Kerala
വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍, വാതില്‍പ്പടി സേവനം: ജനകീയമാകാന്‍ കെ എസ് ഇ ബി
ഉപഭോക്തൃ സദസ്സ്' എന്ന പേരില്‍ വാട്‌സ് ആപ്പ് കൂട്ടായ്മകള്‍ രൂപവത്കരിച്ച് ഉപഭോക്താക്കളുമായി നിരന്തരം ആശയവിനിമയം നടത്താനും കെ എസ് ഇ ബി തീരുമാനിച്ചു.

തിരുവനന്തപുരം | ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം സമയബന്ധിതമായി പ്രദാനം ചെയ്യുകയെന്ന ലക്ഷ്യം പ്രഖ്യാപിച്ച് ഉപഭോക്തൃ സൗഹൃദ പരിപാടികളുമായി കെ എസ് ഇ ബി. പുതിയ കണക്്ഷനുകള്‍ അനുവദിക്കുന്നതിന് നിയമപരമായ തടസ്സങ്ങളൊന്നുമില്ലെങ്കില്‍ അപേക്ഷ ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ നല്‍കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കും.
സേവനത്തിലെ പരിമിതികളും പരാതികളും തിരിച്ചറിഞ്ഞ് പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനായി അഭിപ്രായ സര്‍വേ നടത്തും. “ഉപഭോക്തൃ സദസ്സ്’ എന്ന പേരില്‍ വാട്‌സ് ആപ്പ് കൂട്ടായ്മകള്‍ രൂപവത്കരിച്ച് ഉപഭോക്താക്കളുമായി നിരന്തരം ആശയവിനിമയം നടത്താനും കെ എസ് ഇ ബി തീരുമാനിച്ചു. ആദ്യപടിയെന്നോണം ഗാന്ധി ജയന്തി ദിനമായ അടുത്ത മാസം രണ്ട് ഉപഭോക്തൃ സേവന ദിനമായും തുടര്‍ന്നുള്ള ഒരാഴ്ചക്കാലം ഉപഭോക്തൃ സേവന വാരമായും ആചരിക്കാന്‍ തീരുമാനിച്ചതായി കെ എസ് ഇ ബി അറിയിച്ചു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പാലക്കാട് നിര്‍വഹിക്കും.
ഗാന്ധി ജയന്തി ദിനത്തില്‍ ഉപഭോക്തൃ സേവനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കെ എസ് ഇ ബിയുടെ എല്ലാ ജീവനക്കാരും ഓഫീസര്‍മാരും ഓഫീസുകളില്‍ എത്തും. അതത് ഓഫീസുകളിലെ പ്രശ്‌നങ്ങളെയും പരിമിതികളെയും കുറിച്ച് ജീവനക്കാര്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്യുകയും സേവനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ തീരുമാനങ്ങളെടുക്കുകയും ചെയ്യും.
ഇതിന് പുറമെ “സേവനങ്ങള്‍ വാതില്‍പ്പടിയില്‍’ പദ്ധതിയുടെ നടത്തിപ്പ് കൃത്യമായും കാര്യക്ഷമമായും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. അടുത്ത മാസം രണ്ട് മുതല്‍ എട്ട് വരെ ഉപഭോക്തൃ സേവന വാരമായി ആചരിക്കാനും കെഎസ് ഇ ബി തീരുമാനിച്ചിട്ടുണ്ട്. ഈ ദിനങ്ങളില്‍ ജീവനക്കാര്‍ ചേര്‍ന്ന് ഓഫീസും പരിസരവും വൃത്തിയാക്കും.