Articles
ശിരസ്സുയര്‍ത്താന്‍ എന്താണുള്ളത്?
ഹേബിയസ് കോര്‍പസ് കേസില്‍ വിസമ്മതം എഴുതാന്‍ കനല്‍ ഒരു തരിയെങ്കിലുമുണ്ടായിരുന്നെങ്കില്‍ ബാബരി കാലത്തെത്തിയപ്പോള്‍ എല്ലാം ഏകപക്ഷീയമായിരിക്കുന്നു എന്നതാണ് എഴുപത്തഞ്ചിലേക്ക് കടക്കുമ്പോഴുള്ള പരമോന്നത കോടതിയുടെ വിശേഷം. അത്തരമൊരു സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ നാഥന് തലയുയര്‍ത്തിപ്പിടിച്ച് പറയാന്‍ കാര്യമായി വല്ലതുമുണ്ടോ എന്നാലോചിച്ചു പോകുന്നത് സുപ്രീം കോടതിയിലെ മുതിര്‍ന്ന ന്യായാധിപരില്‍ ശ്രദ്ധേയ സാന്നിധ്യമായ ദുഷ്യന്ത് ദവെയെ കേട്ടപ്പോഴാണ്.
രാജ്യം റിപബ്ലിക്കായതിന്റെ രണ്ടാം നാള്‍, 1950 ജനുവരി 28ന് പാര്‍ലിമെന്റ് ഹൗസ് കോംപ്ലക്സിലെ പ്രൗഢ വേദി. ഭരണഘടനയെയും അതുവഴി ഇന്ത്യന്‍ ജനാധിപത്യത്തെയും ശരിയാം വിധം വ്യാഖ്യാനിക്കേണ്ട ഉത്തരവാദിത്വവുമായി സ്വതന്ത്ര ഇന്ത്യയിലെ സുപ്രീം കോടതി പിറവിയെടുക്കുകയാണ്. പരമോന്നത കോടതി ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന തിലക് മാര്‍ഗിലേക്ക് മാറ്റുന്നതിന് മുമ്പ് പാര്‍ലിമെന്റ് ഹൗസ് കോംപ്ലക്സിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അന്നത്തെ ആദ്യ സിറ്റിംഗില്‍ പ്രമുഖരുടെ വലിയ നിര അവിടെ സന്നിഹിതരായിരുന്നു. സുപ്രീം കോടതി ജഡ്ജിമാര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍, അഡ്വക്കറ്റ് ജനറല്‍മാര്‍, അറ്റോര്‍ണി ജനറല്‍ മോത്തിലാല്‍ സെതല്‍വാദ്, പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു, ഉപപ്രധാനമന്ത്രി വല്ലഭ്ഭായി പട്ടേല്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സുപ്രീം കോടതി ഉദ്ഘാടനം ചെയ്യപ്പെട്ടത്. അന്നവിടെ ഒരുമിച്ചുകൂടിയ സമകാലീന ഇന്ത്യന്‍ നീതിന്യായ, രാഷ്ട്രീയ രംഗങ്ങളുടെ പരിഛേദം ഒറ്റ സ്വരത്തില്‍ പ്രഖ്യാപിച്ചത് ഇപ്രകാരം വായിക്കാം: ‘നമ്മള്‍ ഈ ബാറില്‍ ഇന്ന് ഉദ്ഘാടനം ചെയ്തിരിക്കുന്ന സുപ്രീം കോടതി അതിന്റെ മുന്നോട്ടുള്ള വഴികളില്‍ നീതിന്യായ ഔന്നത്യം ഉയര്‍ത്തിപ്പിടിക്കുമെന്നും സ്മരണീയവും ഐതിഹാസികവുമായ വിധികള്‍ പുറപ്പെടുവിക്കുമെന്നുമുള്ള ആത്മവിശ്വാസം നമുക്കുണ്ട്. അത് സുപ്രീം കോടതിയുടെ ചരിത്രത്തെ തന്നെ പ്രകാശിപ്പിക്കും’.
ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ഐതിഹാസിക വിധികള്‍ പ്രതീക്ഷിച്ച നമുക്ക് പക്ഷേ നിരാശരാകേണ്ടി വന്നു പലപ്പോഴും. സുപ്രീം കോടതി ഉദ്ഘാടനം ചെയ്യപ്പെട്ടതിന് കൃത്യം 21 വര്‍ഷം പൂര്‍ത്തിയായ, 1977 ജനുവരി 28ന് ഹന്‍സ് രാജ് ഖന്നയെന്ന ധീരനായ ന്യായാധിപന്റെ മുമ്പില്‍ ഇന്ത്യന്‍ ജുഡീഷ്യറിക്ക് അപമാനഭാരത്താല്‍ തലകുനിക്കേണ്ടി വന്നു. രാജ്യം അടിയന്തരാവസ്ഥയിലൂടെ കടന്നുപോയപ്പോള്‍ ഉയര്‍ന്നു വന്ന ശ്രദ്ധേയ നിയമ വ്യവഹാരമായിരുന്നല്ലോ ഹേബിയസ് കോര്‍പസ് കേസ് എന്ന പേരിലറിയപ്പെട്ട 1976ലെ എ ഡി എം ജബല്‍പൂര്‍ കേസ്. പ്രസ്തുത കേസിലെ ഏകനായ വിസമ്മത വിധിക്കാരന്‍ എച്ച് ആര്‍ ഖന്നയെ തഴഞ്ഞ് ജൂനിയറായ എം എച്ച് ബേഗിനെ ഇന്ദിരാ ഭരണകൂടം സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചപ്പോള്‍, നീതിബോധമുയര്‍ത്തിപ്പിടിച്ച് മുഖ്യ ന്യായാധിപ പദവി ത്യാഗം ചെയ്ത് രാജിവെച്ചു പോകുകയായിരുന്നു എച്ച് ആര്‍ ഖന്ന.
അടിയന്തരാവസ്ഥക്കാലത്ത് പൗരാവകാശങ്ങളും വ്യക്തി സ്വാതന്ത്ര്യവും റദ്ദാക്കപ്പെടുമെന്നും അത് കോടതിയില്‍ ചോദ്യം ചെയ്യാനാകില്ലെന്നും കൂടെയുണ്ടായിരുന്ന നാല് ന്യായാധിപരും വിധിയെഴുതിയപ്പോള്‍ അതങ്ങനെ റദ്ദായിപ്പോകില്ലെന്നും ഭരണഘടന പിന്നെയെന്തിനാണെന്നും ചോദിച്ച് വിസമ്മത വിധി എഴുതുകയായിരുന്നു എച്ച് ആര്‍ ഖന്ന. ഹേബിയസ് കോര്‍പസ് കേസിലെ ഭൂരിപക്ഷ വിധി നമ്മുടെ ഭരണഘടനാ മൂല്യങ്ങളോട് യോജിച്ചു പോകുന്നതല്ലെന്ന് കണ്ട് പില്‍ക്കാല ഇന്ത്യ ഖന്നയെ ശരിവെച്ചു. ഖന്നയുടെ വിധിയുടെ താത്പര്യമാണ് ഭരണഘടനാപരമായി ഇപ്പോള്‍ സാധുതയുള്ള സമീപനം. 1950ല്‍ പാര്‍ലിമെന്റ് ഹൗസ് കോംപ്ലക്സില്‍ തുടങ്ങി തിലക് മാര്‍ഗിലേക്ക് വളര്‍ന്ന സുപ്രീം കോടതിയുടെ വജ്ര ജൂബിലി ആഘോഷങ്ങള്‍ക്ക് കഴിഞ്ഞ ദിവസം, ജനുവരി 28ന് പ്രൗഢമായി തുടക്കം കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ജുഡീഷ്യറിയില്‍ നിന്നും എക്സിക്യൂട്ടീവില്‍ നിന്നുമുള്ള പ്രമുഖരുടെ നിരയുണ്ടായിരുന്നു. അവിടെ നടത്തിയ തന്റെ പ്രസംഗത്തില്‍ 74 വര്‍ഷങ്ങള്‍ക്കപ്പുറം നടന്ന