനേഷ്യ വരെയുള്ള മുസ്‌ലിംകള്‍ അവരുടെ ഭാഷകളെഴുതാന്‍ അറബി ലിപി ഉപയോഗിക്കുമ്പോഴാണ് അതേ അറബി ലിപിയില്‍ ഭാഷയെഴുതിയതിന്റെ പേരില്‍ സമുദായം അപഹസിക്കപ്പെട്ടത്. മുസ്‌ലിംകള്‍ക്ക് എല്ലാം നേടിക്കൊടുത്തത് അവരുടെ ഭാഷയായിരുന്നു. സാഹിത്യം, വിദ്യാഭ്യാസം, മതഭക്തി, ദേശസ്‌നേഹം, വൈദ്യം, ശാസ്ത്രം, രാഷ്ട്രീയാവബോധം എല്ലാം. ആ ഭാഷയെ തന്നെ ശത്രുക്കള്‍ ഉന്നം വെച്ചു. സാമ്രാജ്യത്വവും മതനവീകരണ വാദവും ഇണചേര്‍ന്ന് മുസ്‌ലിംകളുടെ സ്വത്വത്തെ തകര്‍ത്തു. അവരുടെ സാഹിത്യ ശേഖരം കണ്ടുകെട്ടി. നിരവധി കൃതികള്‍ നിരോധിച്ചു. അനേകം ഗ്രന്ഥങ്ങള്‍ ചുട്ടുകരിച്ചു. ശേഷം ബ്രിട്ടീഷധികാരികള്‍ക്ക് വളര്‍ത്ത് പുത്രന്മാര്‍ എഴുതി നല്‍കിയ മലയാള പുസ്തകത്തില്‍ നിന്ന് മുസ്‌ലിംകള്‍ മതം പഠിക്കേണ്ടി വന്നു. “ശരിയായ മതം’ മുസ്‌ലിംകളെ പഠിപ്പിക്കുന്നതിനായി പദ്ധതി തയ്യാറാക്കി നശീകരണ നവോത്ഥാനക്കാരെ ഉപയോഗിച്ച് അത് നടപ്പാക്കിയ കഥ സി എന്‍ അഹ്മദ് മൗലവി വിവരിക്കുന്നുണ്ട്- ‘ബ്രിട്ടീഷുകാര്‍ക്ക് എന്തൊക്കെ ദോഷങ്ങളുണ്ടെങ്കിലും അവര്‍ മികച്ച ഭരണതന്ത്രജ്ഞന്‍മാരായിരുന്നു. അവര്‍ സംഗതികളുടെ മര്‍മസ്ഥാനം സൂക്ഷിച്ച് മനസ്സിലാക്കി. അറബി ഗ്രന്ഥങ്ങളും അറബി ലിപിയിലെഴുതിയ ഗ്രന്ഥങ്ങളുമാണ് മുസ്‌ലിംകളെ ഇത്രയധികം ആവേശം കൊള്ളിക്കുന്നതെന്ന് അവര്‍ ഗ്രഹിച്ചു. അവര്‍ സൂത്രത്തില്‍ മറ്റൊരു വഴിക്ക് പ്ലാനിട്ട് പ്രവര്‍ത്തിക്കാന്‍ ഗൂഢമായി തീരുമാനിച്ചു. മാപ്പിളമാരെ എങ്ങനെ “നന്നാക്കിയെടുക്കാം’ എന്നത് സംബന്ധിച്ച് പല തലങ്ങളില്‍ ആലോചനകള്‍ നടത്തി. ഒടുവില്‍ എത്തിയ തീരുമാനങ്ങളില്‍ ഒന്ന് അവരെ മലയാളത്തില്‍ മതം പഠിപ്പിക്കുക എന്നതായിരുന്നു. അങ്ങനെ സ്വന്തം ഭാഷ നഷ്ടപ്പെട്ടവരായി മുസ്‌ലിംകള്‍ മാറി. മലയാളത്തില്‍ “ശരിയായ മതം’ പഠിപ്പിക്കാനായി പുളിക്കല്‍ പി എന്‍ മുഹമ്മദ് മൗലവിയെ ബ്രിട്ടീഷ് ഭരണകൂടം നിശ്ചയിച്ചു. മുസ്‌ലിം സമുദായത്തില്‍ വ്യാപകമായ ചലനം സൃഷ്ടിക്കാന്‍ ഇത് മാത്രം പര്യാപ്തമല്ലെന്ന് അവര്‍ക്കറിയാമായിരുന്നു. അങ്ങനെയാണ് മലബാറിലെ മുസ്‌ലിയാക്കന്മാരെ സംഘടിപ്പിച്ച് മലപ്പുറം ട്രെയിനിംഗ് സ്‌കൂളില്‍ പ്രത്യേക ട്രെയിനിംഗ് സംഘടിപ്പിച്ചത്. അവര്‍ക്ക് “ശരിയായ’ മതം പഠിപ്പിച്ചെടുക്കലായിരുന്നു ലക്ഷ്യം. അതിന് പറ്റിയ ഒരാളെ അധ്യാപകനായി നിയമിച്ചു. അത് സി എന്‍ അഹ്മദ് മൗലവിയായിരുന്നു’. ഇദ്ദേഹത്തിന്റെ സഹായത്തോടെയാണ് ബ്രിട്ടീഷുകാര്‍ മുസ്‌ലിംകളുടെ ഭാഷ തകര്‍ത്തത്. അവരുടെ സാഹിത്യ പാരമ്പര്യത്തെ തകര്‍ത്തത്. ഒരു മഹത്തായ ഭാഷയും വിജ്ഞാന സമ്പത്തും തകര്‍ന്ന് പോയതില്‍ യാതൊരു വിധ വിഷമവും തോന്നാത്ത വിധം മൗലവിമാരും യജമാനന്മാരും ചേര്‍ന്ന് മുസ്‌ലിം മനസ്സ് പ്രക്ഷാളനം ചെയ്ത് ഷണ്ഡീകരിച്ചു. മലയാളത്തോടൊപ്പം മതനവീകരണാശയങ്ങള്‍ കയറ്റി വിടാനുള്ള ശ്രമങ്ങളെ ആ പണ്ഡിതന്മാര്‍ ഫലപ്രദമായി ചെറുത്ത് തോല്‍പ്പിച്ച കഥ സി എന്‍ എഴുതുന്നുണ്ട്.

1926ലെ സമസ്തയുടെ അരങ്ങേറ്റത്തോടെ ഒരു പരിധിവരെ ഈ സാംസ്‌കാരിക അധിനിവേഷത്തെ ചെറുക്കാനായി. അറബി ഭാഷയെ ഏത് പ്രതിസന്ധി ഘട്ടത്തിലും സമസ്ത മാറോട് ചേര്‍ത്ത് പിടിച്ചു. മദ്‌റസാ പാഠപുസ്തകങ്ങള്‍, ഗൈഡുകള്‍, മുഅല്ലിം പരിശീലന പുസ്തകങ്ങള്‍, അറ്റന്‍ഡന്‍സ് രജിസ്റ്ററുകള്‍ വരെ അറബി മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. ഇന്നും പ്രസിദ്ധീകരിക്കുന്നു. അങ്ങനെയാണ് സമസ്ത “അള്ളാഹു’വില്‍ നിന്നും “വുളൂ’ഇല്‍ നിന്നും സമുദായത്തെ രക്ഷിച്ചത്. മത യുക്തിവാദികളാകട്ടെ മിമ്പറില്‍ മലയാളം കയറ്റി. പാഠപുസ്തകങ്ങളില്‍ നിന്ന് അറബി മലയാളത്തെ അരിശത്തോടെ കുടഞ്ഞെറിഞ്ഞു. മത വിദ്യാഭ്യാസത്തെ ഭൗതിക വിദ്യാഭ്യാസത്തില്‍ നിന്ന് അടര്‍ത്തി, മതവും