Connect with us

From the print

ഇനി എന്ത്? മനസ്സ് മരവിച്ച് ദുരന്തബാധിതര്‍

വലിയൊരു വിഭാഗം ദുരിതാശ്വാസ ക്യാമ്പില്‍. രാജ്യത്തിന് മാതൃകയാകുന്ന പുനരധിവാസ പദ്ധതി വേണം.

Published

|

Last Updated

കല്‍പ്പറ്റ | ഉറ്റവരും ഉടയവരുമില്ല. ആയുസ്സിന്റെ സമ്പാദ്യമെല്ലാം ജലപ്രവാഹം തുടച്ചുനീക്കി. ഇനി എന്ത് എന്ന ചിന്തയില്‍, ഹൃദയം നുറുങ്ങുന്ന വേദനയുമായി, ഒരിറ്റ് കണ്ണീര് പോലും ബാക്കിയില്ലാതെ വലിയ ഒരു ജനത വയനാട്ടിലെ ദുരിതാശ്വസ ക്യാമ്പിലുണ്ട്. ഒന്ന് പിടിവിട്ടാല്‍ മനോനില പോലും നഷ്ടപ്പെടാവുന്ന ഇവരെ നാടൊന്നിച്ച് ചേര്‍ത്തുപിടിക്കുന്നുണ്ട്. ഇനി വേണ്ടത് പുനരധിവാസമാണ്. ആത്മാഭിമാനത്തിന് ഒരു പോറലുപോലും ഏല്‍ക്കാത്ത തരത്തില്‍ അതിവേഗം പുനരധിവാസമുണ്ടാകണം. ഉരുള്‍ തകര്‍ത്തെറിഞ്ഞ ഭൂമികയില്‍ രാജ്യചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ രക്ഷാപ്രവര്‍ത്തനമാണ് നടന്നത്. ഇതുപോലെ രാജ്യത്തിന് മാതൃകയാകുന്ന തരത്തിലുള്ള പുനരധിവാസവും വേണം. ഇതിനായി ബൃഹത്തായ പദ്ധതികളാണ് ഒരുങ്ങുന്നത്.

സര്‍ക്കാറിന്റെ ദുരിതാശ്വാസ പ്രതികരണ നിധി വഴി ടൗണ്‍ഷിപ്പ് മാതൃകയിലുള്ള പുനരധിവാസമാണ് ലക്ഷ്യമിടുന്നത്. ചുരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം ഗ്രാമങ്ങളുടെ വിദ്യാഭ്യാസ, മത – സാമൂഹിക, സാംസ്‌കാരിക ഇടങ്ങള്‍ നഷ്ടപ്പെടാത്ത തരത്തിലുള്ള പുനഃസൃഷ്ടിയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. പുനരധിവാസത്തിന് വേണ്ട ഭൂമി, വീട്, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ എത്രയും വേഗത്തില്‍ ഒരുക്കും. പ്രകൃതിവിഭവങ്ങള്‍ പരമാവധി കുറച്ച് ഓരോ വീടിനും വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും.

വീടുകള്‍ക്കും ഗതാഗത സൗകര്യങ്ങള്‍ക്കും പുറമെ നേരത്തേ ദുരന്ത മേഖലയിലുണ്ടായ സ്‌കൂളുകള്‍, കളിസ്ഥലം, അങ്കണ്‍വാടികള്‍, മതകേന്ദ്രങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, കുടുംബങ്ങള്‍ക്കായുള്ള സ്വയംതൊഴില്‍ സംരംഭ കേന്ദ്രങ്ങളെല്ലാം ടൗണ്‍ഷിപ്പിലുണ്ടാകും. അതിവേഗതയിലുള്ള പുനരധിവാസത്തിന് ആദ്യഘട്ടമെന്ന നിലയില്‍ അടിയന്തരമായി ക്യാമ്പുകളിലും ആശുപത്രികളിലുമുള്ളവരെ സര്‍ക്കാറിന്റെ കെട്ടിടങ്ങളിലും ആളുകള്‍ സൗജന്യമായി നല്‍കുന്ന കെട്ടിടങ്ങളിലേക്കും വാടക കെട്ടിടങ്ങളിലേക്കും മാറ്റും. ഇതിനായി 91 സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ ലഭ്യമായിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന് 27 ക്വാര്‍ട്ടേഴ്‌സുകളാണ് വയനാട്ടിലുള്ളത്. ഇതില്‍ മൂന്ന് കിടപ്പുമുറികള്‍, വലിയ ഭക്ഷണ ഹാള്‍, അടുക്കള, സ്റ്റോര്‍ റൂം, വര്‍ക്ക് ഏരിയ എന്നിവയെല്ലാമുണ്ട്. ഒരു ക്വാര്‍ട്ടേഴ്സില്‍ മൂന്ന് കുടുംബങ്ങളില്‍ നിന്നുള്ള പതിനഞ്ചോളം പേര്‍ക്ക് ഒരുമിച്ച് താമസിക്കാനാകും. ഇതിന് പുറമെ ത്രിതല പഞ്ചായത്ത് പരിധികളില്‍ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍, ഫ്‌ലാറ്റുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയവയും ഏറ്റെടുക്കും. ഇതിന്റെ കണക്ക് ലഭ്യമായിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് വാടകക്ക് താമസ സൗകര്യം ഒരുക്കിയും ഒന്നാംഘട്ടം പൂര്‍ത്തിയാക്കും.

