Health
കടന്നലോ,തേനീച്ചയോ കുത്തിയാല്‍ എന്ത് ചെയ്യണം?
വളരെ പ്രായമായവരിലും ഗർഭിണികളിലും ചെറിയ കുട്ടികളിലും ഈ കുത്തുകള്‍ മാരകമാണ്.
അപ്രതീക്ഷിതമായി സംഭവിക്കാവുന്ന എന്നാല്‍ മാരകമായ ഒരു അപകടമാണ് കടന്നലിന്‍റെ കുത്തേല്‍ക്കുന്നത്. കടന്നല്‍ കുത്ത് പോലെ തന്നെ മാരകമാണ് മലങ്കുറവന്‍ എന്നറിയപ്പെടുന്ന കാട്ടുതേനീച്ചയുടെ കുത്തും. കൂടുതൽ ഈച്ചകളുടെ കുത്തേറ്റാല്‍ മരണം വരെ സംഭവിക്കാവുന്നതാണ്.
അഞ്ച് തരം തേനീച്ചകളാണ് നമ്മുടെ കേരളത്തിലുള്ളത്. അപിസ് മെല്ലിഫെറയെന്ന ഇറ്റാലിയൻ തേനീച്ച, അപിസ് സെനറ ഇന്‍ഡിക്കയെന്ന ഞൊടിയൻ തേനീച്ച , അപിസ് ഫ്ലോറിയ എന്ന കോൽതേനീച്ച , അപിസ് ഡൊര്‍സെറ്റ എന്ന മലന്തേനീച്ച , ട്രിഗോണ ഇറിഡിപെന്നിസ് അഥവാ ചെറുതേനീച്ച എന്നിവയാണ് ഈ അഞ്ചിനങ്ങള്‍.
കുത്താനാവശ്യമായ കൊമ്പുകളില്ലാത്ത ചെറുതേനീച്ചകള്‍ മുതല്‍ ഏറ്റവും അപകടകാരിയായ മലന്തേനീച്ച വരെയുള്ള ഒരു നിര. ഇവയിൽ മലന്തേനീച്ച കൂട്ടമായി വന്നു ഏതെങ്കിലും പ്രദേശത്ത് കൂടുവെക്കുകയും പിന്നീട് കൂട്ടമായി മാറിപ്പോവുകയും ചെയ്യുന്ന ഇനമാണ്. മറ്റു തേനീച്ച വിഭാഗങ്ങളെയെല്ലാം തേനിന്‍റെ ആവശ്യങ്ങള്‍ക്കായി മനുഷ്യര്‍ വളർത്താറുണ്ട്. കൂട്ടമായി ജീവിക്കുന്ന സാമൂഹ്യ ജീവികളാണ് തേനീച്ചകൾ. അവയുടെ ജീവിതരീതിക്ക് ചില ചിട്ടകളുണ്ട്.
ഒറ്റയായും കൂട്ടമായും ജീവിക്കുന്ന നിരവധി ഇനം കടന്നലുകളും നമ്മുടെ നാട്ടിലുണ്ട്.
ജനവാസപ്രദേശങ്ങളിലും വനത്തിലുമെല്ലാമായി ഇവ ജീവിക്കുന്നു. വീടുകള്‍ക്കുള്ളില്‍പോലും ഇവയുടെ ചെറുകൂടുകള്‍ കാണപ്പെടുന്നുണ്ട്. വളര്‍ത്തുതേനീച്ചകളുടെ കുത്തേല്‍ക്കാതിരിക്കാനുള്ള സൂത്രങ്ങള്‍ കര്‍ഷകര്‍ സ്വീകരിക്കാറുണ്ട്. എങ്കിലും തേനെടുക്കുമ്പോഴും മറ്റും ചില കുത്തുകള്‍ ഏറ്റെന്നിരിക്കും. ഒരു കുത്തോടെ ആ തേനീച്ചയുടെ കൊമ്പൊടിഞ്ഞ് കുത്തേറ്റയാളുടെ ശരീരത്തില്‍ തറച്ചിരിക്കും.അതോടൊപ്പം വിഷസഞ്ചിക്കും പരുക്കുപറ്റുകയും തേനീച്ച ചത്തുപോവുകയും ചെയ്യും. അതിനാൽ ഒരു തേനീച്ചയ്ക്ക് പല തവണ കുത്താന്‍ കഴിയില്ല.
എന്നാല്‍ കടന്നലുകള്‍ക്ക് ഇത്തരം ആക്രമണങ്ങളില്‍ കൊമ്പ് നഷ്ടപ്പെടാറില്ലെന്നതിനാല്‍ തുരുതുരാ കുത്തുകളേല്‍ക്കാനും ഇവയുടെ ആക്രമണത്തില്‍ മാരകമായി പരുക്കേല്‍ക്കാനും സാദ്ധ്യത കൂടുതലാണ്.
