Connect with us

Editorial

ആള്‍ പ്രമോഷന്‍ നിര്‍ത്തലാക്കുമ്പോള്‍

കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട് ആള്‍ പ്രമോഷന്‍ സമ്പ്രദായം. രാഷ്ട്രീയ അജന്‍ഡകള്‍പ്പുറം വിദ്യാര്‍ഥികളുടെ മികച്ച ഭാവിയായിരിക്കണം വിദ്യാഭ്യാസ മേഖല കൈകാര്യം ചെയ്യുന്നവരുടെ ആത്യന്തിക ലക്ഷ്യം. ഇല്ലെങ്കില്‍ വളര്‍ന്നു വരുന്ന തലമുറയോട് കാണിക്കുന്ന നീതികേടായിരിക്കും.

Published

|

Last Updated

അഞ്ച്, എട്ട് ക്ലാസ്സുകളില്‍ എല്ലാ കുട്ടികളെയും ജയിപ്പിക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കിയ കേന്ദ്ര നടപടിയോട് സംസ്ഥാനങ്ങള്‍ വ്യത്യസ്ത രീതിയിലാണ് പ്രതികരിക്കുന്നത്. രാജ്യത്തെ 16 സംസ്ഥാനങ്ങള്‍ അനുകൂല നിലപാട് പ്രകടിപ്പിച്ചപ്പോള്‍ കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ ബാധിക്കുന്നുണ്ടെന്ന കാഴ്ചപ്പാടിലാണ് 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ (ആര്‍ ടി ഇ ആക്ട്) ആള്‍ പ്രമോഷന്‍ സമ്പ്രദായം നിര്‍ത്തലാക്കി, അഞ്ചിലും എട്ടിലും വാര്‍ഷിക പരീക്ഷയില്‍ മിനിമം പാസ്സ്മാര്‍ക്ക് വാങ്ങാത്ത കുട്ടികളെ വിജയിപ്പിക്കേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചത്. നിലവില്‍ കേന്ദ്ര വിദ്യാലയങ്ങള്‍ക്കാണ് ഇത് ബാധകമാകുക. സ്‌കൂള്‍ വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്നതാകയാല്‍, ഇത് നടപ്പാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അതാത് സംസ്ഥാനങ്ങളാണ്.

ആള്‍ പ്രമോഷന്‍ നിര്‍ത്തലാക്കുന്നത് കീഴ്ജാതിക്കാരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായ കുട്ടികള്‍ ഇടയ്ക്കുവെച്ച് കൊഴിഞ്ഞു പോകാന്‍ ഇടയാക്കുമെന്നതാണ് എതിര്‍പ്പിന് മുഖ്യ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മിനിമം പാസ്സ്മാര്‍ക്ക് കിട്ടിയെങ്കിലേ ജയിക്കുകയുള്ളൂവെന്ന അവസ്ഥ സംജാതമായാല്‍ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ ട്യൂഷന്‍ വഴിയോ മറ്റോ നന്നായി പഠിച്ച് വിജയം ഉറപ്പാക്കും. മറ്റു വിദ്യാര്‍ഥികള്‍ ക്ലാസ്സില്‍ നിന്ന് ലഭിച്ച പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് പരീക്ഷയെ അഭിമുഖീകരിക്കുന്നത്. പരീക്ഷയില്‍ തോറ്റാല്‍ വിദ്യാര്‍ഥികളെ അത് മാനസികമായി തളര്‍ത്തുകയും പലപ്പോഴും അവരുടെ വിദ്യാഭ്യാസം അതോടെ അവസാനിക്കുകയും ചെയ്യും. സാമ്പത്തികവും സാമൂഹികവുമായ അസമത്വം ഇല്ലാതാക്കി മാത്രമേ പിന്നാക്കക്കാരായ വിദ്യാര്‍ഥികളെ വിദ്യാഭ്യാസ സംരംഭങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്താനാകൂ എന്നാണ് ഇവരുടെ കാഴ്ചപ്പാട്.

