Connect with us

Articles

ശാസ്ത്ര പുരോഗതിക്ക് തടസ്സമെന്ത്?

ശാസ്ത്രം ഉണ്ടാകുന്നത് സമൂഹത്തില്‍ നിന്നാണ്, അത് നിലകൊള്ളേണ്ടതും സമൂഹത്തിന് വേണ്ടിയാണ്. പഠനകാലത്തു തന്നെ ഇത്തരം തിരിച്ചറിവുകള്‍ കുട്ടികള്‍ക്ക് നല്‍കേണ്ടതുണ്ട്.

Published

|

Last Updated

ഫെബ്രുവരി 28 രാജ്യം ശാസ്ത്രദിനമായി ആഘോഷിക്കുന്നു. നൊബേല്‍ സമ്മാന ജേതാവും ഇന്ത്യന്‍ ശാസ്ത്രജ്ഞരില്‍ പ്രധാനിയുമായ സി വി രാമന്റെ ശാസ്ത്രീയ സംഭാവനകളുടെ ഓര്‍മക്കായാണ് ഈ ദിനം ആഘോഷിക്കുന്നത്. ശാസ്ത്ര സാങ്കേതിക രംഗത്തെ രാജ്യത്തിന്റെ നില വിശകലനം ചെയ്യാനുള്ള ദിവസം കൂടിയാണിന്ന്.

ശാസ്ത്ര സാങ്കേതിക വികസനത്തിലൂടെ സാമ്പത്തിക വളര്‍ച്ചയും സാമൂഹിക ക്ഷേമവും കൈവരിച്ചാല്‍ മാത്രമേ ലോകത്ത് തലയുയര്‍ത്തി നില്‍ക്കാനാകൂ എന്ന് തിരിച്ചറിഞ്ഞ ജവഹര്‍ലാല്‍ നെഹ്റുവാണ് രാജ്യത്തിന്റെ ശാസ്ത്രമുന്നേറ്റങ്ങള്‍ക്ക് ശില പാകിയത്. ബഹിരാകാശ രംഗത്ത് ലോകത്തെ ഏറ്റവും വലിയ അഞ്ച് ശക്തികളിലൊന്നാണ് ഇന്ത്യ. ചാന്ദ്രയാന്‍, മംഗള്‍യാന്‍ ദൗത്യത്തിലൂടെ ചുരുങ്ങിയ ചെലവില്‍ ബഹിരാകാശ യാത്ര സാധ്യമാണെന്ന് ഇന്ത്യ തെളിയിച്ചു കഴിഞ്ഞു. സോവിയറ്റ് യൂനിയനടക്കമുള്ള നിരവധി രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ശാസ്ത്ര-സാങ്കേതിക രംഗത്ത് അവരുടെ സഹകരണത്തോടെ വന്‍കിട പദ്ധതികള്‍ നടപ്പാക്കാനും വലിയ പുരോഗതി കൈവരിക്കാനും കാരണമായി. കാര്‍ഷികോത്പാദനം, ആണവോര്‍ജ ഉത്പാദനം, ആരോഗ്യ രംഗം, ഐ ടി ഉപകരണങ്ങളുടെ കയറ്റുമതി, ഭക്ഷ്യ ഉത്പാദനം, ഔഷധ വ്യവസായം തുടങ്ങി നിരവധി മേഖലകളില്‍ കാര്യമായ മുന്നേറ്റങ്ങളുണ്ടാക്കാന്‍ ഇന്ത്യക്കായി. കൊവിഡിനെതിരെ തദ്ദേശീയമായി കൊവാക്സീന്‍ ഉത്പാദിപ്പിക്കാനും ഇന്ത്യക്കായി.

ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക മേഖലയുടെ വര്‍ത്തമാനം ഒട്ടും ശുഭകരമല്ല. യുവാക്കളുടെ പ്രാതിനിധ്യക്കുറവ്, അടിസ്ഥാന സൗകര്യത്തിലെ പിന്നാക്കാവസ്ഥ, വന്‍തോതിലുള്ള വിദേശ വിധേയത്വം, ബജറ്റിലെ കുറഞ്ഞ വിഹിതം തുടങ്ങിയവ ശാസ്ത്ര പുരോഗതിക്ക് വിലങ്ങുതടിയാണ്. പത്ത് ലക്ഷം ഇന്ത്യക്കാരില്‍ നൂറ്റമ്പതില്‍ താഴെ ആളുകള്‍ മാത്രമാണ് ശാസ്ത്ര ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. അമേരിക്കയിലും ജപ്പാനിലും ഇത് അയ്യായിരത്തിലേറെയാണ്. ശാസ്ത്രരംഗത്തെ ഗവേഷണങ്ങള്‍ സമൂഹത്തിനുള്ള നിക്ഷേപമാണ്. പക്ഷേ, രാഷ്ട്രത്തലവന്മാരുടെ ദീര്‍ഘവീക്ഷണമില്ലായ്മയും ശാസ്ത്രാവബോധമില്ലായ്മയും കാരണം ശാസ്ത്ര ഗവേഷണത്തിനായി നമ്മള്‍ ചെലവിടുന്ന തുക വളരെ തുച്ഛമാണ്. ചൈന ഇന്ത്യയേക്കാള്‍ നാല് മടങ്ങിലേറെ തുക ശാസ്ത്ര ഗവേഷണങ്ങള്‍ക്കായി ചെലവിടുന്നുണ്ട്.

ഗവേഷകര്‍ക്ക് അനുയോജ്യമായ സാഹചര്യങ്ങളൊരുക്കാന്‍ നമ്മള്‍ പരാജയപ്പെടുന്നത് കാരണം ഗവേഷകര്‍ വികസിത രാജ്യങ്ങളിലേക്കൊഴുകുകയാണ്. അവരെ പിടിച്ചുനിര്‍ത്താനാവശ്യമായ അക്കാദമിക അന്തരീക്ഷം ഇവിടെ നിലനില്‍ക്കുന്നില്ല എന്നതാണ് ഈ ഒഴുക്കിന്റെ മുഖ്യ ഹേതു. ഫണ്ടിംഗ് രംഗത്ത് നടക്കുന്ന അഴിമതികളും സ്റ്റൈപെന്‍ഡ് ലഭ്യമാകുന്നതിലുള്ള കാലതാമസവും ഫണ്ടിംഗിലെ ഔദ്യോഗിക നൂലാമാലകളും ഗവേഷകരുടെ വലിയ സമയത്തെയും അധ്വാനത്തെയും അപഹരിക്കുന്നു.

കാലഹരണപ്പെട്ട ശാസ്ത്ര പാഠ്യപദ്ധതികളാണ് ഇപ്പോഴും നാം പിന്തുടരുന്നത്. പരീക്ഷണങ്ങള്‍ക്കും സ്വയം കണ്ടെത്തലുകള്‍ക്കും പ്രാധാന്യമില്ലാത്ത പരീക്ഷാ കേന്ദ്രീകൃതമായ ഈ വ്യവസ്ഥകളെ തിരുത്തേണ്ടതുണ്ട്. ഗവേഷണത്തിലൂടെയും സ്വയം കണ്ടെത്തലിലുടെയും പര്യവേക്ഷണത്തിലൂടെയും പഠിക്കാനവസരം നല്‍കുന്ന കരിക്കുലമാണ് വേണ്ടത്. അതിനനുയോജ്യരായ, പരിശീലനം സിദ്ധിച്ച അധ്യാപകരെയാണ് ശാസ്ത്രാധ്യാപനത്തിന് ചുമതലപ്പെടുത്തേണ്ടത്. കലാ-കായിക മത്സരങ്ങളെ പോലെ ശാസ്ത്ര മേളകളെയും പരിഗണിക്കുകയും ജനകീയവത്കരിക്കുകയും വേണം. ഒരു രാഷ്ട്രം അതിന്റെ ശാസ്ത്ര മുന്നേറ്റം കൊണ്ട് ആത്യന്തികമായി ലക്ഷ്യം വെക്കുന്നത് സാമൂഹിക ക്ഷേമമാണ്.

ശാസ്ത്രം ഉണ്ടാകുന്നത് സമൂഹത്തില്‍ നിന്നാണ്, അത് നിലകൊള്ളേണ്ടതും സമൂഹത്തിന് വേണ്ടിയാണ്. പഠനകാലത്തു തന്നെ ഇത്തരം തിരിച്ചറിവുകള്‍ കുട്ടികള്‍ക്ക് നല്‍കേണ്ടതുണ്ട്. ഇത്തരം തിരിച്ചറിവുകള്‍ ഇല്ലാതെ പോകുന്നത് കൊണ്ടാണ് വളര്‍ന്നുവരുന്ന ഗവേഷകര്‍ക്കടക്കം ശാസ്ത്രത്തെ മനുഷ്യനും സമൂഹത്തിനും ഉപകാരപ്രദമായി ഉപയോഗിക്കാന്‍ കഴിയാതെ പോകുന്നത്.

 

Latest