Connect with us

road safety

സാഹസികത അവിവേകത്തിന് വഴിമാറുമ്പോള്‍

ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിച്ചുള്ള സാഹസിക യാത്ര മിക്കപ്പോഴും അപകടം വിളിച്ചുവരുത്തുന്നതാണ്. നിയമത്തെ കുറിച്ചുള്ള അജ്ഞതയല്ല, അനുസരിക്കില്ലെന്ന വാശിയില്‍ നിന്നാണ് സാഹസികത അവിവേകത്തിന് വഴിമാറുന്നത്.

Published

|

Last Updated

ജീവിതം മറന്ന ഒരു വിഭാഗം സാഹസികത എന്ന തോന്നലില്‍ എന്തിനും തയ്യാറായി മുന്നോട്ടു വരുന്ന കാലമാണിത്. ന്യൂ ജനറേഷന്‍ വിഭാഗത്തിന്റെ യാത്ര, പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിച്ചുള്ള സാഹസിക യാത്ര മിക്കപ്പോഴും അപകടം വിളിച്ചുവരുത്തുന്നതാണ്. നിയമത്തെ കുറിച്ചുള്ള അജ്ഞതയല്ല, അനുസരിക്കില്ലെന്ന വാശിയില്‍ നിന്നാണ് സാഹസികത അവിവേകത്തിന് വഴിമാറുന്നത്.

ഇരുചക്ര വാഹനം സ്വന്തമാക്കിയാല്‍ ആദ്യമായി ചെയ്യുന്നത് വാഹനത്തിന്റെ യാത്രാ സുരക്ഷക്ക് വേണ്ടി ഫിറ്റ് ചെയ്യുന്ന ഉപകരണങ്ങള്‍ (റിയര്‍ വ്യൂ മിറര്‍, ക്രാഷ് ഗാര്‍ഡ്, സാരി ഗാര്‍ഡ്, സൈലന്‍സര്‍, ഹാന്‍ഡില്‍ ബാര്‍ തുടങ്ങിയവ) അഴിച്ചുമാറ്റുക എന്നതാണ്. പിന്നീടുള്ള യാത്ര ആരുണ്ടിവിടെ എന്നെ പിടിച്ചു കെട്ടാന്‍ എന്ന ഭാവത്തിലും. ഈ യാത്രയുടെ പര്യവസാനം മിക്കതും ദുരന്തത്തിലാണ് കലാശിക്കുക. ഒന്നുകില്‍ മരണം, അല്ലെങ്കില്‍ ഗുരുതര പരുക്കുകള്‍. സമൂഹവും കുടുംബവും ഈ ദുരന്തത്തിന്റെ ഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. ഹെല്‍മെറ്റ് ധരിക്കാമായിരുന്നു, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാമായിരുന്നു എന്നൊന്നും പിന്നീട് ആലോചിക്കാന്‍ അവസരമില്ലല്ലോ. ഗുരുതരമായി പരുക്കേറ്റവര്‍ പിന്നെ വിധിയെ പഴിച്ച് കാലം കഴിക്കും. വാട്ടര്‍ ബെഡുകളിലും വീല്‍ചെയറുകളിലും ഊന്നുവടികളിലും ശേഷിച്ച ജീവിതം കഴിച്ചുകൂട്ടുന്നവര്‍ നമ്മുടെ സമൂഹത്തില്‍ വര്‍ധിക്കുന്നു.
ഒരല്‍പ്പം ശ്രദ്ധ ഇക്കാര്യത്തില്‍ നല്‍കുക എന്നതാണ് പ്രധാനം. അമിത വേഗം ആപത്താണെന്നും ഒരിക്കലും എത്താതിരിക്കുന്നതിലും എത്രയോ ഭേദം അല്‍പ്പം വൈകി എത്തുന്നതാണെന്നും മനസ്സില്‍ ഉറപ്പിച്ച് വെക്കാന്‍ എല്ലാവരും തയ്യാറാകണം. റോഡ് നിയമങ്ങള്‍ നമ്മുടെ രക്ഷക്കാണ് എന്ന് മാത്രം വിചാരിക്കുക. വാഹന യാത്രികര്‍ ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ശരിയായ വിധത്തില്‍ ഉപയോഗിച്ചെങ്കില്‍ മാത്രമേ കാര്യമുള്ളൂ. മറ്റാര്‍ക്കോ വേണ്ടിയോ നിയമ പാലകരില്‍ നിന്ന് രക്ഷപ്പെടുക എന്ന ഒറ്റ ഉദ്ദേശ്യത്തിലോ ആകരുത് ഇതൊന്നും. ഗുണമേന്മയുള്ള ഹെല്‍മെറ്റ് ധരിച്ചത് കൊണ്ട് മാത്രം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് അഭിമാനത്തോടെ പറയുന്നവരെ നാം കണ്ടിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളിലെ എല്ലാവരും ഹെല്‍മെറ്റ് അണിയണമെന്ന നിര്‍ദേശം കോടതിയില്‍ നിന്ന് ഈയടുത്ത് വന്നത് ഓര്‍ക്കുന്നുണ്ടാകുമല്ലോ.

