Connect with us

Prathivaram

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് എന്നാണ് നാം സംസാരിക്കുക?

സമീപകാല ചരിത്രത്തിൽ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സംസാരിക്കാനോ ചർച്ച ചെയ്യാനോ ഇനിയും നമുക്ക് സാധിക്കുന്നില്ല എന്നത് വലിയൊരു പരാജയമാണ്. രാവിലെ എഴുന്നേറ്റതു മുതൽ ഉറങ്ങുന്നതുവരെ ജീവിതത്തിലെ ഓരോ ചെറിയ കാര്യം പോലും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള മലയാളികൾ ജീവിതത്തെ ഒന്നടങ്കം ബാധിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ഭീകരമായ മൗനം പാലിക്കുന്നുവെന്നത് വിചിത്രമായ യാഥാർഥ്യമാണ്.

Published

|

Last Updated

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി ഇടപെടുന്ന സമൂഹമാണ് മലയാളികൾ. വളരെ ഗൗരവത്തിലുള്ള സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ വളരെ മുന്നിലാണ് നാം. അന്തർദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്താനും നിലവാരമുള്ള ചോദ്യങ്ങൾ ഉയർത്താനും മലയാളികൾക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ, സമീപകാല ചരിത്രത്തിൽ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സംസാരിക്കാനോ ചർച്ച ചെയ്യാനോ ഇനിയും നമുക്ക് സാധിക്കുന്നില്ല എന്നത് വലിയൊരു പരാജയമാണ്. രാവിലെ എഴുന്നേറ്റതു മുതൽ ഉറങ്ങുന്നതുവരെ ജീവിതത്തിലെ ഓരോ ചെറിയ കാര്യം പോലും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള മലയാളികൾ ജീവിതത്തെ ഒന്നടങ്കം ബാധിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ഭീകരമായ മൗനം പാലിക്കുന്നുവെന്നത് വിചിത്രമായ യാഥാർഥ്യമാണ്.

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് എല്ലാ വെള്ളിയാഴ്ചയും സമരം നയിക്കുന്ന ഒരു പെൺകുട്ടിയുണ്ട് സ്വീഡനിൽ- ഗ്രെറ്റ തൻബർഗ്. സാധാരണക്കാർ മുതൽ ഭരണകൂടങ്ങൾ വരെ നീതി നിഷേധിക്കുന്ന കാലാവസ്ഥക്ക് നീതി തേടിയാണ് ഈ പെൺകുട്ടി തെരുവിലിറങ്ങിയത്. ആഗോള സമൂഹം രണ്ട് കൈയും നീട്ടി സ്വീകരിച്ച ഈ സമരത്തെ ചുരുങ്ങിയ കാലയളവിലാണ് വിവിധ രാഷ്ട്രങ്ങളിലെ സാധാരണക്കാർ ഏറ്റെടുത്തത്. അനുയായികളും പിൻഗാമികളുമില്ലാതെ ഒറ്റക്ക് ഒരു ദിവസം സമരം ആരംഭിച്ച അവൾ ഇന്ന് ലോക രാഷ്ട്രങ്ങൾക്കു മുമ്പിൽ വലിയൊരു ശക്തിയായി മാറിക്കഴിഞ്ഞു. ഓരോ ആഴ്ചയും സമൂഹ മാധ്യമങ്ങളിൽ വലിയ സ്വാധീനമാണ് ഇവർ ഉണ്ടാക്കുന്നത്. ഇങ്ങനെ കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടകരമായ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് ഇന്ത്യയിലും വിവിധ സംഘടനകളും വ്യക്തികളും ജനങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും മലയാളികളുടെ ചർച്ചാമുറിയിലേക്ക് ഈ വിഷയം ഇനിയും എത്തേണ്ടതുണ്ട്. പ്രത്യേകിച്ച് സമൂഹ മാധ്യമങ്ങളിൽ.

കേരളത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ ദുരിതങ്ങളിൽ അന്തർദേശീയ സമൂഹം വലിയ ആശങ്കയാണ് പ്രകടിപ്പിച്ചത്. 2016ൽ പാലക്കാട് ജില്ലയിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനിലയായ 41.3 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. ഈ വർഷം കേരളത്തിൽ 0.5 ഡിഗ്രി വരെ വർധനവ് കാണപ്പെടുമെന്ന് കണക്കാക്കുന്നു. 1980കൾ മുതൽ ആഗോളതാപനം കേരളത്തെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. കേരളം കണ്ടതിൽ വെച്ച് ഏറ്റവും ഉയർന്ന താപനില 2011നും 2020നും ഇടക്കായിരിക്കും അനുഭവിക്കുക എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. രാജ്യത്തൊട്ടാകെ താപനിലയിൽ വർധനവുള്ളതായിട്ടാണ് കണ്ടുവരുന്നത്. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ പഠന കേന്ദ്രത്തിന്റെ “കാലാവസ്ഥാ വ്യതിയാനത്തോടുള്ള പ്രതികരണം: കേരളത്തിലെ പ്രവർത്തനം’ എന്ന റിപ്പോർട്ടിൽ പറയുന്നത് സംസ്ഥാനത്തെ ജൈവവൈവിധ്യം 2030 ആകുമ്പോഴേക്കും കടുത്ത പ്രതിസന്ധി നേരിടുമെന്നാണ്. പശ്ചിമഘട്ടത്തിൽ വംശനാശഭീഷണി നേരിടുന്നതായി പ്രഖ്യാപിച്ചിരിക്കുന്ന 300 ഉപവർഗങ്ങളിൽ 159 എണ്ണം കേരളത്തിലാണുള്ളത്.
മൃഗസംരക്ഷണത്തെയും കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിക്കുന്നു. വർധിച്ച താപനില കന്നുകാലികൾക്കിടയിൽ പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യത കൂട്ടുന്നു, ഉത്പാദനക്ഷമത കുറക്കുന്നു, അവർക്കുള്ള ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതയിലും കുറവ് അനുഭവപ്പെടുന്നു.

കാലവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഭീകരമായ കണക്കുകൾ നമ്മുടെ സാധാരണ ജീവിതത്തെ നേരിട്ട് ബാധിക്കാൻ തുടങ്ങിയിട്ടും നിരവധി പ്രകൃതി ദുരന്തങ്ങൾക്ക് കഴിഞ്ഞ വർഷങ്ങളിൽ സാക്ഷിയായിട്ടും നാം ഉണരുന്നില്ല എന്നതാണ് യാഥാർഥ്യം. സമൂഹ മാധ്യമങ്ങളിൽ നാം ഇപ്പോഴും ചർച്ച ചെയ്യുന്നത് ചില പോപ്പുലർ സെലബ്രിറ്റികളുടെ അടുക്കളക്കാര്യങ്ങളാണ്.
നിലവിൽ സംസ്ഥാനത്തെ വിവിധ ശുദ്ധജല സ്രോതസ്സുകൾ മലിനമായി കിടക്കുന്നതിനെക്കുറിച്ച് നമ്മൾ നിരന്തരം കേൾക്കുന്നുണ്ട്. സർക്കാർ ഇടപെട്ട് മാലിന്യ നിർമാർജനത്തിൽ വ്യക്തമായ ഇടപെടലുകൾ നടത്തുകയാണെങ്കിൽ അത് പരിസ്ഥിതിയിൽ ഗുണകരമായ മാറ്റം സൃഷ്ടിക്കുമെന്ന് പരിസ്ഥിതിപ്രവർത്തകർ നിരന്തരം വാദിക്കുന്നു. ഹൈറേഞ്ചുകളിലെയും മറ്റിടങ്ങളിലെയും വ്യാപകമായ വനനശീകരണം, ഭൂവിനിയോഗ ക്രമത്തിലുണ്ടായ മാറ്റം, ജലാശയങ്ങളുടെയും തണ്ണീർത്തടങ്ങളുടെയും ശോഷണം തുടങ്ങിയ കാരണങ്ങളും പ്രാദേശിക തലത്തിൽ താപനില നിയന്ത്രണ ഘടകങ്ങളാണ്. കഴിഞ്ഞ 40 വർഷമായിട്ടുള്ള കടലിന്റെ ഉപരിതലത്തിലുള്ള താപനില നോക്കിക്കഴിഞ്ഞാൽ 0.8 ഡിഗ്രി വരെ വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഇങ്ങനെ വരുമ്പോൾ മത്സ്യങ്ങളുടെ ഭക്ഷണമായ പ്ലവകങ്ങളുടെ ലഭ്യതയിൽ കുറവുണ്ടാകും.

ഇതിനൊപ്പം മഴയും കൂടെ കുറയുമ്പോൾ പുഴകളിലെ വെള്ളം കടലിൽ എത്താതെ പോകുന്നു. കൂടാതെ മീനുകൾ മുട്ടയിടുന്ന സമയങ്ങളിലും മാറ്റം ഉണ്ടാകുന്നു. അതിൽ നിന്ന് വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിലും കുറവുണ്ടാകും. സംസ്ഥാനത്തെ ജനങ്ങളിൽ 30 ശതമാനവും കടൽ തീരത്താണ് താമസിക്കുന്നത്. കാലാവസ്ഥയും കടലും അനുകൂലമായ അവസ്ഥയിലാണ് മത്സ്യബന്ധനത്തിന് പോകുന്നത്. കടലോരത്ത് ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം സമുദ്രനിരപ്പ് വർധിച്ചു വരുന്നതോടെ മത്സ്യബന്ധനത്തിന് പോകുന്ന ദിവസങ്ങളുടെ എണ്ണം കുറയും.

നിലവിൽ ഓരോ വർഷവും വർഷപാതവും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും പ്രതീക്ഷിക്കേണ്ടവരായി നാം മാറിക്കഴിഞ്ഞു. എന്നിട്ടും നമ്മുടെ സമൂഹമാധ്യമങ്ങളിലെ ആലോചനകളിൽ ഇനിയും കാലാവസ്ഥാ വ്യതിയാനം കടന്നുവന്നിട്ടില്ല. ഇതിനൊരു മാറ്റം അനിവാര്യമാണ്. നമ്മുടെ സോഷ്യൽ മീഡിയ ചർച്ചകളുടെ സ്വഭാവം കൂടുതൽ ഗൗരവമുള്ളതായി മാറട്ടെ.

Latest