Articles
കാരണമെന്തുമാകട്ടെ, ബംഗ്ലാദേശ് കത്തരുത്
ന്യൂനപക്ഷ വിഭാഗത്തിലെ സാധാരണ മനുഷ്യര്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഹസീന ഇന്ത്യയിലേക്ക് പറന്നതിലോ അവാമി ലീഗിന്റെ ഏജന്റായി ഇസ്‌കോണ്‍ പ്രവര്‍ത്തിക്കുന്നതിലോ കൃഷ്ണ ദാസിനെതിരെ നീങ്ങുക വഴി ഹസീനയെ പരോക്ഷമായി ആക്രമിക്കുന്നതിലോ ഒന്നും അവര്‍ക്ക് പങ്കില്ല. ഈ രാഷ്ട്രീയത്തിലൊന്നും അവരില്ല. ആ മനുഷ്യര്‍ അരക്ഷിതാവസ്ഥയില്‍ അകപ്പെടരുത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ അനുഭവിക്കുന്നത് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കരുത്.
ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ ഏത് നിമിഷവും കൈവിട്ട് പോകാവുന്ന നിലയിലാണ്. വര്‍ഗീയ ഉള്ളടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്കും പ്രതിപ്രക്ഷോഭങ്ങള്‍ക്കുമിടയില്‍ സമ്പൂര്‍ണ അരാജകത്വത്തിലേക്ക് നീങ്ങിയേക്കാവുന്ന സ്ഥിതി. അഭ്യൂഹങ്ങളും വ്യാഖ്യാനങ്ങളും ഗൂഢലക്ഷ്യങ്ങളുള്‍ക്കൊള്ളുന്ന ആഖ്യാനങ്ങളുമാണ് ചിറ്റഗോംഗില്‍ നിന്നും ധാക്കയില്‍ നിന്നും കേള്‍ക്കുന്നത്. കാരണമെന്തുമാകട്ടെ, ആ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാബോധത്തിലേക്ക് എടുത്തെറിയപ്പെടുന്നത് ഇന്ത്യയും പാകിസ്താനും അഫ്ഗാനിസ്താനും നേപ്പാളുമെല്ലാമടങ്ങുന്ന മേഖലയിലാകെ പ്രത്യാഘാതം സൃഷ്ടിക്കാന്‍ പോന്ന ദുരവസ്ഥയാണ്.
വൈഷ്ണവ ആത്മീയ നേതാവ് ചിന്‍മോയ് കൃഷ്ണ ദാസ് പ്രഭുവിനെ ഈ മാസം 25ന് പോലീസ് അറസ്റ്റ് ചെയ്തതാണ് ബംഗ്ലാദേശ് തെരുവുകളെ ഒരിക്കല്‍ കൂടി പ്രക്ഷുബ്ധമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിനിടെ ദേശീയ പതാകയെ അവഹേളിച്ചുവെന്ന കുറ്റത്തിനാണ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങള്‍ മുഴുവന്‍ പാലിച്ചാണ് അറസ്റ്റെന്ന് പോലീസും ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാറും വ്യക്തമാക്കുന്നു. ഇദ്ദേഹം തത്കാലം പുറത്തിറങ്ങുന്നത് ക്രമസമാധാന ഭീഷണിയുയര്‍ത്തുന്നുവെന്ന് പോലീസ് വ്യക്തമാക്കിയതോടെ കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തു. ദാസിന്റെ അറസ്റ്റോടെ തന്നെ ആരംഭിച്ച അക്രമാസക്ത പ്രക്ഷോഭം ജാമ്യം നിഷേധിക്കപ്പെട്ടതോടെ ആളിക്കത്തി. ധാക്കയിലെ ശാബാഗ് മേഖലയിലും ചിറ്റഗോംഗിലും വമ്പന്‍ പ്രകടനങ്ങള്‍ അരങ്ങേറി. ദാസിന് വേണ്ടി ഹാജരായ അസ്സിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സൈഫുല്‍ ഇസ്‌ലാം ധാക്ക കോടതിക്ക് പുറത്ത് വെച്ച് കൊല്ലപ്പെടുകയും ചെയ്തു. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ശൈഖ ഹസീനയുടെ ബംഗ്ലാദേശ് അവാമി ലീഗിന്റെ വിദ്യാര്‍ഥി വിഭാഗമായ ഛാത്ര ലീഗിന്റെ പ്രവര്‍ത്തകരെയാണ് ഈ സംഭവത്തില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹസീനക്കെതിരെ നടന്ന പ്രക്ഷോഭത്തെ അതിക്രൂരമായി നേരിട്ട ഛാത്ര ലീഗ് ഭരണകൂടത്തിന്റെ കങ്കാണികളെപ്പോലെയാണ് പെരുമാറിയിരുന്നത്. ഈ സംഘടന കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ നിരോധിതമാണ്.
