Connect with us

articles

ഐക്യരാഷ്ട്ര സഭ ഇനിയെന്ത് ചെയ്യാനാണ്?

ഈ വര്‍ഷം ഐക്യരാഷ്ട്ര ദിനം ആഘോഷിക്കുമ്പോള്‍ ഗസ്സയിലും ഫലസ്തീനിലും ബോംബ് വര്‍ഷം നടന്നുകൊണ്ടിരിക്കുകയാണ്. എന്താണോ ഉദ്ദേശിച്ചത് അത് പൂര്‍ണമായും നേടാനാകാതെ, ശക്തരായ രാജ്യങ്ങള്‍ക്കു മുന്നില്‍ ഒന്നും ചെയ്യാനാകാതെ നില്‍ക്കേണ്ടിവരുന്ന അവസ്ഥയിലാണ് ഐക്യരാഷ്ട്ര സംഘടന ഇപ്പോള്‍. ശാസ്ത്രവും സാങ്കേതികവിദ്യയും ഇത്രയേറെ പുരോഗതി പ്രാപിച്ച അവസ്ഥയിലും യുദ്ധത്തിന്റെ ഭീതിക്കെതിരെ ഒന്നും ചെയ്യാനാകാത്ത അവസ്ഥ.

Published

|

Last Updated

ലോകം മുഴുവന്‍ ഒരൊറ്റ കുടുംബമാണെന്ന “വസുധൈവ കുടുംബകം’ എന്ന സുന്ദരമായ ആശയം ഇന്ന് ഗസ്സയിലെ വീടും സ്വത്തും ഉറ്റവരും നഷ്ടപ്പെട്ടവര്‍ക്കു മുന്നില്‍ നമുക്ക് എങ്ങനെയാണ് വാക്ക് കൊണ്ടോ വാചകങ്ങള്‍ ചേര്‍ത്തോ പറയാനാകുക? ഒരൊറ്റ കുടുംബം പോലെ സ്‌നേഹിച്ചും കരുതിയും ജീവിക്കുന്ന ഒരു ജനതയാണ് ആ ആശയത്തിന്റെ ആധാരം. എന്നാല്‍ അങ്ങനെയൊരു ആശയം, വെറുമൊരു സങ്കല്‍പ്പത്തിനപ്പുറം എവിടെ നില്‍ക്കുന്നു എന്നതും പ്രധാനമാണ്.

യുദ്ധത്തിന്റെ പിടിയില്‍ അമരുന്ന ഇന്നത്തെ ലോകം ഈ ഐക്യരാഷ്ട്ര സഭാ ദിനത്തില്‍ പങ്കുവെക്കുന്നതും എത്രമാത്രം നാം സഭയുടെ ലക്ഷ്യങ്ങള്‍ കൈവരിച്ചുകഴിഞ്ഞു എന്ന ചോദ്യമാണ്.
രണ്ടാം ലോകമഹായുദ്ധം തകര്‍ത്തുതരിപ്പണമാക്കിയത് യൂറോപ്പിന്റെ പ്രദേശങ്ങളും സ്വത്തുക്കളും മാത്രമായിരുന്നില്ല, അവിടെയുള്ള ജനതയുടെ മനസ്സുകൂടെ ആയിരുന്നല്ലോ.

അങ്ങനെ ആഴത്തില്‍ വീണ മുറിവുകള്‍ ഉണക്കാനുള്ള ശ്രമകരമായ ഇടപെടലുകളുടെ ഭാഗമായി 1945ല്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ലോകം ഒരു മുന്നേറ്റത്തിന് തിരികൊളുത്തി. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ലിന്‍ ഡി റൂസ്സ് വെല്‍റ്റ് അതിനൊരു പേരുമിട്ടു, “ഐക്യരാഷ്ട്ര സംഘടന’. അന്ന് മുതല്‍ ഇങ്ങോട്ട് ഇന്നുവരെ ലോകം അഭിമുഖീകരിക്കുന്ന സാമൂഹിക, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് ആശ്രയിക്കാന്‍ എന്നും ഐക്യരാഷ്ട്ര സംഘടന മുന്‍പന്തിയില്‍ ഉണ്ടായിട്ടുണ്ട്.

