Connect with us

Editorial

ട്രംപിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്?

അമിതാധികാര പ്രയോഗങ്ങൾ തുടരാൻ തന്നെയാണ് ട്രംപിന്റെ തീരുമാനമെങ്കിൽ കൂടുതൽ അടഞ്ഞ, തെറിച്ചു നിൽക്കുന്ന അമേരിക്കയെയാകും ലോകം അനുഭവിക്കേണ്ടി വരിക. ഇത് അമേരിക്കൻ ജനതക്കും ലോകത്തിനാകെയും വിനാശകരമായിരിക്കും.

Published

|

Last Updated

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ്പദത്തില്‍ തിരിച്ചെത്തുന്നത് മുമ്പത്തേതിനേക്കാള്‍ ആധികാരികതയോടെയാണ്. 2016ല്‍ അദ്ദേഹത്തിന്റെ വിജയം സ്ഥിരീകരിച്ചത് ഇലക്ടറല്‍ വോട്ടുകളുടെ ബലത്തിലായിരുന്നു. അന്ന് ഡെമോക്രാറ്റിക് എതിരാളി ഹിലാരി ക്ലിന്റണിനാണ് കൂടുതല്‍ ജനകീയ വോട്ടുകള്‍ ലഭിച്ചത്. ഇത്തവണ ആ കുറവും ട്രംപ് മറികടന്നു. ജനകീയ വോട്ടില്‍ തന്നെ അദ്ദേഹം മുന്നിലെത്തി. ആദ്യ ഊഴത്തിന് തുടര്‍ച്ച തേടി ഗോദയിലിറങ്ങുകയും തോല്‍ക്കുകയും ചെയ്ത ശേഷം പ്രസിഡന്റ്പദത്തില്‍ തിരിച്ചെത്തുകയെന്ന അപൂര്‍വതയും ട്രംപിന്റെ വിജയത്തിനുണ്ട്. മിക്ക ചാഞ്ചാട്ട സ്റ്റേറ്റുകളിലും ട്രംപിന് തന്നെയാണ് മുന്നേറ്റം. സെനറ്റിലേക്ക് ഇത്തവണ തിരഞ്ഞെടുപ്പ് നടന്ന സീറ്റുകളില്‍ ഭൂരിപക്ഷവും കരസ്ഥമാക്കി റിപബ്ലിക്കന്‍ പാര്‍ട്ടി യു എസ് കോണ്‍ഗ്രസ്സിലും നിര്‍ണായക ശക്തി കൈവരിച്ചിരിക്കുന്നു. അധികാര പ്രയോഗങ്ങള്‍ക്ക് കൂടുതല്‍ കരുത്തുള്ള പ്രസിഡന്റായാണ് ട്രംപിന്റെ രണ്ടാം വരവെന്ന് ചുരുക്കം.

അമേരിക്കന്‍ ജനത നല്‍കിയ ഈ ഗംഭീര സമ്മതി ഏതു വിധത്തിലാകും ട്രംപും അദ്ദേഹത്തിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിയും വിനിയോഗിക്കുകയെന്നതാണ് ലോകത്തിന്റെ ആകാംക്ഷ. യു എസിലെ ദ്വികക്ഷി സമ്പ്രദായം അടിസ്ഥാനപരമായ നയവ്യത്യാസങ്ങളൊന്നുമില്ലാത്ത പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരം തന്നെയാണ്. ആര് പ്രസിഡന്റായാലും അമേരിക്കയുടെ മേധാവിത്വ രാഷ്ട്രീയത്തില്‍ വലിയ തിരുത്തലുകളൊന്നും സാധ്യമാകില്ല. ബരാക് ഒബാമയുടെ രണ്ട് ഊഴങ്ങളില്‍ പോലും ആഴത്തിലുള്ള നയവ്യതിയാനങ്ങളുണ്ടായിരുന്നില്ല. എങ്കിലും തന്റെ നിലപാടില്‍, അത് തെറ്റായാലും ശരിയായാലും, അടിയുറച്ച് മുന്നോട്ട് പോകാന്‍ കരുത്തുള്ളയാളെന്ന നിലയില്‍ നിരവധി കാര്യങ്ങളില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ട്രംപിന് സാധിക്കുമെന്ന വിലയിരുത്തലുണ്ട്്. ‘ഞാന്‍ യുദ്ധങ്ങള്‍ തുടങ്ങുന്ന പ്രസിഡന്റായിരിക്കില്ല,