ജീവിതം നടുറോഡില്‍ തകര്‍ത്ത് കളയാനുള്ളതല്ല, സന്തോഷിച്ച് കുടുംബത്തോടൊപ്പം ആസ്വദിച്ച് നന്മ ചെയ്ത് ജീവിക്കാനുള്ളതാണ്. അത് ശരിയായ വിധത്തില്‍ അനുഭവിച്ചറിയുകയാണ് വിവേകശാലി എന്ന അര്‍ഥത്തില്‍ മനുഷ്യന്‍ ചെയ്യേണ്ടത്. പ്രത്യേകിച്ചും ന്യൂജന്‍ വിഭാഗം. അശ്രദ്ധമൂലമുണ്ടാകുന്ന വാഹന ദുരന്തത്തില്‍ അകപ്പെട്ട് സമൂഹത്തിനും കുടുംബത്തിനും ഭാരമാകാതെ, മറ്റുള്ളവരെ അപകടപ്പെടുത്താതെ, സാമൂഹിക നന്മയുടെ പക്ഷം ഓരം ചേര്‍ന്ന് നില്‍ക്കാന്‍ ശ്രമിക്കുക.

പ്രവാസികളോട് സ്നേഹപൂര്‍വം ഉണര്‍ത്തട്ടെ. മക്കളുടെ പഠന കാര്യത്തിലും മറ്റും പ്രോത്സാഹനം നല്‍കുന്നതിനായി ഇരുചക്ര വാഹനങ്ങള്‍ വാഗ്ദാനം ചെയ്യുകയും അവസാനം പ്രായപൂര്‍ത്തിയാകാത്ത, പക്വത എത്താത്ത കുട്ടികള്‍ക്ക് വാഹനം വാങ്ങിക്കൊടുക്കുകയും ചെയ്യുന്ന നിരവധി രക്ഷിതാക്കള്‍ നമുക്കിടയിലുണ്ട്. പ്രവാസികള്‍ നാട്ടിലെത്തുമ്പോള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ മാതാപിതാക്കളുടെ മൗനാനുവാദത്തോടെ ദുരുപയോഗം ചെയ്യുന്ന സാഹചര്യവും വിരളമല്ല. സ്‌കൂളുകളില്‍ പി ടി എ മീറ്റിംഗിന് അമ്മമാരെ എത്തിക്കുന്നത് മോട്ടോര്‍ സൈക്കിളില്‍ അതേ സ്‌കൂളിലെ കുട്ടികള്‍ തന്നെയാണ് എന്നുള്ളത് വിരോധാഭാസം തന്നെയല്ലേ? ഇത്തരത്തിലുള്ള പ്രവൃത്തി മൂലം ദുരന്ത മുഖങ്ങളില്‍പ്പെട്ട് ജീവിതകാലം മുഴുവന്‍ യാതന അനുഭവിക്കാന്‍ വിധിക്കപ്പെട്ട് തീരാ ദുഃഖവുമായി കഴിയുന്ന മാതാപിതാക്കളുണ്ട്. ഇത്തരം ദുരന്തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും അവര്‍ക്ക് ഒഴിഞ്ഞ് മാറാനാകുമോ?

