Connect with us

Articles

പള്ളികളില്‍ ഹിന്ദുത്വര്‍ക്ക് എന്തുകാര്യം?

ചരിത്രത്തിന്റെ ഒരടിസ്ഥാനവുമില്ലാത്ത ആരോപണം ഉന്നയിച്ച് കോടതിയെപ്പോലും കൂട്ടുപിടിച്ച് രാജ്യത്തെ ന്യൂനപക്ഷ ആരാധനാലയങ്ങള്‍ തകര്‍ക്കുകയെന്ന സംഘ്പരിവാറിന്റെ കുടിലബുദ്ധിയാണ് ശാഹി ജുമാമസ്ജിദ് തര്‍ക്കം. ബാബരി മസ്ജിദ് എന്ന പോലെ രാജ്യത്തെ ന്യൂനപക്ഷ ആരാധനാലയങ്ങളെയെല്ലാം തര്‍ക്കപ്രശ്‌നമാക്കാനും തകര്‍ക്കാനുമുള്ള ആസൂത്രിത നീക്കമാണിത്.

Published

|

Last Updated

464 വര്‍ഷത്തോളം അയോധ്യയിലെ മുസ്ലിംകള്‍ ആരാധന നടത്തിയ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട് 32 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ബാബരി മസ്ജിദ് തകര്‍ച്ചയുടെ മൂന്ന് ദശകം പിന്നിടുമ്പോള്‍ മസ്ജിദ് ധ്വംസനത്തിന്റെ ഉന്മാദം പിടിപെട്ടവര്‍ രാജ്യമെമ്പാടും അഴിഞ്ഞാടുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. നീതിപീഠവും സര്‍ക്കാര്‍ സംവിധാനങ്ങളും നിയമപാലകരും അപരമത വിദ്വേഷത്തിന്റെ ഉന്മാദം പിടിപെട്ട കാവിപ്പടക്കൊപ്പം ചേര്‍ന്ന് പ്രതിഷേധിക്കുന്നവര്‍ക്കെതിരെ വെടിയുണ്ടകളുതിര്‍ക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. നവംബര്‍ 24ാം തീയതി ഉത്തര്‍ പ്രദേശിലെ സംഭലില്‍ പ്രതിഷേധിച്ചവരെ വെടിവെച്ചുകൊന്നാണ് പോലീസ് സര്‍വേ നടപടികള്‍ക്ക് സംരക്ഷണം കൊടുത്തത്. അജ്മീര്‍ ദര്‍ഗയിലും ഡല്‍ഹി ജുമാമസ്ജിദിലും തര്‍ക്കവും അവകാശവാദവും ഉന്നയിച്ച് ന്യൂനപക്ഷ ആരാധനാലയങ്ങളുടെ തകര്‍ക്കലുകള്‍ക്ക് ഇറങ്ങിത്തിരിച്ചിരിക്കുകയാണ് സംഘ്പരിവാര്‍.

വി എച്ച് പിയുടെ വാഷിംഗ്ടണ്‍ സമ്മേളനത്തില്‍ വെച്ചാണ് ഇന്ത്യയില്‍ 3,000 ഹൈന്ദവ ആരാധനാലയങ്ങള്‍ മുസ്ലിംകള്‍ ചരിത്രത്തിന്റെ പല ഘട്ടങ്ങളിലായി കൈയടക്കിയിട്ടുണ്ടെന്നും അത് തിരിച്ചുപിടിക്കണമെന്നുമുള്ള അജന്‍ഡ തയ്യാറാക്കപ്പെടുന്നത്. മധ്യകാലഘട്ടത്തെ രക്തപങ്കിലമാക്കിയ കുരിശു യുദ്ധങ്ങള്‍ക്ക് സമാനമായ ആരാധനാലയ തര്‍ക്കങ്ങളുടെ ഉന്മാദങ്ങളിലേക്ക് ഇന്ത്യന്‍ സമൂഹത്തെ തള്ളിവിടാനുള്ള ആസൂത്രിതമായ നീക്കമായിരുന്നു ഇത്. സി ഐ എ വിദഗ്ധരും പെന്റഗണിന്റെയും യു എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റിന്റെയും ഉന്നതരും ഉള്‍ക്കൊള്ളുന്ന കാര്‍ണഗി എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷനല്‍ പീസ് എന്ന അമേരിക്കന്‍ കോര്‍പറേറ്റ് ഫൗണ്ടേഷനാണ് തര്‍ക്ക പ്രശ്‌നമാക്കി ഉയര്‍ത്താനുള്ള മൂവായിരത്തോളം ആരാധനാലയങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