അവസാനിപ്പിക്കുന്നയാളായിരിക്കു’മെന്ന ട്രംപിന്റെ പ്രഖ്യാപനം പ്രതീക്ഷ പകരുന്നതാണ്. സത്യത്തില്‍ യുദ്ധത്തില്‍ നിന്നല്ല, യു എസിനുമേല്‍ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്ന ഇടപെടലുകളില്‍ നിന്നാണ് അദ്ദേഹം വിട്ടു നില്‍ക്കുന്നത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി മുന്നോട്ട് പോകുമ്പോള്‍ യുക്രൈന് പണവും ആയുധവും വാരിക്കോരി നല്‍കുന്ന ബൈഡന്റെ നയം അദ്ദേഹം തിരുത്തും. അങ്ങനെയെങ്കില്‍ യുക്രൈന്‍- റഷ്യ സംഘര്‍ഷത്തിന് തന്നെ അറുതിയായേക്കും. നാറ്റോയെ അപകടകരമായ സൈനിക സഖ്യമായി നിലനിര്‍ത്തുന്നതില്‍ അമേരിക്കന്‍ ഫണ്ടിംഗ് നിര്‍ണായകമാണ്. ഈ പണം പമ്പിംഗ് ട്രംപ് നിര്‍ത്തുമെന്നാണ് വിലയിരുത്തല്‍. ഫലസ്തീന്‍ അധിനിവേശത്തില്‍ നീതിയുക്തമായ പരിഹാരത്തിലേക്ക് വളര്‍ന്നില്ലെങ്കിലും സംഘര്‍ഷം അവസാനിപ്പിക്കാനുള്ള താത്കാലിക നടപടികളിലേക്ക് ട്രംപ് നീങ്ങിയേക്കും. തന്റെ പ്രസിഡന്റ്ഷിപ്പിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ ഗസ്സയിലെ ചോരക്കളി നിര്‍ത്തുമെന്നായിരുന്നുവല്ലോ ട്രംപിന്റെ പ്രഖ്യാപനം. ഈ പ്രഖ്യാപനം വിശ്വാസത്തിലെടുത്ത് അദ്ദേഹത്തിന് വോട്ട് ചെയ്ത അറബ് അമേരിക്കന്‍ വോട്ടര്‍മാരോട് കൂറ് കാണിക്കാന്‍ ട്രംപ് തയ്യാറാകുമെന്നാണ് പ്രതീക്ഷ.

എന്നാല്‍ ട്രംപിസത്തിന്റെ ഏറ്റവും ശക്തമായ ആവിഷ്‌കാരം കാണാന്‍ പോകുന്നത് കുടിയേറ്റത്തിലായിരിക്കും. അമേരിക്കയെന്ന രാജ്യത്തിന്റെ സൃഷ്ടി തന്നെ കുടിയേറ്റത്തിലൂടെയാണെന്ന ചരിത്ര വസ്തുതയൊന്നും പുതിയ രാഷ്ട്രീയത്തില്‍ പ്രസക്തമല്ലാതായിരിക്കുന്നു. എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം കുടിയേറ്റമാണെന്ന അപകടകരമായ തീവ്രവലതുപക്ഷ യുക്തിയുടെ വക്താവാണ് ട്രംപ്. ഈ രാഷ്ട്രീയം കത്തിച്ച് നിര്‍ത്തിയാണ് ട്രംപ് വോട്ടുകള്‍ സമാഹരിച്ചത്. അതിര്‍ത്തികള്‍ അടക്കുമെന്നാണ് അദ്ദേഹത്തിന്റെ ആദ്യ പ്രഖ്യാപനം. തൊഴിലന്വേഷണത്തിന്റെയും അഭയാര്‍ഥിത്വത്തിന്റെയും മാനുഷികതക്കെതിരാണ് ട്രംപിന്റെ ഈ നയം. കുടിയേറ്റം തടയുന്നത് അമേരിക്കന്‍ ജീവിതത്തിന് മേല്‍ വലിയ ആഘാതമാകും സൃഷ്ടിക്കുക. അത് വെളിപ്പെടാന്‍ സമയമെടുക്കുമെന്ന് മാത്രം.

കാലാവസ്ഥാ വ്യതിയാനത്തിലും കാര്‍ബണ്‍ ബഹിര്‍ഗമനത്തിലും ട്രംപിന്റെ നിലപാട് അങ്ങേയറ്റം പ്രതിലോമകരമാണ്. കാര്‍ബണ്‍ പുറന്തള്ളലില്‍ ഏറ്റവും മുന്‍പന്തിയിലുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് യു എസിന്റെ സ്ഥാനമെന്നിരിക്കെ അത് നിയന്ത്രിക്കാനുള്ള ആഗോള ശ്രമത്തിന് നേതൃത്വം കൊടുക്കേണ്ടത് യു എസാണ്. എന്നാല്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗത്തിന് ബൈഡന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ മുഴുവന്‍ ട്രംപ് എടുത്തു കളയാന്‍ പോകുകയാണ്. ട്രംപിനെ അഭിനന്ദിച്ച് അമേരിക്കന്‍ എനര്‍ജി അലയന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഇതിന്റെ ആഹ്ലാദം നുരഞ്ഞു പൊങ്ങുന്നത് കാണാനാകും. അമേരിക്കന്‍ വ്യവസായങ്ങളെയും ഗതാഗത സംവിധാനങ്ങളെയും ബാധിക്കുന്നതിനാല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗം നിയന്ത്രിക്കാന്‍ തയ്യാറല്ലെന്നാണ് ട്രംപിന്റെ വാദം. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ശ്രമങ്ങള്‍ക്ക് ഫണ്ട് ചെയ്യാനും ട്രംപ് തയ്യാറാകില്ല. ഈ നിലപാട് അസര്‍ബൈജാനിലെ ബാകുവില്‍ നടക്കാനിരിക്കുന്ന കോപ് 24ന് മേല്‍ കരിനിഴല്‍ വീഴ്ത്തുമെന്നുറപ്പാണ്.

അമേരിക്ക ഫസ്റ്റ് എന്ന ഓമനപ്പേരില്‍ ട്രംപ് തന്റെ മുന്‍ ഊഴത്തില്‍ അവതരിപ്പിച്ച വ്യാവസായിക, വ്യാപാര നയം ഇത്തവണയും തുടരുമെന്നാണ് സൂചന. പരസ്പരാശ്രിത ലോകത്ത് ഒരു നിലക്കും ന്യായീകരിക്കാവതല്ല ഈ നയം. തീരുവ യുദ്ധത്തിനാകും ഇത് വഴിവെക്കുക. വിസാ നയം തീര്‍ച്ചയായും ഇന്ത്യന്‍ തൊഴിലന്വേഷകര്‍ക്ക് തിരിച്ചടിയാകും. ട്രംപ് കസേരയിലിരിക്കും, ഇലോണ്‍ മസ്‌ക് ഭരിക്കും എന്നതാകും അവസ്ഥ. നിരവധി കേസുകളില്‍ നിയമനടപടി നേരിടുന്ന ട്രംപ് അവയെല്ലാം അധികാരം കൊണ്ട് മായ്ച്ച് കളയും. അമിതാധികാര പ്രയോഗങ്ങള്‍ തുടരാന്‍ തന്നെയാണ് ട്രംപിന്റെ തീരുമാനമെങ്കില്‍ കൂടുതല്‍ അടഞ്ഞ, തെറിച്ചു നില്‍ക്കുന്ന അമേരിക്കയെയാകും ലോകം അനുഭവിക്കേണ്ടി വരിക. ഇത് അമേരിക്കന്‍ ജനതക്കും ലോകത്തിനാകെയും വിനാശകരമായിരിക്കും.

 

Latest