Connect with us

Editorial

പ്രതിപക്ഷത്തെ കേൾക്കാതെ എന്ത് ജെ പി സി?

ഭരണഘടനാവിരുദ്ധമായ ഭേദഗതികള്‍ കുത്തിനിറച്ച ഈ ബില്ല് തള്ളിക്കളയാന്‍ ഫാസിസ്റ്റ് ജ്വരം ബാധിച്ചിട്ടില്ലാത്ത മുഴുവന്‍ ജനാധിപത്യപാര്‍ട്ടികളും കൈകോര്‍ക്കണം. പാര്‍ലിമെന്റ് എന്ന കടമ്പ കടന്നാലും ഈ അതിക്രമം ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമാക്കാന്‍ സുപ്രീം കോടതി തയ്യാറാകണം.

Published

|

Last Updated

ഭരണഘടന മുന്നോട്ടുവെക്കുന്ന മതേതര മൂല്യങ്ങള്‍ക്ക് നേരെ നിരന്തരം ആക്രമണമഴിച്ചുവിടുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ ദിശയിലെ ഏറ്റവും അപകടകരമായ എടുത്തുചാട്ടമാണ് വഖ്ഫ് ഭേദഗതി ബില്ല്. 1995ലെ വഖ്ഫ് നിയമത്തിലെ പോരായ്മകള്‍ പരിഹരിക്കാനെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ഭേദഗതി നിയമം മുസ്‌ലിംകളുടെ അഭിമാനകരമായ അസ്തിത്വത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനും ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതാണ്. പ്രതിപക്ഷം ഒറ്റക്കെട്ടായി പാര്‍ലിമെന്റിനകത്തും പുറത്തും പ്രതിഷേധമുയര്‍ത്തുകയും ഭരണ സഖ്യത്തിന് അകത്തു തന്നെ വിള്ളല്‍ വ്യക്തമാകുകയും ചെയ്തതോടെ വഖ്ഫ് ഭേദഗതി കരട് ബില്ല് സംയുക്ത പാര്‍ലിമെന്ററി സമിതി (ജെ പി സി)ക്ക് വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായി. വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുന്നത് തടയുകയും തര്‍ക്കങ്ങളില്‍ നിയമപരമായ പരിഹാരം എളുപ്പമാക്കലും മാത്രമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും ഏത് തരം വിമര്‍ശത്തെയും വിശാലമനസ്സോടെ കാണാന്‍ സര്‍ക്കാറിന് സാധിക്കുമെന്നും അവകാശപ്പെട്ടാണ് ബില്ല് ജെ പി സിക്ക് വിട്ടതിനെ ബി ജെ പി നേതൃത്വം ആഘോഷിച്ചത്.
എന്നാല്‍ സത്യം എല്ലാവര്‍ക്കുമറിയാം. ഇത്തവണ ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷമില്ലാതെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് സഖ്യശക്തികളായ ജനതാദള്‍ യുനൈറ്റഡിന്റെയും തെലുഗു ദേശം പാര്‍ട്ടിയുടെയും പിന്തുണ നിര്‍ണായകമാണ്. ഈ പ്രാദേശിക പാര്‍ട്ടികള്‍ക്കാണെങ്കില്‍ മുസ്‌ലിം വോട്ട് ബേങ്കില്‍ സാമാന്യം ഭേദപ്പെട്ട സ്വാധീനമുണ്ട് താനും. അതുകൊണ്ട് മുസ്‌ലിം ജീവിതത്തിന്റെ നട്ടെല്ലെന്ന് പറയാവുന്ന വഖ്ഫ് സ്വത്തുക്കളിലേക്ക് കടന്നു കയറാനുള്ള ഭരണകൂട നീക്കത്തെ അപ്പടി പിന്തുണക്കാന്‍ ഈ പാര്‍ട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ട്. താത്കാലികമായെങ്കിലും ഈ വിയോജിപ്പ് അവര്‍ രേഖപ്പെടുത്തി. അതോടെയാണ് സംയുക്ത പാര്‍ലിമെന്ററി സമിതിയുടെ പരിഗണനക്ക് ബില്ല് വിട്ടത്. ഭരണപക്ഷത്തിന് വന്‍ ഭൂരിപക്ഷമുള്ള