ചില വിദഗ്ധ പഠനങ്ങളും ഈ കാഴ്ചപ്പാടിനെ പിന്തുണക്കുന്നുണ്ട്. നിശ്ചിത മാര്‍ക്ക് ലഭിക്കാത്ത കുട്ടികളെ തോല്‍പ്പിച്ചതു കൊണ്ട് മാത്രം അവരുടെ പഠനനിലവാരം ഉയര്‍ത്താനാകില്ലെന്നാണ് യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, 25,000ത്തിലധികം സൈക്കോളജിസ്റ്റുകളുടെ സംഘടനയായ ‘നാഷനല്‍ അസ്സോസിയേഷന്‍ ഫോര്‍ സ്‌കൂള്‍ സൈക്കോളജിസ്റ്റ്’ (നാസ്പ്) പ്രസിദ്ധീകരിച്ച പഠന റിപോര്‍ട്ടില്‍ പറയുന്നത്. തോല്‍പ്പിക്കപ്പെടുന്ന കുട്ടികളില്‍ വിദ്യാലയവിരക്തി, സഹപാഠികളുമായുള്ള അടുപ്പംനഷ്ടപ്പെടല്‍, കൊഴിഞ്ഞുപോക്ക്, പെരുമാറ്റ ദൂഷ്യങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ ഇടയാക്കിയേക്കുമെന്നും മാനസിക പിരിമുറുക്കത്തിലേക്ക് നയിക്കുമെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തോല്‍വിയുടെ ആദ്യവര്‍ഷത്തില്‍ ചില കുട്ടികള്‍ കൂടുതല്‍ പഠന താത്പര്യം പ്രകടിപ്പിച്ചേക്കാമെങ്കിലും ഒന്നിലധികം വര്‍ഷം തോല്‍ക്കേണ്ടി വന്നാല്‍ അതവരുടെ പഠന നിലവാരം നേരത്തേയുള്ളതിനേക്കാള്‍ പിന്നോട്ട് പോകാന്‍ സാധ്യതയുണ്ടെന്നും റിപോര്‍ട്ട് വിലയിരുത്തുന്നു.

പരീക്ഷകളില്‍ തോല്‍പ്പിക്കുകയല്ല, കുട്ടികള്‍ പഠനത്തില്‍ പിന്നാക്കമായതിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണ് പഠന നിലവാരം ഉയര്‍ത്തുന്നതില്‍ പ്രധാനമെന്നാണ് പ്രസിദ്ധമായ ഹോപ്കിന്‍ സര്‍വകലാശാലയിലെ വിദ്യാഭ്യാസ ചിന്തകന്‍ റോബര്‍ട്ട് സ്ലാവിന്റെ പക്ഷം. കുട്ടികളുടെ ബുദ്ധിവികാസക്കുറവ്, ദാരിദ്ര്യം, അനാരോഗ്യകരമായ കുടുംബ പശ്ചാത്തലം, പഠന കാര്യങ്ങള്‍ക്ക് കുടുംബത്തില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കായ്ക, സാംസ്‌കാരിക പശ്ചാത്തലം, അധ്യാപന രീതിയുടെ മികവില്ലായ്മ തുടങ്ങി പഠന പിന്നാക്കാവസ്ഥക്ക് കാരണം പലതാണ്. ഇത് കണ്ടെത്തി പരിഹരിച്ചാല്‍ പഠന നിലവാരം മെച്ചപ്പെടുത്താനാകുമെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

