Connect with us

From the print

ഇതൊക്കെയെന്ത്!

സെഞ്ച്വറിയുമായി അഭിഷേക് കസറിയപ്പോൾ ഐ പി എല്ലിൽ പഞ്ചാബ് കിംഗ്‌സിനെതിരെ ഹൈദരാബാദിന് എട്ട് വിക്കറ്റിന്റെ മിന്നും ജയം

Published

|

Last Updated

ഹൈദരാബാദ് | 245 റൺസൊക്കെ ഐ പി എല്ലിലെ വലിയ സ്‌കോറാണ്. പക്ഷേ, സൺറൈസേഴ്‌സ് ഹൈദരാബാദ് ഓപണർ അഭിഷേക് ശർമക്ക് അത് നിസ്സാരമായിരുന്നു. സെഞ്ച്വറിയുമായി അഭിഷേക് കസറിയപ്പോൾ ഐ പി എല്ലിൽ പഞ്ചാബ് കിംഗ്‌സിനെതിരെ ഹൈദരാബാദിന് എട്ട് വിക്കറ്റിന്റെ മിന്നും ജയം. 54 പന്തിൽ 141 റൺസ് നേടിയാണ് അഭിഷേക് ആതിഥേർക്ക് ജയം സമ്മാനിച്ചത്. പത്ത് സിക്‌സും 14 ബൗണ്ടറിയും ആ ബാറ്റിൽ നിന്നൊഴുകി. ഐ പി എല്ലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോറാണിത്. കെ എൽ രാഹുലിന്റെ 132 റൺസിന്റെ റെക്കോർഡാണ് മറികടന്നത്. സ്‌കോർ: പഞ്ചാബ് 20 ഓവറിൽ ആറ് വിക്കറ്റിന് 245. ഹൈദരാബാദ് 18.3 ഓവറിൽ രണ്ടിന് 247. ഓപണിംഗ് വിക്കറ്റിൽ ട്രാവിസ് ഹെഡും (37 പന്തിൽ 66) അഭിഷേകും ചേർന്ന് 12.2 ഓവറിൽ 171 റൺസ് വാരിക്കൂട്ടിയതോടെ കാര്യങ്ങൾ ആതിഥേയർക്ക് അനുകൂലമായിരുന്നു. പവർപ്ലേയിൽ ലഭിച്ചത് 83 റൺസ്. 19 പന്തിൽ 50ലെത്തിയ അഭിഷേക് 40 പന്തിൽ സെഞ്ച്വറി തികച്ചു. 14.5 ഓവറിൽ ഹൈദരാബാദ് 200 കടന്നു. 222ൽ നിൽക്കെ അഭിഷേക് അർഷ്്ദീപിന്റെ പന്തിൽ പുറത്തായി. പിന്നീട് ഹെൻറിച് ക്ലാസ്സനും (21) ഇഷാൻ കിഷനും (ഒമ്പത്) വിജയം പൂർത്തിയാക്കി.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 245 റൺസെടുത്തത്. 36 പന്തിൽ 82 റൺസെടുത്ത ശ്രേയസ്സാണ് ടോപ് സ്‌കോറർ. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിക്കാരൻ പ്രിയാൻഷ് ആര്യയും (13 പന്തിൽ 36) പ്രഭ്‌സിമ്രൻ സിംഗും (23 പന്തിൽ 42) ചേർന്ന് പഞ്ചാബിന് മിന്നൽ തുടക്കം നൽകി. നാല് ഓവറിൽ സ്‌കോർ 66ലെത്തി. മാർകസ് സ്റ്റോയിനിസാണ് (11 പന്തിൽ 34 നോട്ടൗട്ട്) സ്‌കോർ 250നരികിലെത്തിച്ചത്. മുഹമ്മദ് ഷമിയെറിഞ്ഞ അവസാന ഓവറിലെ അവസാന നാല് പന്തും സ്റ്റോയിനിസ് സിക്സർ പറത്തി. ഹൈദരാബാദിനായി ഹർഷൽ പട്ടേൽ നാല് വിക്കറ്റ് വീഴ്ത്തി.

Latest