Connect with us

ARTICLE.

അസംബന്ധങ്ങള്‍ ആഘോഷമാകുമ്പോള്‍

കഥയറിയാതെ ആട്ടം കാണുന്ന മാധ്യമങ്ങളും പുരോഗമനവാദികളും ആഘോഷിച്ച അസംബന്ധങ്ങളുടെ നിരയിലേക്ക് മറ്റൊന്ന് കൂടി എന്നതിനപ്പുറം സഹദിന്റെ പ്രസവത്തില്‍ മലയാളികള്‍ ചെവിയോര്‍ക്കേണ്ട അതിശയപ്പെരുക്കങ്ങള്‍ ഒന്നുമില്ല

Published

|

Last Updated

ഗര്‍ഭധാരണവും പ്രസവവും കുഞ്ഞിന്റെ പരിചരണവുമെല്ലാം ഒരു കുടുംബത്തിന്റെ സ്വകാര്യതയാണ്. അതിലേക്ക് കടന്നുകയറാന്‍ ആര്‍ക്കും അധികാരമില്ല. പക്ഷേ സമൂഹത്തിലെ എല്ലാവരുടെ കാര്യത്തിലും ഈ സ്വകാര്യത പാലിക്കപ്പെടില്ല.

ഇങ്ങനെ ഒരാമുഖം കൊണ്ട് ആരംഭിക്കേണ്ടി വരുന്നതിന്റെ കാരണം വായനക്കാര്‍ക്ക് അജ്ഞാതമല്ല. മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം കൊണ്ടാടിയ ഒരു ഗര്‍ഭത്തെയും പ്രസവത്തെയും കുറിച്ചെഴുതുമ്പോള്‍ ഈ ആമുഖം ഒഴിവാക്കാനാകില്ല. സഹദും സിയ പവലുമാണ് മാധ്യമങ്ങള്‍ കൊണ്ടാടിയ ആ രണ്ട് പേര്‍. ട്രാന്‍സ്ജന്‍ഡേര്‍സ് ആണെന്ന് അവകാശപ്പെടുന്നവര്‍. സഹദ് പെണ്ണായി പിറന്നു. പിന്നീട് പുരുഷനായി ജീവിക്കാന്‍ ആഗ്രഹിച്ചു. അതിന്റെ ഭാഗമായി മാറിടം നീക്കം ചെയ്തു. ഹോര്‍മോണ്‍ ചികിത്സ ആരംഭിച്ചു. അപ്പോഴും ഗര്‍ഭപാത്രം നീക്കം ചെയ്തിരുന്നില്ല. സിയ പുരുഷനായി ജനിച്ചു. പിന്നീട് സ്ത്രീ ആകണമെന്ന് മോഹമുദിച്ചു. ഹോര്‍മോണ്‍ ശസ്ത്രക്രിയ ആരംഭിച്ചു. അപ്പോഴും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നില്ല. ഇരുവരും പിന്നീട് ഒരുമിച്ച് ജീവിച്ചു. ട്രാൻസ്ജെന്‍ഡര്‍ വിവാഹ ദമ്പതികള്‍ എന്ന് സ്വയം വിശേഷിപ്പിച്ചു. കുറച്ചുകാലം പിന്നിട്ടപ്പോള്‍ കുഞ്ഞ് വേണമെന്ന് ഇരുവര്‍ക്കും ആഗ്രഹം. ദത്തെടുക്കലിന്റെ നിയമസങ്കീര്‍ണതകള്‍ ചാടിക്കടക്കാന്‍ കഴിയില്ലെന്നായപ്പോള്‍ സഹദ് ഗര്‍ഭം ധരിക്കാന്‍ തീരുമാനിച്ചു. യൂട്രസ് നീക്കം ചെയ്യാതിരുന്നതുകൊണ്ട് അത് സാധ്യമായിരുന്നു. സിയ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്നതിനാല്‍ പങ്കാളിയുടെ ബീജം ഉപയോഗിച്ചുതന്നെ സഹദിന് ഗര്‍ഭം ധരിക്കാനായി. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് സഹദ് ഒരു കുഞ്ഞിന് ജന്‍മം നല്‍കി. അഥവാ സിയ എന്ന പുരുഷനില്‍ നിന്ന് സഹദ് എന്ന സ്ത്രീ ഗര്‍ഭം ധരിക്കുന്നു, സമയമായപ്പോള്‍ പ്രസവിക്കുന്നു. ഇത്രയുമാണ് സംഭവിച്ചത്. പക്ഷേ ആ വാര്‍ത്ത എങ്ങനെയാണ് അവതരിപ്പിക്കപ്പെട്ടത്?