ക്യാമ്പില്‍ നിന്ന് വാടക കെട്ടിടങ്ങളിലേക്കും മറ്റും മാറുമ്പോള്‍ കുട്ടികളുടെ വിദ്യാഭ്യാസം ചോദ്യചിഹ്നമാകാന്‍ സാധ്യതയുണ്ട്. വെള്ളാര്‍മല സ്‌കൂള്‍ മേപ്പാടി ഹൈസ്‌കൂളിലും മുണ്ടക്കൈ എല്‍ പി സ്‌കൂള്‍ മേപ്പാടി കമ്മ്യൂണിറ്റി ഹാളിലും ആരംഭിക്കാനാണ് തീരുമാനം. എന്നാല്‍ കുടുംബങ്ങള്‍ക്ക് താമസസൗകര്യം സമീപ പഞ്ചായത്തുകളില്‍ അടക്കമായിരിക്കും സജ്ജീകരിക്കാനാവുക. അതുകൊണ്ട് കുട്ടികള്‍ക്ക് താമസ സ്ഥലത്ത് നിന്ന് സ്‌കൂളുകളിലേക്ക് എത്തിച്ചേരാനുള്ള വാഹനസൗകര്യം കൂടി ആദ്യഘട്ട പുനരധിവാസത്തില്‍ സര്‍ക്കാര്‍ ഉറപ്പുവത്തും. ഇതിന് ശേഷം പലിശരഹിത സ്വയംതൊഴില്‍ വായ്പകള്‍ അടക്കം ലഭ്യമാക്കാനുള്ള നടപടികള്‍ വേണ്ടിവരും. നിലവില്‍ വിവിധ ബേങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമുള്ള ഈ നാട്ടുകാരുടെ വായ്പയുടെ കാര്യത്തില്‍ കൂടി സര്‍ക്കാറിന്റെ ഇടപെടല്‍ ഉണ്ടായേക്കും. തോട്ടം മേഖലയിലും മറ്റും ജോലി ചെയ്യുന്നവരാണ് ദുരന്തത്തിലെ ഇരകള്‍ ഏറെയും. ഇവര്‍ക്ക് സ്ഥായിയായ ഒരു ജോലി ഉറപ്പാക്കാനുള്ള ശ്രമങ്ങളുമുണ്ടാകും. അവസാനഘട്ടമെന്ന നിലയിലാണ് ടൗണ്‍ഷിപ്പ് മാതൃകയില്‍ സ്ഥായിയായ പുനരധിവാസം ഉറപ്പാക്കുക. ഇതിനായി ഡി പി ആര്‍ തയ്യാറാക്കും. പെട്ടെന്ന് സ്ഥലം കണ്ടെത്തി പരമാവധി വേഗത്തില്‍ പ്രവൃത്തിയിലേക്ക് കടക്കും. സര്‍ക്കാറിന് പുറമെ മറ്റ് സംഘടനകളുടെയും വ്യക്തികളുടെയും സഹായ വാഗ്്ദാനങ്ങളുമെല്ലാം ടൗണ്‍ഷിപ്പിനായി ഉപയോഗിച്ചേക്കും.

 

Latest