Connect with us

Malabar Movement 1921

വാരിയന്‍കുന്നത്തിനെ അളക്കാന്‍ ആര്‍ എസ് എസിന് എന്ത് യോഗ്യത: തോമസ് ഐസക്

നിര്‍ബന്ധിത മതംമാറ്റം; വാരിയംകുന്നത്തിനെതിരെ ഒരു തെളിവ് ഹാജരാക്കാന്‍ ആര്‍ എസ് എസിനാകുമോ?

Published

|

Last Updated

ആലപ്പുഴ | വാരിയന്‍കുന്നത്ത് കുഞ്ഞമ്മദ് ഹാജി നിര്‍ബന്ധിത മതപരിവര്‍ത്തനം നനടത്തിയതിന് ഒരു തെളിവ് എങ്കിലും ഹാജരാക്കാന്‍ ആര്‍ എസ് എസിന് കഴിയുമോയെന്ന് സി പി എം നേതാവ് തോമസ് ഐസക്. ആര്‍ എസ് എസ് ഉന്നയിക്കുന്ന ആരോപണങ്ങളില്‍ തെളിവ് ചോദിക്കുന്നതില്‍ അര്‍ഥമില്ലെന്ന് അറിയാമെങ്കിലും ചരിത്രത്തില്‍ എന്തെങ്കിലും തെളിവുവേണ്ടേയെന്നും ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഒരു പങ്കുമില്ലാത്തവരാണ് ആര്‍ എസ് എസുകാര്‍. ഇവരാണ് യഥാര്‍ഥ സ്വാതന്ത്ര്യസമരസേനാനികളുടെ യോഗ്യത നിശ്ചയിക്കാനിറങ്ങിയിരിക്കുന്നത്. ഇതില്‍പ്പരം എന്ത് വിരോധാഭാസമെന്താണെന്നും ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജയിലില്‍ കിടക്കുന്ന കൊടുംകുറ്റവാളികളുടെ കൈയില്‍ അധികാരം കിട്ടിയെന്നു സങ്കല്‍പ്പിക്കുക. തങ്ങളെ അറസ്റ്റു ചെയ്തതിന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിശിഷ്ടസേവാ മെഡല്‍ പൂര്‍വകാല പ്രാബല്യത്തോടെ പിന്‍വലിക്കാന്‍ അവര്‍ തീരുമാനിച്ചാല്‍, ആരെങ്കിലും അത്ഭുതപ്പെടുമോ?

അതുപോലെയാണ് വാര്യന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ളവരെ സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള ബി ജെ പിയുടെ നീക്കം. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഒരു പങ്കുമില്ലാതിരുന്ന ആര്‍എസ്എസുകാര്‍, യഥാര്‍ത്ഥ സ്വാതന്ത്ര്യസമരസേനാനികളുടെ യോഗ്യത നിശ്ചയിക്കാനിറങ്ങിപ്പുറപ്പെട്ടതിനെക്കാള്‍ വലിയ വിരോധാഭാസമെന്തുണ്ട്? ആര്‍എസ്എസ് ചെയ്തുകൊണ്ടിരിക്കുന്ന അല്‍പ്പത്തരങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ ഇനമാണിത്.

വാര്യന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അളക്കാന്‍ എന്താണിക്കൂട്ടരുടെ അളവുകോല്‍? അദ്ദേഹം ഹിന്ദുക്കളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാണ് പ്രധാന ആരോപണം. ആരോപിച്ചാല്‍ പോരല്ലോ. തെളിവു വേണ്ടേ. വാര്യന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നടത്തിയ നിര്‍ബന്ധിത മതംമാറ്റത്തിന് ചരിത്രത്തില്‍ എന്തു തെളിവാണ് ഉള്ളത്? ആര്‍എസ്എസുകാരോട് ആരോപണത്തിന് തെളിവു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നറിയാം.
മലബാര്‍ കലാപം സംബന്ധിച്ചുള്ള തങ്ങളുടെ വാദം സമര്‍ത്ഥിക്കാന്‍ ആര്‍എസ്എസ് അനുകൂലികള്‍ എല്ലാക്കാലത്തും ആശ്രയിക്കുന്നത് കലാപത്തിനു സാക്ഷിയായ, കെ പി സി സി പ്രസിഡന്റ് ആയിരുന്ന കെ. മാധവന്‍ നായരുടെ മലബാര്‍ കലാപം എന്ന പുസ്തകമാണ്. ആ പുസ്തകത്തിലെങ്കിലും വാര്യന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണമുണ്ടോ?