ഹസീന കസേര വിട്ടൊഴിഞ്ഞ് ഇന്ത്യയിലേക്ക് പലായനം ചെയ്തതോടെ ബംഗ്ലാദേശ് എടുത്തറിയപ്പെട്ട അധികാരശൂന്യത നികത്തിയത് നൊബേല്‍ ജേതാവ് പ്രൊഫ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാറാണ്. ശ്രീലങ്കക്ക് സമാനമായ സാമ്പത്തിക തകര്‍ച്ചയില്‍ ഉഴലുന്ന രാജ്യത്തെ പിടിച്ചുയര്‍ത്താന്‍ യൂനുസും സംഘവും ശ്രമിക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധികള്‍ രൂപപ്പെടുന്നത്. ചിന്‍മോയ് കൃഷ്ണ ദാസിന് ജാമ്യം നിഷേധിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം ജയിലില്‍ കിടക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത് ആഭ്യന്തര സമ്മര്‍ദത്തേക്കാള്‍ യൂനുസ് സര്‍ക്കാറിനെ ഉലയ്ക്കുന്നുണ്ട്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ അപകടത്തിലാണെന്നതിന്റെ തെളിവായി ദാസിന്റെ അറസ്റ്റും റിമാന്‍ഡും ഇന്ത്യ കണക്കിലെടുക്കരുതെന്നും അപകടകരമായ ദുര്‍വ്യാഖ്യാനമാണ് ഇന്ത്യ നടത്തുന്നതെന്നും ഇടക്കാല സര്‍ക്കാര്‍ മറുപടി നല്‍കിയിരിക്കുന്നു. ബംഗ്ലാദേശിന്റെ പിറവിയിലും വളര്‍ച്ചയിലും ചരിത്രത്തിലുടനീളവും ഇന്ത്യയുടെ കൈയൊപ്പുണ്ട്. എന്നാല്‍, ഈയിടെ ഈ അയല്‍ രാജ്യങ്ങള്‍ക്കിടയില്‍ അവിശ്വാസമാണ് വേഗത്തില്‍ പടരുന്നത്. ദാസിന്റെ അറസ്റ്റും ന്യൂനപക്ഷ അരക്ഷിതാബോധവും ആ അകല്‍ച്ച ഗുരുതരമാക്കുകയാണ്.
ഇന്ത്യയില്‍ കഴിയുന്ന ഹസീനക്കെതിരെ ബംഗ്ലാദേശില്‍ അട്ടിമറി, കൂട്ടക്കൊല, രാജ്യദ്രോഹ പ്രവര്‍ത്തനം തുടങ്ങി നിരവധി ഗുരുതര കുറ്റങ്ങളില്‍ കേസുണ്ട്. അവര്‍ സ്വദേശത്ത് ചെന്നാല്‍ ആ നിമിഷം അറസ്റ്റിലാകും. ഇന്ത്യ ദീര്‍ഘകാല അഭയം നല്‍കിയിട്ടില്ലെന്ന് പറയുമ്പോഴും ഹ്രസ്വകാലത്തിന് പരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ തത്കാലം ഇന്ത്യയില്‍ തന്നെ കഴിയും. അവരെ വിട്ടുകിട്ടാന്‍ യൂനുസ് സര്‍ക്കാര്‍ ഇന്ത്യക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇപ്പോള്‍ അറസ്റ്റിലായ ചിന്‍മോയ് കൃഷ്ണ ദാസിന് ഹസീനയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവത്രെ. ഇന്ത്യയിലെ നേതാക്കളുമായി ദാസിനുള്ള ബന്ധം ഹസീന പല നിലകളില്‍ ഉപയോഗിച്ചിരുന്നതായും റിപോര്‍ട്ടുണ്ടായിരുന്നു. ദാസിനെ അറസ്റ്റ് ചെയ്തത് രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമമാണെന്നും അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്നും ഹസീന പ്രസ്താവനയിറക്കിയത് വെറുതെയല്ല.
