Connect with us

Uae

ഗസയുടെ രക്ഷയ്ക്ക് ഇനി എന്ത് വഴി

ഗസയെ മുഴുവന്‍ ഒരു തടവറ പോലെ ആക്കിയിരിക്കുകയാണ് ഇസ്റാഈല്‍

Published

|

Last Updated

ഇസ്രാഈല്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ ലോകത്തിനാകെ ഭീഷണി ആയിരിക്കുന്നു . ഇറാനില്‍ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയയെ കൊലപ്പെടുത്തിയത് ഒറ്റപ്പെട്ട സംഭവമല്ല .സിറിയയില്‍,ഇറാഖില്‍ ഒക്കെ ഇത്തരം ആക്രമണങ്ങള്‍ നടന്നിരുന്നു .നയതന്ത്ര കാര്യാലയങ്ങള്‍ തകര്‍ത്തിരുന്നു .കൊച്ചുകുഞ്ഞുങ്ങളെപ്പോലും വെറുതെ വിട്ടിരുന്നില്ല .കഴിഞ്ഞ ദിവസം ഗസയില്‍ വിദ്യാലയങ്ങള്‍ക്കു നേരെ ബോംബ് വര്‍ഷിച്ചു .അഭയാര്‍ത്ഥി ക്യാമ്പുകളായിരുന്നു .അനേകം സ്ത്രീകളും കുഞ്ഞുങ്ങളും മരിച്ചു .
ഇസ്മാഈല്‍ ഹനിയയുടെ കൊലപാതകം ഇറാന് നേരെയുള്ള മിസൈല്‍ ആക്രമണമായിരുന്നു .അദ്ദേഹം താമസിച്ചിരുന്ന റിസോര്‍ട്ടില്‍ ബോംബ് വെച്ചുള്ളതല്ല .ഹനിയയെ മിസൈല്‍ പായിച്ചാണ് കൊലപ്പെടുത്തിയതെന്ന് ഹമാസ് വക്താവും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സും വെളിപ്പെടുത്തി .അദ്ദേഹത്തിന്റെ അംഗരക്ഷകന്‍ വസീം അബു ശബാനും കൊല്ലപ്പെട്ടു.ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ സ്ഥാനാരോഹണ ചടങ്ങിനായി ഇറാന്‍ തലസ്ഥാനത്ത് എത്തിയതായിരുന്നു അവര്‍.ഇറാന്‍, ജോര്‍ദാന്‍, സിറിയ, ലെബനന്‍ രാജ്യങ്ങള്‍ ഇസ്രാഈലിനെതിരെ പ്രതികാരത്തിന് കോപ്പു കൂട്ടുകയാണ് .ഇറാന്‍ ആണവ രാജ്യമാണ് .അവര്‍ക്കു വേണമെങ്കില്‍ ഒറ്റ രാത്രി കൊണ്ട് ഇസ്രാഈലിനെ ചുട്ടു ചാമ്പലാക്കാം .എന്നിട്ടും ഇറാനെ ഇസ്രാഈല്‍ പ്രകോപിപ്പിച്ചു കൊണ്ടേയിരിക്കുന്നു .അമേരിക്ക കൂട്ടിനുണ്ട് .മേഖലയില്‍ സംഘര്‍ഷം പെരുപ്പിച്ചു ആയുധങ്ങള്‍ വില്‍ക്കുകയാണ് അമേരിക്കയുടെ തന്ത്രം .ഇതൊക്കെ മറ്റൊരു ലോക യുദ്ധത്തിലേക്ക് നയിക്കും .

‘ഇസ്മാഈല്‍ ഹനിയയെ ഇസ്രാഈല്‍ കൊലപ്പെടുത്തിയത് മേഖലയില്‍ ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത് ‘ ഹമാസിന്റെ മുതിര്‍ന്ന നേതാവ് സമി അബു സുഹ്രി പറഞ്ഞു.’ ഹമാസ് സ്വന്തം പാത പിന്തുടരുക തന്നെ ചെയ്യും .ഞങ്ങള്‍ക്ക് വിജയത്തില്‍ ആത്മവിശ്വാസമുണ്ട്.’
തെഹ്‌റാനില്‍ ഹനിയ താമസിച്ച വീടിനുനേരെ നിരന്തരം മിസൈല്‍ തൊടുക്കുകയായിരുന്നു . ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം . ചൊവ്വാഴ്ച ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഖത്വറില്‍ നിന്നാണ് ഹനിയ ഇറാനില്‍ എത്തിയത് .ഖത്വര്‍ കേന്ദ്രീകരിച്ചാണ് ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്മാഈല്‍ ഹനിയ നേതൃത്വം നല്‍കിയിരുന്നത്. ഗസയില്‍ മുമ്പ് ഇസ്രാഈല്‍ ആക്രമണത്തില്‍ ഹനിയയുടെ മക്കളും പേരമക്കളും കൊല്ലപ്പെട്ടിരുന്നു. 2006ല്‍ ഫലസ്തീന്‍ പ്രധാനമന്ത്രിയായ ആളാണ്.ആ പരിഗണന ഇസ്രാഈല്‍ നല്‍കിയിരുന്നില്ല . 1989ല്‍ ഇസ്രാഈല്‍ ജയിലിലായിരുന്നു . മൂന്ന് വര്‍ഷത്തിന് ശേഷമാണ് മോചിപ്പിച്ചത്. പിന്നീട് ലബനാനിലേക്ക് നാടു കടത്തി. ഒരു വര്‍ഷത്തിന് ശേഷം ഓസ്ലോ കരാര്‍ വ്യവസ്ഥയനുസരിച്ചു മടങ്ങി. ഫലസ്തീനിലേക്ക് മടങ്ങിയ ഹനിയ സുരക്ഷ കണക്കിലെടുത്താണ് ഖത്വറിലേക്ക് താമസം മാറ്റിയത്.

ബുധനാഴ്ച രാവിലെയാണ് ഹനിയ കൊല്ലപ്പെട്ട വിവരം ഇറാന്‍ ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ് സ്ഥിരീകരിച്ചത് . കൊലപാതകം ഭീരുത്വം നിറഞ്ഞതാണെന്നും വെറുതെയാവില്ലെന്നും ഹമാസ് പ്രതിനിധി മൂസ അബു മര്‍സൂക് ചൂണ്ടിക്കാട്ടി .ഇസ്രാഈല്‍ -ഫലസ്തീന്‍ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം ആകാമെന്ന് ഈയിടെ ഹനിയ വ്യക്തമാക്കിയിരുന്നു .പക്ഷേ ,ഹമാസിനെ നിര്‍വീര്യമാക്കുക എന്ന ഇസ്രാഈല്‍ ഗൂഡാലോചന അതിനുമപ്പുറമായി .ഗസയില്‍ വ്യോമാക്രമണത്തില്‍ മൂന്ന് ആണ്‍മക്കള്‍ കൊല്ലപ്പെട്ടപ്പോഴും പതറാത്ത വ്യക്തിത്വമായിരുന്നു . രാജ്യാന്തര നയതന്ത്രത്തിന്റെ പ്രസാദാത്മക മുഖമായിരുന്നു . പല നയതന്ത്രജ്ഞരും അദ്ദേഹത്തെ മിതവാദിയായി കണ്ടു.2017ലാണ് ഹമാസിന്റെ പ്രധാന നേതാവായി നിയമിതനായത് . ഗസ മുനമ്പിലെ യാത്രാ നിയന്ത്രണങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് അദ്ദേഹം ആദ്യം പോയത് തുര്‍ക്കിയിലേക്കാണ് .പിന്നീടാണ് ഖത്വര്‍ തലസ്ഥാനമായ ദോഹയിലേക്ക് മാറിയത് . കൊലപാതകം മധ്യ പൗരസ്ത്യ ദേശത്തു നടുക്കമുളവാക്കിയിട്ടുണ്ട് .ഇറാനില്‍ ഇസ്രാഈല്‍ ആക്രമണകാരികള്‍ വ്യാപകമായി നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ് സൂചന .ഇറാന്‍ പ്രത്യാക്രമണം നടത്തിയാല്‍ മേഖല ദുരിതക്കടലാകും .ഗസയില്‍ ഇസ്രാഈല്‍ മാസങ്ങളായി തുടരുന്ന ആക്രമണങ്ങള്‍ ലോക രാജ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു .മുന്‍ കാലങ്ങളിലും ഇത് തന്നെയായിരുന്നു നില .2014 ല്‍ ഈ കൊച്ചു പ്രദേശത്തിലെ 17 ലക്ഷം ജനങ്ങളെ ശത്രുക്കളായി കണ്ട്, മിസൈലുകള്‍ അയച്ചും ടാങ്കുകള്‍ ഉരുട്ടിയും ഇസ്റാഈല്‍ സൈന്യം കൂട്ടക്കൊലകള്‍ ആവര്‍ത്തിച്ചു . ഏതാണ്ട് 300 ലധികം പേര്‍ ഒറ്റയടിക്ക് കൊല്ലപ്പെട്ടു. ചോരയോടുള്ള ആര്‍ത്തിപൂണ്ട് ആക്രമണം തുടരുകയാണ്. രാജ്യാന്തര തലത്തിലെ പ്രതിഷേധം ഇസ്റാഈല്‍ വകവെക്കുന്നില്ല. ഐക്യരാഷ്ട്ര സഭ നോക്കുകുത്തിയായി നില്‍ക്കുന്നു. ആക്രമണം നടത്താന്‍ ഇസ്റാഈലിന് കാരണങ്ങള്‍ വേണ്ട. ലബനോനിലും ഗോലാന്‍ കുന്നുകളിലും ആക്രമണം നടത്തിയത് പ്രകോപനമില്ലാതെയായിരുന്നു. ഫലസ്തീന് അവകാശപ്പെട്ട ഭൂപ്രദേശങ്ങള്‍ പിടിച്ചടക്കുകയും ഗസയിലെ ഫലസ്തീനികളെ തുരത്തിയോടിക്കുകയുമാണ് ലക്ഷ്യം.

