Connect with us

articles

വിദ്വേഷ പ്രചാരകൻ ജയിലിൽ പോകുമ്പോൾ

സമ്പൂർണമായി സിംഹളാധിപത്യം സ്ഥാപിക്കപ്പെടുകയും ഇന്ത്യയിൽ ആർ എസ് എസും ബി ജെ പിയും എങ്ങനെയാണോ അനിഷേധ്യമായ രാഷ്ട്രീയ മേൽക്കൈ നേടിയത് അതിന് സമാനമായ വലതുപക്ഷവത്കരണത്തിന് ദ്വീപ് രാഷ്ട്രം കീഴ്‌പ്പെടുകയും ചെയ്ത ഘട്ടത്തിൽ മുസ്‌ലിംകളെയും തമിഴ് വംശജരെയും ക്രിസ്ത്യാനികളെയും വേട്ടയാടാൻ കളമൊരുക്കിയതിൽ മുൻപന്തിയിൽ നിന്നയാളാണ് ജയിലിൽ പോകുന്നത്. ബോധു ബല സേന (ബി ബി എസ്)യാണ് ജ്ഞാനസരയുടെ സംഘടന.

Published

|

Last Updated

ശ്രീലങ്കയുടെ രാഷ്ട്രീയ മണ്ഡലത്തിൽ സംഭവിക്കുന്ന ആശാവഹമായ മാറ്റത്തിന് ശക്തിപകരുന്ന തീരുമാനമാണ് ആ രാജ്യത്തിന്റെ കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്. ബൗദ്ധ തീവ്രവാദി സംഘങ്ങൾക്ക് നേതൃത്വം നൽകുന്ന ഗലഗോദത്തെ ജ്ഞാനസരക്ക് ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നു. അപ്പീലിന് അവകാശമുണ്ടെന്നും അതിൽ തീർപ്പ് വരുന്നത് വരെ ജ്ഞാനസരയെ ജാമ്യത്തിൽ വിടണമെന്നുമുള്ള വാദം കോടതി തള്ളി. അപ്പീൽ അപേക്ഷ സ്വീകരിക്കാനും കോടതി തയ്യാറായില്ല. ഇസ്‌ലാമിക മൂല്യങ്ങളെ അപഹസിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നിരന്തരം നടത്തിയതും മതസ്പർധ പ്രചരിപ്പിച്ചതുമാണ് അദ്ദേഹത്തിന് ജയിലിലേക്ക് വഴി കാണിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ വിദ്വേഷ പ്രചാരകൻ ജയിലിലാകുമെന്ന് പറയാവുന്നതാണ്. മറിച്ച് സംഭവിക്കണമെങ്കിൽ ശക്തമായ രാഷ്ട്രീയ സമ്മർദമുയരണം. അനുര കുമാര ദിസ്സനായകെയുടെ നേതൃത്വത്തിലുള്ള ഇടത് സർക്കാറിൽ നിന്നും അദ്ദേഹത്തിന്റെ ജനവിമുക്തി പെരമുന പാർട്ടിക്ക് മേൽക്കൈയുള്ള പാർലിമെന്റിൽ നിന്നും അതുണ്ടാകാനിടയില്ല.

2016ലെ കേസിലാണ് ഇപ്പോൾ കോടതി ശിക്ഷിച്ചിരിക്കുന്നത്. ഇത്രയും കാലത്തെ ജുഡീഷ്യൽ പ്രക്രിയയിലൂടെ കടന്നുപോയാണ് ഇയാൾ ശിക്ഷിക്കപ്പെടുന്നതെന്നർഥം. ഇത് രണ്ടാം തവണയാണ് ജ്ഞാനസരക്ക് തടവുശിക്ഷ വിധിക്കുന്നത്. 2018ൽ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിലും കാണാതായ രാഷ്ട്രീയ കാർട്ടൂണിസ്റ്റിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലും ജ്ഞാനസാരക്കെതിരെ ആറ് വർഷം തടവുശിക്ഷ വിധിച്ചിരുന്നു. എന്നാൽ അന്നത്തെ പ്രസിഡന്റ്മൈത്രിപാല സിരിസേന മാപ്പ് നൽകിയതിനാൽ ഒമ്പത് മാസത്തിനു ശേഷം ജയിൽമോചിതനാകുകയായിരുന്നു.