ഒരു സമിതിയില്‍ നിന്ന് നീതി കിട്ടില്ലെന്ന് എല്ലാവരും ചൂണ്ടിക്കാട്ടിയതാണ്. എങ്കിലും ജനാധിപത്യപരമായ സംവാദത്തിലൂടെ ബില്ല് കടന്നുപോകുമെന്ന നേരിയ പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു. ബി ജെ പി നേതാവായ ജഗദംബിക പാലിന്റെ നേതൃത്വത്തിലുള്ള സമിതി പക്ഷേ, കടുത്ത നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ബില്ലില്‍ പ്രതിപക്ഷ അംഗങ്ങള്‍ നിര്‍ദേശിച്ച 44 ഭേദഗതികളും ജെ പി സി തള്ളി. എന്‍ ഡി എ അംഗങ്ങള്‍ നിര്‍ദേശിച്ച 23ല്‍ 14 ഭേദഗതികള്‍ അംഗീകരിക്കുകയും ചെയ്തു. അന്തിമ റിപോര്‍ട്ട് 31ന് ലോക്‌സഭയില്‍ സമര്‍പ്പിക്കും. അങ്ങേയറ്റം പ്രതിലോമകരമായ വഖ്ഫ് ഭേദഗതി ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ ആഗസ്റ്റ് എട്ടിനാണ് ജെ പി സി രൂപവത്കരിച്ചത്. വഖ്ഫ് വിഷയത്തിലെ റഹ്മാന്‍ ഖാന്‍ സമിതിയടക്കം നിരവധി പാര്‍ലിമെന്ററി സമിതികളുടെ പ്രവര്‍ത്തനത്തിന് രാജ്യം സാക്ഷിയായിട്ടുണ്ട്. അന്നൊന്നുമില്ലാത്തവിധം ജനാധിപത്യവിരുദ്ധമായാണ് ജഗദംബിക പാല്‍ പെരുമാറിയത്. പ്രതിപക്ഷ കക്ഷികളിലെ അംഗങ്ങളോട് ആലോചിക്കാതെ യോഗങ്ങള്‍ വിളിച്ചു. അധ്യക്ഷന്റെ ഏകപക്ഷീയ നിലപാടുകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ അംഗങ്ങള്‍ക്ക് സ്പീക്കറെ കാണേണ്ടിവന്നു. സമിതി യോഗത്തില്‍ ബഹളം ഉണ്ടാക്കിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം 10 പ്രതിപക്ഷ എം പിമാരെ സസ്‌പെന്‍ഡ് ചെയ്തു. ചര്‍ച്ചകള്‍ക്ക് ആവശ്യമായ സാവകാശം അനുവദിക്കാതെ ഡല്‍ഹി തിരഞ്ഞെടുപ്പ് ലാക്കാക്കി തിടുക്കത്തില്‍ ബില്ല് ചുട്ടെടുക്കാനുള്ള രാഷ്ട്രീയ ദൗത്യത്തിനാണ് ജഗദംബിക പാല്‍ മുതിര്‍ന്നത്.
ജെ പി സിയും കടന്ന് പുറത്തേക്ക് വരാന്‍ പോകുന്ന ബില്ല് കൂടുതല്‍ മാരകമാണ്. ലഭ്യമായ വിവരങ്ങള്‍ കണക്കിലെടുത്താല്‍ തന്നെ ബില്ലില്‍ ഒളിപ്പിച്ചുവെച്ച കോമ്പല്ലുകള്‍ തെളിഞ്ഞു കാണാനാകും. വഖ്ഫ് ബോര്‍ഡുകളില്‍ മുസ്‌ലിംകളല്ലാത്ത അംഗങ്ങളുണ്ടാകണമെന്ന് ശഠിക്കുന്നതാണ് പാര്‍ലിമെന്റില്‍ വെച്ച ബില്ല്. ആ ശാഠ്യം കൂടുതല്‍ കടുത്തതാകുന്നു ജെ പി സി ഭേദഗതിയിലൂടെ. ഈ അംഗങ്ങളുടെ മതം പ്രശ്‌നമല്ല എന്നല്ല പറയുന്നത്, മറിച്ച് മുസ്‌ലിംകളാകരുത് എന്ന് തന്നെയാണ്. അമുസ്‌ലിംകള്‍ എക്‌സ് ഒഫീഷ്യാ അംഗങ്ങള്‍ ആയാലും പോരാ. അതിന് പുറത്ത് തന്നെ രണ്ട് പേര്‍ വേണമെന്ന നിലയാണ് ഒടുവില്‍ എത്തിയിരിക്കുന്നത്. ഫലത്തില്‍ രണ്ടില്‍ കൂടുതല്‍ അമുസ്‌ലിംകള്‍ ബോര്‍ഡില്‍ ഉണ്ടാകുന്ന സ്ഥിതിയുണ്ടാകും. എന്താണിതിന്റെ ന്യായം? വിശ്വാസികള്‍, വിശ്വാസപൂര്‍വം കൈകാര്യം ചെയ്യേണ്ട സ്വത്തുവകകളുടെ കൈകാര്യ കര്‍തൃത്വം അവര്‍ക്ക് തന്നെയായിരിക്കണമെന്ന ഭരണഘടനാ വ്യവസ്ഥ നഗ്നമായി ലംഘിക്കപ്പെടുകയാണ് ഇവിടെ.