ബംഗ്ലാദേശിലെ വൈഷ്ണവ ഹിന്ദു വിശ്വാസികളുടെ പ്രധാന കേന്ദ്രവും ആശ്രമവുമെല്ലാമുള്ളത് ചിറ്റഗോംഗിലാണ്. ഇവിടുത്തെ മുഖ്യ സന്യാസിയാണ്, “ബ്രഹ്മചാരി’ ചിന്‍മോയ് കൃഷ്ണ ദാസ് അഥവാ ചന്ദന്‍ കുമാര്‍ ധര്‍. കാഷായ വേഷധാരി. സനാതന്‍ സംഘടനാ കൂട്ടായ്മയുടെ വക്താവ്. ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണാ കോണ്‍ഷ്യസ്‌നസ്സ് (ഇസ്‌കോണ്‍) എന്ന ലോകത്താകെ വേരുകളുള്ള ഹൈന്ദവ സംഘടനയില്‍ അംഗമായിരുന്നു ഇയാള്‍. എന്നാല്‍, സംഘടനയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് ഈയിടെ പുറത്താക്കി. അറസ്റ്റിലായ ശേഷം ദാസിന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ ഇസ്‌കോണ്‍ രണ്ട് തട്ടിലാണ്. ഒരു വിഭാഗം പറയുന്നത് തങ്ങള്‍ കൃഷ്ണ ദാസിനെ തള്ളിപ്പറഞ്ഞിട്ടില്ല എന്നാണ്. ഇസ്‌കോണിനെതിരെ ഒരുപാട് ആരോപണങ്ങള്‍ അന്തരീക്ഷത്തിലുണ്ട്. ഹസീനയുടെ എല്ലാ സ്വേച്ഛാധിപത്യ നിലപാടുകള്‍ക്കും ശക്തമായ പിന്തുണ നല്‍കുന്ന സംഘടന, മോദി സര്‍ക്കാറിന്റെ താത്പര്യങ്ങള്‍ ബംഗ്ലാദേശില്‍ നടപ്പാക്കുന്ന സംഘടന, അമേരിക്കയിലെയടക്കം മുസ്‌ലിംവിരുദ്ധ സംഘങ്ങളുമായി ബന്ധം അങ്ങനെ പോകുന്നു ആ ആരോപണങ്ങള്‍. നേതാക്കള്‍ ലൈംഗിക ചൂഷണം, മനുഷ്യക്കടത്ത് തുടങ്ങി നിരവധി കേസുകളില്‍ പ്രതികളാകുന്ന സംഭവങ്ങളും വേണ്ടുവോളമുണ്ടായിട്ടുണ്ട്. അടുത്തിടെ, സ്വാമി വിവേകാനന്ദനും രാമകൃഷ്ണ പരമഹംസനുമെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഇന്ത്യയിലെ ഇസ്‌കോണ്‍ നേതാവ് അമോഗ് ലീലാ ദാസ് വിവാദത്തിലായിരുന്നു.
അമേരിക്കയിൽ ട്രംപ് അധികാരത്തിൽ വന്നാൽ പിന്നെ തങ്ങളെ ആരും തൊടില്ലെന്നാണ് ഇസ്‌കോണ്‍ മേധാവികൾ ഇപ്പോൾ പറയുന്നത്. ട്രംപ് വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടപ്പോൾ ദൈവത്തിന്റെ ഇഷ്ടദാസനെ അവിടുന്ന് രക്ഷിച്ചുവെന്ന് പറഞ്ഞവരാണ് ഇസ്‌കോണ്‍ നേതാക്കൾ. പുതിയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്‌കോണ്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ധാക്ക ഹൈക്കോടതിയില്‍ ഹരജി പോയിരുന്നു. എന്നാല്‍ കോടതി ഈ ഹരജി തള്ളി. ഏതായാലും കൃഷ്ണ ദാസിനും ഇസ്‌കോണിനും ഹൈന്ദവ, സിഖ്, ബൗദ്ധ, ക്രിസ്ത്യൻ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ടാകാന്‍ അറസ്റ്റും നിരോധശ്രമവും കാരണമായിട്ടുണ്ട്.
ആഗസ്റ്റില്‍ ഹസീന അധികാര ഭ്രഷ്ടയായതിന് ശേഷമാണ് ബ്രഹ്മചാരി കൃഷ്ണദാസ് വാര്‍ത്തകളില്‍ സ്ഥിരം തലക്കെട്ടാകാന്‍ തുടങ്ങിയത്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്ന പ്രചാരണത്തിന് ശക്തിപകരാന്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ കാരണമായി. മുഖ്യധാര പാര്‍ട്ടികളുടെ പ്രതിനിധികളെയടക്കം ഉള്‍പ്പെടുത്തി മതസൗഹാര്‍ദ സമിതികള്‍ ഉണ്ടാക്കിയതും സംവാദങ്ങള്‍ സംഘടിപ്പിച്ചതും ഫലത്തില്‍ അരക്ഷിതാബോധം ഊട്ടിയുറപ്പിക്കുകയാണ് ചെയ്തത്. ഹസീന ഇന്ത്യയിലേക്ക് കടന്ന ശേഷം ബംഗ്ലാദേശില്‍ അതിശക്തമായ ഇന്ത്യാവിരുദ്ധ വികാരം കത്തിപ്പടര്‍ന്നുവെന്നത് സത്യമാണ്. ഹസീനയുടെ അവാമി ലീഗിനോടും രോഷം അണപൊട്ടി. ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി വിഭാഗമായ ഛാത്ര ശിബിറടക്കം നിരവധി ഗ്രൂപ്പുകള്‍ അന്ന് ചോരക്കളിക്കിറങ്ങി. അതിൽ മതത്തേക്കാളേറെ രാഷ്ട്രീയമായിരുന്നു.
പക്ഷേ, ചില വര്‍ഗീയ ഗ്രൂപ്പുകള്‍ ഇത് അവസരമായെടുത്ത് ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുകയും ഹൈന്ദവ ആഘോഷങ്ങളില്‍ കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു. യൂനുസ് അധികാരമേറ്റ ശേഷവും ഇത്തരത്തില്‍ 3,000 സംഭവങ്ങള്‍ അരങ്ങേറിയെന്നാണ് ചിന്‍മോയി കൃഷ്ണ ദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. കണക്കുകള്‍ പെരുപ്പിച്ചു കാണിച്ചിരിക്കാം. എന്നാല്‍ ആക്രമണങ്ങള്‍ നടന്നുവെന്നത് സത്യമാണ്. സര്‍ക്കാറും ബംഗ്ലാദേശ് ജമാഅത്ത് ഇസ്‌ലാമി അടക്കമുള്ള മുസ്‌ലിം ഗ്രൂപ്പുകളും ഈ ആക്രമണങ്ങളെ തള്ളിപ്പറയുകയും സമാധാന ആഹ്വാനം നടത്തുകയും ചെയ്തുവെന്നതും വസ്തുതയാണ്. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കുകയും ചെയ്തു.
ബ്രഹ്മചാരി കൃഷ്ണദാസിനെയും 20 പേരെയും അറസ്റ്റ് ചെയ്തത് ദേശീയ പതാകക്ക് മേല്‍ കാവിക്കൊടി കെട്ടി പ്രകടനം നടത്തിയതിനാണ്. എട്ട് ശതമാനം വരുന്ന ഹൈന്ദവ വിഭാഗത്തെ വൈകാരികമായി ഇളക്കി വിടാന്‍ ശ്രമിച്ചുവെന്നാണ് ഇസ്‌കോണിനെതിരായ ആരോപണം. ഇവ ആ രാജ്യത്തിന്റെ നിയമ വ്യവസ്ഥ അനുവദിക്കുന്ന നടപടി അനിവാര്യമാക്കുന്ന കുറ്റങ്ങള്‍ തന്നെയാണ്. എന്നാല്‍ ന്യൂനപക്ഷ വിഭാഗത്തിലെ സാധാരണ മനുഷ്യര്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഹസീന ഇന്ത്യയിലേക്ക് പറന്നതിലോ അവാമി ലീഗിന്റെ ഏജന്റായി ഇസ്‌കോണ്‍ പ്രവര്‍ത്തിക്കുന്നതിലോ കൃഷ്ണ ദാസിനെതിരെ നീങ്ങുക വഴി ഹസീനയെ പരോക്ഷമായി ആക്രമിക്കുന്നതിലോ ഒന്നും അവര്‍ക്ക് പങ്കില്ല. ഈ രാഷ്ട്രീയത്തിലൊന്നും അവരില്ല. ആ മനുഷ്യര്‍ അരക്ഷിതാവസ്ഥയില്‍ അകപ്പെടരുത്. അവര്‍ നിതാന്ത ഭയത്തിലും അപകര്‍ഷതയിലും അഭിമാന നഷ്ടത്തിലുമാകരുത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ അനുഭവിക്കുന്നത് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കരുത്.
ഇന്ത്യയുടെ ഇടപെടല്‍ ഈ ലക്ഷ്യത്തിലാകണം. മധേശി വിഭാഗത്തെ ഇളക്കിവിട്ട് നേപ്പാളില്‍ കളിച്ച പോലെ കുടുസ്സായ കളികള്‍ക്ക് ഇന്ത്യയിലെ ഭരണ നേതൃത്വം മുതിരരുത്. അയല്‍ക്കാരെ മുഴുവന്‍ നഷ്ടപ്പെടുത്തിയതിന്റെ നിരവധി തൂവലുകളുണ്ട് നരേന്ദ്ര മോദി സര്‍ക്കാറിന്റെ കിരീടത്തില്‍. ശ്രീലങ്കയും മാലദ്വീപും ഭൂട്ടാനും നേപ്പാള്‍ പോലും ഇന്ന് ചൈനയുടെ പിറകേയാണ്. നിയമവാഴ്ച തകര്‍ന്ന അയല്‍ രാജ്യമായി ബംഗ്ലാദേശ് മാറുന്നതിന്റെ ആദ്യത്തെ ഇര ഇന്ത്യന്‍ അതിര്‍ത്തി സംസ്ഥാനങ്ങളായിരിക്കും.