പക്വത എത്താത്തവരുടെ ഡ്രൈവിംഗ് അവരുടെ ജീവന് ഭീഷണിയാണ് എന്ന് മാത്രമല്ല റോഡുപയോഗിക്കുന്ന മറ്റു നിരപരാധികള്‍ പോലും ഇരയാകുന്നത് സാധാരണമാണ്. ഇതിന് അറുതി വരുത്തേണ്ടത് രക്ഷിതാക്കള്‍ തന്നെയാണ്. മിക്ക സ്‌കൂളുകളിലേക്കും കുട്ടികള്‍ വാഹനവുമായി വരുന്നത് കര്‍ശനമായി വിലക്കുന്നുണ്ട്. എന്നിരുന്നാലും സമീപ പ്രദേശങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്ത് കുട്ടികള്‍ സ്‌കൂളില്‍ വരുന്നതാണ് ഇപ്പോഴത്തെ പതിവ്. രക്ഷിതാക്കളും നാട്ടുകാരും അധ്യാപകരും ഒത്തൊരുമിച്ച് പക്വതയില്ലാത്തവരുടെ ഡ്രൈവിംഗ് കര്‍ശനമായും തടയേണ്ടതാണ്. പുതിയ വാഹന നിയമത്തിലെ ശിക്ഷ കടുത്തതാണ് എന്നും, ആധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ സഹായത്തോടെയുള്ള പരിശോധനകള്‍ കാരണം വാഹനങ്ങള്‍ വിറ്റാല്‍ പോലും പിഴ അടക്കാന്‍ തികയാതെ വരുമെന്നും മനസ്സിലാക്കുക.

അപകടം വരുത്തുന്ന ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും ലൈസന്‍സ് എടുത്ത് രണ്ട് മൂന്ന് വര്‍ഷം മാത്രം പഴക്കമുള്ളവരാണ്. അത് അവരുടെ പരിചയ കുറവും അമിതമായ ആത്മവിശ്വാസവും മൂലം സംഭവിക്കുന്നതാണ്. ഡ്രൈവിംഗ് ആരംഭിക്കുന്നതിന്റെ ആദ്യ ഘട്ടത്തില്‍ മിതവേഗത്തില്‍ വളരെ ശ്രദ്ധയോടെ വാഹനം ഓടിക്കണം എന്നാണ് ഇത് സൂചിപ്പിക്കുന്നത്. വാഹന സാന്ദ്രത ഏറെ വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ കാര്യക്ഷമതയോടെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ക്ഷമയോടുകൂടി വാഹനം ഓടിച്ചെങ്കില്‍ മാത്രമേ സുരക്ഷിത യാത്ര ഉറപ്പ് വരുത്താനാകൂ. ഡ്രൈവിംഗ് എന്ന ജോലിക്കിടെ മറ്റു പ്രവര്‍ത്തനങ്ങള്‍ (മൊബൈല്‍ ഫോണ്‍, വെള്ളം കുടിക്കുക, റേഡിയോ ട്യൂണിംഗ് തുടങ്ങിയവ) നിര്‍ബന്ധമായും ഒഴിവാക്കിയേ മതിയാകൂ. ഡ്രൈവ് ചെയ്യുമ്പോള്‍ നൂറ് ശതമാനം ശ്രദ്ധയും ഡ്രൈവിംഗില്‍ തന്നെയാകട്ടെ. കൊച്ചുകുട്ടികളെ മടിയിലിരുത്തിയുള്ള ഡ്രൈവിംഗും ഉറക്കിനെ വെല്ലുവിളിച്ചുള്ള ഡ്രൈവിംഗും ലഹരിക്കടിപ്പെട്ടുള്ള ഡ്രൈവിംഗും തീര്‍ച്ചയായും ദുരന്തം വിളിച്ചുവരുത്തുന്നതാണ്.