വഖ്ഫ് ഭൂമിയില്‍ തര്‍ക്കമുണ്ടായാല്‍ പരിശോധന നടത്താനും തീരുമാനമെടുക്കാനുമുള്ള അധികാരം വഖ്ഫ് ബോര്‍ഡില്‍ നിന്ന് ജില്ലാ കലക്ടറിലേക്ക് മാറിയതായിരുന്നു പാര്‍ലിമെന്റില്‍ വെച്ച ഭേദഗതി ബില്ല്. ഈ അധികാരം സര്‍ക്കാര്‍ നിയമിക്കുന്ന അതോറിറ്റിക്ക് നല്‍കുന്നുവെന്നതാണ് ജെ പി സിയില്‍ ചുട്ടെടുത്ത ഏറ്റവും അപകടകരമായ ഭേദഗതി. എന്നുവെച്ചാല്‍ സംസ്ഥാന സര്‍ക്കാറുകളുടെ നേരിട്ടുള്ള നിര്‍ണയത്തിലേക്ക് വഖ്ഫ് സ്വത്തുക്കള്‍ എടുത്തെറിയപ്പെട്ടിരിക്കുന്നു. തര്‍ക്കത്തിലുള്ള സ്വത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവയുടെ കാര്യത്തില്‍ ഈ ബില്ലിന് മുന്‍കാല പ്രാബല്യമുണ്ടാകില്ലെന്ന വ്യവസ്ഥയും ചേര്‍ത്തു. വഖ്ഫില്‍ 90 ശതമാനവും രജിസ്റ്റര്‍ ചെയ്യപ്പെടാത്തത് ആയതിനാല്‍ ഈ മാറ്റവും ഗുണം ചെയ്യില്ല. ഭൂമി വഖ്ഫ് ചെയ്യുന്ന വ്യക്തി കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ഇസ്‌ലാം ആചരിക്കുന്നുണ്ടെന്ന് തെളിയിക്കണമെന്ന വ്യവസ്ഥയും അതേപടി നിലനിര്‍ത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ 25 ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഈ വ്യവസ്ഥകള്‍. ഇഷ്ടമുള്ള മതം സ്വീകരിച്ച് കഴിഞ്ഞാല്‍ ആ നിമിഷം മുതല്‍ വ്യക്തിക്ക് അതിന്റെ വിധിവിലക്കുകള്‍ക്കനുസരിച്ച് ജീവിക്കാന്‍ സാധിക്കണം. അതിന് അഞ്ച് വര്‍ഷം കാത്തിരിക്കണമെന്ന് പറയുന്നത് എത്ര വലിയ പൗരാവകാശ ലംഘനമാണ്. മതസ്ഥാപനങ്ങള്‍ ആര്‍ജിക്കാനും നിലനിര്‍ത്താനും മൗലികാവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 26ഉം ഈ ഭേദഗതികള്‍ ലംഘിക്കുന്നു. ഭരണഘടനാവിരുദ്ധമായ ഭേദഗതികള്‍ കുത്തിനിറച്ച ഈ ബില്ല് തള്ളിക്കളയാന്‍ ഫാസിസ്റ്റ് ജ്വരം ബാധിച്ചിട്ടില്ലാത്ത മുഴുവന്‍ ജനാധിപത്യപാര്‍ട്ടികളും കൈകോര്‍ക്കണം. പാര്‍ലിമെന്റ് എന്ന കടമ്പ കടന്നാലും ഈ അതിക്രമം ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമാക്കാന്‍ സുപ്രീം കോടതി തയ്യാറാകണം. ഇന്ത്യ ഒരു മതരാഷ്ട്രമല്ല. മതേതര രാഷ്ട്രമാണ്. ഇന്ന് മുസ്‌ലിംകളാണെങ്കില്‍ നാളെ ഏത് ന്യൂനപക്ഷ സമൂഹത്തിലേക്കും കടന്നാക്രമണം വരുമെന്ന് എല്ലാവരും മനസ്സിലാക്കണം.

Latest