Articles
കനയ്യ-മേവാനി കൂട്ടുകെട്ട് കോണ്‍ഗ്രസ്സിന് എന്ത് നല്‍കും?
ഇടതുപക്ഷ-ദളിത് പിന്നാക്ക പ്രത്യയശാസ്ത്ര രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന നേതാക്കളാണ് കനയ്യയും മേവാനിയും എന്നതാണ് കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം വലിയ മൂലധനമായി വളരാന്‍ പോകുന്നത്. സവര്‍ണാധിപത്യമുള്ള പാര്‍ട്ടിയാണെന്ന ആക്ഷേപം കോണ്‍ഗ്രസ്സിനെതിരെയുണ്ട്. മൃദുഹിന്ദുത്വ നിലപാടിലും മുതലാളിത്ത ആശയങ്ങളിലും കെട്ടുപിണഞ്ഞു കിടക്കുന്ന പാര്‍ട്ടിക്ക് ഇവരുടെ വരവ് നല്‍കുന്ന എനര്‍ജി ചെറുതായിരിക്കില്ല.
ബിഹാറില്‍ നിന്നുള്ള സി പി ഐ യുവ നേതാവും ജെ എന്‍ യു വിദ്യാര്‍ഥി സമരങ്ങളുടെ ഐക്കണുമായിരുന്ന കനയ്യ കുമാറിന്റെയും ഗുജറാത്തിലെ ദളിത് പ്രസ്ഥാനമായ രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ചിന്റെ നേതാവും ദളിത് ആക്ടിവിസ്റ്റുമായ ജിഗ്നേഷ് മേവാനിയുടെയും കോണ്‍ഗ്രസ്സ് ക്യാമ്പിലേക്കുള്ള കടന്നു വരവ് 2024ലേക്കുള്ള പ്രതിപക്ഷ ശ്രമങ്ങള്‍ക്ക് വലിയ രീതിയില്‍ കരുത്ത് പകരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2014ല്‍ അധികാരം നഷ്ടപ്പെട്ട ശേഷം മുതിര്‍ന്ന നേതാക്കളടക്കം ക്യാമ്പ് വിട്ട് പോയതല്ലാതെ നാളിതുവരെ മറു ചേരിയില്‍ നിന്ന് തലയെടുപ്പുള്ള ഒരു നേതാവിനെപ്പോലും സ്വന്തം ക്യാമ്പിലെത്തിക്കാന്‍ കോണ്‍ഗ്രസ്സിനായിരുന്നില്ല. മാത്രമല്ല രാഹുല്‍ ബിഗ്രേഡിലെ പ്രധാനികളായിരുന്ന മധ്യപ്രദേശിലെ ജോതിരാദിത്യ സിന്ധ്യ, ഉത്തര്‍ പ്രദേശിലെ ജിതിന്‍ പ്രസാദ് എന്നിവരടക്കം ബി ജെ പിക്കൊപ്പം ചേരുകയും ചെയ്തു. പഞ്ചാബില്‍ 2017ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് വിഭാഗീയ പ്രശ്‌നങ്ങള്‍ കാരണം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന സാഹചര്യവും മുന്നിലുണ്ട്. എപ്പോള്‍ വേണമെങ്കിലും അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിട്ടേക്കാമെന്നാണ് പഞ്ചാബില്‍ നിന്ന് പുറത്തു വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.