നാവു കൊണ്ട് കലാപം സൃഷ്ടിക്കാൻ കെൽപ്പുള്ളയാളാണ് ഈ ജ്ഞാനസര. സിംഹള തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന് എല്ലാ അർഥത്തിലും മണ്ണൊരുക്കുന്നയാൾ. ഇന്ത്യയിലെ യോഗി ആദിത്യനാഥിനോടോ സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂറിനോടോ ധരം സൻസദ് നടത്തി മുസ്‌ലിം വിദ്വേഷം വിളമ്പുന്ന യതി നരസിംഹാനന്ദയോടോ ചേർത്ത് പറയാവുന്ന പേര്. എന്നാൽ, കാഷായ വേഷവും ക്രൗര്യം മറയ്ക്കാൻ എടുത്തണിയുന്ന ബുദ്ധഭിക്ഷു പ്രതിച്ഛായയും വെച്ച് നോക്കുമ്പോൾ ജ്ഞാനസരയുടെ നേർപ്പതിപ്പ് മ്യാൻമറിൽ റോഹിംഗ്യൻ മുസ്‌ലിംകളെ കൊന്നുതള്ളാൻ സായുധ സംഘങ്ങളെ സൃഷ്ടിക്കുന്ന അഷിൻ വിരാതുവാണ്. ഇയാളും കാഷായ വേഷം ചുറ്റിയാണ് നടപ്പ്.

ബുദ്ധ ഭിക്ഷുവാണ്. ടൈം മാഗസിൻ വിരാതുവിനെ വിശേഷിപ്പിച്ചത് “ദി ഫേസ് ഓഫ് ബുദ്ധിസ്റ്റ് ടെറർ’ എന്നായിരുന്നു. മ്യാൻമറിൽ രാഷ്ട്രീയ നേതാക്കളുടെ തോളിൽ കൈയിട്ടാണ് വിരാതുവിന്റെ നടപ്പ്. സാക്ഷാൽ ആംഗ് സാൻ സൂക്കിക്ക് പോലും വിരാതുവിന് മുന്നിൽ മുട്ടുവിറക്കും. ജ്ഞാനസരയുടെ ഏറ്റവും അടുത്ത സുഹൃത്ത് മുൻ പ്രസിഡന്റ്ഗോതഭയ രജപക്‌സെയാണ്. മഹിന്ദ രജപക്‌സെയും റനിൽ രജപക്‌സെയുമെല്ലാം ചേർന്ന് ശ്രീലങ്ക അടക്കിഭരിച്ച രജപക്‌സെ കുടുംബാധിപത്യ കാലത്ത് ജ്ഞാനസര മുടിചൂടാ മന്നനായി വിലസി. ജ്ഞാനസരയെ “മതസൗഹാർദം സംരക്ഷിക്കാനുള്ള പ്രസിഡൻഷ്യൽ സമിതി’യുടെ അധ്യക്ഷനാക്കുകയെന്ന അശ്ലീലം അരങ്ങേറിയ കാലമായിരുന്നു അത്. പിന്നെയും നിരവധിയായ സർക്കാർ സമിതികളുടെ തലപ്പത്ത് അയാളുണ്ടായിരുന്നു. ഔദ്യോഗിക പരിപാടികളിലെ നിത്യസാന്നിധ്യം.