ഇല്ലെന്നു മാത്രമല്ല, ഈ ആരോപണം അദ്ദേഹം തള്ളിക്കളയുന്നുമുണ്ട്.
”ബ്രിട്ടീഷുകാര്‍ക്കെതിരായി ആദ്യമായി ഒരു സായുധ കലാപത്തിന് നേതൃത്വം നല്‍കിയത് കുഞ്ഞഹമ്മദ് ഹാജിയാണെന്നുള്ളത് തര്‍ക്കമറ്റ സംഗതിയാണ്” എന്നു വിലയിരുത്താന്‍ മാധവന്‍ നായര്‍ മടിച്ചിട്ടില്ല. വാര്യന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരായിരുന്നുവെന്നും സ്വന്തം ഇഷ്ടപ്രകാരമല്ലാത്ത മതംമാറ്റം ഒരു കാരണവശാലും അംഗീകരിക്കുകയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മാധവന്‍ നായര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

താനും വാര്യന്‍കുന്നത്ത് അഹമ്മദ് ഹാജിയുമായി മുഖാമുഖം കണ്ട സംഭവം വളരെ വിശദമായിത്തന്നെ മാധവന്‍ നായര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മഞ്ചേരിയിലെ ഒരു നമ്പൂതിരി ബാങ്ക് കൊള്ളയടിക്കാന്‍ കലാപകാരികളിലൊരു വിഭാഗം കോപ്പുകൂട്ടുന്നു എന്ന വിവരമറിഞ്ഞപ്പോള്‍ അതു തടയാന്‍ തന്റെ വിശ്വസ്തരായ അനുചരന്മാരെക്കൂട്ടി അഹമ്മദ് ഹാജി നേരിട്ടു തന്നെ അവിടെ എത്തി. തുടര്‍ന്നാണ് മാധവന്‍ നായരുമായുള്ള കൂടിക്കാഴ്ച.

തുടര്‍ന്നു നടന്ന ദീര്‍ഘമായ സംഭാഷണം പുസ്തകത്തില്‍ നിന്ന് ഉദ്ധരിക്കാം. മാധവന്‍ നായര്‍ ഹാജിയോട് – ‘എനിക്ക് മറ്റൊന്നും പറയുവാനില്ല. എങ്കിലും മാപ്പിളമാര്‍ പ്രവര്‍ത്തിച്ച അക്രമങ്ങള്‍ നിങ്ങള്‍ കണ്ടുവോ? ഒരു ഹിന്ദുവിന്റെ വീടെങ്കിലും ഇനി അവര്‍ കൊള്ള ചെയ്യാന്‍ ബാക്കിയില്ലല്ലോ. ഇതെന്ത് അന്യായമാണ്? ഇങ്ങനെയാണോ നിങ്ങളുടെ മതം ഉപദേശിക്കുന്നത്. നിങ്ങള്‍ക്ക് ശക്തിയുണ്ടെങ്കിലും മനസ്സുണ്ടെങ്കിലും ഈ കൊള്ള നിര്‍ത്തുകയാണു വേണ്ടത് ”
ഉടനെ ഹാജിയാര്‍ കണ്ണൊന്നുരുട്ടി മിഴിച്ച് എന്നോട് ഇങ്ങനെ പറഞ്ഞു: ‘അതിനു തന്നെയാണ് ഞാന്‍ ഇവിടെ വന്നിട്ടുള്ളത്. മഞ്ചേരി നാലും കൂടിയ സ്ഥലത്തുവെച്ച് ഞാന്‍ ഇപ്പോള്‍ ഇതു പറഞ്ഞു തന്നെയാണ് ഇങ്ങോട്ടു വന്നത്. കൊള്ള ചെയ്യുന്ന ഏതു മാപ്പിളയെയും എന്റെ കൈയില്‍ കിട്ടിയാല്‍ അവന്റെ വലത്തേ കൈ ഞാന്‍ വെട്ടിമുറിക്കും. അതിനു സംശയമില്ല. ഇവിടെ ഒരു കൊള്ള നടക്കുന്നുണ്ടെന്ന് കേട്ടിട്ടാണ് ഞാന്‍ ഇങ്ങോട്ടുതന്നെ ഇപ്പോള്‍ വന്നത് ‘.

