Connect with us

Web Special

ഷെയ്ഖ് ഹസീനയെ 'നാടുകടത്തിയ' സംവരണ സംവിധാനം എന്ത്?

1972ൽ ബംഗ്ലാദേശ് സ്ഥാപകനേതാവും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ ആണ് രാജ്യത്ത് ആദ്യമായി തൊഴിൽ സംവരണ സംവിധാനം നടപ്പാക്കുന്നത്. 30% സ്വാതന്ത്ര്യസമര സേനാനികള്‍ക്കും 10% യുദ്ധത്തില്‍ ബാധിക്കപ്പെട്ട സ്ത്രീകള്‍ക്കും 40% വിവിധ ജില്ലകള്‍ക്കും എന്നിങ്ങനെയായിരുന്നു മുജീബുർറഹ്മാൻ നടപ്പാക്കിയ സംവരണ ഫോർമുല. 20 ശതമാനം സീറ്റുകൾ മാത്രമാണ് പൊതുവിദ്യാർത്ഥികൾക്കായി നിലനിർത്തിയത്.

Published

|

Last Updated

കടുത്ത ആഭ്യന്തര പ്രക്ഷോഭത്തെ തുടർന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. അവർ രാജ്യം വിട്ട് ഇന്ത്യയിലെത്തിയതായാണ് പുതിയ റിപ്പോർട്ടുകൾ. സൈന്യം ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് ബംഗ്ലാദേശ് കരസേനാ മേധാവി ജനറൽ വഖാർ ഉസ് സമാൻ വ്യക്തമാക്കുകയും ചെയ്തു. തലസ്ഥാനമായ ധാക്ക ഉൾപ്പെടെ രാജ്യത്തുടനീളം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ബംഗ്ലാദേശിൽ സ്ഥിതി തീർത്തും അശാന്തമാണ്.

കുറച്ചുകാലം മുമ്പ് വരെ ലോകത്തെ സ്വാധീനിച്ച നേതാക്കളിൽ ഒരാളായിരുന്നു ഷെയ്ഖ് ഹസീന. ബംഗ്ലാദേശിന്റെ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച ‘മിശിഹ’ എന്നാണ് ഷെയ്ഖ് ഹസീന അറിയപ്പെട്ടിരുന്നത് തന്നെ. ഷെഷ്ഖ് ഹസീനയെ സ്വാധീനിച്ച് ബംഗ്ലാദേശിൽ നിക്ഷേപം നടത്താൻ ഇന്ത്യയും ചൈനയും വരെ ശ്രമങ്ങൾ നടത്തിയിരുന്നു.

പക്ഷേ, 15 വർഷം അധികാരത്തിലിരുന്ന ഹസീന ഇന്ന് സ്വന്തം രാജ്യത്ത് തന്നെ സുരക്ഷിതയല്ല. ആഭ്യന്തര കലാപം രൂക്ഷമാകുകയും അവർക്ക് രാജ്യത്ത് നിന്ന് രക്ഷപ്പെടേണ്ടിയും വന്നിരിക്കുന്നു. എന്താണ് ഷെയ്ഖ് ഹസീനയുടെ പതനത്തിലേക്ക് നയിച്ച കാരണങ്ങൾ? ബംഗ്ലാദേശിലെ തൊഴിൽ സംവരണ സംവിധാനമാണ് അതിൽ പ്രധാനം.

1972ൽ ബംഗ്ലാദേശ് സ്ഥാപകനേതാവും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ ആണ് രാജ്യത്ത് ആദ്യമായി തൊഴിൽ സംവരണ സംവിധാനം നടപ്പാക്കുന്നത്. 30% സ്വാതന്ത്ര്യസമര സേനാനികള്‍ക്കും 10% യുദ്ധത്തില്‍ ബാധിക്കപ്പെട്ട സ്ത്രീകള്‍ക്കും 40% വിവിധ ജില്ലകള്‍ക്കും എന്നിങ്ങനെയായിരുന്നു മുജീബുർറഹ്മാൻ നടപ്പാക്കിയ സംവരണ ഫോർമുല. 20 ശതമാനം സീറ്റുകൾ മാത്രമാണ് പൊതുവിദ്യാർത്ഥികൾക്കായി നിലനിർത്തിയത്.