രാജസ്ഥാനിലെ വിഭാഗീയ പ്രശ്‌നം ഇപ്പോഴും കെട്ടടങ്ങിയിട്ടുമില്ല. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ നിരന്തരം സമ്മര്‍ദത്തിലാക്കുന്ന സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ്സ് വിടും എന്നതിലേക്ക് വരെ ഒരു ഘട്ടത്തില്‍ കാര്യങ്ങള്‍ വഷളായിരുന്നു. കേരളത്തിലാണെങ്കില്‍ മുമ്പുണ്ടായിരുന്ന ഗ്രൂപ്പ് വഴക്കില്‍ നിന്ന് മറ്റൊരു തലത്തിലേക്ക് പ്രശ്‌നങ്ങള്‍ വഴി മാറിയിരിക്കുകയാണ്. കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീഷനും മാത്രമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും പാര്‍ട്ടിയില്‍ കാര്യമായ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ക്കടക്കം ആക്ഷേപമുണ്ട്. മുതിര്‍ന്ന നേതാവായ വി എം സുധീരന്റെ പാര്‍ട്ടി ചുമതലകളില്‍ നിന്നുള്ള രാജിയും ഈ സാഹചര്യത്തിലാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത ലോക്‌സഭാ സീറ്റ് വീതം വെപ്പില്‍ കാര്യമായ പരിഗണന ഗ്രൂപ്പുകള്‍ക്ക് കിട്ടിയില്ലെങ്കില്‍ അവര്‍ പാലം വലിക്കുകയും അത് വലിയ തോല്‍വിയിലേക്ക് കോണ്‍ഗ്രസ്സിനെ കൊണ്ടെത്തിക്കുകയും ചെയ്യും എന്ന കാര്യത്തില്‍ സംശയമുണ്ടാകില്ല. സംഘടനാ സംവിധാനം അത്രമേല്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഒരു സന്ധിയിലാണ് പാര്‍ട്ടിയിലേക്കുള്ള രണ്ട് യുവ നേതാക്കളുടെ കടന്നു വരവ് വലിയ പ്രതീക്ഷയായി മാറുന്നത്.
അടുത്ത വര്‍ഷം ഉത്തര്‍ പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഗുജറാത്ത്, ഗോവ, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഡ്രസ്സ് റിഹേഴ്‌സലായാണ് പരിഗണിക്കപ്പെടുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഹൃദയ ഭൂമിയില്‍ നടക്കുന്ന രാഷ്ട്രീയ അങ്കത്തില്‍ ശക്തമായ ഒരു ബി ജെ പി വിരുദ്ധ ട്രെന്‍ഡ് ഉണ്ടാക്കാന്‍ കഴിയാതെ പോയാല്‍ അത് അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും.
മേവാനിയുടെയും കനയ്യയുടെയും കോണ്‍ഗ്രസ്സിലേക്കുള്ള കടന്നു വരവിന് വഴി ഒരുക്കിയത് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറാണ് എന്നാണ് റൂമറുകള്‍. മോദിയെ താഴെ ഇറക്കാന്‍ ശരത് പവാറും മമതയും അടക്കം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ക്രൗഡ് പുള്ളര്‍മാര്‍ അരയും തലയും മുറുക്കി ഇറങ്ങി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നുണ്ട്. മഹാരാഷ്ട്രയില്‍ ശിവസേന വരെ സംഘ്പരിവാര്‍ കൂടാരത്തില്‍ നിന്ന് പുറത്താണ് എന്നതും പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. തമിഴ്‌നാട്ടില്‍ സ്റ്റാലിനും ആന്ധ്രാപ്രദേശില്‍ ജഗ‌്മോഹന്‍ റെഡ്ഢിയും തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവുമാണ് 2024ല്‍ കാര്യങ്ങള്‍ തീരുമാനിക്കുക. ആ നിലക്ക് നോക്കുമ്പോള്‍ ദക്ഷിണേന്ത്യയില്‍ കര്‍ണാടക മാത്രമാണ് ബി ജെ പിക്ക് പ്രതീക്ഷ നല്‍കുന്ന ഏക സംസ്ഥാനം. പുതിയ സാഹചര്യത്തില്‍ രാജിവെക്കേണ്ടി വന്ന മുഖ്യമന്ത്രി യെദ്യൂരപ്പക്കൊപ്പം നില്‍ക്കുന്ന ലിംഗായത്ത് വോട്ടുകള്‍ എവിടേക്ക് മറിയും എന്നതിനെ കൂടി ആശ്രയിച്ചായിരിക്കും അവിടുത്തെയും അന്തിമ ഫലം.
മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ബി ജെ പിക്ക് നല്ല സ്വാധീനമുണ്ടെങ്കിലും ഒരു ഭരണവിരുദ്ധ ട്രെന്‍ഡുണ്ടായാല്‍ വലിയ മേധാവിത്വം കിട്ടിയില്ലെങ്കില്‍ കൂടി ആ ട്രെന്‍ഡിനൊപ്പം ഈ സംസ്ഥാനങ്ങളിലും പ്രതിപക്ഷത്തിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞേക്കും. ഒഡീഷയില്‍ നവീന്‍ പട്‌നായിക്കും ബംഗാളില്‍ മമതയും തന്നെയാകും ലീഡ് ചെയ്യുക. ഛത്തീസ്ഗഢ് ഒരിക്കലും കോണ്‍ഗ്രസ്സിനെ കൈവിടാന്‍ സാധ്യതയുമില്ല. ഇപ്പോഴത്തെ ട്രെന്‍ഡ് പ്രകാരം ബിഹാറിലും രാജസ്ഥാനിലും ബലാബലം തന്നെയാകാനാണ് സാധ്യത. ബിഹാറില്‍ ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവിനൊപ്പം പ്രതിപക്ഷ മുന്നണിയുടെ ഭാഗമായി കനയ്യ കൂടി പ്രചാരണ രംഗത്ത് ഇറങ്ങുന്നതോടെ കോണ്‍ഗ്രസ്സിന്റെ നില പഴയതില്‍ നിന്ന് അല്‍പ്പം മെച്ചപ്പെട്ടേക്കാം. പക്ഷേ, അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഹിന്ദി ബെല്‍റ്റിലെ സംസ്ഥാനങ്ങളായ ഗുജറാത്തും യു പിയും അടക്കമുള്ള ആറ് സംസ്ഥാനങ്ങളില്‍ നിന്ന് 132 ലോക്‌സഭാ മണ്ഡലങ്ങളുണ്ട്. അതില്‍ യു പിയില്‍ മാത്രമായി 80 മണ്ഡലങ്ങളാണുള്ളത്. അതുകൊണ്ട് തന്നെ ഈ സംസ്ഥാനങ്ങളിലെ വിധി ദേശീയ രാഷ്ട്രീയത്തിന്റെ ഐച്ഛിക ഘടനയെ തന്നെ മാറ്റിമറിച്ചേക്കും. മാത്രമല്ല, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് ഏറ്റവും വളക്കൂറുള്ള ബെല്‍റ്റു കൂടിയാണിത്. മേവാനിയെയും കനയ്യയെയും ഉയര്‍ത്തി കാണിക്കുക വഴി സംഘ്പരിവാറിന് ശക്തമായി വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞാല്‍ അത് പ്രത്യയശാസ്ത്രപരമായ പോരാട്ടത്തിന്റെ വിജയം കൂടിയായി മാറും.
ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ളത് അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയാണ്. അങ്ങനെ വന്നാല്‍ മായാവതിയുടെ ബി എസ് പി ഒറ്റക്ക് മത്സരിക്കും. ദളിത് വോട്ടുകളിലാണ് മായാവതിയുടെ പ്രതീക്ഷ. ആ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കാന്‍ മേവാനിയുടെ സാന്നിധ്യം കോണ്‍ഗ്രസ്സിനെ സഹായിക്കും. നിലവില്‍ ഗുജറാത്തിലെ വാഡ്ഗാം മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ മേവാനി ആള്‍ക്കൂട്ടങ്ങളെ ആകര്‍ഷിക്കാന്‍ കഴിവുള്ള നേതാവാണ്. അങ്ങനെ ഒരു നേതാവിനെ അടുത്ത കാലത്തൊന്നും ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസ്സിന് കിട്ടിയിട്ടില്ല. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലിന്റെ മരണം സൃഷ്ടിച്ച ശൂന്യതയും ഒരു പരിധിവരെ മേവാനിയുടെ കരിഷ്മ കൊണ്ട് മറികടക്കാനാകും. ഗുജറാത്തില്‍ ദളിത് വോട്ടുകള്‍ വലിയ രീതിയില്‍ മേവാനിക്കൊപ്പം വരും എന്നും കരുതാം.