സുപ്രീം കോടതിയുടെ പ്രഥമ സിറ്റിംഗ് ഓര്‍മിപ്പിക്കുന്നുണ്ട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. അന്നത്തെ ആഹ്വാനത്തിനും പ്രതീക്ഷക്കും വിരുദ്ധമായ മോശം വിധികളിലൊന്നായിരുന്നല്ലോ ഹേബിയസ് കോര്‍പസ് വിധി. ആ ഭൂരിപക്ഷ വിധിയെഴുതിയ ന്യായാധിപരില്‍ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസിന്റെ പിതാവ് വൈ വി ചന്ദ്രചൂഡും ഉണ്ടായിരുന്നു. അദ്ദേഹവും ചീഫ് ജസ്റ്റിസായാണ് വിരമിച്ചത്. ഹേബിയസ് കോര്‍പസിലെ പിഴവിന് വൈ വി ചന്ദ്രചൂഡ് ഉള്‍പ്പെടെയുള്ള നാല് ന്യായാധിപരെയും ഈ രാജ്യവും അതിന്റെ ഭരണഘടനയും തിരുത്തിയെങ്കില്‍ പരമോന്നത നീതിപീഠം എഴുപത്തഞ്ചിന്റെ നിറവില്‍ പരിലസിക്കുന്നുവെന്ന് പറയുന്ന ഈ നാളുകളില്‍ അമൂര്‍ത്തമായ ചില ചോദ്യങ്ങള്‍ ഉത്തരം തേടുന്നുണ്ട്. നമ്മുടെ ഭരണഘടനയെയും നിയമ നീതി തത്ത്വങ്ങളെയും മാറ്റിവെച്ചു കൊണ്ട് നടത്തിയ ബാബരി വിധിക്ക് തിരുത്തുണ്ടാകേണ്ടതില്ലേ എന്നത് അതില്‍ പ്രധാനമാണ്. അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ മുഖ്യ ന്യായാധിപനും ഭാഗമായിരുന്ന ആ വിധി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ എങ്ങനെ അടയാളപ്പെടുത്തപ്പെടുമെന്നാണ് ചീഫ് ജസ്റ്റിസ് വിചാരിക്കുന്നത്.
ഹേബിയസ് കോര്‍പസ് കേസില്‍ വിസമ്മതം എഴുതാന്‍ കനല്‍ ഒരു തരിയെങ്കിലുമുണ്ടായിരുന്നെങ്കില്‍ ബാബരി കാലത്തെത്തിയപ്പോള്‍ എല്ലാം ഏകപക്ഷീയമായിരിക്കുന്നു എന്നതാണ് എഴുപത്തഞ്ചിലേക്ക് കടക്കുമ്പോഴുള്ള പരമോന്നത കോടതിയുടെ വിശേഷം. അത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ കാവലാള്‍ ദൗത്യം നിര്‍വഹിക്കേണ്ട സുപ്രീം കോടതിയുടെ നാഥന് തലയുയര്‍ത്തിപ്പിടിച്ച് പറയാന്‍ കാര്യമായി വല്ലതുമുണ്ടോ എന്നാലോചിച്ചു പോകുന്നത് സുപ്രീം കോടതിയിലെ മുതിര്‍ന്ന ന്യായാധിപരില്‍ ശ്രദ്ധേയ സാന്നിധ്യമായ ദുഷ്യന്ത് ദവെയെ കേട്ടപ്പോഴാണ്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ പരിതാപസ്ഥിതിയെക്കുറിച്ച് മൂര്‍ച്ചയുള്ള വാക്കുകളാണ് അദ്ദേഹം കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ ഉപയോഗിച്ചത്. തിരുവായ്ക്ക് മറുവാക്കില്ലാത്ത പരമാധികാര സംവിധാനമായി മാറിയ ജുഡീഷ്യറി ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലാവസ്ഥയിലാണെന്ന് പറയുന്നു ദവെ. എക്സിക്യൂട്ടീവ് നിയമ ലംഘനങ്ങള്‍ നടത്തുമ്പോള്‍ ജുഡീഷ്യറി മൗനം പാലിക്കുന്നു. വര്‍ഗീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് കുറ്റാരോപിതരുടെ വീടുകള്‍ ബുള്‍ഡോസ് ചെയ്യുമ്പോള്‍ ജുഡീഷ്യറി പ്രതികരിക്കുന്നില്ല. ഹൈക്കോടതികളിലെയും സുപ്രീം കോടതിയിലെയും ന്യായാധിപര്‍ അന്ധരാണോ എന്ന് നിസ്സങ്കോചം ചോദിക്കുന്ന ദുഷ്യന്ത് ദവെയെയും കപില്‍ സിബലിനെയുമൊക്കെ വര്‍ത്തമാനകാല ഇന്ത്യ കേട്ടുകൊണ്ടിരിക്കണം. അല്ലാത്തപക്ഷം വായ്ത്താരി മാത്രമേ നമ്മുടെ കര്‍ണപുടങ്ങളിലെത്തുകയുള്ളൂ.
സുപ്രീം കോടതി കൊളീജിയം ശിപാര്‍ശകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദാസീന നിലപാട് വെച്ചു പുലര്‍ത്തുന്നതില്‍ സുപ്രീം കോടതിയും ഭരണകൂടവും തമ്മില്‍ സമീപകാലത്ത് ചില ഏറ്റുമുട്ടലുകളുണ്ടായി എന്നതൊക്കെ ശരി തന്നെ. പക്ഷേ ആത്യന്തികമായി കീഴടങ്ങുകയായിരുന്നു സുപ്രീം കോടതി കൊളീജിയം എന്ന് കണ്ടെത്താന്‍ പ്രയാസമില്ല. കാരണം കൊളീജിയം കേന്ദ്ര സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്ത ന്യായാധിപരില്‍ സര്‍ക്കാറിന് താത്പര്യമില്ലാത്ത ഒരാളെയും ജഡ്ജിയായി നിയമിക്കാന്‍ വേണ്ട ദൃഢനിശ്ചയമോ ആര്‍ജവമോ സുപ്രീം കോടതി കൊളീജിയം ഒരിക്കല്‍ പോലും പ്രകടിപ്പിച്ചിട്ടില്ല. പ്രത്യുത മുന്‍ ശിപാര്‍ശയില്‍ നിന്ന് പതിയെ പിന്‍വാങ്ങി ഭരണകൂടത്തിന് താത്പര്യമുള്ളവരെ നാമനിര്‍ദേശം ചെയ്ത് ഭരണഘടനാ കോടതികളിലെ ന്യായാധിപ ഒഴിവുകള്‍ നികത്താനാണ് കൊളീജിയം ശ്രമിക്കുന്നത്. അവിടെ ജുഡീഷ്യറി എക്സിക്യൂട്ടീവിന് കീഴൊതുക്കം പ്രഖ്യാപിക്കുകയല്ലെങ്കില്‍ പിന്നെ മറ്റെന്താണ് സംഭവിക്കുന്നത്? പക്ഷേ അതത്ര പ്രകടമല്ലെന്ന് മാത്രം. നീതിപീഠം ഭരണകൂടത്തിന് കൈ കൊടുത്തും ചിരിച്ചും കടന്നു പോകുന്ന കാലം ഇന്ത്യന്‍ ജനാധിപത്യത്തിന് മരണമണി മുഴക്കാതിരുന്നെങ്കില്‍ എന്നാശിച്ചു പോകുകയാണ്.