Connect with us

Kerala

പറഞ്ഞത് തെറ്റായിപ്പോയി, അച്ചടക്ക നടപടി വന്നാലും വിഷമമില്ല; നിലപാട് മയപ്പെടുത്തി എ പദ്മകുമാര്‍

അന്‍പത് വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള തന്നെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്താതിരുന്നപ്പോള്‍ വൈകാരികമായി പ്രതികരിച്ചതാണെന്നും പദ്മകുമാര്‍

Published

|

Last Updated

പത്തനംതിട്ട|സി പി എം സംസ്ഥാന സമിതിയില്‍ വീണാ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കിയതില്‍ പരസ്യ പ്രതികരണം നടത്തിയ നിലപാട് മയപ്പെടുത്തി പത്തനംതിട്ടയിലെ സിപിഎം നേതാവ് എ പദ്മകുമാര്‍. കേഡറിന് തെറ്റ് പറ്റിയാല്‍ അത് തിരുത്തുന്ന പാര്‍ട്ടിയാണ് സിപിഎം. പറഞ്ഞത് തെറ്റായിപ്പോയെന്നും അതിന്റെ പേരില്‍ അച്ചടക്ക നടപടി വന്നാലും വിഷമമില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. താന്‍ പാര്‍ട്ടിക്ക് പൂര്‍ണമായും വിധേയനാണ്. ബിജെപി നേതാക്കള്‍ വന്ന് തന്നെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്ന നേതാക്കളില്‍ പലരും തന്നെ വിളിച്ചിരുന്നു. നാളെ ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കും. അന്‍പത് വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള തന്നെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്താതിരുന്നപ്പോള്‍ വൈകാരികമായി പ്രതികരിച്ചതാണെന്നും പദ്മകുമാര്‍ പറഞ്ഞു.

പത്മകുമാറുമായി ഇന്നലെ ജില്ലാ സെക്രട്ടറി രാജു എബ്രഹാം കൂടിക്കാഴ്ച നടത്തിയിരുന്നു. ഉച്ചയോടെ പത്മകുമാറിന്റെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. എന്തുവന്നാലും താന്‍ സി പി എം വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എപത്മകുമാര്‍ പ്രതികരിച്ചിരുന്നു. പത്മകുമാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ സംഘടനാപരമായി പരിഹരിക്കേണ്ട പ്രശ്‌നങ്ങളാണെന്നും സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ അധികം താമസിയാതെ ഈ വിഷയങ്ങള്‍ പരിശോധിക്കുമെന്നും കൂടിക്കാഴ്ചക്ക് ശേഷം രാജു എബ്രഹാം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.