26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം ഉലഞ്ഞിരിക്കുകയാണ്. ആക്രമണത്തിൽ പാക് ശക്തികൾക്ക് പങ്കുണ്ടെന്ന സൂചനകളെ തുടർന്ന് സിന്ധു നദീതട കരാർ റദ്ദാക്കുകയും പാക് പൗരന്മാരോട് രാജ്യം വിടാൻ നിർദേശിക്കുകയും ചെയ്തത് ഉൾപ്പെടെ ശക്തമായ നടപടികൾ ഇന്ത്യ സ്വീകരിച്ചുകഴിഞ്ഞു. ഇതിന് പ്രതികരണമായി പാക്കിസ്ഥാനും ഇപ്പോൾ ഇന്ത്യക്ക് എതിരെ ചല നടപടികൾ പ്രഖ്യാപിച്ചിരിക്കുകയാണ്. 1972ലെ ഷിംല കരാർ മരവിപ്പിക്കുകയും വ്യോമപാത അടയ്ക്കുകയും ചെയ്തിരിക്കുകയാണ് പാക്കിസ്ഥാൻ. എന്താണ് ഷിംല കരാർ?..
1971 ലെ ഇന്ത്യാ-പാക് യുദ്ധത്തിനു ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന സംഘർഷാവസ്ഥയ്ക്ക് അയവു വരുത്താനും സൗഹൃദബന്ധം സ്ഥാപിക്കാനും ലക്ഷ്യമിട്ട് ഒപ്പുവച്ച സുപ്രധാനമായ ഒരു ഉടമ്പടിയാണ് ഷിംല കരാർ. 1972 ജൂലൈ 2 ന് ഹിമാചൽ പ്രദേശിലെ ഷിംലയിൽ വെച്ച് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാകിസ്ഥാൻ പ്രസിഡന്റ് സുൽഫിക്കർ അലി ഭൂട്ടോയുമാണ് ഈ കരാറിൽ ഒപ്പുവച്ചത്. ദക്ഷിണേഷ്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഈ കരാറിന് സുപ്രധാനമായ സ്ഥാനമുണ്ട്.