വി എച്ച് പിയുടെ വാഷിംഗ്ടണ്‍ സമ്മേളനത്തിലെ മുഖ്യപ്രമേയമായി വന്നത്, ബാബരി മസ്ജിദ് തൊട്ടുള്ള ആരാധനാലയ തര്‍ക്കങ്ങളിലൂടെ ഇന്ത്യന്‍ സമൂഹത്തിന്റെ സെക്യുലര്‍ ഘടനയെ തകര്‍ക്കണമെന്നും ഒരു സ്വതന്ത്ര പരമാധികാര റിപബ്ലിക് എന്ന നിലയിലുള്ള അതിന്റെ അസ്്തിത്വത്തെ അസ്ഥിരീകരിക്കണമെന്നുമായിരുന്നു. അതുവഴിയേ ഹിന്ദുരാഷ്ട്ര സാക്ഷാത്കാരത്തിന്റെ വഴിയിലേക്ക് തിരിയാന്‍ കഴിയൂവെന്നാണ് സംഘ്പരിവാര്‍ ചിന്തിച്ചത്. അതിന് കഴിയുന്ന രീതിയില്‍ മിലിറ്റന്റ് ഹിന്ദുയിസത്തെ സാമൂഹിക ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും വളര്‍ത്തിയെടുക്കണമെന്നുള്ള ലക്ഷ്യത്തോടെയാണ് മുന്‍ സൈനികോദ്യോഗസ്ഥരെ വിശ്വഹിന്ദു പരിഷത്തിന്റെ ഭാരവാഹികളാക്കാനുള്ള തീരുമാനമുണ്ടായത്. ഈയൊരു സാഹചര്യത്തിലാണ് വാഷിംഗ്ടണ്‍ സമ്മേളനം അശോക്‌സിംഗാളിനെ വി എച്ച് പിയുടെ തലവനാക്കിയത്.

നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യയുടെ ഐക്യത്തിന്റെയും ഇന്ത്യന്‍ രാഷ്ട്രഘടനയുടെ ശക്തിസ്വഭാവമായ മതനിരപേക്ഷതയുടെയും ശവക്കുഴി തീര്‍ക്കുന്ന രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായിട്ടാണ് ഹിന്ദുത്വവാദികള്‍ ആരാധനാലയ തര്‍ക്കങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. ഇത് ഇന്ത്യന്‍ ഭരണ വര്‍ഗങ്ങളുടെ സവര്‍ണ ഹൈന്ദവ താത്പര്യങ്ങളിലധിഷ്ഠിതമായ രാഷ്ട്രീയ അജന്‍ഡയായിരുന്നുവെന്ന് കാണാതെ പോകരുത്.
ബാബരി മസ്ജിദ് തകര്‍ത്തതിന് സമാനമായി മറ്റൊരു സംഭവവും ഒരുപക്ഷേ ഇന്ത്യയിലെന്നല്ല ലോകത്തൊരിടത്തും കാണാന്‍ കഴിയില്ല. ഭരണകൂട സംവിധാനങ്ങളാകെ കര്‍സേവകര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു. 1992 ഡിസംബര്‍ ആറിന് അയോധ്യയില്‍ കാവിഭീകരത അഴിഞ്ഞാടിയപ്പോള്‍ നമ്മുടെ നീതിന്യായ സംവിധാനവും ഭരണനിര്‍വഹണോപാധികളും നിയമനിര്‍മാണ സഭകളും പ്രഖ്യാപിതമായ എല്ലാ മൂല്യങ്ങളെയും ഉല്ലംഘിച്ചുകൊണ്ട് നിസ്സംഗമായി നോക്കിനില്‍ക്കുകയായിരുന്നു. നമ്മുടെ സമകാലീന ചരിത്രത്തിലെ ഏറ്റവും അപരാധപൂര്‍ണമായ നിസ്സംഗതയും ഒത്തുകളിയുമാണ് ബാബരി മസ്ജിദിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.