ഒരു വാര്‍ത്താ ചാനലുമായി സംസാരിക്കവെ സിയ പറയുന്നൊരു കാര്യം, “എത്ര സര്‍ജറികള്‍ നടത്തിയാലും എനിക്കൊരു കുഞ്ഞിനെ ഉദരത്തില്‍ ചുമക്കാനോ പ്രസവിക്കാനോ കഴിയില്ല’. അതേ അഭിമുഖത്തില്‍ സഹദ് പറയുന്നത്: “ഞാനിപ്പോള്‍ വിചാരിക്കുന്നത്, ബ്രെസ്റ്റ് റിമൂവ് ചെയ്തില്ലായിരുന്നെങ്കില്‍ വാവക്ക് മില്‍ക്ക് കൊടുക്കാമായിരുന്നു, വിധിയായിരിക്കാം’. സ്ത്രീയില്‍ നിന്ന് പുരുഷനിലേക്കും പുരുഷനില്‍ നിന്ന് സ്ത്രീയിലേക്കുമുള്ള പകര്‍ന്നാട്ടങ്ങള്‍ ഒട്ടും എളുപ്പമല്ല എന്നുതന്നെയാണ് ഇരുവരുടെയും സംസാരത്തില്‍ നിന്ന് മനസ്സിലാകുന്നത്. അവകാശവാദങ്ങള്‍ക്കപ്പുറത്ത് ചില യാഥാര്‍ഥ്യങ്ങളുണ്ട് എന്ന് തന്നെ. ആ യാഥാര്‍ഥ്യങ്ങളെ അഡ്രസ്സ് ചെയ്യുന്നതിലാണ് മാധ്യമങ്ങളും ലിബറലിസ്റ്റുകളും അമ്പേ പരാജയപ്പെട്ടത്. സ്ത്രീജന്യമായ വികാരവായ്പുകളെ മാറിടം ഇല്ലാതാക്കി മറച്ചുപിടിക്കാനാകില്ല എന്ന് തന്നെയാണല്ലോ “ബ്രെസ്റ്റ് റിമൂവ് ചെയ്തില്ലായിരുന്നെങ്കില്‍…’ എന്ന സഹദിന്റെ വാക്കുകളില്‍ മുഴച്ചുനില്‍ക്കുന്നത്. മാതാവാകാന്‍ തയ്യാറെടുക്കുന്ന ഒരു യുവതിയുടെ മനോവ്യാപാരങ്ങളെ വാക്ക് കൊണ്ട് അളന്നെടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അത് തിരിച്ചറിയാന്‍ എന്തുകൊണ്ടാണ് സ്ത്രീയായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പോലും കഴിയാതിരുന്നത്?