വലിയ ജനപിന്തുണയില്ലാത്ത നേതാവാണെങ്കില്‍ കൂടി കനയ്യ തിരഞ്ഞെടുപ്പ് രംഗത്ത് വലിയ ഓളം സൃഷ്ടിക്കാന്‍ കഴിവുള്ള താരമാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ രാഹുലിനൊപ്പം മേവാനിയും കനയ്യയും കൂടി ചേരുമ്പോള്‍ ഉത്തരേന്ത്യന്‍ തിരഞ്ഞെടുപ്പ് റാലികളില്‍ വലിയ ആള്‍ക്കൂട്ടങ്ങളെത്തും. അത് വോട്ടാക്കി മാറ്റാന്‍ പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് കഴിഞ്ഞാല്‍ നിലവിലെ ഗ്രാഫ് കോണ്‍ഗ്രസ്സിന് ഉയര്‍ത്താം. പക്ഷേ, പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസ്സ് എങ്ങനെ ഉള്‍ക്കൊള്ളും എന്നിടത്താണ് കാര്യങ്ങള്‍. മമതയും സ്റ്റാലിനുമൊക്കെ നല്‍കിയ പോലെ തിരഞ്ഞെടുപ്പ് രംഗത്ത് പൂര്‍ണ സ്വാതന്ത്ര്യം കിഷോറിന് വിട്ടുകൊടുക്കുന്ന രീതിയിലല്ല കോണ്‍ഗ്രസ്സിന്റെ സംഘടനാ സംവിധാനം മുന്നോട്ടു പോകുന്നത്. പാര്‍ട്ടിയെ പഴയ താപ്പാനമാര്‍ക്കപ്പുറത്തേക്ക് മോചിപ്പിക്കാന്‍ കഴിയാത്തത് വലിയ പ്രതിസന്ധിയാണ്. നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ച കപില്‍ സിബലും ശശി തരൂരും അടക്കമുള്ള നേതാക്കളെ പോലും കേള്‍ക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ്സ് എങ്ങനെയാണ് പ്രശാന്ത് കിഷോറിനെ ഉള്‍ക്കൊള്ളുക എന്നതും വലിയ ചോദ്യ ചിഹ്നമായി മുന്നിലുണ്ട്.
പഞ്ചാബില്‍ അമരീന്ദറിനെ മാറ്റി സിദ്ധുവിനെ കൊണ്ടു വരാതെ ദളിത് വിഭാഗത്തില്‍പ്പെട്ട ചരണ്‍ജിത്ത് സിംഗിനെ കൊണ്ടുവന്നതും വോട്ട് ചോര്‍ച്ചക്ക് തടയിടാനാണ്. കര്‍ഷക സമര പോരാളികളോട് ഡല്‍ഹിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ട അമരീന്ദറിന്റെ നിലപാടിനെതിരെ പാര്‍ട്ടിയില്‍ നിന്ന് വ്യാപക വിമര്‍ശം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അതിനാല്‍ തന്നെ അമരീന്ദറിനെ മാറ്റിയത് കര്‍ഷക സമൂഹത്തില്‍ നിന്ന് അനുകൂല പ്രതികരണം കിട്ടാന്‍ സാധ്യതയുള്ള ഒരു ശ്രമമാണ്. മാത്രമല്ല ഇതുവരെ അധികാരത്തില്‍ കാര്യമായ പ്രാതിനിധ്യം കിട്ടാതിരുന്ന ദളിതുകളെ പരിഗണിച്ചതും കൂടി കണക്കിലെടുത്താല്‍ പഞ്ചാബില്‍ വലിയ ക്ഷീണം ഉണ്ടാകാനിടയില്ല.