എന്നാല്‍ അന്ന് രൂപം കൊണ്ട രീതിയിലും അതിന്റെ അന്നത്തെ ലക്ഷ്യത്തിലും തന്നെയാണോ ആ വലിയ കൂട്ടായ്മ പിന്നീട് മുന്നോട്ട് പോയതെന്നതാണ് ഏറ്റവും കാതലായ കാര്യം.
മനുഷ്യ കുലത്തിനെ വെല്ലുവിളിക്കുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് എല്ലാവര്‍ക്കും ജീവിക്കാന്‍ കഴിയുന്ന ഇടമാക്കി ഭൂമിയെ മാറ്റുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന ജന്മമെടുക്കുന്നത്. ഒന്നാം ലോകമഹായുദ്ധ കാലത്ത് 1919ല്‍ രൂപം കൊണ്ട ലീഗ് ഓഫ് നേഷന്‍സാണ് അന്താരാഷ്ട്ര സഹകരണത്തിലൂടെ സമാധാനവും സുരക്ഷിതത്വവും എന്ന വിശാലമായ ലക്ഷ്യം ലോകത്തോട് ആദ്യം വിളിച്ചുപറഞ്ഞത്. എന്നാല്‍ 1945 ആയപ്പോഴേക്കും 51 സമാധാന പ്രേമികളായ രാജ്യങ്ങള്‍ കൈകോര്‍ത്തുകൊണ്ട് ഐക്യരാഷ്ട്ര സംഘടന പിറവിയെടുത്തു. ലോകത്തുള്ള എല്ലാ മനുഷ്യരെയും സംരക്ഷിക്കുക, പരിസ്ഥിതി സംരക്ഷണം, എയ്ഡ്‌സ് ബോധവത്കരണം ഉള്‍പ്പെടെയുള്ള രോഗപ്രതിരോധം, ആരോഗ്യ രംഗത്തെ മറ്റു വിഷയങ്ങള്‍, അന്താരാഷ്ട്ര വാര്‍ത്താവിനിമയ വികസനം, ദാരിദ്ര്യ നിര്‍മാര്‍ജനം, ഭീകരതക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍, അഭയാര്‍ഥി സംരക്ഷണം എന്നിങ്ങനെ ധാരാളം ലക്ഷ്യങ്ങളാണ് ഐക്യരാഷ്ട്ര സംഘടന പേറുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസ്സംബ്ലിയില്‍ 193 രാജ്യങ്ങളാണ് ഇപ്പോള്‍ അംഗങ്ങളായി ഉള്ളത്.

ഐക്യരാഷ്ട്ര സംഘടനയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍ സമാധാന സ്ഥാപനവും സമാധാന പാലനവുമാണ്. ഐക്യരാഷ്ട്ര സംഘടനക്ക് കീഴില്‍ ധാരാളം ഉപസംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന യൂനിസെഫ്, ലോക ഭക്ഷ്യ സംഘടന, ലോകാരോഗ്യ സംഘടന, ലോക വ്യാപാര സംഘടന എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. യൂനിസെഫിന്റെ നേതൃത്വത്തില്‍ ഏകദേശം 160ലധികം രാജ്യങ്ങളിലായി കുട്ടികളുടെ ഉന്നമനത്തിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