ബി ജെ പി നേതാവ് അഡ്വാനി 1991 ജനുവരി മാസത്തില്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ കാര്‍ണഗി എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷനല്‍ പീസിന്റെ ഉന്നതരുമായി നാല് മണിക്കൂറാണ് ‘അടഞ്ഞവാതില്‍ ചര്‍ച്ച’ നടത്തിയത്. അമേരിക്കയിലെ പ്രമുഖ സൈനിക വിദഗ്ധര്‍, നയരൂപവത്കരണ വിദഗ്ധര്‍, പത്രപ്രവര്‍ത്തകര്‍, ബഹുരാഷ്ട്ര കുത്തകകളുടെ ഡയറക്ടര്‍മാര്‍, വൈറ്റ്ഹൗസിലെ പ്രമുഖരായ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സി ഐ എയുടെ ചിന്താസംഭരണികളുമാണ് അഡ്വാനിയുമായി ചര്‍ച്ച നടത്തിയത്. റാവുവിന്റെ പരിഷ്‌കാരങ്ങളെ അമേരിക്ക അഭിലഷിക്കുന്ന രീതിയില്‍ നടപ്പാക്കാന്‍ പ്രതിബദ്ധതയും ഇച്ഛാശക്തിയും തങ്ങള്‍ക്കുണ്ടെന്നാണ് അഡ്വാനി ഈ അമേരിക്കന്‍ വിദഗ്ദധരുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം വ്യക്തമാക്കിയത്.

ബാബരി മസ്ജിദ് തകര്‍ക്കുന്നതിന്റെ ഓരോ ഘട്ടവും തീരുമാനിച്ചത് സി ഐ എ വിദഗ്ധന്മാരും കാര്‍ണഗിയിലെ ഉദ്യോഗസ്ഥരുമായിരുന്നു. 1992 ഡിസംബര്‍ ആറിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ കാര്‍ണഗിയിലെ ഇന്ത്യന്‍ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള വിദഗ്ധന്‍ ഡോ. ക്രിസ്ബര്‍ഗ് ഇന്ത്യയില്‍ എത്തിയിരുന്നു. ഒരു റിസര്‍ച്ച് സ്‌കോളറുടെ വിസയില്‍ ഇന്ത്യയില്‍ എത്തിയ അദ്ദേഹം സംഘ്പരിവാര്‍ സംഘടനകളുടെ ഒറ്റക്കും സംയുക്തവുമായുള്ള നിരവധി യോഗങ്ങളില്‍ പങ്കെടുത്തതായി നമ്മുടെ ദേശീയ രഹസ്യാന്വേഷണ ഏജന്‍സികള്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ബാബരി മസ്ജിദ് തകര്‍ച്ചയെ തുടര്‍ന്നുണ്ടായ വിക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യം സംഘ്പരിവാറിനകത്തും പടലപ്പിണക്കം സൃഷ്ടിച്ചു. യു പി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍സിംഗിന്റെ പ്രൈവറ്റ് സെക്രട്ടറി നൃപേന്ദ്രമിശ്ര സി ഐ എ ഏജന്റാണെന്ന ആരോപണം സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ തന്നെ വിഭ്രാന്തി സൃഷ്ടിച്ചു.