ഇസ്റാഈല്‍ ടാങ്കുകള്‍ ഗസയുടെ മേല്‍ സംഹാര താണ്ഡവാമാടുകയാണ്. എത്ര നിരപരാധികളും കുഞ്ഞുങ്ങളുമാണ് ചതഞ്ഞരഞ്ഞുപോവുകയെന്ന് പറയുകവയ്യ. ഇതിനിടയില്‍ മിസൈല്‍ ആക്രമണവും . രാജ്യാന്തര മാധ്യമങ്ങളെ ഉപയോഗിച്ച് ഇസ്റാഈല്‍ ലോക നേതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നു. ഹമാസ് ഭീകരവാദ സംഘടനയാണെന്ന് മുദ്രചാര്‍ത്തിയും ഇസ്റാഈലിനെതിരെ റോക്കറ്റാക്രമണം നടത്തിയെന്ന് കള്ളം പറഞ്ഞും ലോകനേതാക്കളുടെ ശ്രദ്ധ തിരിച്ചുവിടുന്നു. വെസ്റ്റ് ബേങ്കിലെ ഫത്താഹിനെപ്പോലെ തന്നെയാണ് ഹമാസ്. ഗസയിലെ ജനങ്ങള്‍ മഹാഭൂരിപക്ഷവും ഹമാസിന് പിന്നില്‍ അണിനിരന്നിട്ടുണ്ട്. അത് കൊണ്ടുതന്നെ ഹമാസില്‍ ഭീകരവാദം അരോപിക്കുന്നത് ഉചിതമല്ല. തീര്‍ച്ചയായും അവര്‍പോരാടുന്നുണ്ട്. അത് ഇസ്റാഈലിന്റെ അടിച്ചമര്‍ത്തല്‍ നയത്തിനെതിരെയാണ്. ഗസയെ മുഴുവന്‍ ഒരു തടവറ പോലെ ആക്കിയിരിക്കുകയാണ് ഇസ്റാഈല്‍ . ഗസയിലേക്ക് പോകാനും അവിടെ നിന്ന് തിരിച്ചുവരാനുമുള്ള വഴികളിലെല്ലാം അടച്ചിട്ടുണ്ട് .അവിടേക്കു ബോംബ് വര്‍ഷിച്ചു കൊണ്ടേയിരിക്കുന്നു .ഇസ്മാഈല്‍ ഹനിയ പോലുള്ള നേതാക്കള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു

 

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest