Articles
അംബേദ്കറിന് രാജ്യം തിരിച്ചുനല്‍കിയതെന്താണ്?
"ഇന്ത്യ എന്ന ആശയത്തെ' ഡ്രാഫ്റ്റ് ചെയ്യുന്നത് അംബേദ്കറാണ്. അതുകൊണ്ടാണ് ഇന്ത്യയെ നിര്‍മിച്ചവരിലൊരാള്‍ എന്ന് അദ്ദേഹത്തെ നിസ്സംശയം വിശേഷിപ്പിക്കാനാകുന്നത്. ഭരണഘടനാ നിര്‍മാണ അസ്സംബ്ലിയിലെ അംബേദ്കറുടെ സംഭാവനകളെ കുറിച്ചല്ല ഈ ലേഖനം. പില്‍ക്കാല ഇന്ത്യ അദ്ദേഹത്തോട് എന്ത് ചെയ്തു എന്നതിനെക്കുറിച്ചാണ്.
![](https://assets.sirajlive.com/2023/04/ambedkar-897x538.jpg)
“നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെ സാമൂഹിക ജനാധിപത്യമായി വികസിപ്പിക്കണം. സാമൂഹിക ജനാധിപത്യമെന്നാല്‍ സ്വാതന്ത്ര്യത്തെയും തുല്യതയെയും സാഹോദര്യത്തെയും ജീവിത തത്ത്വമായി അംഗീകരിക്കലാണ്. സാമൂഹിക ജനാധിപത്യത്തിന്റെ അടിത്തറ ഇല്ലെങ്കില്‍ രാഷ്ട്രീയ ജനാധിപത്യത്തിന് അധികനാള്‍ നിലനില്‍ക്കാനാകില്ല. ജനാധിപത്യം നമുക്ക് സന്തോഷം നല്‍കുന്നുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. പക്ഷേ ജനാധിപത്യം നമുക്ക് ചില ഉത്തരവാദിത്വങ്ങള്‍ കൂടി നല്‍കുന്നുണ്ട്. ഇത്രകാലം എന്ത് തെറ്റായി സംഭവിച്ചാലും നമുക്ക് ബ്രിട്ടീഷുകാരെ കുറ്റപ്പെടുത്താമായിരുന്നു. ഇനി ആ നിലയില്‍ നമുക്ക് നമ്മളെയല്ലാതെ ആരെയും കുറ്റപ്പെടുത്താനാകില്ല. നമ്മുടേത് ഉള്‍പ്പെടെയുള്ള ജനതയെ ഇന്ന് നയിക്കുന്നത് പുതിയ പ്രത്യയശാസ്ത്രമാണ്. ജനങ്ങളാലുള്ള സര്‍ക്കാര്‍ എന്ന ആശയം ജനങ്ങള്‍ക്ക് മടുത്തു. പകരം ജനങ്ങള്‍ക്ക് വേണ്ടി ഒരു സര്‍ക്കാര്‍ എന്നതിനെയാണ് അവര്‍ പിന്തുണക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ ഉള്ള സര്‍ക്കാറാണോ അല്ലയോ എന്നകാര്യത്തില്‍ അവര്‍ നിസ്സംഗരാണ്. ജനങ്ങളുടെ സര്‍ക്കാറിനേക്കാള്‍ ജനങ്ങള്‍ക്ക് വേണ്ടി ഒരു സര്‍ക്കാര്‍ എന്ന ആശയത്തിന് മുന്‍ഗണന നല്‍കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന, നമ്മുടെ പാതയിലുടനീളമുള്ള തിന്മകളെ തിരിച്ചറിയുന്നതില്‍ വൈമനസ്യം കാണിക്കാതിരിക്കുന്നതിലൂടെ മാത്രമേ നമുക്ക് നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാനാകൂ’.
ഡോ. ബി ആര്‍ അംബേദ്കറുടേതാണ് മേല്‍വാചകങ്ങള്‍. ഭരണഘടനാ നിര്‍മാണ അസംബ്ലിയിലാണ് അംബേദ്കര്‍ ഇത് പറയുന്നത്. സുപ്രധാനമായ വേറെയും പലതുണ്ട് ആ പ്രസംഗത്തില്‍ നിന്ന് എടുത്തുദ്ധരിക്കാന്‍. ഓരോ ഇന്ത്യക്കാരനും ഹൃദയത്തില്‍ ചില്ലിട്ടുവെക്കേണ്ട വാചകങ്ങള്‍. ക്രാന്തദര്‍ശിയായിരുന്നു അംബേദ്കര്‍. രാജ്യം പതിറ്റാണ്ടുകള്‍ക്കപ്പുറം അഭിമുഖീകരിക്കാനിരിക്കുന്ന പ്രതിസന്ധികളെ മുന്നില്‍ കാണുന്നുണ്ടദ്ദേഹം. പ്രവചന സ്വഭാവത്തോടെ അദ്ദേഹം നടത്തിയ പ്രസ്താവങ്ങള്‍ സത്യമായി ഭവിച്ചതിന് വര്‍ത്തമാന ഇന്ത്യ സാക്ഷി. ഭാവി ഇന്ത്യയെ വിഭാവന ചെയ്ത അനേകം പേര്‍ ഭരണഘടനാ നിര്‍മാണ അസംബ്ലിയില്‍ ഉണ്ടായിരുന്നു. ഭാവി ഇന്ത്യയെ നിര്‍മിച്ചവരിലാണ് പക്ഷേ അംബേദ്കറുടെ സ്ഥാനം. അങ്ങനെ ഏറെപ്പേരുണ്ടായിരുന്നില്ല ആ സഭയില്‍. പലതരം പ്രാതിനിധ്യ പരിഗണനകളാല്‍ രൂപവത്കൃതമായ അസ്സംബ്ലിയില്‍ ഒരേ അളവിലുള്ള ധിഷണാമികവ് എല്ലാവരിലും പ്രതീക്ഷിക്കാനാകില്ല. സഭയില്‍ ആരും മോശക്കാരായിരുന്നില്ല. പലര്‍ക്കും സ്വപ്‌നങ്ങളുണ്ടായിരുന്നു, പദ്ധതികളുണ്ടായിരുന്നില്ല. ആ സ്വപ്‌നങ്ങളെക്കൂടി പരിഗണിച്ച് “ഇന്ത്യ എന്ന ആശയത്തെ’ ഡ്രാഫ്റ്റ് ചെയ്യുന്നത് ബി ആര്‍ അംബേദ്കറാണ്. അതുകൊണ്ടാണ് ഇന്ത്യയെ നിര്‍മിച്ചവരിലൊരാള്‍ എന്ന് അദ്ദേഹത്തെ നിസ്സംശയം വിശേഷിപ്പിക്കാനാകുന്നത്. ഭരണഘടനാ നിര്‍മാണ അസംബ്ലിയിലെ അംബേദ്കറുടെ സംഭാവനകളെ കുറിച്ചല്ല ഈ ലേഖനം. പില്‍ക്കാല ഇന്ത്യ അദ്ദേഹത്തോട് എന്ത് ചെയ്തു എന്നതിനെക്കുറിച്ചാണ്.
അംബേദ്കറെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വായനകള്‍ നടന്നിട്ടുണ്ട്. അത് ഗാന്ധിജിയെക്കുറിച്ചും നെഹ്റുവിനെക്കുറിച്ചും ഉണ്ടായിട്ടുണ്ട്. ചരിത്ര നായകരെക്കുറിച്ച് അത്തരം വായനകള്‍ സ്വാഭാവികമാണ്. പക്ഷേ അംബേദ്കറുടെ കാര്യത്തില്‍ നടന്നതേറെയും അതിവായനയാണ്. ജാതി മേധാവിത്വത്തോട്, അതിന്റെ നാനാതരം വിവേചനങ്ങളോട് കണിശമായ നിലപാട് സ്വീകരിച്ച ഒരാളായി അംബേദ്കര്‍ വായിക്കപ്പെടുന്നു. വര്‍ണ വ്യവസ്ഥയുടെ ഉള്ളടക്കത്തില്‍ അംബേദ്കറോട് ഭിന്നമായ നിലപാട് സ്വീകരിച്ചപ്പോഴും ജാതിമേല്‍ക്കോയ്മയുടെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്യുന്നുണ്ട് ഗാന്ധി. കീഴാളര്‍ക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി വൈക്കം സത്യഗ്രഹ കാലത്ത് മഹാത്മാ ഗാന്ധി നടത്തിയ ഇടപെടല്‍ ചരിത്രത്തിലുണ്ടല്ലോ. എന്നിട്ടും ജാതിവിരുദ്ധ പ്രതിച്ഛായയുടെ “തടവറയില്‍’ കഴിയേണ്ട ദുര്യോഗം ഗാന്ധിജിക്ക് വന്നുഭവിച്ചില്ല. അംബേദ്കര്‍ പക്ഷേ ഇപ്പോഴും ആ തടവറയിലാണ്. ഇന്ത്യ എന്ന ആശയത്തിന്റെ സാക്ഷാത്കാരത്തിന് ഉടലും ഉയിരും പകര്‍ന്ന അംബേദ്കറെപ്പോലൊരു ധീരനേതൃത്വത്തിന് ഇതേക്കാള്‍ അവജ്ഞ മറ്റെന്തുണ്ട്? അംബേദ്കര്‍ ഏതൊരു മേല്‍ക്കോയ്മയോടാണോ പൊരുതിയത് ആ ജാതി ബ്രാഹ്‌മണ്യം തന്നെ വിജയിച്ചു നില്‍ക്കുന്നു ഈ ദശാസന്ധിയിലും. അംബേദ്കറെ കേവലം ജാതിവിരുദ്ധ പോരാളിയായി അവതരിപ്പിക്കുന്നതിലും തെളിഞ്ഞുനില്‍പ്പുണ്ട് ജാതി ബ്രാഹ്‌മണ്യത്തിന്റെ കൗശലം. അംബേദ്കര്‍ നമുക്കൊരു രാജ്യം നല്‍കി. നമ്മളെന്തു തിരിച്ചുനല്‍കി എന്നന്വേഷിച്ചാല്‍ കിട്ടുന്ന ഉത്തരം വലിയൊരു പൂജ്യമാകുന്നത് ഈ കൗശലം എപ്പോഴും ജയിച്ചുനില്‍ക്കുന്നതിനാലാണ്.
ജാതി മേല്‍ക്കോയ്മക്കെതിരായ സമരം നിസ്സാരമായ കാര്യമല്ല. നിശ്ചയമായും അതൊരു ലഘുഗണിത ക്രിയയല്ല. പക്ഷേ രാജ്യത്തിന്റെ അടരുകളിലൊന്നാകെ പടര്‍ന്നുനിന്ന, ആ നിലയില്‍ സ്വയമേ ഒരു ബൗദ്ധിക പ്രസ്ഥാനമായി മാറിയ ഒരാളുടെ സ്വത്വത്തെ കേവലം ജാതിയനുബന്ധ ചര്‍ച്ചകളിലേക്ക് ചുരുക്കിക്കെട്ടുന്നതില്‍ അനീതിയുണ്ട്. അത് തിരിച്ചറിയുന്നതില്‍ അംബേദ്കറൈറ്റുകള്‍ പോലും പൂര്‍ണ പരാജയമാണ്. ഗാന്ധിയുടെ വിപരീതമായി അംബേദ്കറെ അവതരിപ്പിക്കുന്ന വായനകളും എമ്പാടുമുണ്ടായിട്ടുണ്ട്. “അനിഹിലേഷന്‍ ഓഫ് കാസ്റ്റ്’ (ജാതിനിര്‍മൂലനം) എന്ന പുസ്തകത്തിന് അവതാരിക എഴുതുമ്പോള്‍ അരുന്ധതി റോയ് പോലും ആ “വിപരീതദ്വന്ദം’ ആവര്‍ത്തിക്കുന്നുണ്ട്. വര്‍ത്തമാന ഇന്ത്യയില്‍ അനിവാര്യമായും സംഭവിക്കേണ്ട, സൗഹൃദ ജനാധിപത്യത്തെക്കുറിച്ചുള്ള രാഷ്ട്രീയ സംവാദങ്ങളുടെ ദിശ തിരിച്ചുവിടുകയാകും ഇതിന്റെ പരിണതി. ജാതിയെത്തന്നെ ജനാധിപത്യത്തോട് ചേര്‍ത്തുവായിക്കാനാണ് അംബേദ്കര്‍ ഉദ്യമിക്കുന്നത്.
“അനിഹിലേഷന്‍ ഓഫ് കാസ്റ്റ് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ദാര്‍ശനിക താക്കോല്‍ വാക്യം വിമോചനാത്മകമായ തുല്യതയും സമത്വ ജനാധിപത്യവും ആണ്. “ജനാധിപത്യത്തിന്റെ മറ്റൊരു പേര് മാത്രമാണ് സാഹോദര്യം’ എന്നും “ജനാധിപത്യമെന്നത് സഹമനുഷ്യരോടുള്ള ആദരവിന്റെയും അംഗീകാരത്തിന്റെയും ആവശ്യമായ മനോഭാവമായാണ്’ അംബേദ്കര്‍ ദര്‍ശിച്ചത്. ജനാധിപത്യത്തെ കേവലം ഒരു സര്‍ക്കാര്‍ രൂപം മാത്രമായല്ല അംബേദ്കര്‍ നോക്കിക്കണ്ടത്; അത് ജീവിതത്തിന്റെ സമസ്ത തലങ്ങളിലും വ്യാപിക്കുന്ന ഒന്നായാണ് അംബേദ്കര്‍ വിചിന്തനം ചെയ്തത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ഉന്നത മൂല്യങ്ങളില്‍ അധിഷ്ഠിതമായ ജീവിത രീതിക്ക് അടിസ്ഥാന വിഘാതമായി നിലകൊള്ളുന്നത് “ജാതി’ ആയതിനാല്‍ ജാതിയുടെ ഉന്മൂലനത്തിലൂടെ മാത്രമേ സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും പുലരുകയുള്ളൂ എന്ന് അനിഹിലേഷന്‍ ഓഫ് കാസ്റ്റ് പറഞ്ഞുവെക്കുന്നു. ഇന്ത്യയുടെ സാമൂഹിക ജീവിതത്തില്‍ “നന്മകള്‍’ ജാതി നിയന്ത്രിതവും “ധാര്‍മികത’ ജാതി ബന്ധിതവുമാകയാല്‍ സമത്വ പൂര്‍ണമായ സാമൂഹിക ജീവിതത്തിന് ജാതി നിര്‍മൂലനം ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്’ (ഉദ്ധരണി- ഡോ. കെ എസ് മാധവന്‍, ഡോ. ടി എസ് ശ്യാംകുമാര്‍ എന്നിവര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തില്‍ നിന്ന്). ജാതിയെ അംബേദ്കര്‍ മനസ്സിലാക്കിയത് പോലെയല്ല പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ അനുയായികള്‍ പോലും മനസ്സിലാക്കിയത്. അവര്‍ ജനാധിപത്യത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയാണ് ജാതിയെ വായിച്ചത്. ഫലമോ, അംബേദ്കറിന്റെ ജാതിവിരുദ്ധ നിലപാടിലെ രാഷ്ട്രീയം മായ്ക്കപ്പെടുകയും ആ നിലപാടിലെ സാമൂഹികത മാത്രം പ്രശ്‌നവത്കരിക്കപ്പെടുകയും ചെയ്തു. അങ്ങനെയാണ് അംബേദ്കര്‍ സാമൂഹിക പരിഷ്‌കര്‍ത്താവ് മാത്രമായി ചുരുങ്ങിയത്.
ജാതിമുക്തമായ ഇന്ത്യക്ക് വേണ്ടിയല്ല, സ്വതന്ത്ര ഇന്ത്യക്ക് വേണ്ടിയാണ് അംബേദ്കര്‍ പരിശ്രമിച്ചത്. ആ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന അപകടകരമായ, അധികാര സ്വഭാവമുള്ള ഒരു ഘടകം എന്ന നിലയിലാണ് ജാതിയെ അദ്ദേഹം ചര്‍ച്ച ചെയ്യുന്നത്. ജാതീയമായ അടിമത്തത്തില്‍ നിന്ന് കീഴാളര്‍ മോചനം നേടി എന്നിരിക്കട്ടെ. ഒരു ജനാധിപത്യ രാജ്യത്ത് ആ മോചനം അനുഭവിക്കാന്‍ തക്ക രാഷ്ട്രീയമായ അനുകൂല പരിതഃസ്ഥിതി ഉണ്ടായില്ലെങ്കില്‍ എന്തുചെയ്യും. ആ പ്രശ്‌നത്തെ അംബേദ്കര്‍ വളരെ പ്രാധാന്യത്തോടെ സംബോധന ചെയ്തിട്ടുണ്ട്. ഇന്ത്യ ആധുനിക ജനാധിപത്യ രാജ്യമായി വികസിക്കണമെങ്കില്‍ ജാതിനിര്‍മൂലനം മുഖ്യമായ രാഷ്ട്രീയ-സാമൂഹിക ആവശ്യമായി മാറണമെന്ന് അംബേദ്കര്‍ നിരീക്ഷിക്കുന്നത് കാണാം. ഇതില്‍ നിന്ന് രാഷ്ട്രീയത്തെ അടര്‍ത്തിമാറ്റി സാമൂഹികതയെ മാത്രം ചര്‍ച്ചക്കെടുത്തുവെന്നതാണ് അംബേദ്കറോട് പില്‍ക്കാല ജനത നടത്തിയ കൊടിയ അനീതികളിലൊന്ന്.
