Kerala
കാമറയില്‍ പതിഞ്ഞത് ചാക്കില്‍ കെട്ടിയ മാലിന്യം; ജോയിക്കായി തിരച്ചില്‍ പുരോഗമിക്കുന്നു
രക്ഷാദൗത്യത്തിനായി കൊച്ചിയില്‍ നിന്നും നാവിക സംഘവും തിരുവനന്തപുരത്ത് എത്തുമെന്ന് റവന്യൂമന്ത്രി കെ രാജന്‍ അറിയിച്ചു
തിരുവനന്തപുരം | തിരുവനന്തപുരം ആമയിഴഞ്ചാല്‍ തോടില്‍ കാണാതായ തൊഴിലാളിക്കായുള്ള തിരച്ചില്‍ തുടരുന്നു. റോബോട്ട് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ശരീര ഭാഗമെന്ന് സംശയിക്കുന്ന ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. രക്ഷാദൗത്യം ഇരുപത്തിഏഴാം മണിക്കൂറിലേക്ക് കടക്കുമ്പോഴാണ് മനുഷ്യ ശരീരമെന്ന് സംശയിക്കുന്ന ചിത്രം റോബോര്‍ട്ടിലെ കാമറയില്‍ പതിഞ്ഞത്.
തുടര്‍ന്ന് സ്‌കൂബ ടീമിലെ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ കാമറയില്‍ പതിഞ്ഞത് ചാക്കില്‍ കെട്ടിയ മാലിന്യമാണെന്ന് സ്ഥിരീകരിച്ചു. ജോയിലെ കാണാതായ തുരങ്കകനാലിന്റെ ദൂരം 117 മീറ്ററാണ്. ഇതില്‍ ആദ്യ 100 മീറ്ററില്‍ പരിശോധന കഴിഞ്ഞു. അവശേഷിക്കുന്നത് 57 മീറ്ററാണ്. അവസാന 17 മീറ്ററില്‍ പരിശോധന ശക്തമാക്കാനാണ് എന്‍ഡിആര്‍എഫിന്റെ തീരുമാനം. രക്ഷാദൗത്യത്തിനായി കൊച്ചിയില്‍ നിന്നും നാവിക സംഘവും തിരുവനന്തപുരത്ത് എത്തുമെന്ന് റവന്യൂമന്ത്രി കെ രാജന്‍ അറിയിച്ചു.
ഇന്നലെ രാവിലെ 11ഓടെയാണ് തോട് വൃത്തിയാക്കാനിറങ്ങിയ മാരായമുട്ടം സ്വദേശി ജോയി (42)യെ കാണാതായത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ താത്ക്കാലിക ശുചീകരണ ജീവനക്കാരനാണ് ജോയി.