നിരവധി കുത്തുകൾ ഏറ്റാൽ മാത്രമേ വിഷബാധയുണ്ടാവൂ. രക്തക്കുഴലുകൾ വികസിക്കുക, രക്ത സമ്മർദ്ദം താഴുക, ഫിറ്റ്സ് ഉണ്ടാവുക, തലവേദന, ഛർദ്ദി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ചിലപ്പോൾ വൃക്കകൾ പ്രവർത്തന രഹിതമാകുവാനുള്ള സാധ്യതയുമുണ്ട്. വളരെ പ്രായമായവരിലും ഗർഭിണികളിലും ചെറിയ കുട്ടികളിലും ഈ കുത്തുകള്‍ മാരകമാണ്. അപകടകരമായ മറ്റൊരു സാഹചര്യം കൂടുതൽ സമയം നീണ്ടുനിൽക്കുന്ന കുത്തുകളേല്‍ക്കുകയെന്നതാണ്. അല്ലെങ്കില്‍ കൂടുതൽ ഈച്ചകളുടെ കുത്തുകൾ ഏല്‍ക്കുന്നതും അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കും.ഹൃദയ സംബന്ധമായ അസുഖങ്ങളിൽ ഉള്ളവരിൽ ഇവ പെട്ടെന്ന് തീക്ഷ്ണമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
കുത്തേറ്റ് മിനിറ്റുകൾക്കുള്ളിൽ തന്നെ ലക്ഷണങ്ങൾ ആരംഭിക്കും. തലകറക്കം, ബോധക്ഷയം, ഛർദ്ദി, ചുമ, മുഖം ചുവന്നു തടിക്കുക തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങൾ. കൂടുതൽ ഗുരുതരമായാൽ ശരീരമാസകലം ചൊറിഞ്ഞു തടിക്കുക. ശ്വാസനാളയിൽ നീർവീക്കം ഉണ്ടാവുക, ശ്വാസതടസം, രക്ത സമ്മർദ്ദം കൂടുക, കോമാ തുടങ്ങിയ അവസ്ഥയുണ്ടാകും. മിനിറ്റുകൾക്കുള്ളിൽ മരണം വരെ സംഭവിക്കാം. പക്ഷേ എല്ലാവരിലും പ്രത്യേകിച്ച് ആരോഗ്യവും പ്രതിരോധശേഷിയുള്ളവരില്‍ ഇത്രയേറെ മാരകാവണമെന്നില്ല.
കുത്തേറ്റാൽ എത്രയും വേഗം ചെയ്യേണ്ട കാര്യങ്ങൾ
- കൂടുതൽ കുത്തുകൾ എക്കാതിരിക്കാൻ ശ്രദ്ധിക്കുക.
- എത്രയും പെട്ടെന്ന് സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറുക.
- അമിതമായി പരിഭ്രമിക്കാതെ സമചിത്തതയോടെ പെരുമാറുക.
- കുത്തേറ്റ ആളുടെ ശ്വസന പ്രക്രിയയും, ഹൃദയത്തിന്‍റെ പ്രവര്‍ത്തനവും കൃത്യമായി നടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം . അതിനായി പ്രഥമശുശ്രൂഷയിലെ ABC നിര്‍ദേശം ഉപയോഗിക്കാം.
- കുത്തേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാനുള്ള സംവിധാനം ഉടന്‍ തയ്യാറാക്കണം.
- ശ്വസന തടസം ഉണ്ടെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസവും, ഹൃദയമിടിപ്പ് ഇല്ലെങ്കില്‍ സി.പി ആറും നൽകണം.
- ചെറിയ ചുമപ്പും നീരും ഉള്ളവര്‍ക്ക് ആ ഭാഗത്ത് ഐസ് വെച്ച് കൊടുക്കുന്നത് നീരും വേദനയും കുറയാന്‍ സഹായിക്കും .
- അലര്‍ജിക്കുള്ള അവില്‍ പോലുള്ള ഗുളികകള്‍ കയ്യിലുണ്ടെങ്കില്‍ അത് നല്‍കാവുന്നതാണ് .
- ഗുരുതരമായ അലര്‍ജിയുടെ ലക്ഷണങ്ങള്‍ തിരിച്ചറിയുക, കാല താമസമില്ലാതെ ആശുപത്രിയില്‍ എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
- ആശുപത്രിയിൽ വച്ചല്ലാതെ കൊമ്പുകൾ എടുത്തുകളയാൻ ശ്രമിക്കരുത്. അങ്ങിനെ ചെയ്‌താൽ കൊമ്പ് ഒടിഞ്ഞ് ശരീരത്തിൽ ഇരിക്കാനുള്ള സാധ്യതയുണ്ട്. മാത്രമല്ല കൊമ്പിനോടൊപ്പമുള്ള വിഷസഞ്ചിയിൽ മർദ്ദം ഏറ്റാൽ കൂടുതൽ വിഷം ശരീരത്തിലേക്ക് പ്രവേശിക്കാനും സാധ്യതയുണ്ട്.
- വേദന കുറയാനെന്ന പേരില്‍പോലും ഒരിക്കലും മദ്യപിക്കരുത്. മദ്യം നിലവിലെ അവസ്ഥകളെ കൂടുതൽ സങ്കീര്‍ണ്ണമാക്കും.
- പച്ചമരുന്നുകളുപയോഗിച്ച് കൂടുതൽ കുത്തേറ്റയാളെ ചികിത്സിക്കാന്‍ നില്‍ക്കരുത് , വൈകുന്ന ഓരോ നിമിഷവും പരുക്കേറ്റയാളുടെ അവസ്ഥ കൂടുതൽ സങ്കീര്‍ണ്ണമാവും എന്നത് മറക്കരുത്.