സമ്പൂർണമായി സിംഹളാധിപത്യം സ്ഥാപിക്കപ്പെടുകയും ഇന്ത്യയിൽ ആർ എസ് എസും ബി ജെ പിയും എങ്ങനെയാണോ അനിഷേധ്യമായ രാഷ്ട്രീയ മേൽക്കൈ നേടിയത് അതിന് സമാനമായ വലതുപക്ഷവത്കരണത്തിന് ദ്വീപ് രാഷ്ട്രം കീഴ്‌പ്പെടുകയും ചെയ്ത ഘട്ടത്തിൽ മുസ്‌ലിംകളെയും തമിഴ് വംശജരെയും ക്രിസ്ത്യാനികളെയും വേട്ടയാടാൻ കളമൊരുക്കിയതിൽ മുൻപന്തിയിൽ നിന്നയാളാണ് ജയിലിൽ പോകുന്നത്. ബോധു ബല സേന (ബി ബി എസ്)യാണ് ജ്ഞാനസരയുടെ സംഘടന. ആർ എസ് എസാണ് ഈ സംഘടനക്ക് പ്രത്യയശസ്ത്ര പാഠങ്ങൾ പകർന്നുനൽകുന്നത്.

2014 സെപ്തംബറിൽ കൊളംബോയിൽ ബി ബി എസ് സംഘടിപ്പിച്ച കൺവെൻഷനിൽ അഷിൻ വിരാതു മുഖ്യാതിഥിയായിരുന്നു. വിരാതുവിന് വിസ അനുവദിക്കരുതെന്ന് മുസ്‌ലിം, ക്രിസ്ത്യൻ സംഘടനകൾ രജപക്‌സെ സർക്കാറിനോട് കേണപേക്ഷിച്ചെങ്കിലും ചെവികൊണ്ടില്ല. ന്യൂനപക്ഷ അന്യവത്കരണത്തിന്റെ പരിശീലന കളരിയായി ആ കൺവെൻഷൻ മാറുകയായിരുന്നു.

“ദക്ഷിണേഷ്യയിൽ ഹിന്ദു- ബുദ്ധിസ്റ്റ് സമാധാന മേഖല’ സൃഷ്ടിച്ചെടുക്കണമെന്നായിരുന്നു കൺവെൻഷന്റെ പ്രധാന ആഹ്വാനം. ഉന്നത ആർ എസ് എസ് നേതാക്കളുമായി താൻ ചർച്ച നടത്തിയിരുന്നുവെന്നും ഏഷ്യയിലെ മുസ്്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷ സമൂഹത്തെ ഭൂരിപക്ഷത്തോടിണങ്ങി ജീവിക്കാൻ പഠിപ്പിക്കുന്നതിനായി ആർ എസ് എസുമായി ചേർന്ന് പദ്ധതി തയ്യാറാക്കുമെന്നും ജ്ഞാനസര ആ കൺവെൻഷനിൽ പ്രഖ്യാപിച്ചു. ആർ എസ് എസും അനുഭാവ സംഘടനകളും ഇന്ത്യയിലും വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ലോകത്താകെയും നടത്തുന്ന പ്രവർത്തനങ്ങൾ ആവേശോജ്ജ്വലമാണെന്നും അദ്ദേഹം തുറന്നടിച്ചു.

“ഡെഡ്്ലി അലയൻസ് എഗെയിൻസ്റ്റ് മുസ്്ലിംസ്’ എന്ന തലക്കെട്ടോടെ ന്യൂയോർക്ക് ടൈംസ് എഴുതിയ മുഖപ്രസംഗം (2014 ഒക്ടോബർ 15) ആർ എസ് എസ്- ബി ബി എസ് കൂട്ടുകെട്ടിന്റെ പ്രത്യാഘാതങ്ങളിലൂന്നിയായിരുന്നു. സിംഹളർക്ക് സമ്പൂർണ ആധിപത്യം നൽകുന്ന തരത്തിൽ ശ്രീലങ്കൻ ഭരണഘടന തിരുത്തിയെഴുതണം. ശ്രീലങ്ക ബഹുമത രാജ്യമല്ലെന്ന് പ്രഖ്യാപിക്കണം. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നൽകുന്ന എല്ലാ പരിരക്ഷകളും അവസാനിപ്പിക്കണം. ദേശീയ പതാക മാറ്റണം. മ്യാൻമറിലെ റോഹിംഗ്യാ മുസ്്ലിംകളെ ബംഗ്ലാദേശിലേക്കോ പാകിസ്താനിലേക്കോ പറഞ്ഞയക്കണം. പോകാൻ കൂട്ടാക്കുന്നില്ലെങ്കിൽ ബലപ്രയോഗം തുടരണം. ചൈനയിലെ സിൻജിയാംഗ് പ്രവിശ്യയിലെ ഉയ്ഗൂർ മുസ്്ലിംകളെയും അവിടെ നിന്ന് മാറ്റണം. ക്രിസ്ത്യൻ മിഷനറിമാർ നടത്തുന്ന മതപരിവർത്തനങ്ങളെ കായികമായി തന്നെ നേരിടണം. ഇങ്ങനെ പോകുന്ന ആ കൺവെൻഷന്റെ ആക്രോശങ്ങൾ.

