Kozhikode
ന്യൂജന്‍ ലഹരി ഏതെല്ലാം, ചികിത്സ എങ്ങനെ; ഡോ. പി എന്‍ സുരേഷ് കുമാര്‍ രചിച്ച പുസ്തകം പ്രകാശനം ചെയ്തു
കോഴിക്കോട് | ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും വിവരിക്കുന്ന പുതിയ പുസ്തകം പുറത്തിറങ്ങി. ‘ന്യൂജന്‍ ലഹരി ഏതെല്ലാം; ചികിത്സ എങ്ങനെ’ എന്ന പേരില്‍ മനോരോഗ വിദഗ്ധനായ ഡോ. പി എന്‍ സുരേഷ് കുമാര്‍ രചിച്ച പുസ്തകം കോഴിക്കോട് ഐ എം എ ഹാളില്‍ മുന്‍ ഡി ജി പി. ഋഷിരാജ് സിംഗ് ഐ പി എസ് പ്രകാശനം ചെയ്തു. ഐ എം എ കോഴിക്കോട് പ്രസിഡന്റ് ഡോ. വേണുഗോപാലന്‍ ഏറ്റുവാങ്ങി. ചടങ്ങ് തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. തണല്‍ ആത്മഹത്യാ പ്രതിരോധ കേന്ദ്രം കോഴിക്കോട്, ചേതന സെന്റര്‍ ഫോര്‍ ന്യൂറോ സൈക്യാട്രി കോഴിക്കോട്, ഐ എം എ കോഴിക്കോട് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
രണ്ട് ദശാബ്ദത്തിലേറെയായി ലഹരി വിമുക്ത മേഖലയില്‍ സേവനം തുടരുന്ന ഡോ. പി എന്‍ സുരേഷ്‌കുമാറിന്റെ ചികിത്സാ അനുഭവങ്ങളും സമകാലിക സംഭവങ്ങളും വിവരിക്കുന്ന പുസ്തകം കോഴിക്കോട് പേരക്ക ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എ കെ അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഡോ. പി എന്‍ അജിത, ഹംസ ആലുങ്ങല്‍, ഡോ. ടോം വര്‍ഗീസ്, രാജഗോപാലന്‍ പുതുശ്ശേരി പ്രസംഗിച്ചു. ഡോ. പി എന്‍ സുരേഷ് കുമാര്‍ മറുപടി പ്രസംഗം നടത്തി.
30 കോടി ജനസംഖ്യയുള്ള യു പിയില്‍ 12,000 ലഹരി ഉപയോഗക്കേസുകള്‍; കേരളത്തില്‍ ഒരുലക്ഷമെന്ന് ഋഷിരാജ് സിംഗ്
30 കോടി ജനങ്ങള്‍ ജീവിക്കുന്ന ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 12,000 ലഹരി ഉപയോഗക്കേസുകളാണെങ്കില്‍ മൂന്നുകോടി മാത്രം ജനസംഖ്യയുള്ള കേരളത്തില്‍ എക്സൈസ് ഡിപ്പാര്‍ട്ടുമെന്റ് മാത്രം രജിസ്റ്റര്‍ ചെയ്തത് ഒരുലക്ഷം കേസുകളാണെന്ന് മുന്‍ ഡി ജി പിയും എക്സൈസ് കമ്മീഷണറുമായ ഋഷിരാജ് സിംഗ് ഐ പി എസ്. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ഡോ. പി എന്‍ സുരേഷ് കുമാറിന്റെ പുസ്തകം പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പ്രതിവര്‍ഷം അഞ്ചുലക്ഷം എഫ് ഐ ആര്‍ ഇടുമ്പോള്‍ അതില്‍ ഒരു ലക്ഷത്തോളം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടതാണ്.
അതേസമയം, മറ്റു സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്നതിനേക്കാള്‍ ചികിത്സാ സംവിധാനങ്ങളാണ് കേരളം ഒരുക്കിയിട്ടുള്ളതെന്നും സംസ്ഥാനം ഈ വെല്ലുവിളി ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ഡി അഡിക്ഷന്‍ സെന്ററുകളുള്ളത് കേരളത്തിലാണ്. എല്ലാ താലൂക്ക് ആശുപത്രികളിലും ഡി അഡിക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.