2018ന് ശേഷം പുതുതായി രൂപപ്പെട്ട പ്രതിഭാസമാണ് വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും വിനോദ യാത്രകളിലും പഠന യാത്രകളിലും പ്രകടമാകുന്ന സാഹസികത. നന്മയേക്കാളേറെ തിന്‍മയിലേക്കാണ് ഇത് നയിക്കുക. പാട്ടിനൊപ്പം താളം പിടിച്ച് ഗിയര്‍ ലിവര്‍ മറ്റുള്ളവരെ ഏല്‍പ്പിച്ച് മാസ്മരികതയുടെ അനുഭൂതിയില്‍ വാഹനം ഓടിക്കുന്ന ഡ്രൈവറുടെ പ്രവൃത്തി നാം കണ്ടതാണ്. ഇവരെ നിലക്ക് നിര്‍ത്താന്‍ നിലവിലെ ശിക്ഷ മതിയാകില്ല.

വാഹന ഉടമകള്‍ നിലനില്‍പ്പിനായി പുതിയ ട്രെന്‍ഡിലേക്ക് മാറുമ്പോള്‍ യാത്രകള്‍ ദുരന്തത്തിലേക്ക് വഴിമാറുന്നു. അറിഞ്ഞോ അറിയാതെയോ രക്ഷിതാക്കളും അധ്യാപകരും ഡ്രൈവര്‍മാരും അതിന്റെ ഭാഗമാകുന്നു. അറിയുക ഒരല്‍പ്പം അശ്രദ്ധ ഒരായുസ്സിന്റെ കണ്ണീരാണ്. നിങ്ങളുടെ ഈ മൗനം കാത്തിരിക്കുന്നവരുടെ കണ്ണീരിലാണ് അവസാനിക്കുക എന്ന ദുഃഖ സത്യം മനസ്സിലാക്കുക.

കൂടെ യാത്ര ചെയ്യുന്ന യാത്രാസംഘ മേധാവിമാര്‍ക്കും ടൂര്‍ ഓപറേറ്റര്‍മാര്‍ക്കും വാഹന ഉടമകള്‍ക്കും വാഹനാപകടങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല. അവരുടെ മൗനം നിയമലംഘനം നടത്താനുള്ള പ്രോത്സാഹനമാണ്. സാഹസികതക്ക് ഉത്സാഹം കൂട്ടുന്ന എല്ലാത്തരം ഉപകരണങ്ങളും ഇത്തരം യാത്രകളില്‍ ബന്ധപ്പെട്ടവര്‍ ഒരുക്കിവെക്കുന്നു എന്നത് ഭയപ്പെടുത്തുന്നു. ഇത്തരക്കാര്‍ക്കെതിരെ വെറുമൊരു വാഹന നിയമം ഉപയോഗിച്ചാല്‍ മാത്രം കുറ്റകൃത്യങ്ങള്‍ കുറയുകയില്ല. അവര്‍ക്കെതിരെ ഐ പി സി പ്രകാരം ക്രിമിനല്‍ കേസെടുക്കണം. എങ്കില്‍ മാത്രമേ ഈ വിധത്തിലുള്ള നിയമലംഘനങ്ങള്‍ക്ക് പൂര്‍ണമായും അറുതിവരുത്താന്‍ സാധിക്കുകയുള്ളൂ. പൊതുജനങ്ങളുടെ കൂട്ടായ്മയിലൂടെ സുരക്ഷിത റോഡ് യാത്രക്കായി നമുക്കൊത്തുചേരാം. വരും നാളുകള്‍ അതിനുള്ള തുടക്കമാകട്ടെ.

(തിരൂരങ്ങാടി ജോയിന്റ് ആര്‍ ടി ഒ)

---- facebook comment plugin here -----

Latest