അതേസമയം, പഠിച്ചാലും ഇല്ലെങ്കിലും ജയിക്കുമെന്ന സ്ഥിതി വിദ്യാര്‍ഥികളെയും അധ്യാപകരെയും ഉഴപ്പന്മാരാക്കുന്നുണ്ടെന്ന വീക്ഷണവും ശക്തമാണ്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രാജ്യത്തെ വിദ്യാര്‍ഥികളില്‍ പകുതി പേര്‍ക്കും വായിക്കാനും എഴുതാനുമറിയില്ലെന്ന 2014ലെ വാര്‍ഷിക വിദ്യാഭ്യാസ നിലവാര റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ആള്‍ പ്രമോഷന്‍ ഗുണകരമോ ദോഷകരമോ എന്ന് പഠനം നടത്താന്‍ കേന്ദ്രം ഒരു സമിതിയെ നിയോഗിച്ചിരുന്നു. എല്ലാവരെയും ജയിപ്പിച്ചു വിടുന്ന സമ്പ്രദായം തുടരേണ്ടതില്ലെന്നാണ് അന്നത്തെ രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ്നാനിയുടെ നേതൃത്വത്തിലുള്ള സമിതി സമര്‍പ്പിച്ച റിപോര്‍ട്ടിലെ കാഴ്ചപ്പാട്. അഞ്ചിലും എട്ടിലും നിര്‍ബന്ധിത പരീക്ഷ നടത്തി തദടിസ്ഥാനത്തിലായിരിക്കണം ക്ലാസ്സ് കയറ്റം നല്‍കേണ്ടത്. വാര്‍ഷിക പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ രണ്ട് മാസത്തിനുള്ളില്‍ വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കണം. പ്രസ്തുത പരീക്ഷയിലും പരാജയപ്പെട്ടാല്‍ കുട്ടി ആ ക്ലാസ്സില്‍ തന്നെ പഠനം തുടരട്ടെയെന്നാണ് സമിതിയുടെ നിര്‍ദേശം. ഈ റിപോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ 2015 ഡിസംബര്‍ അവസാനം ഡല്‍ഹിയില്‍ സംഘടിപ്പിച്ച സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത 22 മന്ത്രിമാരില്‍ 18 പേരും ആള്‍ പ്രമോഷന്‍ സമ്പ്രദായത്തെ എതിര്‍ക്കുകയാണുണ്ടായത്.

99 ശതമാനത്തിനു മുകളിലാണ് കേരളത്തിലെ എസ് എസ് എല്‍ സി വിജയ ശതമാനം. എന്നാല്‍ സ്വന്തം പേര് തെറ്റ് കൂടാതെ എഴുതാന്‍ അറിയാത്തവര്‍ പോലുമുണ്ട് വിജയികളില്‍ എന്നത് വസ്തുതയാണ്. താഴെ ക്ലാസ്സുകളിലെ ആള്‍ പ്രമോഷനാണ് പ്രധാന കാരണം. ഒമ്പത് വരെയുള്ള ക്ലാസ്സുകളില്‍ അര്‍ഹതയില്ലാത്ത വിദ്യാര്‍ഥികളെയും വിജയിപ്പിച്ച്, പത്താം ക്ലാസ്സില്‍ മോഡറേഷന്‍ മാര്‍ക്ക് വാരിക്കോരി നല്‍കി വിജയം 99 ശതമാനത്തിന് മുകളിലെത്തിക്കുന്നത് ഭരിക്കുന്നവരുടെ രാഷ്ട്രീയ അജന്‍ഡ കൂടിയാണെന്ന് ആരോപിക്കപ്പെടുന്നു. അവസാനം ആള്‍ പ്രമോഷനില്‍ ജയിച്ചു കയറി ഡിഗ്രി എടുത്ത് പുറത്തു വരുന്നവര്‍ സംസ്ഥാനത്തിനും രാജ്യത്തിനും ഭാരമായി മാറുകയാണ്. സ്‌കൂള്‍ ക്ലാസ്സുകളില്‍ അര്‍ഹരെ മാത്രം ജയിപ്പിക്കുന്ന അവസ്ഥ സംജാതമായെങ്കില്‍ മാത്രമേ വിദ്യാസമ്പന്നര്‍ സംസ്ഥാനത്തിനും രാജ്യത്തിനും മുതല്‍ക്കൂട്ടാകുകയുള്ളൂവെന്ന് ആള്‍ പ്രമോഷനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

രണ്ട് പക്ഷത്തുമുണ്ട് ന്യായങ്ങള്‍. കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട് ആള്‍ പ്രമോഷന്‍ സമ്പ്രദായം. രാഷ്ട്രീയ അജന്‍ഡകള്‍പ്പുറം വിദ്യാര്‍ഥികളുടെ മികച്ച ഭാവിയായിരിക്കണം വിദ്യാഭ്യാസ മേഖല കൈകാര്യം ചെയ്യുന്നവരുടെ ആത്യന്തിക ലക്ഷ്യം. ഇല്ലെങ്കില്‍ വളര്‍ന്നു വരുന്ന തലമുറയോട് കാണിക്കുന്ന നീതികേടായിരിക്കും.

 

Latest