ചില മാധ്യമങ്ങള്‍ ഉന്നത സി ഐ എ ഉദ്യോഗസ്ഥരുമായി നൃപേന്ദ്രമിശ്ര നടത്തിയ കൂടിക്കാഴ്ചകളെ സംബന്ധിച്ച് റിപോര്‍ട്ടുകള്‍ കൃത്യമായ തെളിവുകളോടെ പുറത്തുകൊണ്ടുവന്നു. ഇയാള്‍ രഹസ്യ കേന്ദ്രങ്ങളില്‍ വെച്ച് സി ഐ എയുമായി ഗൂഢാലോചന നടത്തിയതും ഡിസംബര്‍ ആറിന് മുമ്പ് തന്നെ ഭരണസംവിധാനം ഉപയോഗിച്ച് പള്ളിപൊളിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതും പുറത്തുവന്നു. ഇതോടെ കല്യാണ്‍ സിംഗിന് മുഖം രക്ഷിക്കാനായി പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നൃപേന്ദ്രമിശ്രയെ ഒഴിവാക്കേണ്ടിവന്നു. ഇതെല്ലാം തന്നെ സംഘ്പരിവാറിന് പിറകില്‍ നിന്നുകൊണ്ട് സി ഐ എയും അമേരിക്കന്‍ ഏജന്‍സികളും നടത്തിയ ഇന്ത്യയെ അസ്ഥിരീകരിക്കാനുള്ള നികൃഷ്ടമായ ഗൂഢാലോചനകളെയാണ് അനാവരണം ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ മതേതരത്വത്തിന്റെ കുംഭഗോപുരങ്ങളെ തകര്‍ത്തുകൊണ്ട് വര്‍ഗീയ കലാപങ്ങളുടെ അഗാധതകളിലേക്ക് രാജ്യത്തെ തള്ളിവിടാനുള്ള കുടില പദ്ധതികളാണ് ബാബരി മസ്ജിദ് തകര്‍ക്കുന്നതിലൂടെ കാവിഭീകരര്‍ പ്രയോഗിച്ചുനോക്കിയത്. ഇന്ത്യയെ ശിഥിലീകരിക്കുന്ന സാമ്രാജ്യത്വ അജന്‍ഡയുടെ വിധ്വംസകമായ പ്രയോഗവഴികളിലാണ് ചരിത്ര പ്രസിദ്ധമായ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതെന്ന് വര്‍ത്തമാന ഭീകരതയുടെ അടിവേരുകള്‍ തേടുന്ന എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്.

ബാബരി മസ്ജിദിനു പിറകെ കാശിയിലെ ഗ്യാന്‍വാപി മസ്ജിദും മഥുരയിലെ ഈദ് ഗാഹ് മസ്ജിദുമെല്ലാം വിവാദപരമാക്കി തകര്‍ക്കാനുള്ള നീക്കങ്ങളാണ് സംഘ്പരിവാറിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇപ്പോള്‍ സംഭലില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശാഹി ജുമാമസ്ജിദ് ക്ഷേത്രം തകര്‍ത്ത് സ്ഥാപിച്ചതാണെന്ന വാദവുമായിട്ടാണ് കാവിപ്പടയും യു പി സര്‍ക്കാറും കടന്നാക്രമണങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. സംരക്ഷിത സ്മാരകമായ മസ്ജിദ് മുമ്പ് ക്ഷേത്രമായിരുന്നുവെന്ന സംഘ്പരിവാറുകാരുടെ ഹരജി പരിഗണിച്ച് സംഭലിലെ സിവില്‍ കോടതിയാണ് അവിടെ സര്‍വേക്ക് ഉത്തരവിട്ടത്.