”കൈ മുറിക്കുന്നതും മറ്റും സാഹസമാണ്, അതൊന്നും ചെയ്യരുത്. പക്ഷേ, കൊള്ള എങ്ങനെയെങ്കിലും നിര്‍ത്തുന്നത് അത്യാവശ്യമാണ്” എന്ന് ഞാന്‍ മറുപടി പറഞ്ഞു.
ഹാജിയാര്‍ ”അങ്ങനെ പറഞ്ഞാലെ അവര്‍ പേടിക്കുകയുള്ളൂ” എന്ന് എന്റെ ചെവിയില്‍ മന്ത്രിച്ചു.’
ലഹളയുടെ അപഭ്രംശങ്ങളെ നഖശിഖാന്തം എതിര്‍ക്കുമ്പോഴും, വാര്യന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയില്‍ അതിന്റെ ഉത്തരവാദിത്തങ്ങള്‍ ചാര്‍ത്താന്‍ കെ മാധവന്‍ നായര്‍ ശ്രമിച്ചിട്ടില്ലെന്നു മാത്രമല്ല, അതിനെ പരസ്യമായി എതിര്‍ക്കുകയും ഏതു വിധേനെയും തടയാന്‍ ശ്രമിക്കുകയും

ചെയ്തിരുന്ന നേതാവായിരുന്നു എന്നു തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.
മലബാര്‍ കലാപത്തില്‍ പങ്കെടുത്തതിന് വിചാരണ ചെയ്യപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച പ്രമുഖനായ കോണ്‍ഗ്രസ് നേതാവായിരുന്നു മോഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്. ചെര്‍പ്ലശേരി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ ‘ഖിലാഫത്ത് സ്മരണകള്‍’ എന്ന പുസ്തകമുണ്ട്. അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ ഈ സമരത്തെ രാഷ്ട്രീയവിപ്ലവം എന്ന് വിശേഷിപ്പിച്ച കൃതിയാണത്.

ലഹളക്കാര്‍ മഞ്ചേരിയിലെ പുല്ലൂര്‍ ബാങ്ക് കൊള്ളയടിച്ചതിനോട് അനുബന്ധിച്ചുണ്ടായ ഒരു സംഭവം അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തുന്നു, ”ഒരു മുസ്ലിം ഹിന്ദുവിന് കൊടുത്തിരുന്ന പ്രോമിസറി നോട്ട് ബലമായി തിരികെ വാങ്ങി. ഹിന്ദു, ഹാജിയോട് പരാതിപ്പെട്ടു. ശിക്ഷയായി കൈവെട്ടുവാന്‍ ഹാജി ഉത്തരവിടേണ്ട താമസം, അയാള്‍ പേടിച്ചു വിറച്ച് രേഖ തിരികെ നല്‍കാന്‍ തയ്യാറായി. അതോടെ ശിക്ഷാവിധി നടപ്പാക്കിയുമില്ല. 1921 ആഗസ്റ്റ് 21ന് ഹാജിയുടെ നേതൃത്വത്തില്‍ മഞ്ചേരിയില്‍ കൂടിയ പ്രവര്‍ത്തക സമിതി സമ്മേളനം, ഹിന്ദുക്കള്‍ക്ക് പരിരക്ഷയും സമാധാനവും ഉറപ്പു വരുത്തുന്നതിനുള്ള തീരുമാനം കൈക്കൊണ്ടു”.

