Web Special
എന്താണ് കള്ളക്കടൽ പ്രതിഭാസം?
സമുദ്രത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു വേലിയേറ്റമാണ് കള്ളക്കടൽ പ്രതിഭാസം.
സമീപദിവസങ്ങളിലായി കേരളം തീരം ഭീതിയോടെ കേൾക്കുന്ന പേരാണ് കള്ളക്കടൽ പ്രതിഭാസം. അടുത്തിടെ ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ഉണ്ടായ കലാക്രമണത്തിന് കാരണം കള്ളക്കടൽ പ്രതിഭാസമാണെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് പുല്ലുവിള, അടിമലത്തുറ, പുതിയതുറ, പൂന്തുറ, തുമ്പ എന്നിവിടങ്ങളിലെല്ലാം കടല്‍ കയറി. ആലപ്പുഴയില്‍ പുറക്കാട്, വളഞ്ഞ വഴി, ചേര്‍ത്തല, പള്ളിത്തോട് ഭാഗങ്ങളിലാണ് കടലാക്രമണം കൂടുതൽ അനുഭവപ്പെട്ടത്. തൃശൂരില്‍ പെരിഞ്ഞനത്തും കൊല്ലത്ത് മുണ്ടയ്ക്കലിലും കടലാക്രമണം അനുഭവപ്പെട്ടു. ഇതിനെല്ലാം പിന്നിൽ കള്ളക്കടൽ പ്രതിഭാസമാണെന്നാണ് കരുതുന്നത്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞിട്ടുണ്ട്. തീരപ്രദേശവാസികളെയും ജനങ്ങളെയും ആകുലപ്പെടുത്തുന്നതാണ് ഈ മുന്നറിയിപ്പ്. എന്താണ് ഈ കള്ളക്കടൽ പ്രതിഭാസം? എങ്ങനെയാണ് ഇത് ഉണ്ടാകുന്നത്?
സമുദ്രത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു വേലിയേറ്റമാണ് കള്ളക്കടൽ പ്രതിഭാസം. അപ്രതീക്ഷിതമെന്നുകൊണ്ട് ഉദ്ദേശിക്കുന്നത് സാധാരണ വേലിയേറ്റത്തിന് കാരണമാകുന്ന പ്രതിഭാസങ്ങൾ അല്ലാതെ മറ്റുചില കാരണങ്ങൾ കൊണ്ടുണ്ടാകുന്നത് എന്നാണ്. സാധാരണ വേലിയേറ്റമുണ്ടാകുന്നത് കാറ്റിന് അനുസരിച്ചോ സൂര്യന്‍റെയും ചന്ദ്രന്‍റെയും ഗുരുത്വാകർഷണ ഫലമായോ ആണ്. അങ്ങനെ അല്ലാതെ ഉണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടൽ പ്രതിഭാസം. അവിചാരിതമായോ അപ്രതീക്ഷിതമായോ ഉണ്ടാകുന്ന ഈ തിരമാലകൾ സാധാരണ വേലിയേറ്റത്തെക്കാൾ നാശനഷ്ടങ്ങൾ സൃഷ്ടിച്ചേക്കാം. പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നുമില്ലാതെയാണ് ഇത്തരം തിരമാലകൾ ആഞ്ഞടിക്കുന്നത്.
സുനാമിയുമായി ഏറെ സാമ്യം ഉണ്ട് കള്ളക്കടൽ പ്രതിഭാസത്തിന്. സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളെ തുടർന്നാണ് ശക്തമായ തിരമാലകളുണ്ടാവുന്നത്. സുനാമിയുടെ സമയത്ത് ഉണ്ടാകുന്നതുപോലെ തന്നെ സമുദ്രം ഉള്ളിലേക്ക് വലിഞ്ഞ ശേഷം പിന്നീട് തീരത്തേക്ക് ആഞ്ഞടിക്കുകയാണ് ചെയ്യുന്നത്.
കള്ളക്കടൽ പ്രതിഭാസത്തിൽ മഴയോ കാറ്റോ ഒന്നും ഇല്ലാതെ തന്നെ തിരകൾ ഉയര്‍ന്നുപൊങ്ങും. അപ്രതീക്ഷിതമായി തിരകള്‍ അടിച്ചുകയറി തീരത്തെ കവര്‍ന്നെടുക്കുന്നതിനാലാണ് തീരദേശവാസികള്‍ ഈ പ്രതിഭാസത്തെ കള്ളക്കടല്‍ എന്നുവിളിക്കുന്നത്.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കഴിഞ്ഞ വർഷങ്ങളിലും നമ്മുടെ തീരദേശത്തു കള്ളക്കടൽ പ്രതിഭാസം രൂപപ്പെട്ടിരുന്നു. സമുദ്രത്തിൽ ഉണ്ടാകുന്ന വിവിധ കാലാവസ്ഥ മാറ്റങ്ങളാണ് കള്ളക്കടൽ പ്രതിഭാസത്തിന് കാരണമായി പറയുന്നത്.