Prathivaram
ഈന്ത്
അന്നും ഇന്നും എന്നും അതിന് ഒരു പേരേ ഉണ്ടായിരുന്നുള്ളൂ - ഈന്ത്. ഓർമകളിലെ ഈന്തിന് പച്ചപ്പുണ്ടായിരുന്നു; ഓർമകൾക്കും. അമ്മായി വീടിന്റെ അയലത്തെ പാത്തുട്ടിയുമ്മയുടെ മകൾ സുഹറക്കും അമ്മാവന്റെ മകൾ അർച്ചനക്കും പിന്നെ എനിക്കും ഈന്ത് ഇന്നും വലിയ തണുപ്പോർമകൾ തന്നെയാകണം. കാരണം ബാല്യത്തിൽ ഞങ്ങളുടെ കുഞ്ഞിപ്പുരയുടെ ചുമരുകളും മേൽക്കൂരയും തച്ചനേക്കാൾ തന്ത്രത്തിൽ പണിതീർത്തിരുന്നത് ഈ ഈന്തിൻപട്ടയിലായിരുന്നു. സ്വന്തമായൊരു വീടെന്ന സ്വപ്നം തളിർത്ത ആദ്യ നാളുകൾ.

അന്നും ഇന്നും എന്നും അതിന് ഒരു പേരേ ഉണ്ടായിരുന്നുള്ളൂ – ഈന്ത്. ഓർമകളിലെ ഈന്തിന് പച്ചപ്പുണ്ടായിരുന്നു; ഓർമകൾക്കും. അമ്മായി വീടിന്റെ അയലത്തെ പാത്തുട്ടിയുമ്മയുടെ മകൾ സുഹറക്കും അമ്മാവന്റെ മകൾ അർച്ചനക്കും പിന്നെ എനിക്കും ഈന്ത് ഇന്നും വലിയ തണുപ്പോർമകൾ തന്നെയാകണം. കാരണം ബാല്യത്തിൽ ഞങ്ങളുടെ കുഞ്ഞിപ്പുരയുടെ ചുമരുകളും മേൽക്കൂരയും തച്ചനേക്കാൾ തന്ത്രത്തിൽ പണിതീർത്തിരുന്നത് ഈ ഈന്തിൻപട്ടയിലായിരുന്നു. സ്വന്തമായൊരു വീടെന്ന സ്വപ്നം തളിർത്ത ആദ്യ നാളുകൾ.
പിന്നീട് അടുത്ത വീട്ടിലെ സുധ ചേച്ചിയുടെ കല്യാണത്തിനാണ് ഈന്തിനെ ശരിക്കുമറിഞ്ഞത്. പ്രധാന കവാടം ആർച്ച് രൂപത്തിൽ വെട്ടിയൊതുക്കി ഭംഗിയാക്കിയിരിക്കുന്നു. ഇന്ന് ഈന്തില്ല; ഇവന്റ് ടീം തീരുമാനിക്കുന്ന ഓർക്കിഡ് പുഷ്പങ്ങൾ…. പണ്ട് താഴത്തേലേ ബാബുവേട്ടനും രാജേട്ടനും ചേർന്നുണ്ടാക്കിയിരുന്ന ആ കാന്തിയാർന്ന സൃഷ്ടികൾക്കില്ലാത്ത എന്തു പൊലിമയാണീ പൂക്കൾക്കുള്ളതെന്ന് തോന്നാതിരുന്നില്ല. ഒന്നും മിണ്ടിയില്ല. മിണ്ടിയാൽ മക്കൾക്കിടയിൽ ഞാൻ പഴഞ്ചനാകാം. “എൺപതുകളിലെ വണ്ടിയിൽ നിന്നിറങ്ങിയില്ലേ’ എന്ന കളിയാക്കലും ഏറ്റുവാങ്ങേണ്ടിവരും.
പക്ഷേ, എന്റെ ഓർമകളിലെ ആ സുന്ദരകാലം, സൗഹൃദകാലം അവയൊക്കെ ഈ മരത്തിനാൽ ഒന്നു കൂടി ചികയാനായാൽ, അതു ഭാഗ്യം. കാരണം, ഓർമകളിലേക്ക് തള്ളിക്കേറി വരുന്നതിനെ മനഃപൂർവം ആട്ടിയോടിച്ചിട്ട് ആധുനികത അഭിനയിച്ചു തകർക്കാൻ ശ്രമിക്കുന്നയീ ലോകത്ത് എന്നെപ്പോലെയാരെങ്കിലും….