വിചിത്രമായ കാര്യം കോടതി ഈ കാര്യത്തില്‍ കാണിച്ച അത്ഭുതപ്പെടുത്തുന്ന തിടുക്കമാണ്. ചൊവ്വാഴ്ച ഫയല്‍ ചെയ്ത ഹരജി കോടതി അന്നുതന്നെ പരിഗണിച്ച് അഭിഭാഷകന്‍ രമേഷ് രാഘവനെ അഡ്വക്കറ്റ് കമ്മീഷനായി നിയമിച്ചു. 29നകം റിപോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു. അതുകഴിഞ്ഞ് മണിക്കൂറുകള്‍ക്കകം സര്‍വേ ആരംഭിക്കുകയും ചെയ്തു. നവംബര്‍ 24 ഞായറാഴ്ച വന്‍ പോലീസ് സന്നാഹത്തോടെ സര്‍വേ നടത്താന്‍ എത്തിയപ്പോഴായിരുന്നു പ്രദേശത്തെ ന്യൂനപക്ഷ മതവിശ്വാസികളുടെ പ്രതിഷേധം ഉയര്‍ന്നത്.

പോലീസ് പള്ളിക്കകത്തേക്ക് കയറുന്നത് വിശ്വാസികള്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉണ്ടാകുന്നത്. സര്‍വേ സംഘത്തോടൊപ്പം അവിടെയെത്തിയ കാവിപ്പടയാണ് വിശ്വാസികളെ തടയാനും സംഘര്‍ഷമുണ്ടാക്കാനും ശ്രമിച്ചത്. പ്രതിഷേധം അവഗണിച്ച് സര്‍വേ നടത്തുന്നത് തടയാന്‍ ശ്രമിച്ച വിശ്വാസികള്‍ക്ക് നേരെ പോലീസ് വെടിവെക്കുകയായിരുന്നു. അതിലാണ് അഞ്ച് പേര്‍ കൊല്ലപ്പെടുന്നത്. സംഭല്‍ നല്‍കുന്ന സൂചന രാജ്യത്തെ ന്യൂനപക്ഷ ആരാധനാലയങ്ങള്‍ ഭരണകൂടത്തിന്റെയും ആള്‍ക്കൂട്ട ഭീകരതയുടെയും കടന്നാക്രമണങ്ങളില്‍ സുരക്ഷിതമായിരിക്കില്ല എന്നാണ്.

1958ലെ നിയമപ്രകാരം പുരാതന സ്മാരകമായി സംരക്ഷിക്കപ്പെട്ട പള്ളിയാണ് ശാഹി ജുമാമസ്ജിദ്. എന്നാല്‍ ആര്‍ എസ് എസുകാരുടെ വാദം കല്‍ക്കി പ്രതിഷ്ഠയുള്ള ശ്രീ ഹരിഹര്‍ ക്ഷേത്രം തകര്‍ത്ത് മുഗള്‍ ചക്രവര്‍ത്തി ബാബര്‍ എ ഡി 1527-28 കാലത്ത് നിര്‍മിച്ചതാണ് ശാഹി ജുമാമസ്ജിദ് എന്നാണ്. ചരിത്രത്തിന്റെ ഒരടിസ്ഥാനവുമില്ലാത്ത ആരോപണം ഉന്നയിച്ച് കോടതിയെപ്പോലും കൂട്ടുപിടിച്ച് രാജ്യത്തെ ന്യൂനപക്ഷ ആരാധനാലയങ്ങള്‍ തകര്‍ക്കുകയെന്ന സംഘ്പരിവാറിന്റെ കുടിലബുദ്ധിയാണ് ശാഹി ജുമാമസ്ജിദ് തര്‍ക്കം. ബാബരി മസ്ജിദ് എന്ന പോലെ രാജ്യത്തെ ന്യൂനപക്ഷ ആരാധനാലയങ്ങളെയെല്ലാം തര്‍ക്കപ്രശ്‌നമാക്കാനും തകര്‍ക്കാനുമുള്ള ആസൂത്രിത നീക്കമാണിത്.

 

Latest