ഈ വര്‍ഷം ഐക്യരാഷ്ട്ര ദിനം ആഘോഷിക്കുമ്പോള്‍ ഗസ്സയിലും ഫലസ്തീനിലും ബോംബ് വര്‍ഷം നടന്നുകൊണ്ടിരിക്കുകയാണ്. എന്താണോ ഉദ്ദേശിച്ചത് അത് പൂര്‍ണമായും നേടാനാകാതെ, ശക്തരായ രാജ്യങ്ങള്‍ക്കു മുന്നില്‍ ഒന്നും ചെയ്യാനാകാതെ നില്‍ക്കേണ്ടിവരുന്ന അവസ്ഥയിലാണ് ഐക്യരാഷ്ട്ര സംഘടന ഇപ്പോള്‍. ശാസ്ത്രവും സാങ്കേതികവിദ്യയും ഇത്രയേറെ പുരോഗതി പ്രാപിച്ച അവസ്ഥയിലും യുദ്ധത്തന്റെ ഭീതിക്കെതിരെ ഒന്നും ചെയ്യാനാകാത്ത അവസ്ഥ. യുദ്ധം വിതക്കുന്നതും കൊയ്യുന്നതും വേദനകളുടെയും നഷ്ടങ്ങളുടെയും നൂറുമേനി മാത്രമാണ്.

സന്തോഷത്തിലും സമാധാനത്തിലും കഴിഞ്ഞിരുന്ന മനുഷ്യരുടെ ഇടയിലേക്ക് വെറുപ്പിന്റെയും വാശിയുടെയും കനലുകള്‍ എരിഞ്ഞിറങ്ങുന്നത് എത്ര പെട്ടെന്നാണ്. ലോകത്ത് യുദ്ധം ഇതാദ്യമായല്ല നടക്കുന്നത്. മനുഷ്യന്‍ മനുഷ്യനായി രൂപാന്തരം പ്രാപിച്ച കാലം മുതല്‍ പലരീതിയില്‍ യുദ്ധം നടന്നിട്ടുണ്ട്. ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മൃഗങ്ങളിലും പക്ഷികളിലുമൊക്കെ യുദ്ധങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ മനുഷ്യരിലും മൃഗങ്ങളിലുമുള്ള യുദ്ധങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഒന്ന് മാത്രമാണ്. മൃഗങ്ങള്‍ അവരുടെ ആഹാരത്തിനും ഇണക്കും വേണ്ടി യുദ്ധം ചെയ്യുമ്പോള്‍ മനുഷ്യന്റെ യുദ്ധം മുഴുവന്‍ അവന്റെ അഹങ്കാരത്തിന്റെയും അത്യാഗ്രഹത്തിന്റെയും വാശിയുടെയും അസൂയയുടെയും ഒക്കെ ഫലമായി മാത്രം ഉണ്ടാകുന്നതാണ്.

യുദ്ധത്തിന്റെ കെടുതികള്‍ ഏറ്റവുമധികം ബാധിക്കുന്നത് മറ്റാരേക്കാളും കൊച്ചുകുട്ടികളെയാണ്. അവരുടെ വളര്‍ച്ചാ ഘട്ടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമയം യുദ്ധത്തിന്റെ ഭീതിയിലും പഠനത്തിന്റെ അപര്യാപ്തതയിലുമായിപ്പോകുന്നു. മാനസികമായും ശാരീരികമായും കഷ്ടതകള്‍ അനുഭവിക്കേണ്ടി വരുന്ന കാലം. ലോകം ഇങ്ങനെയൊക്കെയാണ് എന്ന് അവര്‍ കണ്ടറിയുന്ന പ്രായം. ഫലസ്തീനില്‍ കഴിഞ്ഞ ദിവസം പുതിയ അധ്യയന വര്‍ഷം ആരംഭിച്ചെങ്കിലും 11 മാസമായി അടഞ്ഞുകിടക്കുന്ന സ്‌കൂളുകള്‍ തുറന്നിട്ടില്ല. ഏതാണ്ട് തൊണ്ണൂറ് ശതമാനം സ്‌കൂളുകളും യുദ്ധത്തില്‍ തകര്‍ന്നു കഴിഞ്ഞു. ബാക്കിയുള്ള സ്‌കൂളുകളാകട്ടെ അഭയ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചുവരുന്നു. ഈ വര്‍ഷം ഏകദേശം 58,000 കുട്ടികള്‍ സ്‌കൂളുകളിലേക്ക് എത്തിച്ചേരേണ്ട ഘട്ടത്തിലാണ് സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്നത്. ഇനി ആ സ്‌കൂളുകളൊക്കെ എപ്പോള്‍ പ്രവര്‍ത്തിച്ചു തുടങ്ങും എന്നതിനെക്കുറിച്ച് ആര്‍ക്കും ഒരു അറിവുമില്ല.