ഭൗതികവുമെന്ന ദ്വന്ദങ്ങളെ സൃഷ്ടിച്ചെടുത്തതിന് പിന്നിലും വന്‍ ഗൂഢാലോചനയുണ്ടായിരുന്നു. സ്വാഭാവികമായും മതജ്ഞാനങ്ങളില്‍ നിന്ന് സമുദായം അകന്ന് തുടങ്ങി. സമസ്തക്ക് മുന്‍ഗണനാക്രമം പാലിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെയാണ് ആ ചരിത്രദൗത്യം അവര്‍ നിര്‍വഹിച്ചത്. ലോകത്തൊരിടത്തുമില്ലാത്ത വിധം സമഗ്രമായിരുന്നു അത്. അതിരാവിലെ കുളിച്ചൊരുങ്ങി മദ്‌റസയിലേക്കും തുടര്‍ന്ന് സ്‌കൂളിലേക്കും സഞ്ചരിക്കുന്നത് ഒരു സംസ്‌കാരമായോ സമ്പ്രദായമായോ രൂപപ്പെട്ടിരിക്കുന്നു കേരളത്തില്‍. മതിയായ ഭൗതിക സൗകര്യങ്ങൾ, ക്ലാസ്സ് റൂമുകള്‍, കരിക്കുലം, സിലബസ്സ്, പുസ്തകങ്ങള്‍, പരീക്ഷകള്‍, പൊതു പരീക്ഷകള്‍, ഉപരി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബിരുദ ബിരുദാനന്തര പഠന കേന്ദ്രങ്ങള്‍… അറ്റമില്ലാത്ത നേട്ടങ്ങള്‍ തന്നെയുണ്ടാക്കി. ഉമ്മത്തിന്റെ വൈജ്ഞാനിക അടിസ്ഥാനത്തെ തകര്‍ത്ത് നിരായുധരാക്കി ഇല്ലാതാക്കാനുള്ള സാമ്രാജ്യത്വ മച്ചുനന്മാരുടെ അത്യപകടകരമായ ആസൂത്രണത്തെയാണ് സമസ്ത പൊളിച്ച് കൈയില്‍ കൊടുത്തത്. പക്ഷേ, അപ്പോഴേക്കും വിജ്ഞാനത്തിന്റെ നേര്‍ പാതി ഭൗതിക ലേബലൊട്ടിച്ചു മാറ്റിവെച്ചിരുന്നു ശത്രുക്കള്‍. നശീകരണ നവോത്ഥാനക്കാര്‍ കുഴലൂത്ത് തുടര്‍ന്നു. സ്‌കൂള്‍ വിദ്യാഭ്യാസം നിഷിദ്ധം, കോളജ് വിദ്യാഭ്യാസം ശിര്‍ക്ക്, സര്‍ക്കാര്‍ ജോലി ഹറാം, ഭരണപങ്കാളിത്തം ബിംബം… സമുദായത്തെ വീണ്ടും പതിറ്റാണ്ടുകള്‍ പിറകിലേക്കെറിയാനുള്ള ശ്രമം പക്ഷേ, പരാജയപ്പെട്ടെങ്കിലും ഇവര്‍ ഊതിക്കത്തിച്ചെടുത്ത മതതീവ്രവാദം ഇപ്പോള്‍ അതിന്റെ ദ്രംഷ്ടകള്‍ കാട്ടി അക്രമോത്സുകരൂപം കൈവരിച്ചിരിക്കുന്നു. ജ്ഞാന മൂലധനത്തകര്‍ച്ചയില്‍ നിന്ന് സമുദായം പതുക്കെ കരകയറി വരുമ്പോഴായിരുന്നു മാരകമായ ഈ പ്രഹരം, തൊള്ളായിരത്തി നാല്‍പ്പതുകളില്‍.

