Connect with us

From the print

ജഡ്ജിമാരുടെ ഒഴിവുകൾ നികത്താൻ തടസ്സമെന്ത് ?

നീതിവിളംബം നീതിനിഷേധമാണ്. തങ്ങളുടെ മുമ്പിലെത്തുന്ന ഹരജികളിൽ എത്രയും വേഗത്തിൽ തീർപ്പ് കൽപ്പിക്കുകയാണ് കോടതികളുടെ ബാധ്യത. അതിന് ആവശ്യത്തിന് ജഡ്ജിമാർ വേണം. കൊളീജിയം സമർപ്പിക്കുന്ന ശിപാർശകളിൽ സർക്കാർ പരമാവധി വേഗത്തിൽ തീരുമാനമെടുത്തെങ്കിൽ മാത്രമേ ഈ ഒഴിവുകൾ നികത്തി കോടതി പ്രവർത്തനത്തിന് വേഗം കൂട്ടാനാകൂ.

Published

|

Last Updated

ട്ട് ജഡ്ജിമാരുടെ ഒഴിവുകളുണ്ട് കേരള ഹൈക്കോടതിയിൽ. ജഡ്ജിമാരുടെ കുറവ് കാരണം കേസുകളിൽ തീർപ്പ് കൽപ്പിക്കാൻ താമസമെടുക്കുന്നു. കഴിഞ്ഞ സെപ്തംബറിലെ കണക്ക് പ്രകാരം 1.88 ലക്ഷം കേസുകൾ കെട്ടിക്കിടക്കുന്നുണ്ട് ഹൈക്കോടതിയിൽ. ഒഴിവ് നികത്താൻ കൊളീജിയം നിയമജ്ഞരുടെ പേരുകൾ ശിപാർശ ചെയ്യുന്നുണ്ടെങ്കിലും അതിന്മേൽ തീരുമാനമെടുക്കുന്നതിൽ കേന്ദ്രസർക്കാർ കാലതാമസം വരുത്തുന്നു. എന്താണ് ശിപാർശ അംഗീകരിക്കുന്നതിന് തടസ്സമെന്ന ചോദ്യത്തിന് സർക്കാറിന് മറുപടിയില്ല.

കേരള ഹൈക്കോടതിയിലെ രജിസ്ട്രാർ ജനറൽ പി കൃഷ്ണകുമാർ, സീനിയർ ഗവ. പ്ലീഡർ ശ്രീജ വിജയലക്ഷ്മി എന്നിവരെ ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താൻ കൊളീജിയം ശിപാർശ നൽകിയിട്ട് മാസങ്ങളായെങ്കിലും ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. അഭിഭാഷകനും കേരളത്തിൽ നിന്നുള്ള രാജ്യസഭാ അംഗവുമായ ഹാരിസ് ബീരാൻ, ജഡ്ജിമാരുടെ നിയമനം വൈകുന്നതെന്ത് കൊണ്ടെന്ന് വ്യക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം സഭയിൽ ആവശ്യപ്പെട്ടപ്പോൾ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ.

ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്ര സർക്കാർ കാലതാമസം വരുത്തുന്നത് ഇതാദ്യമല്ല. മുമ്പും പലപ്പോഴും കൊളീജിയം ശിപാർശകൾ തീരുമാനമെടുക്കാതെ താമസിപ്പിക്കുകയും സ്വീകാര്യമല്ലെന്ന് കാണിച്ച് മടക്കുകയും ചെയ്തിട്ടുണ്ട്. 2022ൽ ഹൈക്കോടതി നിയമനത്തിനായി കൊളീജിയം സമർപ്പിച്ച 19 പേരടങ്ങുന്ന പാനൽ സർക്കാർ നിരസിക്കുകയും മടക്കിഅയക്കുകയും ചെയ്തു. ഇതിൽ പത്ത് പേരുടേത് കൊളീജിയം ആവർത്തിച്ചു നൽകിയ ശിപാർശകളായിരുന്നു.

ഒരിക്കൽ സർക്കാർ നിരസിക്കുന്ന ശിപാർശ കൊളീജിയം ആവർത്തിച്ചു നൽകുകയാണെങ്കിൽ കേന്ദ്രം അത് അംഗീകരിക്കുകയാണ് പതിവ്. ആ പതിവും തെറ്റിച്ച് ജുഡീഷ്യറിയുമായുള്ള ഏറ്റുമുട്ടൽ പാതയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. മാത്രമല്ല, കൊളീജിയത്തെ രൂക്ഷമായി വിമർശിക്കുകയും അതിന്റെ പ്രവർത്തനം സുതാര്യമല്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു അന്ന് നിയമ മന്ത്രിയായിരുന്ന കിരൺ റിജിജു. ജഡ്ജിമാർ തന്നെ സഹപ്രവർത്തകരെ നിയമിക്കുന്ന രീതി മറ്റൊരു രാജ്യത്തുമില്ലെന്നും ഇന്ത്യയിൽ മാത്രമാണ് ഇത്തരമൊരു സംവിധാനമെന്നും റിജിജു വിമർശിച്ചു.

ജഡ്ജിമാരുടെ നിയമനത്തിൽ ജുഡീഷ്യറിക്കാണോ സർക്കാറിനാണോ മേൽക്കൈ വേണ്ടത് എന്ന തർക്കമാണ് പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം. ഉയർന്ന കോടതികളിലെ (സുപ്രീം കോടതി, ഹൈക്കോടതി) ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയത്തിന് പകരം സർക്കാർ “ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ’ രൂപവത്കരിച്ചതോടെയാണ് തർക്കം ഉയർന്നത്. ജഡ്ജി നിയമനത്തിൽ സർക്കാറിന് മേൽക്കൈ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിൽ ഒന്നാം മോദി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ 2014 ഡിസംബർ 13നായിരുന്നു ജുഡീഷ്യൽ നിയമന കമ്മീഷൻ രൂപവത്കരണം. എന്നാൽ, 2015 ഒക്ടോബർ 16ന് ഈ നിയമന സംവിധാനം ഭരണാഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് റദ്ദാക്കുകയും കൊളീജിയം പുനഃസ്ഥാപിക്കുകയും ചെയ്തു.