പഴയ അർച്ചനയേയും സുഹറയെയും കാണാനായാൽ…? കുട്ടിപ്പുരയും മണ്ണിലെ ചിരട്ടപ്പുട്ടും, പാട്ടും, ബഹളവും… അങ്ങനെ പലതും പറയാനും സ്മരിക്കാനും കഴിഞ്ഞാൽ…! ഇന്ന്, ഓർമകൾ ഒളിച്ചു കളിക്കാൻ വെമ്പുന്ന നാളിൽ ഒരു “സാറ്റ്’ പറഞ്ഞവൾ തിരികെ നടത്തിയാലോ..? സാധ്യമാവുമോ എന്നറിയില്ല. കാരണം ഇന്നവളും തിരക്കേറിയ ഉദ്യോഗസ്ഥയാണ്, കുടുംബിനിയാണ്. അല്ലെങ്കിൽ തന്നെ ഇതൊക്കെ പേറി നടക്കുന്ന ഞാനെന്ന മരമണ്ടനു മാത്രമല്ലേ തിരക്കും ഓട്ടവും ബുധനും ബോധവും ഒന്നുമില്ലാത്തത്..!
വർഷങ്ങൾക്കു ശേഷമാണ് കുടുംബത്തിലൊരു കല്യാണത്തിന് കൂടുന്നത്. തിരക്കിനിടയിൽ ആരോ തോളിൽ തട്ടി. അമ്മായിയാണ്.
“സുഖാണോ മോനേ…?’
ഇന്നും എന്തൊരു മൃദുത്വമാണാ വിളിക്ക്. പ്രായം നാൽപ്പത്തഞ്ച് കഴിഞ്ഞിട്ടും ഞാനിന്നുമവർക്ക് മോൻ തന്നെ…!
“സുഖാണമ്മായി.. എന്തൊക്കെയാ വിശേഷങ്ങള്..?’
“എന്ത് മോനേ… ഇങ്ങനേ പോണ്. നേരം വെളിച്ചാവ്ണ് രാത്രിയാവ്ണ്… അല്ലാതെന്തു പറയാൻ..?’
ആയ കാലത്തേ വിധവയായ അവരിത്രയും തള്ളി നീക്കയല്ലോ… അതും ഒരു ശക്തിയാണ്.
“അസുഖങ്ങളൊന്നുമില്ലല്ലോ…!’
“അതേയുള്ളൂ…’
ചിരികൾ…
മുഖത്ത് കരുവാളിപ്പ് പടർന്നു ഭൂപടം വരച്ചിരിക്കുന്നു. മുടി ഒരു വിരലിടയ്ക്കുള്ളതായി മാത്രം അവശേഷിച്ചിരിക്കുന്നു. എന്തു സുന്ദരിയായിരുന്നു അവർ..! കാര്യമായിട്ടെന്തെങ്കിലും അസുഖം…? ചോദിക്കാനൊരു മടി.
ചോദിച്ചില്ല.
എന്റെ കരങ്ങൾ അമ്മായി കവർന്നെടുത്തിരിക്കുന്നു.
“വീട്ടിലേക്ക് വന്നിട്ടേ പോകാവൂട്ടോ..’
അമ്മായിയുടെ സ്നേഹക്ഷണം. സ്വഭാവത്തിൽ മാത്രം അവർക്കൊരു മാറ്റവും കണ്ടില്ല. അപ്പോൾ മാറ്റം എന്നത് മനുഷ്യൻ അഭിനയിക്കുന്നതു കൂടിയാണല്ലേ…!
“ഉം… വരും. നമ്മടെ തെക്കേ പറമ്പിലുണ്ടായിരുന്ന ഈന്തിപ്പണ്ടോ അമ്മായി..?’
“ഉവ്വല്ലോ… മുതുക്കനായി. ന്നാലും ഈന്തിന് നൂറാ ആയുസ്സ്..’