വാര്യന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മതതീവ്രവാദിയാക്കാനുള്ള ആര്‍എസ്എസ് ശ്രമങ്ങളുടെ അടിവേരറുക്കുന്ന ദൃക്‌സാക്ഷി വിവരണങ്ങളാണിത്. കുഞ്ഞഹമ്മദ് ഹാജിയുടെ കോടതി കര്‍ശനമായ ശിക്ഷകള്‍ വിധിച്ചിരുന്നതിനാല്‍ ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തുന്നതിനും കൊള്ളയടിക്കുന്നതിനുമുള്ള ഏറനാടന്‍ മാപ്പിളമാരുടെ ആവേശം കെട്ടടങ്ങിയിരുന്നു എന്ന് അക്കാലത്തെ മലബാര്‍ കളക്ടറായിരുന്ന എഫ് ബി ഇവാന്‍സ് എഴുതിയതും സ്മരണീയമാണ്.
സമരത്തില്‍ സംഭവിച്ച ഈ പാളിച്ച അക്കാലത്തു തന്നെ കുഞ്ഞഹമ്മദ് ഹാജി തിരിച്ചറിഞ്ഞതിനും തിരുത്താന്‍ ശ്രമിച്ചതിനും തെളിവ് വേറെയുമുണ്ട്.

സമരത്തില്‍ വാര്യന്‍കുന്നത്ത് അഹമ്മദ് ഹാജിയ്‌ക്കൊപ്പം ആദ്യാവസാനം പങ്കെടുക്കുകയും അറസ്റ്റു ചെയ്യപ്പെട്ട് 14 കൊല്ലം ജയില്‍ വാസം അനുഭവിക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതാവായിരുന്നു എം പി നാരായണമേനോന്‍. മാപ്പിള ഔട്ട്റേജിയസ് ആക്ട് ‘ പ്രകാരം ശിക്ഷിക്കപ്പെട്ട ഏക ‘ഹിന്ദു’ കോണ്‍ഗ്രസ് നേതാവ്. 1920ല്‍ മലബാറിലെ കോണ്‍ഗ്രസിന്റെ ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയായിരുന്ന അദ്ദേഹം പിന്നീട് ഏറനാട് കോണ്‍ഗ്രസ് സെക്രട്ടറിയായി. അക്കാലത്താണ് സമരത്തില്‍ പങ്കെടുക്കുന്നത്.

സമരക്കാര്‍ക്കൊപ്പം ആദ്യാവസാനം ഉറച്ചു നില്‍ക്കുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്ത അദ്ദേഹം 1934ലാണ് മോചിപ്പിക്കപ്പെട്ടത്. പട്ടാളക്കോടതി തടവുശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് കൈയും കാലും ചങ്ങല കൊണ്ട് ബന്ധിച്ച് മലപ്പുറം മുതല്‍ തിരൂര്‍ വരെ കിലോമീറ്ററുകളോളം കാല്‍നടയായി നടത്തിച്ചാണ് അദ്ദേഹത്തെ കൊണ്ടുപോയത്. അതിനിടെ ബയണറ്റുവെച്ചു കുത്തിയും മര്‍ദ്ദിച്ചും പട്ടാളക്കാര്‍ അദ്ദേഹത്തെ പരസ്യമായി പീഡിപ്പിക്കുകയും ചെയ്തു.
എം പി നാരായണമേനോനെതിരെയുള്ള ഈ ക്രൂരതയ്ക്ക് പകരം ചോദിക്കുമെന്ന് പരസ്യമായി വാര്യന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് പട്ടാള നിയമം കൂസാതെ മാപ്പിളമാര്‍ പട്ടാളക്കാരുമായി തെരുവുയുദ്ധത്തിനിറങ്ങി.

എം പി നാരായണ മേനോനും കുഞ്ഞഹമ്മദ് ഹാജിയും തമ്മിലുള്ള ഈ ആത്മബന്ധം തന്നെയാണ്, മലബാര്‍ കലാപം ഒരു വര്‍ഗീയകലാപമായിരുന്നില്ലെന്നും വാര്യന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മതതീവ്രവാദിയായിരുന്നില്ലെന്നുമുള്ളതിന്റെ എന്നതിന്റെ ഏറ്റവും വലിയ തെളിവ്. ഇങ്ങനെയൊരു ധീരദേശാഭിമാനിയെ കേവലമൊരു മതവര്‍ഗീയവാദിക്കാന്‍ ആര്‍എസ്എസ് എത്ര ശ്രമിച്ചാലും വിജയിക്കുകയില്ല. അധികാരത്തിന്റെ റബ്ബര്‍ക്കട്ട ഉപയോഗിച്ച് ആര്‍എസ്എസുകാര്‍ മായ്ച്ചു കളയാന്‍ ശ്രമിച്ചാല്‍ മാഞ്ഞുപോകുന്ന ചരിത്രപുരുഷനല്ല വാര്യന്‍കുന്നത്ത്.
ബ്രിട്ടീഷുകാര്‍ക്കും ഭൂസ്വാമിമാര്‍ക്കും എതിരെ ആരംഭിച്ച സമരം നേതാക്കളുടെ വരുതിയ്ക്ക് നിന്നില്ല എന്ന യാഥാര്‍ത്ഥ്യവും ഇതോടൊപ്പം എടുത്തു പറയണം. വര്‍ഗീയവാദികള്‍ അതൊരു അവസരമാക്കി നിര്‍ബന്ധിത മതപരിവര്‍ത്തനവും കൊള്ളയും കൊലപാതകങ്ങളും നടത്തിയിട്ടുണ്ട്. ഈ അപഭ്രംശത്തെ അക്കാലത്തു തന്നെ കമ്മ്യൂണിസ്റ്റു പാര്‍ടി തുറന്നു പറഞ്ഞിട്ടുമുണ്ട്. ആഹ്വാനവും താക്കീതും എന്ന പ്രസിദ്ധമായ ലേഖനത്തില്‍ ഈ എം എസിന്റെ വാക്കുകള്‍.

”മതദ്രോഹികളും വിപ്ലവവിരോധികളും ആയ നേതാക്കന്മാരുടെ നേതൃത്വത്തില്‍ ബഹുജനസമരം എങ്ങനെ പൊളിയുമെന്നും ഒരു സമുദായത്തെ മാത്രം ബാധിക്കുന്ന സമരങ്ങളെത്തന്നെ സാമുദായികലഹളയായി മാറ്റി നാടിനെ എങ്ങനെ നശിപ്പിക്കുമെന്നും, നേതാക്കന്മാരുടെ വിപ്ലവവിരോധവും സമരത്തിന്റെ സാമുദായികസ്വഭാവവും സാമ്രാജ്യത്വത്തിന് എങ്ങനെ പ്രയോജനപ്പെടുമെന്നും പഠിക്കാന്‍ ഞങ്ങളവരോട് അപേക്ഷിക്കുന്നു”.
എല്ലാ വിഭാഗത്തിലുംപെട്ട ജനങ്ങളുടെ ഏകീകൃതസമരം സാമ്രാജ്യാധിപത്യത്തിനെതിരായി നയിക്കുന്നതിനു പകരം ഒരു സമുദായം മറ്റൊരു സമുദായത്തിനെതിരായി പോരാടി ഇരുകൂട്ടരും സാമ്രാജ്യഭക്തന്മാരായിത്തീരുകയെന്ന ആപത്തിനെക്കുറിച്ച് കമ്മ്യൂണിസ്റ്റുകാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ആ അധ്യായവും ചരിത്രത്തിലുണ്ട്. സാമ്രാജ്യത്തിനും ചൂഷണത്തിനും എതിരായ സമരം കേവലമൊരു സാമുദായിക ലഹളയായി സംഘടിപ്പിക്കപ്പെട്ടാല്‍ എന്തു സംഭവിക്കുമെന്നും അതില്‍ നിന്ന് മുതലെടുക്കുന്നത് ആരായിരിക്കുമെന്നും കമ്മ്യൂണിസ്റ്റുകാര്‍ക്ക് അന്നും ഇന്നും കൃത്യമായ ധാരണയുണ്ട്.

