Editors Pick
എന്താണ് സ്ലീപ്പിങ് ബ്യൂട്ടി സിൻഡ്രോം; നോക്കാം ലക്ഷണങ്ങള്‍
ഈ അസുഖം എല്ലാവരെയും ബാധിക്കാമെങ്കിലും കൗമാരക്കാരിൽ ആണ് കൂടുതൽ കാണപ്പെടുന്നത്.

പകൽ സമയങ്ങളിൽ പോലും ഉണർന്നിരിക്കാതെ ഉറങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?. രസകരമായ കാര്യം ആണല്ലേ? എന്നാൽ അത് ഒരു രോഗാവസ്ഥയാണെങ്കിലോ? നമ്മുടെ ദൈനംദിന ജീവിതത്തിലെ എല്ലാ പ്രവർത്തനങ്ങളെയും അത് ബാധിക്കും അല്ലേ. എന്നാൽ അങ്ങനെ ഒരു അസുഖമുണ്ട്.സ്ലീപ്പിങ് ബ്യൂട്ടി സിൻഡ്രോം എന്നറിയപ്പെടുന്ന ഈ അസുഖം വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് കാണപ്പെടുന്നത്.
സ്ലീപ്പിംഗ് ബ്യൂട്ടി സിൻഡ്രോം” അല്ലെങ്കിൽ “ഫാമിലിയൽ ഹൈബർനേഷൻ സിൻഡ്രോം” എന്നും അറിയപ്പെടുന്ന ക്ലീൻ-ലെവിൻ സിൻഡ്രോം (KLS) വളരെ അപൂർവമായ ഒരു അവസ്ഥയാണ്. ഇത് നിങ്ങൾ ദീർഘനേരം ഉറങ്ങുന്ന അവസ്ഥക്ക് കാരണമാകുന്നു. അമിതമായ മയക്കത്തിന് പുറമേ പെരുമാറ്റ വ്യതിയാനങ്ങളും ആശയക്കുഴപ്പങ്ങളും ഈ വ്യക്തികളിൽ ഉണ്ടാകുന്നു.
ഈ അസുഖം എല്ലാവരെയും ബാധിക്കാമെങ്കിലും കൗമാരക്കാരിൽ ആണ് കൂടുതൽ കാണപ്പെടുന്നത്. ഇങ്ങനെ തുടങ്ങുന്ന ഉറക്ക പ്രശ്നങ്ങൾ ചിലപ്പോൾ ഒരു പതിറ്റാണ്ട് വരെ നീണ്ടു നിൽക്കാമെന്നും ശാസ്ത്രം പറയുന്നു. ഇത്തരം അവസ്ഥകളിൽ ഒരു വ്യക്തിക്ക് ഒരു ദിവസം 20 മണിക്കൂർ വരെ ഉറങ്ങാൻ കഴിയും. ഇതുകൂടാതെ ഭ്രമം, ഉത്കണ്ഠ, ക്ഷോഭം, ബാലിശമായ പെരുമാറ്റം കൂടുതൽ വിശപ്പ്, ലൈംഗികആസക്തി തുടങ്ങിയ ലക്ഷണങ്ങളും രോഗികളിൽ കണ്ടേക്കാം.
10 ലക്ഷം പേരിൽ ഒന്നോ രണ്ടോ ആളുകൾക്ക് മാത്രമേ ഈ അസുഖം ഉണ്ടാവുകയുള്ളൂ . രോഗബാധിത സമയത്ത് എന്താണ് സംഭവിക്കുന്നത് എന്ന് രോഗിക്ക് മനസ്സിലാകാത്ത അവസ്ഥയും ഉണ്ടാകും.ദൈനംദിന കർമ്മങ്ങൾ നിർവഹിക്കാൻ വേണ്ടി രോഗിക്ക് ഉണരാൻ കഴിയുമെങ്കിലും ശാരീരിക പ്രവർത്തനങ്ങൾ പരിമിതമായിരിക്കും.
ക്ലീൻ-ലെവിൻ സിൻഡ്രോമിന്റെ കാരണങ്ങൾ അജ്ഞാതമാണ്.ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ഒരു രോഗമോ പരുക്കോ നിങ്ങളുടെ തലച്ചോറിലെ ഉറക്കത്തെ നിയന്ത്രിക്കുന്ന ഭാഗത്തിന് (ഹൈപ്പോതലാമസ് ) വരുത്തുമ്പോഴാണ് ഈ അസുഖം ഉണ്ടാവുന്നത് എന്നാണ്.
എന്ത് അതിശയകരമായ അസുഖമാണ് അല്ലേ? ഇത്തരം ഒരു അസുഖം ഒരു വ്യക്തിയുടെ വ്യക്തി ജീവിതത്തെ എത്രമാത്രം ബാധിക്കുമെന്ന് ഒന്നു ചിന്തിച്ചു നോക്കൂ.