ഇടതുപക്ഷ-ദളിത് പിന്നാക്ക പ്രത്യയശാസ്ത്ര രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന നേതാക്കളാണ് കനയ്യയും മേവാനിയും എന്നതാണ് കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം വലിയ മൂലധനമായി വളരാന്‍ പോകുന്നത്. സവര്‍ണാധിപത്യമുള്ള പാര്‍ട്ടിയാണെന്ന ആക്ഷേപം കോണ്‍ഗ്രസിനെതിരെയുണ്ട്. മൃദുഹിന്ദുത്വ നിലപാടിലും മുതലാളിത്ത ആശയങ്ങളിലും കെട്ടുപിണഞ്ഞു കിടക്കുന്ന പാര്‍ട്ടിക്ക് ഇവരുടെ വരവ് നല്‍കുന്ന എനര്‍ജി ചെറുതായിരിക്കില്ല. ഇടതുപക്ഷ ആശയങ്ങളോട് കോണ്‍ഗ്രസ്സ് കൂടുതല്‍ അടുക്കുന്നതിന്റെ സൂചനയാണിതെന്നും വിലയിരുത്തലുണ്ട്. രാഹുല്‍ ഗാന്ധി രാജീവ് ഗാന്ധിയുടെയോ സോണിയയുടെയോ ലൈനില്‍ സഞ്ചരിക്കുന്ന ആളല്ല. മന്‍മോഹന്‍ സിംഗിന്റെ സാമ്പത്തിക നയങ്ങളോടു പോലും അത്ര പൊരുത്തപ്പെടാന്‍ സാധിക്കാത്ത ഒരാളാണ് രാഹുല്‍. ആ നിലക്ക് ഇന്ദിരയോടും നെഹ്‌റുവിയന്‍ സോഷ്യലിസത്തോടുമൊക്കെയാണ് രാഹുലിന് കൂടുതല്‍ താത്പര്യമെന്ന് മനസ്സിലാക്കാം.
സീതാറാം യെച്ചൂരിയില്‍ നിന്നാണ് അദ്ദേഹം ഉപദേശം സ്വീകരിക്കുന്നത് എന്ന് വരെ കോണ്‍ഗ്രസ്സിലെ താപ്പാനകള്‍ക്കിടയില്‍ ഗോസിപ്പുകളുണ്ട്. അദ്ദേഹത്തിന്റെ ഈ അടുത്ത കാലത്തെ നിലപാടുകള്‍ പലപ്പോഴും കോര്‍പറേറ്റുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. രാമജന്മ ഭൂമി വിഷയവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ സ്വീകരിച്ച മൃദുഹിന്ദുത്വ നിലപാടിനൊപ്പമല്ല രാഹുല്‍ നിലകൊണ്ടത്. അദ്ദേഹം തികഞ്ഞ സംഘ്പരിവാര്‍ വിമര്‍ശകനാണ്. ഇടതുപക്ഷ-അംബേദ്കറൈറ്റ് ആശയങ്ങളിലേക്കുള്ള രാഹുലിന്റെ താത്പര്യം അടിസ്ഥാനപരമായി കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ പൊളിച്ചു പണിയാനുള്ള ശ്രമമാണെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. ഈ ഫാക്ടറാണ് കനയ്യ-മേവാനി കൂട്ടുകെട്ടിലൂടെ രാഹുല്‍ ബ്രിഗേഡിനും പ്രത്യയശാസ്ത്രപരമായി കോണ്‍ഗ്രസ്സിനും ലഭിക്കാനിരിക്കുന്ന വലിയ നേട്ടം.