ജഡ്ജിമാരുടെ നിയമനത്തിൽ മേൽക്കൈ ജുഡീഷ്യറിക്കായാലും എക്‌സിക്യൂട്ടീവിനായാലും അതിന്റേതായ ചില ദോഷവശങ്ങളുണ്ട്. എങ്കിലും സർക്കാറിന് മേൽക്കൈ വരുന്നത് ജുഡീഷ്യറിയുടെ സ്വതന്ത്രാധികാരത്തെ ബാധിക്കും. ഇന്ത്യൻ ഭരണഘടനയനുസരിച്ച് സ്വതന്ത്ര സ്ഥാപനമാണ് ജുഡീഷ്യറി. ഭരണകൂടത്തിന് തങ്ങളുടെ പ്രവർത്തനത്തിൽ പിഴവുകളും പാളിച്ചകളും സംഭവിച്ചേക്കാം. അത് ചൂണ്ടിക്കാണിക്കാനും തിരുത്താനും കൂടി അധികാരമുള്ള സ്ഥാപനമാണ് ജുഡീഷ്യറി. ഈ ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കിൽ ജുഡീഷ്യറിക്ക് സ്വതന്ത്ര സ്വഭാവം കൂടിയേ തീരൂ. ജുഡീഷ്യൽ നിയമനത്തിൽ സർക്കാറിന്റെ കൈകടത്തലുണ്ടായിക്കഴിഞ്ഞാൽ നീതി ഏട്ടിൽ മാത്രമായി അവശേഷിക്കും.

ഇന്ത്യൻ പ്രസിഡന്റിനാണ് ഭരണഘടന അനുസരിച്ച് ഉയർന്ന ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം. അത് പക്ഷേ ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ചും അദ്ദേഹത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്തുമായിരിക്കണമെന്ന് ഭരണഘടന നിർദേശിക്കുന്നുണ്ട്. ഇതനുസരിച്ച് ജൂഡീഷ്യറിക്ക് തന്നെയാണ് നിയമനത്തിൽ മേൽക്കൈ. എക്‌സിക്യൂട്ടീവിന് മേൽക്കൈ വരുന്നതിലൂടെ ജുഡീഷ്യറിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടാതിരിക്കാനാണ് ഭരണഘടനാ ശിൽപ്പികൾ ഇത്തരം വകുപ്പുകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്.

സർക്കാർ വിമർശിക്കുന്നത് പോലെ കൊളീജിയത്തിന് ദോഷങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കപ്പെടുക തന്നെ വേണം. വിശദമായ ചർച്ചയിലൂടെയും ഉന്നത നിയമജ്ഞരുടെ ഇടപെടലിലൂടെയുമാണ് അത് നിർവഹിക്കേണ്ടത്. ആ വഴിക്കു നീങ്ങാതെ ജഡ്ജിമാരുടെ നിയമനം താമസിപ്പിച്ച് കോടതി പ്രവർത്തനം സ്തംഭിപ്പിക്കരുത്. നീതിവിളംബം നീതിനിഷേധമാണ്. തങ്ങളുടെ മുമ്പിലെത്തുന്ന ഹരജികളിൽ എത്രയും വേഗത്തിൽ തീർപ്പ് കൽപ്പിക്കുകയാണ് കോടതികളുടെ ബാധ്യത. അതിന് ആവശ്യത്തിന് ജഡ്ജിമാർ വേണം. നിലവിൽ രാജ്യത്തെ വിവിധ ഹൈക്കോടതികളിലായി ജഡ്ജിമാരുടെ 357 ഒഴിവുകളുണ്ടെന്ന് നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പാർലിമെന്റിൽ വെളിപ്പെടുത്തുകയുണ്ടായി.

കൊളീജിയം സമർപ്പിക്കുന്ന ശിപാർശകളിൽ സർക്കാർ പരമാവധി വേഗത്തിൽ തീരുമാനമെടുത്തെങ്കിൽ മാത്രമേ ഈ ഒഴിവുകൾ നികത്തി കോടതി പ്രവർത്തനത്തിന് വേഗം കൂട്ടാനാകൂ. കൊളീജിയം ശിപാർശകളിൽ ന്യായമായ വിയോജിപ്പുണ്ടെങ്കിൽ അതെന്തെന്നു വ്യക്തമാക്കി മടക്കുകയുമാകാം. ജനാധിപത്യത്തിന് ഒഴിച്ചുകൂടാനാകാത്തതാണ് ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം. അതൊരിക്കലും ഭരണകൂടത്തിനു സ്വാധീനിക്കാവുന്നതും കീഴ്‌പ്പെടുന്നതുമാകരുത്. ഹിന്ദുത്വ ഫാസിസം ജീവിതത്തിന്റെ സമസ്ത മേഖലകളിലും അടിച്ചേൽപ്പിക്കുന്ന നിലവിലെ സാഹചര്യത്തിൽ ജഡ്ജിമാർ ആരായിരിക്കണമെന്ന് കൂടി ഭരണകക്ഷി തീരുമാനിക്കുന്ന അവസ്ഥ സംജാതമായാൽ അത് ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും അന്ത്യമായിരിക്കും.

 

Latest