മതപരമായി സംഘടിപ്പിക്കപ്പെട്ട സമരത്തിന് മതപരമായ മുതലെടുപ്പുണ്ടാവുക സ്വാഭാവികം. കൃത്യമായ സന്ദര്‍ഭങ്ങളില്‍ ഇടപെട്ട് തിരുത്തുന്നതിനു പകരം, സമരത്തെയപ്പാടെ തള്ളിപ്പറഞ്ഞുകൊണ്ട് ഭീരുക്കളെപ്പോലെ പിന്മാറുകയാണ് അന്ന് കോണ്‍ഗ്രസ് നേതൃത്വം ചെയ്തത്. അതോടെ സമരത്തിലെ മതവര്‍ഗീയ ഘടകം കൂടുതല്‍ ശക്തിപ്പെട്ടു. വാര്യന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ളവര്‍ എത്ര തന്നെ തള്ളിപ്പറഞ്ഞിട്ടും തിരുത്താന്‍ ശ്രമിച്ചിട്ടും കഠിനശിക്ഷയുടെ മുന്നറിയിപ്പു നല്‍കിയിട്ടും നിരപരാധികളായ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട് എന്ന ചരിത്രവസ്തുതയും ഈ കലാപത്തിന്റെ പാഠമായി നാം ഉള്‍ക്കൊള്ളുക തന്നെ വേണം. അങ്ങനെ കൊല്ലപ്പെട്ടവര്‍ക്കും ചരിത്രത്തില്‍ ഇടമുണ്ടാവണം.

മലബാര്‍ കലാപത്തിന്റെ ആവേശകരമായ ഓര്‍മ്മകളും ആഹ്വാനവും ഏറ്റെടുക്കുന്നതോടൊപ്പം അതിലടങ്ങിയ താക്കീതിന്റെ പാഠവും പ്രധാനമാണ്. മതപരമായി ഉത്തേജിതരാക്കപ്പെട്ട ഏറനാടന്‍ മാപ്പിളമാരുടെ സമരോത്സുകതയെ ആദരിക്കുമ്പോള്‍ത്തന്നെ, അത്തരം സംഘാടനരീതിയുടെ അനിവാര്യമായ ആപത്തിന്റെ ഗുണപാഠം വിമര്‍ശനപരമായിത്തന്നെ ഉള്‍ക്കൊള്ളുകയും വേണം. വാര്യന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ള ധീരദേശാഭിമാനിമാരുടെ പോരാട്ടവീര്യത്തെയും രാജ്യസ്‌നേഹത്തെയും ഉജ്വലമായി ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും, സാമ്രാജ്യത്വത്തിനും ഭൂപ്രമാണിമാരുടെ കണ്ണില്‍ച്ചോരയില്ലായ്മയ്ക്കും എതിരെ ഉയര്‍ന്ന രാഷ്ട്രീയകലാപമാണ് മലബാര്‍ ലഹള എന്ന ചരിത്രവസ്തുതയ്ക്ക് അടിവരയിട്ടുകൊണ്ടും തന്നെ കമ്മ്യൂണിസ്റ്റുകാര്‍ ഈ സമരരീതിയുടെ ആപത്ത് വര്‍ഷങ്ങള്‍ക്കു മുമ്പേ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആ നിലപാടു തന്നെയാണ് ഇപ്പോഴും.

ആ ആപത്തിന്റെ രക്തസാക്ഷികള്‍ തന്നെയാണ്, മലബാര്‍ കലാപകാലത്ത് വേട്ടയാടപ്പെട്ട നിരപരാധികളായ ഹിന്ദുക്കള്‍. അവര്‍ക്കും ചരിത്രത്തില്‍ ഇടമുണ്ട്. ഇടതുപക്ഷം അത് അംഗീകരിക്കുന്നതുകൊണ്ടാണ്, മലബാര്‍ കലാപത്തെക്കുറിച്ച് സംഘപരിവാറുകാര്‍ ചമച്ച വ്യാഖ്യാനങ്ങളൊന്നും മലബാറില്‍പ്പോലും ഇന്നോളം വിലപ്പോകാത്തത്. ഈ കലാപത്തിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവിന് ആര്‍എസ്എസും ഹിന്ദു വര്‍ഗീയവാദികളും ശ്രമിക്കുന്നത് ഇതാദ്യമായൊന്നുമല്ല. പാളിപ്പോയ ആ ശ്രമങ്ങളുടെ പട്ടികയില്‍ത്തന്നെയാണ് പുതിയ അടവിന്റെ സ്ഥാനവും.

 

---- facebook comment plugin here -----

Latest