ചില എതിർപ്പുകൾക്കുശേഷം 1976 ല്‍ ജില്ലകള്‍ക്കുള്ള സംവരണം 20% ആക്കി കുറച്ചു. ഇതോടെ പൊതുസംവരണം 40 ശതമാനം ആയി ഉയർന്നു. 1985-ൽ പിന്നാക്ക ജില്ലകൾക്കുള്ള സംവരണം 10% ആയി കുറക്കുകയും ഗോത്രവര്‍ഗക്കാര്‍ക്ക് 5% സംവരണം പുതുതായി കൂട്ടിച്ചേർക്കുകയും ചെയ്തു. ഇതോടെ സംവരണ സീറ്റുകൾ 55 ശതമാനവും പൊതുസീറ്റുകൾ 45 ശതമാനവുമായി മാറി. ഇതോടൊപ്പം യുദ്ധത്തില്‍ ബാധിക്കപ്പെട്ട സ്ത്രീകള്‍ക്ക് നൽകിയരുന്ന സംവരണം എല്ലാ സ്ത്രീകള്‍ക്കുമാക്കി മാറ്റുകയും ചെയ്തു.

ആദ്യകാലത്ത് സ്വാതന്ത്ര്യ സമര സേനാനികൾക്ക് മാത്രം നൽകിയിരുന്ന സംവരണം 1997ല്‍ സ്വാതന്ത്ര്യസമര സേനാനികളുടെ മക്കൾക്ക് കൂടി ലഭ്യമാക്കി. കുറച്ച് വർഷങ്ങൾ കഴിഞ്ഞതോടെ സ്വാതന്ത്ര്യ സമര സേനാനികളുടെ മക്കൾക്ക് നൽകിയ സീറ്റുകൾ ഒഴിഞ്ഞുകിടക്കാൻ തുടങ്ങി. സാധാരണ വിദ്യാർത്ഥികൾക്കാണ് ഇതിൻ്റെ പ്രയോജനം ലഭിച്ചത്. എന്നാൽ 2009ൽ സ്വാതന്ത്ര്യ സമര സേനാനികളുടെ പേരക്കുട്ടികൾക്ക് കൂടി സംവരണം നൽകാൻ തീരുമാനിച്ചു. 2012ൽ ഭിന്നശേഷിക്കാർക്ക് 1% സംവരണം കൂടി അനുവദിച്ചതോടെ ആകെ സംവരണം 56 ശതമാനമായി ഉയർന്നു. 44 ശതമാനം സീറ്റുകൾ മാത്രമാണ് പൊതു വിഭാഗത്തിന് അവശേഷിച്ചത്.

ഇതോടെ സ്ഥിതി മാറി. സ്വാതന്ത്ര്യം നേടി അരനൂറ്റാണ്ട് കഴിഞ്ഞിട്ടും സ്വാതന്ത്ര്യസമര സേനാനികള്‍ക്കും അവരുടെ കുടുംബത്തിനുമുള്ള സംവരണം തുടരുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി വിദ്യാർഥി സമൂഹം രംഗത്ത് വന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരില്‍ ഏറിയ പങ്കും ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ പാര്‍ട്ടിക്കാരായിയിരുന്നതിനാൽ സംവരണത്തിന്റെ ആനുകൂല്യം കൂടുതലും ലഭിച്ചിരുന്നത് അവാമി ലീഗ് പ്രവർത്തകർക്കായിരുന്നു. ഇതും പ്രതിഷേധത്തിന്റെ തീക്ഷ്ണത കൂട്ടാൻ കാരണമായി.

ഗോത്രവര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള സംവരണം ഒഴികെ മറ്റെല്ലാ സര്‍ക്കാര്‍ ജോലികളിലേക്കും മെറിറ്റ് അടിസ്ഥാനത്തിൽ നിയമനം നൽകണമെന്ന വാദം ശക്തിപ്പെട്ടു.