അമ്മായിയും ഞാനും അർച്ചനയും സുഹറയും മറ്റുള്ളവരും ചേർന്ന് അതിന്റെ പട്ട വെട്ടിയ ശേഷം, ഈന്തിൻ കായ പെറുക്കി കൂട്ടിയെടുത്തിരുന്നത്, ഉണങ്ങിയ കായ അമ്മായി വെട്ടി ഉണക്കാനായി വെയിലത്തിട്ടിരുന്നത്, ഇടിച്ച പൊടി കൊണ്ടുണ്ടാക്കിയ ഈന്തിൻ പുട്ട് കഴിച്ചിരുന്നത്, കുഞ്ഞു പാത്രത്തിൽ സുഹറയ്ക്കുള്ളത് അവൾടെ വീട്ടിലേക്ക് കൊണ്ടു പോയി കൊടുക്കാൻ ഏൽപ്പിച്ചിരുന്നത്. നൻമയും സ്നേഹവും മാത്രം വീതം വെച്ചിരുന്ന ഇവരെയെങ്ങനെയാവും ക്യാൻസറിന് ആക്രമിക്കാനായിട്ടുണ്ടാവുക…!
“ന്തേ മോനെ…?’
പിന്നാക്കം പാഞ്ഞ എന്നെ അമ്മായി ഒറ്റ വിളിയിൽ തിരിച്ചു കൊണ്ടു വന്നു.
“ഒന്നൂല്ലമ്മായി… ഈന്തിൻ പുട്ട് കഴിക്കാനൊരു കൊതി…’
“ആരാപ്പോ അതൊക്കെണ്ടാക്കാൻ…? ഇപ്പോ എല്ലാം റെഡിമെയ്ഡല്ലേ മോനെ.. ഈന്ത് എന്ന പേര് പോലും ഇപ്പോള്ളോർക്ക് അറിയോ..? ഇല്ല..’
അവർ അറിഞ്ഞു ചിരിച്ചു. മനുഷ്യൻ മറക്കുന്നതും മാറ്റിവെക്കുന്നതും എന്തെല്ലാമാണെന്ന് ചിന്തിച്ചപ്പോൾ എനിക്ക് ചിരിവന്നില്ല.
ഞാൻ ചുമ്മാ ഗൂഗിളിൽ സെർച്ച് ചെയ്തു. ഈന്ത് = cynas circinalis linn ശാസ്ത്രീയ നാമം തെളിഞ്ഞു വന്നു.
അർച്ചനയോട് ഇതേപ്പറ്റി ചോദിക്കാം; തിരക്കാവും എന്നാലും. കണ്ടപ്പോൾ ചോദിക്കാൻ വെച്ചതെല്ലാം ഞാൻ പതുക്കെ ചുരുൾ നിവർത്തിയെടുത്തു ഉള്ളിൽ.
“ഈന്തോ… അതെന്താ..?’ അവൾ.
പിന്നെ ഒന്നും ചോദിച്ചില്ല. തിരക്കഭിനയിച്ചവൾ നടന്നു പോയി. ചില നേരങ്ങളിൽ മറ്റുള്ളവരുടെ ഒറ്റവാക്കിൽ വീണുപോകുന്നതേയുള്ളൂ നമ്മുടെ ആത്മവിശ്വാസവും പ്രതീക്ഷയും.
സാരമില്ല. സുഹറയെങ്കിലും ഓർക്കാതിരിക്കില്ല. ഓർക്കേണ്ടവർ എന്നും എന്തും എക്കാലവും ഓർത്തു വെക്കും അതുറപ്പാണ്.
അന്വേഷിച്ചു. അവൾക്ക് മറവി രോഗമാണെന്നറിഞ്ഞു. എങ്കിലും കാണാൻ തീരുമാനിച്ചു. കുറെ നേരം സംസാരിച്ചിരുന്നു. പലതും സമയമെടുത്തായാലും പാതി മുറിഞ്ഞായാലും ഓർത്തെടുത്തു. പ്രത്യേകിച്ചും അന്നത്തെ ആളുകൾക്കിടയിലെ സ്നേഹവും സൗഹൃദവും അടുപ്പവും സഹകരണവും അങ്ങനെ പലതും. അവൾക്ക് അൾഷിമേഴ്സ് രോഗമാണെന്ന് ആരാ പറഞ്ഞത്..? അസുഖം അവൾക്കല്ല.
ആണോ..?!