അതിനിടക്കാണ് മതരഹിത ഉമ്മത്തിന്റെ സൃഷ്ടിപ്പിനായി ചിലര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. വടിച്ചു മിനുസപ്പെടുത്തിയ താടിക്ക് ചോട്ടില്‍ ടൈ കെട്ടി കോട്ടിട്ട് പാന്റ്സിന് മുകളില്‍ ബെല്‍റ്റ് കോര്‍ത്ത് സമുദായോത്തേജനത്തിനിറങ്ങിയവര്‍ സാംസ്‌കാരിക ഇസ്‌ലാമിനെ തകര്‍ക്കുന്നതില്‍ ചെറുതല്ലാത്ത സേവനങ്ങള്‍ ചെയ്തു. ഇതും സമസ്തക്ക് ചെറുക്കേണ്ടതുണ്ടായിരുന്നു. വിദ്യാഭ്യാസം മതനിരാസത്തിലേക്ക് കൂട്ടിക്കൊടുപ്പ് നിര്‍വഹിക്കുന്ന അത്യാപത്തും സംഭവിച്ചു തുടങ്ങിയിരിക്കുന്നു. സാംസ്‌കാരിക ച്യുതിയും ധാര്‍മിക ക്ഷയവും സമുദായ ശരീരത്തെ കടന്നാക്രമിക്കുന്നു. രാഷ്ട്രീയ അപചയം, സാമ്പത്തിക അവിശുദ്ധി, ലൈംഗികാപചയം, തീവ്രവാദ പ്രവണത തുടങ്ങിയവ മതരഹിത വിദ്യാഭ്യാസത്തിന്റെ ഉപോത്പന്നങ്ങളാണ്. തിന്മയുടെ ഏത് വേര്‍ഷനിലും ഇന്ന് സമുദായത്തിന്റെ പ്രാതിനിധ്യമുണ്ട്. കൊല്ലുന്നവര്‍, കൊല്ലിക്കുന്നവര്‍, വ്യഭിചാരം, കൂട്ടിക്കൊടുപ്പ്, മയക്കുമുരുന്ന് സേവയും വ്യാപാരവും, മത യുക്തിവാദം, യുക്തിവാദം ഒറിജിനല്‍, മതനിരാസം, തീവ്രവാദം, അരാഷ്ട്രീയം, സാമ്പത്തിക അരാചകത്വം… പത്തോ പന്ത്രണ്ടോ വര്‍ഷങ്ങള്‍ ഉലമയുടെയും അവരൊരുക്കിയ സംവിധാനങ്ങളിലൂടെയും കടന്നുപോകുന്ന ഉമ്മത്തിന്റെ മക്കള്‍ പിൽക്കാലത്ത് എന്തുകൊണ്ട്, ഏത് സാഹചര്യത്തിലാണ് കൈവിട്ട് പോകുന്നത്? അക്ഷരാഭ്യാസവും അടിസ്ഥാന വിദ്യാഭ്യാസവും നല്‍കി നാം ചിറക് മുളപ്പിച്ചെടുത്ത കൗമാരത്തെ തട്ടിയെടുക്കുന്നവരെ കണ്ടെത്താന്‍ മുകളില്‍ പറഞ്ഞ തിന്മയുടെ പട്ടിക പരിശോധിച്ചാല്‍ മതി. ഇത്തരം നവ അപഭ്രംശങ്ങളെ ചെറുത്ത് സമുദായ ശരീരത്തെ രക്ഷിച്ചെടുക്കുന്നതിനുള്ള കര്‍മപദ്ധതിക്ക് എത്രയും വേഗം സുന്നി ഉലമ രൂപം നല്‍കേണ്ടതുണ്ട്. എസ് വൈ എസ് കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ച നവോത്ഥാന വിശകലന സമ്മേളന വേദിയില്‍ പറഞ്ഞകാര്യം ഒരിക്കല്‍ കൂടി പറയട്ടെ. ഒരു സുന്നി ഉലമാ സഖ്യത്തെക്കുറിച്ച് നേതൃത്വം ആലോചിക്കണം. കേരളത്തില്‍ പ്രധാനമായും നാല് സംഘടനകളിലായി സുന്നി ഉലമ ഭിന്നിച്ച് നില്‍ക്കുകയാണ്. അതിന് ചരിത്രപരമായ കാരണങ്ങള്‍ ഉണ്ട്. പലതും സംഘടനാപരവും നയപരവുമായ സമീപനങ്ങളുടെ ഭാഗമാണ്. മതപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ തീരെ കുറവാണ്. ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പോലും ഉലമാ സഖ്യം നിലവില്‍ വരുന്നതിന് തടസ്സമില്ല. രാഷ്ട്രീയത്തില്‍ സി പി എമ്മിനും സി പി ഐക്കും കേരള കോണ്‍ഗ്രസ്സിനും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട്. അപ്രകാരം കോണ്‍ഗ്രസ്സും ലീഗും ആര്‍ എം പിയും സി എം പിയും രാഷ്ട്രീയമായി വിഭിന്ന നിലപാടുകളുള്ളവരാണ്. പക്ഷേ, ഇവര്‍ ഒരു പൊതു ലക്ഷ്യത്തിന് വേണ്ടി സഖ്യം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. എന്തുകൊണ്ട് സുന്നി ഉലമക്ക് സാധിക്കില്ല? ലക്ഷ്യം ഇതാണ്. സമുദായത്തിന് ഒരു ഏകീകൃത കര്‍മപദ്ധതി ആവശ്യമാണ്. പ്രബോധനവും സാമുദായിക ശാക്തീകരണവും ഉന്നം വെച്ച് പുതിയ ആവിഷ്‌കാരങ്ങള്‍ ഉണ്ടാകണം. അവ സര്‍വതല സ്പര്‍ശിയും മനുഷ്യ സ്പര്‍ശിയുമാകണം. സ്ഥായീ സ്വഭാവമുള്ളതാകണം. അവയുടെ പ്രായോഗവത്കരണത്തില്‍ സുന്നി ഉലമ ഒന്നിച്ച് നില്‍ക്കണം. വ്യത്യസ്ത നേതൃത്വങ്ങള്‍ക്ക് കീഴിലുള്ള വിവിധ സംവിധാനങ്ങള്‍ വഴി ആ ഏകീകരിച്ച കര്‍മപദ്ധതി നടപ്പാക്കപ്പെടണം. പത്ത് വര്‍ഷം കൊണ്ട് ഇന്നത്തെ ചിത്രം മാറ്റിയെടുക്കാന്‍ ഉലമാ സഖ്യത്തിന് സാധിക്കും.

സംഘടനാ സംവിധാനങ്ങള്‍, സ്ഥാപനങ്ങള്‍, പള്ളി മദ്‌റസകള്‍ എല്ലാം പഴയ പോലെ തുടരട്ടെ. സ്വയം പര്യാപ്ത സമുദായ സൃഷ്ടിപ്പിനായി നാം ആവിഷ്‌കരിക്കുന്ന കര്‍മപദ്ധതികളും ആശയങ്ങളും ഏകീകരിക്കുകയാണ് വേണ്ടത്. ഇതിന് സുന്നി ഉലമാ സഖ്യം നേതൃത്വം നല്‍കണം. ഉലമാഇന്റെ കരങ്ങളില്‍ നിന്ന് ഉമ്മത്തിന്റെ കൗമാരവും യൗവ്വനവും തട്ടിയെടുക്കപ്പെടുന്ന ദുരന്തം ഇനിയും ആവര്‍ത്തിക്കാനിടയായാല്‍ ഈ സമുദായം കാടുകയറി നശിക്കും. മനസ്സ് നിറഞ്ഞ് പറയട്ടെ, ഇതാണ് അനുകൂല സാഹചര്യം. സമുദായ ശരീരത്തെ ആസകലം പിടികൂടിയ സര്‍വതരം തിന്മകളില്‍ നിന്നും ഉമ്മത്തിനെ രക്ഷിക്കാന്‍ വരക്കല്‍ തങ്ങള്‍ ഒരിക്കല്‍ കൂടി സുന്നി ഉലമയെ വിളിക്കുന്നുണ്ട്. സയ്യിദുല്‍ ഉലമയും സുല്‍ത്വാനുല്‍ ഉലമയും ഈ വിളി കേട്ടൊന്നിച്ചിരിക്കുന്നത് കാണാന്‍ ഉമ്മത്ത് കാത്തിരിക്കുന്നു. തെക്കും വടക്കുമുള്ള സുന്നി ഉലമയുടെ നാല് സംഘടനകളും ഈ മഹാരഥന്മാരുടെ നേതൃത്വത്തില്‍ ഒരു സഖ്യമായി പ്രവര്‍ത്തിക്കുന്നതിന് പ്രായോഗികമായി ഇപ്പോള്‍ ഒരു തടസ്സവുമില്ല.