Connect with us

National

പറഞ്ഞത് വാസ്തവം,സത്യത്തെ നീക്കാനാവില്ല; രാഹുല്‍ ഗാന്ധി

പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്ത സ്പീക്കറുടെ നടപടിക്കെതിരെ പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്‌സഭയില്‍ ഇന്നലെ പറഞ്ഞത് വാസ്തവമാണെന്നും സത്യം സത്യമായി തന്നെ നിലനില്‍ക്കും, ആര്‍ക്കും അത് മായ്ച്ചുകളയാന്‍ ആവില്ലെന്നും രാഹുല്‍ ഗാന്ധി. പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്ത സ്പീക്കറുടെ നടപടിക്കെതിരെ പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോദിയുടെ ലോകത്ത് പക്ഷേ സത്യത്തെ നീക്കം ചെയ്യാമെന്നും രാഹുല്‍ പറഞ്ഞു. തനിക്ക് പറയാനുള്ളത് പറഞ്ഞു. അതാണ് സത്യം. അവര്‍ക്ക് എത്ര വേണമെങ്കിലും നീക്കം ചെയ്യാനാവും. പക്ഷെ സത്യം സത്യമാണെന്നും രാഹുല്‍ പറഞ്ഞു.

ഹിന്ദുക്കളെന്ന് സ്വയം പറയുന്നവര്‍ അക്രമം പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. വിദ്വേഷവും അക്രമവും പരത്തുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാനാവില്ലെന്നും മുഴുവന്‍ ഹിന്ദുക്കളുടെയും ഉത്തരവാദിത്തം മോദിയേയും ബിജെപിയേയും ആരും ഏല്‍പ്പിച്ചിട്ടില്ലെന്നുമായിരുന്നു സഭയില്‍ രാഹുല്‍ പറഞ്ഞത്.

പരാമര്‍ശത്തിനെതിരെ ഭരണപക്ഷം വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഹിന്ദുക്കള്‍ ,അഗ്‌നിവീര്‍ ബിജെപി, ആര്‍എസ്എസ് തുടങ്ങിയവ പരാമര്‍ശിച്ച ഭാഗങ്ങളാണ് സ്പീക്കറുടെ നിര്‍ദേശത്തെ തുടര്‍ന്ന് നീക്കിയത്. അംബാനിക്കും, അദാനിക്കുമെതിരായ പരാമര്‍ശം, അഗ്‌നിവീര്‍ പദ്ധതി സൈന്യത്തിന്റേതല്ല മറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിന്റേതാണ് തുടങ്ങിയ പരാമര്‍ശങ്ങളും ഒഴിവാക്കിയവയില്‍ ഉള്‍പ്പെടുന്നു.

അതേസമയം രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചര്‍ച്ചയ്ക്ക് ലോക്സഭയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കും. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഒന്നര മണിക്കൂറിലേറെ നീണ്ട ഇന്നലത്തെ പ്രസംഗം ബിജെപിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ മോദിയുടെ മറുപടിക്കായി കാത്തിരിക്കുകയാണ് രാജ്യം.