നിലവിലെ കണക്കുകൾ പ്രകാരം 17 കോടി വരുന്ന ബംഗ്ലദേശ് ജനസംഖ്യയിൽ ഔദ്യോഗിക സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയില്‍ ഉൾപ്പെടുന്നത് വെറും രണ്ട് ലക്ഷത്തോളം ആളുകൾ മാത്രമാണ്. സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ പിന്തുടര്‍ച്ചക്കാരെയും ചേര്‍ത്താലും ജനസംഖ്യയുടെ 1.5% പോലും വരുന്നില്ല. എന്നാൽ ജോലിയുടെ 30 ശതമാനവും ഈ ന്യൂനപക്ഷത്തിന് ലഭിക്കുന്നതിലെ പൊരുത്തക്കേട് വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടു. സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബങ്ങളിൽ ഭൂരിഭാഗവും സാമ്പത്തികമായി ഉന്നത നിലയിൽ ഉള്ളവരാണ് എന്നതും ഈ വാദങ്ങൾക്ക് ശക്തിപകർന്നു.

സംവരണ വിഭാഗത്തിലുള്ളവര്‍ പ്രാഥമിക പരീക്ഷ പോലും പാസാകാത്തതിനാല്‍ ഒട്ടേറെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഈ തസ്തികകളിലേക്കു 1997 മുതല്‍ 2010 വരെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ വിഭാഗത്തില്‍നിന്നു താല്‍കാലിക നിയമനം നടത്തിയെങ്കിലും സംവരണേതര വിഭാഗത്തില്‍നിന്നു നിയമനം നടത്തേണ്ടതില്ലെന്നു 2010ല്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ താല്‍ക്കാലിക ജോലിയിലേക്കു പോലും ജനറല്‍ വിഭാഗത്തിനു നിയമനം ലഭിക്കാത്ത സ്ഥിതിയായി.

ഇതോടെ പ്രക്ഷോഭനിരയിലേക്ക് കൂടുതൽ ആളുകൾ ചേരുകയും അത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാകും വിധത്തിൽ ശക്തിപ്രാപിക്കുകയും ചെയ്തു. പ്രക്ഷോഭം അക്രമാസക്തമായതോടെ നൂറിലധികം ആളുകൾ കൊല്ലപ്പെട്ടു. കാര്യങ്ങൾ അപകടവസ്ഥയിലായി. ഈ സാഹചര്യത്തിൽ ഈ വർഷം ജൂലൈ 21ന് ബംഗ്ലദേശ് സുപ്രീംകോടതി വിഷയം അടിയന്തരമായി പരിഗണിക്കുകയും വിദ്യാർഥികൾക്ക് അനുകൂലമായി സംവരണത്തിൽ വലിയ മാറ്റങ്ങൾ വരുത്തി വിധി പ്രഖ്യാപിക്കുകയും ചെയ്തു. 93% സര്‍ക്കാര്‍ ജോലികളിലും മികവിന്റെ അടിസ്ഥാനത്തില്‍ മാത്രം നിയമനം നടത്തിയാല്‍ മതിയെന്നായിരുന്നു കോടതി വിധി. സ്വാതന്ത്ര്യ സമരസേനാനികളുടെ പിൻമുറക്കാർക്ക് 30% സംവരണം നൽകിയിരുന്നത് 5 % ആക്കി സുപ്രീംകോടതി വെട്ടിക്കുറച്ചു. ബാക്കി 2% പിന്നാക്ക ജില്ലകളിൽനിന്നുള്ളവർക്കും ഭിന്നശേഷിക്കാർക്കും ലഭിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സുപ്രീംകോടതി വിധിയോടെ പ്രക്ഷോഭത്തിന് താൽക്കാലിക ശമനമായെങ്കിലും ഹസീനയുടെ രാജിയാവശ്യപ്പെട്ട് ഒരിടവേളയ്ക്കുശേഷം സമരം വീണ്ടും ശക്തിപ്രാപിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി ബംഗ്ലാദേശിലെ തെുരുവുകളിൽ ശരിക്കും തീക്കളിയാണ്. നൂറിലധികം ആളുകൾ രണ്ട് ദിവസത്തിനകം കൊല്ലപ്പെടുകയും ജനങ്ങൾ സർക്കാർ ഓഫീസുകൾ കൈയേറുകയും ചെയ്തതോടൊണ് ഹസീനക്ക് രാജിവെച്ച് രാജ്യം വിടേണ്ടി വന്നത്.

Latest