ബി ആര്‍ അംബേദ്കറിന് “ഉചിതമായ’ ഒരു സ്മാരകം ഇപ്പോഴുമില്ല എന്ന യാഥാര്‍ഥ്യം നമ്മുടെ മുമ്പിലുണ്ട്. പിന്നാക്ക വിഭാഗത്തിനു വേണ്ടിയുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ക്ക്, പട്ടിക ജാതി-പട്ടിക വര്‍ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അംബേദ്കറിന്റെ പേരിടുമ്പോള്‍ സംഭവിക്കുന്നത് അദ്ദേഹം കുടഞ്ഞെറിയാന്‍ ശ്രമിച്ച ജാതി സ്വത്വത്തെ അദ്ദേഹത്തിനുമേല്‍ വീണ്ടും ആരോപിക്കുകയാണ്. അദ്ദേഹത്തിന്റെ ഉന്നതമായ ധിഷണയോട്, ജനാധിപത്യ ബോധത്തോട്, സ്വാതന്ത്ര്യ സങ്കല്‍പ്പങ്ങളോട് നീതി പുലര്‍ത്തുന്ന ഒരു സ്മാരകവും സ്വാതന്ത്ര്യ പ്രാപ്തിയുടെ എഴുപത്തഞ്ചാം വര്‍ഷത്തിലും ഉണ്ടായിട്ടില്ല എന്നത് ലജ്ജാകരമാണ്. ഇന്ത്യയെ ശ്രേഷ്ഠമായ ഒരാശയമായി ലോകത്തിനു മുന്നില്‍ ജ്വലിപ്പിച്ചുനിര്‍ത്തിയ പ്രതിഭയോടാണ് ഈ അവഗണനയെന്നോര്‍ക്കണം. ഈ ലേഖനം എഴുതി പൂര്‍ത്തിയാകാറാകുമ്പോള്‍ എന്‍ സി ഇ ആര്‍ ടിയുടെ പാഠപുസ്തകങ്ങളില്‍ നിന്ന് അബുല്‍ കലാം ആസാദ് പുറത്തായെന്ന വാര്‍ത്ത മാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്. അംബേദ്കര്‍ ക്യൂവിലായിരിക്കണം. വൈകാതെ പുറത്തായേക്കും. ആ നിന്ദ കൂടിയേ ഇനി അദ്ദേഹത്തോട് രാജ്യം കാണിക്കാനുള്ളൂ.
അംബേദ്കറുടെ വാക്കുകള്‍ കൊണ്ട് തന്നെ അവസാനിപ്പിക്കാം. അദ്ദേഹത്തിന്റെ ഉത്കണ്ഠ സത്യമായി പുലരുന്ന കാലമാകയാല്‍ ഈ വാചകങ്ങള്‍ക്ക് ഇപ്പോള്‍ വര്‍ധിത പ്രസക്തിയുണ്ട്. “നമ്മുടെ ഈ സ്വാതന്ത്ര്യത്തിന് എന്ത് സംഭവിക്കും എന്നതാണ് എന്റെ ഇപ്പോഴത്തെ പ്രധാനപ്പെട്ട ആലോചനകളിലൊന്ന്. ഈ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നമ്മുടെ രാജ്യത്തിനാകുമോ? അതോ, നമുക്കത് നഷ്ടപ്പെടുമോ? ഇതാണ് എന്റെയുള്ളില്‍ ഉണ്ടായ ആദ്യത്തെ ആലോചന. ഇന്ത്യ ഒരിക്കലും ഒരു സ്വതന്ത്ര രാജ്യമായിരുന്നില്ല എന്നില്ല. ഒരിക്കല്‍ ഉണ്ടായിരുന്ന സ്വാതന്ത്ര്യം രാജ്യത്തിന് നഷ്ടമായി. ഇനിയൊരിക്കല്‍ കൂടി അത് നഷ്ടപ്പെടുമോ? ഭാവിയെക്കുറിച്ചുള്ള എന്റെ പ്രധാന ഉത്കണ്ഠ അതാണ്’.