“ട്രാന്‍സ് ദമ്പതികളായ സിയ പവലിനും സഹദിനും ഒരു കുഞ്ഞ് പിറന്നിരിക്കുന്നു. സാമ്പ്രദായിക ബൈനറികളിലുറച്ച പൊതുബോധത്തില്‍ അട്ടിമറി സൃഷ്ടിച്ചു കൊണ്ട് ഈ ഭൂമിയില്‍ പിറന്നുവീണ ആ കുഞ്ഞ് തുറന്നിടുന്നത് ഒരു നവലോകത്തിലേക്കുള്ള വാതിലാകട്ടെ… ആധിപത്യത്തിന്റെയും അധികാര സ്ഥാപനത്തിന്റെയും വിമ്മിട്ടപ്പെടുത്തുന്ന കുടുംബ സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്ത് സ്‌നേഹത്തിന്റെയും തുല്യ പങ്കാളിത്തത്തിന്റെയും മസൃണമായ അന്തരീക്ഷമുള്ള ഒന്നായി കുടുംബത്തെ പുനര്‍ നിര്‍വചിക്കാന്‍ ഈ ജനനവും ഒരു നല്ല കാരണമാകട്ടെ’ എന്നാണ് മന്ത്രി ആര്‍ ബിന്ദു ഫേസ്ബുക്കില്‍ കുറിച്ചത്. എന്താണ് മന്ത്രി ഉദ്ദേശിച്ച സാമ്പ്രദായിക ബൈനറി എന്ന് വിശദീകരിക്കേണ്ടത് അവര്‍ തന്നെയാണ്. നമുക്ക് സങ്കല്‍പ്പിക്കാവുന്ന ചില സാമ്പ്രദായിക ബൈനറികളുണ്ടല്ലോ. സ്ത്രീയും പുരുഷനും തമ്മില്‍ വിവാഹിതരാകുന്നു. അവരില്‍ സ്ത്രീ പുരുഷനില്‍ നിന്ന് ഗര്‍ഭം ധരിക്കുന്നു. സ്ത്രീ പ്രസവിക്കുന്നു, കുഞ്ഞ് ഭൂമിയിലേക്ക് പിറന്നുവീഴുന്നു. ഈ പറഞ്ഞതില്‍ ഗര്‍ഭവും പ്രസവവും സഹദ്-സിയ ബന്ധത്തില്‍ സാമ്പ്രദായികമായി തന്നെയാണ് നടന്നത്. പിന്നെയുള്ളത് വിവാഹമാണ്. പുരുഷനും സ്ത്രീക്കുമിടയില്‍ സംഭവിക്കുന്ന പരസ്പരാകര്‍ഷണത്വം ഇരുവര്‍ക്കുമിടയിലുണ്ടാകുന്നു, സഹദ് സിയയെ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയി ഒരുമിച്ച് ജീവിക്കുന്നു. “സാമ്പ്രദായിക ബൈനറികളിലുറച്ച പൊതുബോധത്തില്‍ അട്ടിമറി സൃഷ്ടിച്ചു’ എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി എഴുതിയത് ഇതേക്കുറിച്ചാണോ? എങ്കില്‍ അതില്‍ ആഘോഷിക്കപ്പെടാന്‍ മാത്രമുള്ള മൂല്യം എന്താണുള്ളത് എന്ന് കൂടി മന്ത്രി വിശദീകരിക്കുമായിരിക്കും. പക്ഷേ അതിനപ്പുറം ഉന്നയിക്കപ്പെടേണ്ട ഒരു മനുഷ്യാവകാശ പ്രശ്‌നം ഇപ്പോഴത്തെ സംഭവവികാസങ്ങളിലില്ലേ?

ഒരു കുഞ്ഞിന് മുലപ്പാല്‍ ലഭിക്കുക എന്നത് ആ കുരുന്നിന്റെ പ്രാഥമികമായ അവകാശമാണ്. അത് നിഷേധിക്കുന്നതിലൂടെ ആ കുഞ്ഞിനെ അടിസ്ഥാന അവകാശത്തില്‍ നിന്ന് പുറത്തുനിര്‍ത്തുകയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. എല്ലാ കുഞ്ഞുങ്ങള്‍ക്കും മുലപ്പാല്‍ കൊടുക്കണമെന്ന് ഭരണഘടനയിലുണ്ടോ പോലുള്ള കസര്‍ത്ത് കൊണ്ട് നിശ്ശബ്ദമാക്കാവുന്നതല്ല ഈ അവകാശനിഷേധം. കുഞ്ഞിന് ലഭിക്കുന്ന ഏറ്റവും പ്രധാനമായ പോഷകാഹാരമാണ് മുലപ്പാല്‍. കുഞ്ഞിന് മുലയൂട്ടുക പോലുള്ള സാമ്പ്രദായിക രീതികളോട് വിയോജിപ്പുള്ളവര്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്. അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് പോഷകസമൃദ്ധമായ മുലപ്പാല്‍ കുടിക്കാനുള്ള ആ കുഞ്ഞിന്റെ അവകാശം. ഈ ബഹളങ്ങള്‍ക്കിടയില്‍ അത് കാണാതിരിക്കരുത്. നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ചതിന്റെ പേരില്‍ കുഞ്ഞിന്റെ മാതാവിനും പിതാവിനും പ്രേരിപ്പിച്ചു എന്ന് കരുതപ്പെടുന്നയാള്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തത് കേരളത്തിലാണ്; 2016 നവംബറില്‍. ആ കേസില്‍ ഉമ്മക്ക് താമരശ്ശേരി കോടതി ഒരു ദിവസത്തെ നില്‍പ്പുശിക്ഷ വിധിച്ചതും നമ്മള്‍ വായിച്ചതാണ്. കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന ഈ മുലപ്പാല്‍ നിഷേധത്തില്‍ മതപൗരോഹിത്യത്തിനെതിരെ അരിശപ്പെട്ടു പലരും. അതില്‍ മതം ഒരു പ്രതി അല്ലെന്ന് അറിയുമായിരുന്നിട്ടും ചര്‍ച്ചയിലേക്ക് ഇസ്‌ലാമിനെ വലിച്ചുകൊണ്ടുവന്നു. ആ നാളുകളിലൊന്നില്‍ ഡോക്ടര്‍ ഷിംന അസീസ് ദേശാഭിമാനി പത്രത്തിലെഴുതിയ ലേഖനത്തിലെ (നവംബര്‍ 3, 2016) ചില ഭാഗങ്ങള്‍ ഡോ. ആര്‍ ബിന്ദു ഉള്‍പ്പെടെയുള്ളവരുടെ വായനക്കായി ഇവിടെ ചേര്‍ക്കുന്നു:

“ആവശ്യത്തിന് പാല് കുടിക്കാത്ത കുട്ടിക്ക് “ഹൈപ്പോഗ്ലൈസീമിയ’ ഉണ്ടാകും. ഹൈപ്പോഗ്ലൈസീമിയ വീണ്ടും ശരീരത്തിലെ ചൂട് കുറക്കും. ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കും. മനുഷ്യന് മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞാല്‍ ശരീരത്തിലെ താപനില കുറയുമ്പോള്‍ ഷുഗര്‍ കുറയും. ഇപ്പോള്‍ ജനിച്ച കുട്ടിക്ക് ഷുഗര്‍ കുറയുകയോ എന്നൊക്കെയുള്ള സന്ദേഹം ചിലര്‍ക്കെങ്കിലും തോന്നാം. ഷുഗര്‍ കുറയുക എന്നത് പ്രമേഹമെന്ന അസുഖവുമായി കൂട്ടി യോജിപ്പിച്ച് മാത്രം മനസ്സിലാക്കുന്നതിന്റെ കുഴപ്പമാണ് ഇത്. കോശങ്ങളുടെ ആഹാരമാണ് ഗ്ലുക്കോസ് എന്നത് കൊണ്ട് തന്നെ ആവശ്യത്തിന് ഭക്ഷണം കിട്ടാതിരിക്കുമ്പോള്‍ സകല കോശങ്ങളും പട്ടിണിയാകുന്നു. മസ്തിഷ്‌ക കോശങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് ഭക്ഷണം കിട്ടാതാകുമ്പോള്‍ ഉള്ള പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും, പ്രത്യേകിച്ച് ജനിച്ച് അധികസമയം പിന്നിട്ടിട്ടില്ലാത്ത ചോരക്കുഞ്ഞിന്.
എന്ത് കാരണം തന്നെ ഉണ്ടായാലും അമ്മ ജീവിച്ചിരിക്കുന്ന കുട്ടിക്ക് പാല് കൊടുക്കാതിരിക്കുന്നതിന് “കൊടുംക്രൂരത’ എന്നല്ലാതെ മറ്റൊരു പേരില്ല. അമ്മയുടെ പാലിന്റെ ഗുണങ്ങള്‍ വീണ്ടും വിശദീകരിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. കാരണം, ഇനിയൊരു കുഞ്ഞിനും ഇത്തരം അബദ്ധജഡിലമായ കാരണങ്ങള്‍ കൊണ്ട് അമ്മിഞ്ഞപ്പാല്‍ നിഷേധിക്കപ്പെട്ടു കൂടാ. മറ്റൊരു ഭക്ഷണത്തിനും അവകാശപ്പെടാന്‍ ഇല്ലാത്ത വിധം പോഷകപ്രദമാണ് മുലപ്പാല്‍. കുഞ്ഞിന്റെ വളര്‍ച്ചക്കും ബൗദ്ധികവികസനത്തിനും ഉതകുന്ന രീതിയിലുള്ള മറ്റൊരു പദാര്‍ഥമില്ല. മൃഗപ്പാലുകളെ അപേക്ഷിച്ച് മുലപ്പാലിലെ പ്രോട്ടീന്‍ അളവ് കുറവാണ്. ഇത് ദഹനം സുഗമമാക്കുന്നു. ഹോര്‍മോണ്‍ വ്യവസ്ഥക്കും ഞരമ്പുകളും മസ്തിഷ്‌കവും പക്വമാകുന്നതിനും മുലപ്പാലിലെ കൊഴുപ്പ് കൂടിയേ തീരൂ.

