Connect with us

editorial

ബിഷ്‌ണോയ് വാര്‍ത്തകളില്‍ നിറയുമ്പോള്‍

അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് 2014ല്‍ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലായ ബിഷ്‌ണോയ് അന്ന് മുതല്‍ ജയിലിലാണ്. എങ്കിലും കൊലപാതകം, കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ വ്യാപൃതരാണ് ഇപ്പോഴും ബിഷ്‌ണോയിയുടെ സംഘം.

Published

|

Last Updated

ദാവൂദ് ഇബ്‌റാഹീമിന്റെ കാലത്തെ ഓര്‍മിപ്പിക്കുന്ന വാര്‍ത്തകളാണിപ്പോള്‍ മുംബൈയില്‍ നിന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മുംബൈയിലെ തെരുവുകളില്‍ എതിരാളികളെ തല്ലിത്തോല്‍പ്പിക്കുന്ന ഗുണ്ടയായി രംഗത്തു വന്ന് ലോകമെങ്ങും ശൃംഖലകളുള്ള സമാന്തര കോര്‍പറേറ്റ് പ്രസ്ഥാനത്തിന്റെ നായകനായി വളര്‍ന്നതാണ് ഇബ്‌റാഹീം ഇഖ്ബാല്‍ കല്‍ക്കര്‍ എന്ന പോലീസുദ്യോഗസ്ഥന്റെ മകനായി ജനിച്ച ദാവൂദ് ഇബ്‌റാഹീമിന്റെ കഥ. ബോളിവുഡിന്റെ ഇടനാഴികകളില്‍, കള്ളക്കടത്തിന്റെ പിന്നാമ്പുറങ്ങളില്‍, വാതുവെപ്പിന്റെയും നൃത്തശാലകളുടെയും ഇരുട്ടറകളില്‍ വാണരുളിയ ദാവൂദ് ഇബ്‌റാഹീമിന്റെ സ്ഥാനത്ത് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത് ലോറന്‍സ് ബിഷ്‌ണോയിയുടെ പേരാണ്.

എന്‍ സി പി അജിത് പവാര്‍ ഗ്രൂപ്പിന്റെ മുതിര്‍ന്ന നേതാവ് ബാബാ സിദ്ദീഖിന്റെ വധത്തോടെയാണ് ബിഷ്‌ണോയ് വാര്‍ത്തകളില്‍ നിറഞ്ഞത്. മുംബൈ ബാന്ദ്ര മേഖലയില്‍ പോലീസിന്റെ മൂക്കിനു താഴെ വെച്ചാണ് ബാബാ സിദ്ദീഖി ബിഷ്‌ണോയി ഗുണ്ടകളുടെ വെടിയേറ്റു മരിച്ചത്. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിന്നാണ് എല്‍ എല്‍ ബി ബിരുദധാരിയായ ബിഷ്‌ണോയിക്ക് ക്രിമിനല്‍ പശ്ചാത്തലം കൈവന്നത്. വിദ്യാര്‍ഥി രാഷ്ട്രീയം മറയാക്കിയാണ് ആദ്യകാലത്ത് കുറ്റകൃത്യങ്ങള്‍ നിര്‍വഹിച്ചതും. തുടര്‍ന്ന് രാഷ്ട്രീയം മറയാക്കി ഗുണ്ടാ പ്രവര്‍ത്തനം നടത്തുന്ന പഞ്ചാബിലെ റോക്കി എന്ന ജസ്‌വീന്ദര്‍ സിംഗിന്റെ ഗുണ്ടാ സംഘത്തില്‍ ചേര്‍ന്നു. 2016 മെയില്‍ റോക്കി കൊല്ലപ്പെട്ടതോടെ, സ്വന്തമായി ക്രിമിനല്‍ സംഘത്തെ വാര്‍ത്തെടുക്കാന്‍ തുടങ്ങി. സ്വന്തമായി 700 ഷൂട്ടര്‍മാരുള്ള വന്‍ ക്രിമിനല്‍ സംഘമായി വളര്‍ന്നു കഴിഞ്ഞു ബിഷ്‌ണോയിയുടെ സംഘമിന്ന്.

രാജ്യത്തിനകത്തു മാത്രമല്ല പുറത്തും ബന്ധങ്ങളുണ്ട് ബിഷ്‌ണോയിക്ക്. കനേഡിയന്‍ പോലീസും ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളും കൊടും കുറ്റവാളിയായി പ്രഖ്യാപിച്ച ഗോള്‍ഡി ബ്രാര്‍ എന്ന സതീന്ദര്‍ സിംഗുമായും പാകിസ്താനില്‍ നിന്നുള്ള ആയുധ വിതരണക്കാരുമായും ബിഷ്‌ണോയിക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. വടക്കെ അമേരിക്ക ആസ്ഥാനമായുള്ള ഖാലിസ്ഥാന്‍ വിഘടനവാദി ഗ്രൂപ്പുമായും അടുത്ത ബന്ധം പങ്കിടുന്നു. എങ്കിലും കൊടും ക്രിമിനല്‍ എന്നല്ലാതെ തീവ്രവാദിയെന്നോ ഭീകരവാദിയെന്നോ ഏജന്‍സികളോ മാധ്യമങ്ങളോ ബിഷ്‌ണോയിയെ വിശേഷിപ്പിക്കാറില്ല. മുസ്‌ലിം നാമധാരിയല്ലാത്തതു കൊണ്ടായിരിക്കാം.

അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് 2014ല്‍ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലായ ബിഷ്‌ണോയ് അന്ന് മുതല്‍ ജയിലിലാണ്. എങ്കിലും കൊലപാതകം, കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ വ്യാപൃതരാണ് ഇപ്പോഴും ബിഷ്‌ണോയിയുടെ സംഘം. ജയിലില്‍ നിന്ന് ബിഷ്‌ണോയിയാണ് എല്ലാം ആസൂത്രണം ചെയ്യുന്നതെന്നാണ് അന്വേഷണ ഏജന്‍സികളുടെ റിപോര്‍ട്ട്. ജയിലിലും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ സന്ദേശങ്ങള്‍ കൈമാറാനുള്ള സംവിധാനങ്ങള്‍ ബിഷ്‌ണോയിയുടെ വശമുണ്ട്. ഈ വര്‍ഷാദ്യം പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘത്തിന്റെ നേതാവ് ശഫ്‌സാദ് ഭാട്ടയുമായി ബിഷ്‌ണോയ് സംഭാഷണം നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. സിദ്ദീഖി വധം ജയിലിനകത്ത് നിന്ന് ആസൂത്രണം ചെയ്തതും ബിഷ്‌ണോയിയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ദാവൂദ് ഇബ്‌റാഹീം, ഛോട്ടാഭായ്, കരീംലാല, റോക്കി, ബിഷ്‌ണോയ് തുടങ്ങി കൊടും ക്രിമിനലുകളില്‍ പലരുടെയും ചരിത്രം പരതുമ്പോള്‍ അവരുടെ ക്രിമിനല്‍-അധോലോക പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നത് രാഷ്ട്രീയ-ഉദ്യോഗസ്ഥ സഹായത്തോടെയാണെന്ന് കാണാനാകും. ഡല്‍ഹി തീഹാര്‍ ജയിലിലും ഗുജറാത്ത് സബര്‍മതി ജയിലി ലുമൊക്കെ ഏകാന്ത തടവുകാരനായി കഴിയവെ, ബിഷ്‌ണോയിക്ക് പുറത്തെ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യാനും നിര്‍ദേശങ്ങള്‍ നല്‍കാനും മറ്റുള്ളവരുടെ സഹായവും സഹകരണവും ഇല്ലാതെ സാധ്യമല്ലല്ലോ.

ആരാണ് ബിഷ്‌ണോയിക്ക് മൊബൈല്‍ നല്‍കി സഹായിക്കുന്നതെന്ന അന്വേഷണം എത്തിച്ചേരുന്നത് ജയിലിനകത്തെ ഏതെങ്കിലും ഉദ്യോഗസ്ഥനിലായിരിക്കും. ടി പി വധക്കേസില്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന രാഷ്ട്രീയ ഗുണ്ട കൊടി സുനി മൊബൈല്‍ ഫോണ്‍, ലഹരി തുടങ്ങി എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കുന്നതായി കണ്ടെത്തിയതാണ്. മാത്രമല്ല, മൊബൈല്‍ സൗകര്യം ഉപയോഗപ്പെടുത്തി പുറത്ത് ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിച്ച് മാസം തോറും ലക്ഷങ്ങള്‍ സമ്പാദിക്കുന്നതായും കണ്ടെത്തിയിരുന്നു. സുനിയുടെ ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥ സ്വാധീനമാണ് ഈ സൗകര്യങ്ങളുടെ പിന്നാമ്പുറം. ഇത്തരം ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കാത്ത കാലത്തോളം അധോലോക, ഗുണ്ടാ സംഘങ്ങള്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കും.

കൊടും ക്രിമിനലുകളെ സൃഷ്ടിക്കുന്നതില്‍ നിലവിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിനുമുണ്ട് ചെറുതല്ലാത്ത പങ്ക്. ബിഷ്‌ണോയിയെയും റോക്കിയെയും മാത്രമല്ല, മുത്തൂറ്റ് പോള്‍ ജോര്‍ജ് വധക്കേസ് പ്രതിയായ ഗുണ്ടാ നേതാവ് ഓംപ്രകാശ് തുടങ്ങി രാജ്യത്തെ പല ഗുണ്ടകളെയും ക്രിമിനല്‍ പശ്ചാത്തലത്തില്‍ എത്തിച്ചത് വിദ്യാര്‍ഥി രാഷ്ട്രീയമാണെന്ന് അവരുടെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഉന്മൂലന രാഷ്ട്രീയം രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞ നിലവിലെ സാഹചര്യത്തില്‍ വിദ്യാര്‍ഥി രാഷ്ട്രീയവും ആ വഴിക്കാണ് നീങ്ങുന്നത്.

ഇടുക്കി എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥി ധീരജ്, മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യു തുടങ്ങി നിരവധിയുണ്ട് വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ഇരകള്‍. ജുഡീഷ്യറി വിദ്യാര്‍ഥി രാഷ്ട്രീയത്തിനെതിരെ വാളോങ്ങാന്‍ ഇടയാക്കുന്നത് ഈ അപഥ സഞ്ചാരമാണ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പ്രയോഗരീതിയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകേണ്ടതുണ്ട്. മാതൃപാര്‍ട്ടിയുടെ രാഷ്ട്രീയ ലാഭത്തിനെന്ന രീതി വിട്ട് വിദ്യാര്‍ഥി ക്ഷേമത്തിനായി മാറണം വിദ്യാര്‍ഥി രാഷ്ട്രീയം.