First Gear
ടെസ്‌ലയുടെ ഇന്ത്യയിലെ വില എത്രയായിരിക്കും; അറിയാം
നിലവിൽ, യുഎസിലെ ടെസ്‌ലയുടെ ഏറ്റവും വില കുറഞ്ഞ വാഹനം മോഡൽ 3 ആണ്. ഇതിന് ഏകദേശം 35,000 യുഎസ് ഡോളർ (ഏകദേശം 30.4 ലക്ഷം രൂപ) ആണ് വിലയെന്ന് റിപ്പോർട്ടിൽ പറയുന്നു.

എലോൺ മസ്‌കിന്‍റെ നേതൃത്വത്തിലുള്ള കാർ കമ്പനി ടെസ്‌ല ഇന്ത്യയിലേക്ക് പ്രവേശനത്തിന് ഒരുങ്ങുകയാണ്. ഇറക്കുമതി തീരുവ 20 ശതമാനത്തിൽ താഴെയാക്കി കുറച്ചതോടെ ടെസ്‌ല ഉടൻ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ എത്തുന്ന ടെസ്‌ല സ്വന്തമാക്കാൻ ഒരു വാഹനപ്രേമി എത്ര രൂപ ചെലവിടേണ്ടിവരും? ആഗോള മൂലധന വിപണി കമ്പനിയായ സിഎൽഎസ്എയുടെ റിപ്പോർട്ട് അനുസരിച്ച്, ടെസ്‌ലയുടെ ഏറ്റവും വിലകുറഞ്ഞ കാറിന് ഏകദേശം 35 മുതൽ 40 ലക്ഷം രൂപ വരെ വില നൽകേണ്ടിവരും.
നിലവിൽ, യുഎസിലെ ടെസ്‌ലയുടെ ഏറ്റവും വില കുറഞ്ഞ വാഹനം മോഡൽ 3 ആണ്. ഇതിന് ഏകദേശം 35,000 യുഎസ് ഡോളർ (ഏകദേശം 30.4 ലക്ഷം രൂപ) ആണ് വിലയെന്ന് റിപ്പോർട്ടിൽ പറയുന്നു. കമ്പനി വിലയാണിത്. ഓൺ റോഡിൽ ഇനിയും കൂടും. റോഡ് നികുതി, ഇൻഷുറൻസ് തുടങ്ങിയ അധിക ചെലവുകൾക്കൊപ്പം, ഓൺ-റോഡ് വില ഏകദേശം 40,000 യുഎസ് ഡോളർ അല്ലെങ്കിൽ ഏകദേശം 35-40 ലക്ഷം രൂപ വരെ ആയേക്കും.
മഹീന്ദ്ര XEV 9e, ഹ്യുണ്ടായ് ഇ-ക്രറ്റ, മാരുതി സുസുക്കി ഇ-വിറ്റാര തുടങ്ങിയ ആഭ്യന്തര ഇവി മോഡലുകളേക്കാൾ 20 മുതൽ 50 ശതമാനം ഉയർന്ന വിലയിലാകും ടെസ്‌ല മോഡൽ 3 വിൽക്കുക എങ്കിൽ ഇന്ത്യൻ ഇവി വിപണിയെ കാര്യമായി ബാധിക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു. 25 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഒരു എൻട്രി ലെവൽ മോഡൽ ഓൺ-റോഡ് പുറത്തിറക്കാൻ ടെസ്‌ലക്കായാൽ അത് മറ്റ് കമ്പനികൾക്ക് തിരിച്ചടിയാകും. വരും മാസങ്ങളിൽ ടെസ്‌ല ഡൽഹിയിലും മുംബൈയിലും തങ്ങളുടെ മോഡലുകൾ പുറത്തിറക്കും. ആഭ്യന്തര വിപണിയിലേക്കുള്ള പ്രവേശനത്തിന്‍റെ ഭാഗമായി ടെസ്‌ല ഇന്ത്യയിൽ ഔദ്യോഗികമായി നിയമന പ്രക്രിയ ആരംഭിച്ചു. ഫെബ്രുവരി 18 ന്, മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ കൺസ്യൂമർ എൻഗേജ്‌മെന്‍റ് മാനേജർ തസ്തികയിലേക്ക് ലിങ്ക്ഡ്ഇനിൽ ഒരു ജോലി ലിസ്റ്റ് കമ്പനി പോസ്റ്റ് ചെയ്‌തിട്ടുണ്ട്.