നന്നായി മുലയൂട്ടി വളര്‍ത്തപ്പെട്ട കുഞ്ഞിന് അണുബാധക്കുള്ള സാധ്യത വളരെ കുറവാണ്. മുലപ്പാലൂട്ടി വളര്‍ത്തപ്പെട്ട കുട്ടിക്ക് അലര്‍ജി, ചെവിയിലെ അണുബാധ, ഭാവിയില്‍ പല്ല് പൊങ്ങാനുള്ള സാധ്യത എന്നിവ വളരെ കുറവാണ്.’

സഹദ്-സിയ ബന്ധത്തില്‍ ജനിച്ച കുഞ്ഞിന് ഇതൊന്നും ബാധകമല്ലേ? ഇത് സാഹചര്യം വേറെ ആണെന്നാണെങ്കില്‍ ഈ സാഹചര്യം സൃഷ്ടിച്ചത് ആരാണ്? അവര്‍ ചെയ്തത് “കൊടുംക്രൂരത’ അല്ലാതെ മറ്റെന്താണ്? അതല്ലെങ്കില്‍ ട്രാൻസ്ജെന്‍ഡര്‍ ആയി അവകാശപ്പെടുന്നവര്‍ ചെയ്യുന്നതൊന്നും ക്രൂരതയുടെ പട്ടികയില്‍ വരില്ല എന്നാണോ?

സഹദിന്റെ ഗര്‍ഭത്തെ മുന്‍നിര്‍ത്തി “ശാസ്ത്രം ജയിച്ചേ, ദൈവം തോറ്റേ’ എന്നൊരു ക്‌ളീഷേ സമൂഹ മാധ്യമങ്ങളില്‍ എഴുന്നെള്ളിച്ചിരുന്നു “സ്വതന്ത്ര ചിന്തകര്‍’. ദൈവം സ്ത്രീകള്‍ക്ക് നല്‍കിയ മാറിടം മുറിച്ചു മാറ്റിയ ഒരു സ്ത്രീ പ്രസവിക്കുമ്പോള്‍ ശാസ്ത്രം ജയിക്കുകയല്ല തോല്‍ക്കുക തന്നെയാണ് ചെയ്യുന്നത്. സ്തനം ഇല്ലാതായതോടെ മുലയൂട്ടലിന് ജൈവികമായ ബദല്‍ ഒരുക്കുന്നതില്‍ ശാസ്ത്രം പരാജയപ്പെട്ടു നില്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. സഹദ് ഗര്‍ഭം ധരിച്ചത് പുരുഷന്റെ ബീജത്തില്‍ നിന്നാണ്, കുഞ്ഞിനെ ചുമന്നത് ഗര്‍ഭപാത്രത്തിലാണ്. ഈ കഥയിലൊരിടത്തും ദൈവം തോറ്റുപോകുന്ന ഒരു സന്ദര്‍ഭവുമില്ല. കഥയറിയാതെ ആട്ടം കാണുന്ന മാധ്യമങ്ങളും പുരോഗമനവാദികളും ആഘോഷിച്ച അസംബന്ധങ്ങളുടെ നിരയിലേക്ക് മറ്റൊന്ന് കൂടി എന്നതിനപ്പുറം സഹദിന്റെ പ്രസവത്തില്‍ മലയാളികള്‍ ചെവിയോര്‍ക്കേണ്ട അതിശയപ്പെരുക്കങ്ങള്‍ ഒന്നുമില്ല. അസംബന്ധങ്ങള്‍ ആഘോഷിക്കുന്നത് ഇന്ത്യയില്‍ ഒരു ക്രിമിനല്‍ ഒഫന്‍സ് അല്ലാത്തതിനാല്‍ ഇത്തരം പിത്തലാട്ടങ്ങള്‍ മാധ്യമങ്ങളില്‍ നിന്നും ലിബറലുകളില്‍ നിന്നും നമ്മളിനിയും പ്രതീക്ഷിക്കണം!