ലോകത്തെ ഏറ്റവും പുരോഗതിയുള്ള രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അവിടെയുള്ള വിദ്യാഭ്യാസത്തിന് അവര്‍ നല്‍കുന്ന പ്രാമുഖ്യമാണ്. ലോകത്തെ ഒന്നാം ലോക രാജ്യങ്ങളുടെ കാര്യമെടുക്കുക. എണ്ണം പറഞ്ഞ വിദ്യാഭ്യാസ രീതിയാകും അവിടെ പിന്തുടരുന്നത്. ഫിന്‍ലാന്‍ഡ് പോലെയുള്ള രാജ്യങ്ങള്‍ വിദ്യാഭ്യാസ രീതി മെച്ചപ്പെടുത്തുന്നതിന് ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസമുള്ള ജനതയെ വാര്‍ത്തെടുക്കുക എന്നതാണ് ഏതൊരു ഭരണകൂടത്തിന്റെയും ഏറ്റവും ഉദാത്തമായ ലക്ഷ്യവും. എന്നാല്‍ യുദ്ധത്തില്‍ നശിച്ചുപോകുന്ന ഒരു രാജ്യത്തെ കുട്ടികളെ കുറിച്ച് ആലോചിച്ചുനോക്കൂ. അവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. ആ രാജ്യത്തിന്റെ നാളെകളെ തന്നെ നിര്‍ണയിക്കാന്‍ പോന്നവയാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല.

ഈ വര്‍ഷത്തെ ഐക്യരാഷ്ട്ര ദിനത്തില്‍ ലോകത്തിന് പങ്കുവെക്കാനുള്ളത് മേല്‍പ്പറഞ്ഞ ഒരുപിടി വേദനകള്‍ മാത്രമാണ്. ഐക്യരാഷ്ട്ര സംഘടന ഇനിയും കൂടുതല്‍ ശക്തരാകേണ്ടതുണ്ട്. ഒന്നാം ലോക രാജ്യങ്ങളുടെ വരുതിയില്‍ പ്രവര്‍ത്തിക്കേണ്ടതല്ല നിശ്ചയമായും ഐക്യരാഷ്ട്ര സംഘടന. അതിന് സ്വതന്ത്രമായ അസ്തിത്വം ആവശ്യമാണ്. ലോകം സമാധാനം ആഗ്രഹിക്കുന്നു. എന്നാല്‍ അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ലോകം തിരിച്ചറിയേണ്ടതുണ്ട്. അത്തരം ശക്തികളെ ഒറ്റപ്പെടുത്താന്‍ ഐക്യരാഷ്ട്ര സംഘടനക്ക് കഴിയണം. എല്ലാ രാജ്യങ്ങളുടെയും പൂര്‍ണമായ പിന്തുണ ഐക്യരാഷ്ട്ര സംഘടനക്ക് അനിവാര്യമായിരിക്കുന്നു. ലോകസമാധാനം പൂര്‍ണമായും ആര്‍ജിക്കുന്ന ദിവസത്തിനായി ഐക്യരാഷ്ട്ര സംഘടന നിലകൊള്ളുന്നു. അതിന് പിന്തുണ പ്രഖ്യാപിക്കേണ്ടത് ലോക രാഷ്ട്രങ്ങളുടെ ബാധ്യതയാണ്.

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)

Latest