Web Special
ഹിരോഷിമയിൽ നിന്ന് വയനാടിന് പഠിക്കാനുള്ളത്...
ലക്ഷങ്ങൾ കൊല്ലപ്പെട്ടിട്ടും പിന്നീട് വാസയോഗ്യം ആകുമോ എന്ന് സംശയിക്കുകയും ചെയ്ത ഹിരോഷിമയെ മനുഷ്യരെല്ലാം ചേർന്ന് വലിയൊരു നഗരമാക്കി. ഇന്ന് ജപ്പാനിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നാണ് ഹിരോഷിമ. ഹിരോഷിമയോട് താരതമ്യം ചെയ്യാവുന്നതല്ലെങ്കിലും അതിജീവനത്തിന്റെ കഥയാണ് വയനാടിനും ചൂരൽമലക്കും മാതൃകയാക്കാൻ ഉള്ളത്. ഉറ്റവരും കുടുംബങ്ങളും നഷ്ടപ്പെട്ടവർക്ക് വാസയോഗ്യമായ വീട്, നല്ല വിദ്യാഭ്യാസ സ്ഥാപനം, മികച്ച സൗകര്യങ്ങൾ, ജോലി, വിനോദ ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം ചേർന്ന ഒരു ടൗൺഷിപ്പ് ഒരുക്കേണ്ടത് അത്യാവശ്യമാണ്.
ഇന്നത്തെപോലൊരു ആഗസ്റ്റ് ആറിനാണ് ഹിരോഷിമ എന്ന ജപ്പാൻ നഗരം ഒരു തീഗോളമായത്. കൃത്യം പറഞ്ഞാൽ 1945 ആഗസ്റ്റ് 6. ലോകത്ത് ആദ്യമായി അണുബോംബ് വർഷിക്കപ്പെടുന്ന ദിനം. രാവിലെ 8.15-ന് ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യർക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം.
1945 ജൂലൈ 25-ന് അമേരിക്കൻ വ്യോമസേനയുടെ പസഫിക് മേഖലാ കമാൻഡർ ജനറലായ കാൾ സ്പാർട്സിന് ജപ്പാനിലെ രണ്ടു നഗരങ്ങളിൽ ആറ്റംബോംബ് പ്രയോഗിക്കാനുള്ള നിർദ്ദേശം ലഭിക്കുകയായിരുന്നു. 40,000-ത്തോളം ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന, ജപ്പാനിലെ സമുദ്രത്തോട് ചേർന്ന് കിടക്കുന്ന നഗരമായ ഹിരോഷിമാ നഗരത്തെയാണ് ആദ്യം തിരഞ്ഞെടുത്തത്. ജനറൽ പോൾടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേ (Enola Gay)യിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ലിറ്റിൽ ബോയി (Little Boy )എന്നായിരുന്നു ബോംബിന്റെ പേര്.
യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പർവതസമാനമായ പുക കൂൺ ആകൃതിയിൽ 40,000 അടി ഉയരത്തിൽവരെ ഉയർന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂർണ്ണമായും നശിപ്പിച്ച സ്ഫോടനത്തിൽ 1,40,000-ത്തോളം പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബോംബ് വർഷത്തിന്റെ റേഡിയേഷൻ പിന്നെയും പതിറ്റാണ്ടുകളോളം ജപ്പാനെ വേട്ടയാടി. റേഡിയേഷൻ അതിപ്രസരത്തിൽ ഒന്നരലക്ഷത്തോളം പേർക്ക് പിൽക്കാലത്ത് ജീവൻ നഷ്ടമായി. അതിലും ഇരട്ടിയാളുകൾ രോഗം ബാധിച്ച് ദുരിത ജീവിതം നയിക്കുന്നു.
ദിവസങ്ങൾ മുമ്പ് ഒരു ജല ബോംബ് തകർത്ത ജീവിതങ്ങളെ ഓർത്ത് ഇന്നും കണ്ണീർ വാർക്കുകകയാണ് നമ്മൾ. അമേരിക്കയാണ് ഹിരോഷിമയിൽ അണുബോംബ് വർഷിച്ചത് എങ്കിൽ വയനാട്ടിലെ മുണ്ടക്കയിൽ പ്രകൃതി തന്നെ ഒരു ബോംബ് പൊട്ടിക്കുകയായിരുന്നു. പ്രകൃതിയുടെ രൗദ്രഭാവത്തിൽ ഇതുവരെ മരണം 350 ആയി. കാണാതായവർ 200 ഓളം. എന്നാൽ ഒരു ദുരന്തത്തിലും തളർന്നിരിക്കേണ്ടവർ അല്ല മനുഷ്യർ എന്ന് വയനാടിനെ പഠിപ്പിക്കുകയാണ് ഹിരോഷിമ.
ലക്ഷങ്ങൾ കൊല്ലപ്പെട്ടിട്ടും പിന്നീട് വാസയോഗ്യം ആകുമോ എന്ന് സംശയിക്കുകയും ചെയ്ത ഹിരോഷിമയെ മനുഷ്യരെല്ലാം ചേർന്ന് വലിയൊരു നഗരമാക്കി. ഇന്ന് ജപ്പാനിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നാണ് ഹിരോഷിമ. ഹിരോഷിമ സർവ്വകലാശാലയും വമ്പൻ കെട്ടിടങ്ങളും ഗതാഗത സൗകര്യങ്ങളും ഹിരോഷിമയുടെ മുറിവുണക്കി.
ഹിരോഷിമയോട് താരതമ്യം ചെയ്യാവുന്നതല്ലെങ്കിലും അതിജീവനത്തിന്റെ കഥയാണ് വയനാടിനും ചൂരൽമലക്കും മാതൃകയാക്കാൻ ഉള്ളത്. ഉറ്റവരും കുടുംബങ്ങളും നഷ്ടപ്പെട്ടവർക്ക് വാസയോഗ്യമായ വീട്, നല്ല വിദ്യാഭ്യാസ സ്ഥാപനം, മികച്ച സൗകര്യങ്ങൾ, ജോലി, വിനോദ ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം ചേർന്ന ഒരു ടൗൺഷിപ്പ് ഒരുക്കേണ്ടത് അത്യാവശ്യമാണ്. ഇതിനകം തന്നെ അതിനുള്ള വാഗ്ദാനങ്ങളും സഹായങ്ങളും പ്രവഹിച്ചു തുടങ്ങി. മനുഷ്യർ വിചാരിച്ചാൽ വയനാടിന്റെ മുറിവും ഉണങ്ങും.