International
വീല്‍ചെയര്‍ ലഭ്യമായില്ല; വിമാനത്തില്‍ നിന്ന് ടെര്‍മിനലിലേക്ക് നടന്ന 80കാരന്‍ കുഴഞ്ഞുവീണ് മരിച്ചു
വീല്‍ചെയറുകളുടെ കനത്ത ഡിമാന്‍ഡ് കാരണം ഭാര്യക്ക് മാത്രമാണ് വീല്‍ച്ചെയര്‍ ലഭിച്ചത്.
മുംബൈ|ന്യൂയോര്‍ക്കില്‍ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്ത 80 കാരന്‍ ഇമിഗ്രേഷന്‍ കൗണ്ടറില്‍ കുഴഞ്ഞുവീണ് മരിച്ചു. വീല്‍ചെയര്‍ ലഭ്യമാകാതിരുന്നതിനെ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് ടെര്‍മിനലിലേക്ക് നടന്ന് വരുന്നതിനിടെയാണ് സംഭവം. മുംബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ വെച്ചാണ് ഇദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണത്. എയര്‍ ഇന്ത്യ എഐ 116 വിമാനത്തില്‍ ഇക്കണോമി ക്ലാസില്‍ വീല്‍ചെയര്‍ യാത്രക്കാരായാണ് 80കാരനും ഭാര്യയും ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ മുംബൈ വിമാനത്താവളത്തില്‍ ഇദ്ദേഹത്തിന് വീല്‍ചെയര്‍ സൗകര്യം ലഭിച്ചില്ല.
വീല്‍ചെയറുകളുടെ കനത്ത ഡിമാന്‍ഡ് കാരണം ഭാര്യക്ക് മാത്രമാണ് വീല്‍ച്ചെയര്‍ ലഭിച്ചത്. ഭര്‍ത്താവ് ടെര്‍മിനലിലേക്ക് നടക്കേണ്ടിയും വന്നു. 1.5 കിലോമീറ്റര്‍ നടന്ന് ഇമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിയപ്പോഴാണ് എണ്‍പതുകാരന്‍ കുഴഞ്ഞുവീണത്. ആദ്യം ഇദ്ദേഹത്തെ മുംബൈ വിമാനത്താവളത്തിലെ മെഡിക്കല്‍ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ നനാവതി ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. ദമ്പതികള്‍ യുഎസ് പാസ്‌പോര്‍ട്ടുള്ള ഇന്ത്യന്‍ വംശജരാണ്.
വീല്‍ചെയറിന്റെ അപര്യാപ്തതയെ തുടര്‍ന്ന് യാത്രക്കാരോട് കാത്തിരിക്കാന്‍ നിര്‍ദേശിച്ചിരുന്നെന്ന് എയര്‍ ഇന്ത്യ വക്താവ് പ്രതികരിച്ചു. എന്നാല്‍ നിര്‍ദേശം മറികടന്ന് അദ്ദേഹം നടക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.