Connect with us

കുറുംകഥകൾ

വാട്സാപ്പ്

'അടുത്ത പരിപാടി ഛായാചിത്രം അനാച്ഛാദനം ചെയ്യൽ....' വിളിപ്പുറത്തുനിന്നും അയാൾ എഴുന്നേറ്റു വന്നു. തുണി നീക്കി. ഞെട്ടിപ്പോയി. അയാൾ അനാച്ഛാദനം ചെയ്തത് അയാളെത്തന്നെയായിരുന്നു.

Published

|

Last Updated

ടുവിൽ എനിക്കത് ചെയ്യേണ്ടി വന്നു. മാപ്പാക്കണം. അല്ലെങ്കിൽ എത്രയാണ് സഹിക്കേണ്ടത്? മുമ്പൊക്കെ സീരിയലിന്റെ എടങ്ങേറായിരുന്നു. ദാഹിച്ചും പൈച്ചും വീട്ടിൽ കയറുമ്പോൾ ഒരു മൈന്റും ചെയ്യില്ല. ഇപ്പോൾ അതിനേക്കാളും കടുപ്പം. അന്ന് കണ്ണാണെങ്കിൽ ഇന്ന് ചെവി. കാഴ്ചയും കേൾവിയും. ഒടുവിൽ ഞാനത് ചെയ്തു.

കുടുംബിനികളെ, ദയവായി എന്റെ ഭാര്യയെ എനിക്ക് വിട്ടുതരണം. നിങ്ങളൊക്കെ ഒന്നിച്ചു പഠിച്ചവരാകാം. കളിച്ചവരാകാം. അതൊക്കെ പണ്ട്. ഇന്ന് അവളെന്റെ ഭാര്യയാണ്. ഞാൻ കെട്ടിയ പെണ്ണ്. എന്റെ മക്കളുടെ അമ്മ. വീട്ടിൽ കയറിയാലും ഇറങ്ങിയാലും അവളെന്നെ കാണുന്നില്ല. മിണ്ടുന്നില്ല. അവൾക്ക് കണ്ണില്ലാതായി.

ഇപ്പോൾ ചെവിയും. ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഒന്നും. ഏത് നേരവും അവൾ നിങ്ങളോടൊപ്പമാണ്. നിങ്ങളുടെ പള്ളിക്കൂടത്തിലാണ്. മാഞ്ചുവട്ടിലാണ്. ദയവായി കരുണ കാണിക്കണം. വാട്ട്സാപ്പ് ഗ്രൂപ്പിൽനിന്ന് എത്രയും വേഗം അവളെ ഒഴിവാക്കിത്തരണം.

 

കാറ്റും മഴയും

വലിയ മഴ ചെറിയ മഴയോട് ചോദിച്ചു. ” എന്തിനാണിങ്ങനെ പെയ്യുന്നത്?’ ശരിയാണ്. വലുതായി പെയ്താൽ ഒലിച്ചു പോകും. ചെറുതായി പെയ്താൽ മണ്ണ് കുടിക്കും. വല്ല ഇടിയോ മിന്നലോ ആയാൽ മതിയായിരുന്നു.

“ഒന്നു പോടോ. ഒരു ഇടിയും മിന്നലും. അതിനുമുണ്ട് അതിന്റേതായ വലുപ്പച്ചെറുപ്പം….’
പറഞ്ഞു തീർന്നില്ല. വീട്ടിൽ ഒരാൾ ഇടിയായി. മറ്റൊരാൾ മിന്നലായി. മൂന്നാമൻ കൊടുങ്കാറ്റായി. അതിനിടയിൽ എല്ലാം സഹിച്ച് അവൾ പേമാരിയായി.

 

ചെരിപ്പ്


സർഫുക്ക റോഡ് കടന്ന് അങ്ങാടിയിലെത്തി. നേരെ മുമ്പിലുള്ളത് ചെരിപ്പ് കടയാണ്.
അകത്തും പുറത്തും പലതരം ചെരിപ്പുകൾ. ചെരിപ്പിന്റെ ആകൃതിയും പ്രകൃതിയും മാറി. എന്നാൽ മനുഷ്യന്റെ കാല് അതേപോലെയുണ്ട്. ചിലത് കറുത്തിട്ട്. ചിലത് വെളുത്തിട്ട്. മറ്റൊരു മാറ്റവുമില്ല. അതിന്നും നടക്കാൻ തന്നെ ഉപയോഗിക്കുന്നു. ചിലർ ചവിട്ടാനും. എന്തായാലും ചെളിയായാൽ എളുപ്പം കഴുകും. അത്രതന്നെ.

സർഫുക്ക അടുത്ത കാലത്തൊന്നും പുതിയ ചെരിപ്പിട്ടിട്ടില്ല. അതിനുള്ള കാലുകൾ അയാൾക്കില്ല. പട്ടാളത്തിലായപ്പോൾ ഓർക്കാപ്പുറത്ത് വീണ തീ. അത് കാല് രണ്ടും കൊണ്ടുപോയി. പുതിയ മോഡൽ ചെരിപ്പിടണമെങ്കിൽ അതേയളവിൽ കാലുകളും വേണ്ടിവരും. ചെരിപ്പിന്റെ അളവിലല്ല വെപ്പുകാലിന്റെ അളവിലാണ് ഇപ്പോൾ നടക്കുന്നത്. നോക്കി നോക്കി നേരം പോയി. കടയിൽ വെളിച്ചം കെട്ടു. ഷട്ടർ താണു.

 

കാലം

“അടുത്ത പരിപാടി ഛായാചിത്രം അനാച്ഛാദനം ചെയ്യൽ….’ വിളിപ്പുറത്തുനിന്നും അയാൾ എഴുന്നേറ്റു വന്നു. തുണി നീക്കി. ഞെട്ടിപ്പോയി. അയാൾ അനാച്ഛാദനം ചെയ്തത് അയാളെത്തന്നെയായിരുന്നു.

 

വാഹനം

കേറ്റലോഗ് നീട്ടി സെയിൽസ്മാൻ പറഞ്ഞു : വണ്ടിക്ക് പുതിയ ഓഫർ വന്നിട്ടുണ്ട്.
ഞാൻ പറഞ്ഞു : ഓടിക്കാൻ അറിയില്ല.
സെയിൽസ്മാൻ : വീട്ടിൽ വേറെ ആരെങ്കിലും?
ഞാൻ : ഭാര്യയുണ്ട്. അവൾക്കും ലൈസൻസ് ഇല്ല.
സെയിൽസ്മാൻ : കഷ്ടം.
ഒരു കഷ്ടവുമില്ല. അവളെന്നെ ഓടിക്കുന്നുണ്ട്.

കഥാകാരൻ

---- facebook comment plugin here -----

Latest