ജ്ഞാനസരയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്വേഷ പ്രചാരണവും മുസ്‌ലിം വേട്ടയും ചൂണ്ടിക്കാട്ടിയാണ് ചില മുസ്‌ലിം പേരുള്ള തീവ്രവാദി സംഘങ്ങൾ ശ്രീലങ്കയിൽ രൂപപ്പെട്ടതും മെല്ലെ പടരാൻ തുടങ്ങിയതും. അക്കൂട്ടത്തിൽ ചിലർ 2019ലെ ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലും ചാവേർ ആക്രമണം നടത്തിയതോടെ ജ്ഞാനസരക്കും കൂട്ടാളികൾക്കും കാര്യങ്ങൾ കൂടുതൽ എളുപ്പമായി. മുസ്‌ലിം ചെറുപ്പക്കാർ മുഴുവൻ അപകടകാരികളും സംശയിക്കപ്പെടേണ്ടവരുമായി മുദ്രകുത്തപ്പെട്ടു. അവരെ പണിയിടങ്ങളിൽ നിന്ന് പിരിച്ചുവിട്ടു. അലുത്ഗാമ പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് മുസ്‌ലിം കച്ചവടക്കാരെ മുഴുവൻ അടിച്ചോടിച്ചു. കാൻഡിയിൽ നിരവധി വീടുകൾ തകർത്തു.

ഈ വിദ്വേഷ നിർമിതിയുടെ ആഴവും പരപ്പും ബോധ്യമാകണമെങ്കിൽ 2019 ജൂണിൽ ജ്ഞാനസരയുടെ കൂട്ടാളിയും ബുദ്ധ “സന്യാസി’യുമായ അതുരേലിയേ രത്ന തേരോ കാൻഡിയിൽ ആരംഭിച്ച അനിശ്ചിത കാല നിരാഹാരത്തിന്റെയും അതിന് പിന്തുണയർപ്പിച്ച് വിവിധ സിംഹള ഗ്രൂപ്പുകൾ നടത്തിയ അക്രമാസക്ത പ്രക്ഷോഭത്തിന്റെയും കഥ കൂടി വായിക്കണം. സിംഹള കലാപകാരികൾ നൽകിയ പട്ടികയനുസരിച്ച് നൂറുകണക്കിന് മുസ്‌ലിം ചെറുപ്പക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്ന് സംശയമുയർന്ന സലഫീ ഗ്രൂപ്പുകളെ നിരന്തരം തള്ളിപ്പറഞ്ഞവരാണ് ശ്രീലങ്കയിലെ മുഖ്യധാര മുസ്‌ലിം സംഘടനകളെല്ലാം. അതൊന്നും മുസ്‌ലിം വേട്ടക്ക് ശമനം നൽകാൻ പര്യാപ്തമായിരുന്നില്ല.

തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ബി ബി എസുകാർ മുദ്രയടിച്ച കിഴക്കൻ മേഖലയിലെ ഗവർണർമാരായ അസത് സാലി, എം ഹിസ്ബുല്ല, ക്യാബിനറ്റ് മന്ത്രി റിശാദ് ബൈത്തുദ്ദീൻ എന്നിവർക്ക് രാജിവെച്ചൊഴിയേണ്ടിവന്നു. ഒരു കേസും ഇവർക്കെതിരെയുണ്ടായിരുന്നില്ല. ഒരു ഏജൻസിയും ഇവർക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് തെളിവ് നൽകിയിട്ടുമില്ല. രാജിവെച്ച മുസ്്ലിം ഗവർണർമാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് റനിൽ വിക്രമ സിംഗെ സർക്കാറിലെ മുഴുവൻ മുസ്്ലിം മന്ത്രിമാരും രാജിവെക്കുന്നതിലേക്ക് അന്ന് കാര്യങ്ങൾ നീണ്ടു. ശ്രീലങ്കൻ മുസ്്ലിം കോൺഗ്രസ്സിന്റെ പ്രതിനിധികളായി മന്ത്രിസഭയിലുണ്ടായിരുന്ന നാല് ക്യാബിനറ്റ് മന്ത്രിമാർ, അഞ്ച് സഹമന്ത്രിമാർ, ഒരു ഡെപ്യൂട്ടി മന്ത്രി എന്നിവർ രാജിവെക്കുകയെന്ന വൈകാരിക പ്രതികരണം ബുദ്ധ തീവ്ര സംഘടനകളെ ആവേശഭരിതരാക്കി. അവർ ആഗ്രഹിച്ചത് തന്നെയാണ് അന്ന് സംഭവിച്ചത്. ആ രാഷ്ട്രീയ ഒറ്റപ്പെടലിൽ നിന്ന് മുസ്‌ലിം സമൂഹം ഗംഭീര തിരിച്ചുവരവ് നടത്തുന്നതാണ് ഇപ്പോൾ ശ്രീലങ്കയിൽ കാണുന്നത്. രജപക്‌സേ വാഴ്ചക്കെതിരായ ജനകീയ പ്രരക്ഷോഭത്തിൽ മുസ്‌ലിംകൾ മുൻനിരയിൽ നിന്നു.

ഇടതു സഖ്യത്തിന്റെ നേതാവ് അനുര കുമാര ദിസ്സനായകെയുടെ വിജയത്തിലേക്ക് നയിച്ച രാഷ്ട്രീയ പരിവർത്തനം എല്ലാ ന്യൂനപക്ഷങ്ങളെയും ആത്മവിശ്വാസത്തിലാക്കിയിട്ടുണ്ട്. എന്നാൽ, ദേശീയവാദത്തിന്റെയും സിംഹള ഉള്ളടക്കത്തിന്റെയും പ്രശ്‌നങ്ങൾ എ കെ ഡിയുടെ ജനവിമുക്തി പെരമുനക്കുമുണ്ട്. ആ ഇടർച്ചകളെക്കൂടി തിരുത്തുന്നതാണ് ജ്ഞാനസരെക്കെതിരായ കോടതി വിധി. ആറ് മാസം ജയിലിൽ കിടന്നാൽ ജ്ഞാനസരയെപ്പോലുള്ളയാൾ മാനസാന്തരം സംഭവിച്ച് പുറത്തുവരുമെന്ന അതിവായനയൊന്നും “ലോകവിശേഷ’ത്തിനില്ല. വേറെയും കേസുകളുണ്ട് ജ്ഞാനസരക്കെതിരെ. അവയിലും കോടതികൾ ശരിയായ നിലപാടെടുക്കുമെന്നാണ് നിലവിലെ രാഷ്ട്രീയ സ്ഥിതി നൽകുന്ന ആത്മവിശ്വാസം. വിദ്വേഷ പ്രചാരകർക്കാകെ താക്കീത് നൽകാൻ നിയമവ്യവസ്ഥക്ക് സാധിക്കും. വ്യവസ്ഥയിൽ എല്ലാവർക്കുമിടമുണ്ടെന്ന് ഉറപ്പ് വരുത്താൻ ഇത്തരം നടപടികളിലൂടെ മാത്രമേ സാധിക്കൂ.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest