Connect with us

Articles

കുട്ടികൾ മൊബൈൽ പക്വത നേടുമ്പോൾ

ഇന്റർനെറ്റ് വ്യത്യസ്ത ലോകമാണ്. സാധ്യതകളുടെ ലോകം മുന്നിൽ അനാവരണം ചെയ്യുമ്പോൾ പക്വതയില്ലാത്ത പ്രായത്തിൽ കുട്ടികൾ തെറ്റിലേക്ക് തിരിയാൻ തന്നെയാകും സാധ്യതകൾ ഏറെയുണ്ടാവുക. അവർ അവരുടെ ലോകത്തേക്ക് ഇന്റർനെറ്റിന്റെ വിശാലതയിൽ നിന്നും ബന്ധങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ രഹസ്യസ്വഭാവവും വിരസതയിൽ നിന്ന് ഏത് സമയം വേണമെങ്കിലും വിടുതൽ നൽകാൻ കഴിയുന്ന സാധ്യതകളും ആകർഷിക്കുന്നു. ആ ബന്ധങ്ങൾ മെല്ലെമെല്ലെ ദൃഢമാകുന്നു.

Published

|

Last Updated

കുട്ടികളിലെ മൊബൈൽ അഡിക്ഷൻ ചർച്ചയാകാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നാൽ അഡിക്ഷൻ ദിനംപ്രതി കൂടിവരുന്നതല്ലാതെ ഒരു മാറ്റവും ഉണ്ടാകുന്നില്ല. ചില രക്ഷാകർത്താക്കൾ തങ്ങളുടെ മക്കൾ സാങ്കേതികമായി ഉയർന്ന നിലവാരം പുലർത്തുന്നുവെന്ന് മേനി പറയുമ്പോഴും കുട്ടികൾ ഒരു സ്മാർട് ഫോണിലെ സെറ്റിംഗ്‌സ് പഠിച്ചാൽ എല്ലാം തികഞ്ഞു എന്ന് കരുതുമ്പോഴും മനസ്സിലാക്കേണ്ട ഏറ്റവും പ്രധാന കാര്യം ഒരു സ്മാർട് ഫോണിനോ ഇന്റർനെറ്റിനോ അപ്പുറം കുട്ടികൾക്ക് പോകാൻ കഴിയുന്നില്ല എന്ന സത്യമാണ്. മാറുന്ന ലോകത്ത് ഇന്റർനെറ്റ് അവബോധം ആവശ്യമില്ലെന്ന് പറയുന്നത് വലിയ മൗഢ്യമാണ്. എന്നാൽ, അതിൽ മാത്രം വിഹരിച്ചാൽ എല്ലാമായി എന്ന ചിന്തയും അപകടകരമാണ്. ഇന്ത്യയിലെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ചും അതിന്റെ ഭാവിയെക്കുറിച്ചും ഈയടുത്തുവന്ന ഒരു വാർത്ത ഒരേസമയം ആശയും ആശങ്കയും നിറക്കുകയാണ്. മൊബൈൽ മെച്യുരിറ്റി അഥവാ മൊബൈൽ പക്വത എന്നത് ഇവിടെ വിവക്ഷിക്കുന്നത് മൊബൈൽ സെറ്റുകൾ ഉപയോഗിക്കാനും ആപ്പുകൾ കൈകാര്യം ചെയ്യാനുമുള്ള വൈദഗ്ധ്യം ആർജിക്കുകയെന്നതാണ്. അത് പക്വമായി ഉപയോഗിക്കാനാകുക എന്നതല്ല.
ആശങ്കയാർന്ന പഠനങ്ങൾ

മക്കഫേ എന്ന കമ്പനി ലോകത്തെ പ്രധാനപ്പെട്ട പത്തോളം പ്രദേശങ്ങളിലെ വിദ്യാർഥികളിലും അധ്യാപകരിലുമായി സംഘടിപ്പിച്ച പഠനമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഇന്ത്യയിലെ കുട്ടികൾ ചെറുപ്പത്തിൽ തന്നെ മൊബൈൽ പക്വത നേടുന്നു എന്നാണ് കണ്ടെത്തൽ. പത്ത് മുതൽ പതിനാല് വയസ്സ് വരെയുള്ള കുട്ടികളിൽ 83 ശതമാനം പേരും സ്മാർട് ഫോണുകൾ നിരന്തരമായി ഉപയോഗിക്കുന്നവരാണ്. അന്താരാഷ്ട്ര ശരാശരിയാകട്ടെ 76 ശതമാനം മാത്രമാണെന്നോർക്കണം. ഇതിനൊപ്പം ആശങ്കപ്പെടുത്തുന്ന മറ്റൊരു വാർത്ത വന്നിരിക്കുന്നത് കുട്ടികൾ ഇതുവഴി ഓൺലൈൻ കുറ്റകൃത്യങ്ങളിലേക്കും മറ്റ് ഭീഷണികളിലേക്കും എത്തുന്നു എന്നതാണ്. “സൈബർ ബുള്ളീംഗ്’ എന്ന പേരിൽ അറിയപ്പെടുന്ന ഇത്തരം ഓൺലൈൻ ഭീഷണിപ്പെടുത്തലുകൾ കുട്ടികളെ സമ്മർദത്തിലേക്കും ചെറിയൊരു ശതമാനം ആത്മഹത്യയിലേക്കും നയിക്കുന്നുമുണ്ട്. ഉപയോഗിക്കുന്നവരിൽ ഏതാണ്ട് 22 ശതമാനം കുട്ടികൾ ഇത്തരത്തിൽ ‘സൈബർ ബുള്ളീംഗി’ നു വിധേയമാകുന്നുവെന്ന് കണക്കുകൾ പറയുമ്പോൾ അതും ആഗോള ശരാശരിയേക്കാൾ അഞ്ച് ശതമാനം കൂടുതലാണെന്നോർക്കണം. കുട്ടികളെ ഇക്കാര്യത്തിൽ കൃത്യമായി ശ്രദ്ധിക്കുണ്ടെന്ന് 90 ശതമാനം രക്ഷകർത്താക്കളും അവകാശപ്പെടുമ്പോൾ 56 ശതമാനം മാത്രമേ അവരുടെ സ്മാർട് ഫോണുകൾ ലോക്ക് ചെയ്തു വെക്കുന്നുള്ളൂ. 42 ശതമാനം പേർ മാത്രമാണ് അവരുടെ കുട്ടികളുടെ ഫോണുകൾ ലോക്കാക്കി െവക്കുന്നത്.

ഇക്കാര്യത്തിൽ രക്ഷാകർത്താക്കളുടെ ആശങ്കയും അത്ര ‘ആശാവഹമല്ല’ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത് ഈ വിഷയങ്ങളിൽ രക്ഷാകർത്താക്കൾക്കുള്ള ശ്രദ്ധയും ആശങ്കയും ആഗോളതലത്തിൽ 57 ശതമാനം ആണെങ്കിൽ നമ്മുടെ രാജ്യത്ത് അത് വെറും 47 ശതമാനം ആണ്. ഒപ്പം, ആളുടെ കൃത്യമായ തിരിച്ചറിയൽ സാധ്യമാകാതെ ബന്ധം സ്ഥാപിക്കുന്നവരിലും നാം മുൻപന്തിയിലുണ്ട്.

ലാഘവ ബുദ്ധി

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? പാശ്ചാത്യ രാജ്യങ്ങളിൽ ചെറുപ്പം മുതൽ തന്നെ കുട്ടികൾ സ്വയംപര്യാപ്തത നേടുകയും രക്ഷാകർത്താക്കളെ സംബന്ധിച്ച് കുട്ടികളുടെ വളർച്ചയുടെ വളരെമുമ്പ് തന്നെ അവരുടെ ലോകത്തേക്ക് സ്വതന്ത്രമായി വിടുകയും ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്. ഇതിൽ നിന്നു വ്യത്യസ്തമായി നമ്മുടെ രാജ്യത്തെ രക്ഷാകർത്താക്കളുടെ കുട്ടികളുടെമേലുള്ള നിയന്ത്രണം അവർ പഠിച്ചു ഒരു ജോലിനേടുന്നതുവരെയെങ്കിലും നീളാറുണ്ട്. കുട്ടികളെ സ്വയംപര്യാപ്തമാകാൻ അനുവദിക്കാതെ ഇത്തരത്തിൽ ചങ്ങലയിൽ ഇട്ടു വളർത്തുന്നതിനെക്കുറിച്ചു സമൂഹത്തിൽ രണ്ടഭിപ്രായങ്ങളും നിലവിലുണ്ട്. എന്നാൽ ഇത്രയും ജാഗരൂകരാവുന്ന രക്ഷാകർത്താക്കൾ ഇന്ന് കുട്ടികൾ ഏറ്റവുമധികം ജാഗ്രത പുലർത്തേണ്ട ഇന്റർനെറ്റ് അപകടങ്ങളെക്കുറിച്ചു ബോധവാന്മാരാകാതെയിരിക്കുന്നത് ഗൗരവതരമായ കാര്യമാണ്. ഇതിന്റെ കാരണങ്ങൾ പലതാണ്.

തീർച്ചയായും ആദ്യത്തെ കാരണം ‘ജനറേഷൻ ഗ്യാപ്പ്’ തന്നെയാണ്. സ്മാർട് ഫോൺ എന്നത് കുട്ടികൾക്ക് പഠനത്തിന് അത്യന്താപേക്ഷിതമായി മാറിയിരിക്കുന്നു. രക്ഷാകർത്താക്കൾ പഠിച്ചിരുന്ന കാലത്തു ചെയ്തിരുന്നതുപോലെ പുസ്തകങ്ങളെ ഇന്ന് കുട്ടികൾ പിന്തുടരുന്നില്ല. ലൈബ്രറികളിൽ പോയി പുസ്തകങ്ങൾ വായിച്ചു പഠനത്തിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുവാൻ ഇന്നത്തെ കുട്ടികൾക്ക് സമയവും മനസ്സുമില്ല. പകരം സ്മാർട് ഫോണുകളിൽ ഒരൊറ്റ ക്ലിക്കിനു ലഭിക്കുന്ന വിവരങ്ങൾ അതേപടി കോപ്പി ചെയ്തു മറ്റൊരിടത്തു പേസ്റ്റ് ചെയ്യാൻ നിമിഷങ്ങൾ മാത്രം മതി. പക്ഷേ അത്തരത്തിൽ കാര്യങ്ങൾ എളുപ്പമാകുമ്പോൾ അവിടെ നഷ്ടപ്പെടുന്നത് കുട്ടികളിലെ എന്തെങ്കിലുമൊക്കെ ചെയ്യുവാനുള്ള മനസ്സാണ്. ഹാർഡ് വർക്കിൽ നിന്ന് സ്മാർട് വർക്കിലേക്ക് അവരെ നാം സ്വിച്ചോൺ ചെയ്യുമ്പോൾ ഹാർഡ് വർക്ക് ചെയ്യേണ്ട ഇടങ്ങളിൽ അവർ പരാജിതരാവുന്നു.

ചെറിയ പ്രായത്തിൽ തന്നെ കുട്ടികളിൽ മൊബൈൽ പക്വതയേറുന്നതിൽ രക്ഷാകർത്താക്കൾക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ഇന്റർനെറ്റിലേക്ക് സ്വാഭാവികമായും ആകർഷിക്കപ്പെടുന്ന കുട്ടികളെ അതിൽ നിന്ന് പിന്തിരിപ്പിക്കുവാൻ രക്ഷിതാക്കൾക്കു മാത്രമേ കഴിയുകയുള്ളൂ. കുട്ടിക്കാലം മുതൽ തന്നെ കുട്ടികളിലെ മൊബൈൽ ഉപയോഗം കുറച്ചുകൊണ്ടുവരേണ്ടതുണ്ട്. രഹസ്യ സ്വഭാവത്തിലുള്ള ഒരു കാര്യത്തിനും മൊബൈലും ഇന്റർനെറ്റും കുട്ടികൾക്ക് നൽകാൻ പാടില്ല. അവർക്ക് വ്യക്തിപരമായി അടുത്തുസംസാരിക്കാനും സംശയദൂരീകരണം നടത്തുവാനും രക്ഷാകർത്താക്കളുടെയടുത്തു കുട്ടികൾക്ക് സ്വാതന്ത്ര്യം ഉണ്ടാകുകയും വേണം. അല്ലെങ്കിൽ ഒരേ സമയം വീട്ടിൽ നിന്നുള്ള ഒറ്റപ്പെടലും മൊബൈൽ പോലെയുള്ളവയിൽ സോഷ്യൽ മീഡിയയുടെ ഉപയോഗം നിയന്ത്രിക്കുന്നതും അവരെ നിരാശരാക്കിയേക്കാം. രക്ഷാകർത്താക്കളുടെ സ്നേഹനിർഭരമായ സാമീപ്യത്തിനപ്പുറം മറ്റൊന്നും ചെറുപ്രായത്തിൽ കുട്ടികൾക്കാവശ്യമില്ല. പക്ഷേ അത് നൽകുവാൻ പിശുക്കുകാണിച്ചാൽ അണപൊട്ടിയൊഴുകുന്ന വെള്ളം പോലെ ഏതുവഴിയൊക്കെ അത് സഞ്ചരിക്കും എന്നതിൽ യാതൊരു നിശ്ചയവും ഉണ്ടാവുകയില്ല.

തെറ്റുന്ന വഴികൾ

ചെറുപ്രായത്തിൽ തന്നെ സ്മാർട് ഫോണിനും ഇന്റർനെറ്റിനും പക്വതനേടുന്ന കുട്ടികളെ കാത്തിരിക്കുന്ന ചതിക്കുഴികൾ കൂടി നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. വീടുകളിൽ ഒറ്റപ്പെടുന്ന കുട്ടികളാണ് സൗഹൃദങ്ങൾക്കായി ഇന്റർനെറ്റിനെ ആശ്രയിക്കുന്നത്. ഇന്റർനെറ്റിലെ ഇത്തരം ബന്ധങ്ങളിൽ ബഹുഭൂരിപക്ഷവും തെറ്റായ വഴികളിലേക്കാണ് എത്തിച്ചേരുന്നത്.

ഇന്റർനെറ്റ് വ്യത്യസ്ത ലോകമാണ്. എന്തും സാധ്യമാക്കുന്ന ഒരു ലോകം. സാധ്യതകളുടെ ലോകം മുന്നിൽ അനാവരണം ചെയ്യുമ്പോൾ പക്വതയില്ലാത്ത പ്രായത്തിൽ കുട്ടികൾ തെറ്റിലേക്ക് തിരിയാൻ തന്നെയാകും സാധ്യതകൾ ഏറെയുണ്ടാവുക. അവർ അവരുടെ ലോകത്തേക്ക് ഇന്റർനെറ്റിന്റെ വിശാലതയിൽ നിന്നും ബന്ധങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ രഹസ്യസ്വഭാവവും വിരസതയിൽ നിന്ന് ഏതുസമയം വേണമെങ്കിലും വിടുതൽ നൽകാൻ കഴിയുന്ന സാധ്യതകളും അവരെ ആകർഷിക്കുന്നു. ആ ബന്ധങ്ങൾ മെല്ലെമെല്ലെ ദൃഢമാകുന്നു. ദൃഢമാകുന്ന ബന്ധങ്ങൾ പിന്നീട് സാമ്പത്തിക ചൂഷണത്തിലേക്കും ഭീഷണിയിലേക്കും വഴിവെക്കുന്നു. ഈ വീഴ്ചയിൽ നിന്ന് കരകയറുവാൻ ഇവർക്ക് കഴിയാതെ വരികയും ഒടുവിൽ ആത്മഹത്യക്ക് വഴിവെക്കുകയും ചെയ്യുന്നു. ഈ പറഞ്ഞതൊക്കെയും വെറുമൊരു അനുമാനം മാത്രമല്ല. പകരം മൊബൈൽ പക്വത ചെറുപ്പകാലത്തുതന്നെ ആർജിക്കുന്നവരിൽ ഭൂരിഭാഗത്തിനും ഉണ്ടാകുന്ന പ്രശ്‌നങ്ങൾ തന്നെയാണ്.

കൂട്ടുകാർ രക്ഷകരാകണം

പഴയ കാലത്തിൽ നിന്ന് കുട്ടികളുടെ സ്വഭാവത്തിലും ചിന്തകളിലും വലിയ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. തെറ്റും ശരിയും തിരിച്ചറിയാൻ വലിയൊരു ശതമാനം കുട്ടികൾക്ക് ഇന്ന് കഴിയുന്നു വെന്നത് ആശാവഹമാണ്. മുതിർന്ന ഒരാൾ ഒരു കുട്ടിയോട് പറയുന്നതിനേക്കാൾ അതേ പ്രായത്തിലുള്ള ഒരാൾ പറഞ്ഞാൽ പതിന്മടങ്ങു ഫലമുണ്ടാകും എന്നത് വാസ്തവമാണ്. അതിനായി കുട്ടികൾ തന്നെ മുന്നിട്ടിറങ്ങണം. ഒരു കുട്ടി അത്തരത്തിൽ തെറ്റായ വഴിയിലൂടെ നടക്കാൻ തുടങ്ങിയാൽ അവരുടെ രക്ഷാകർത്താക്കളെക്കാൾ ആദ്യം മനസ്സിലാകുന്നത് കൂട്ടുകാർക്കു തന്നെയാണ്. അവിടെ സൗഹൃദത്തിന്റെ ഊഷ്മളതയെക്കാളേറെ സൗഹൃദത്തിലെ പക്വതയാണ് ഓരോ കുട്ടിയും കാണിക്കേണ്ടത്. അവനെ/അവളെ അതിൽ നിന്ന് കൃത്യമായി പിന്മാറ്റി എടുക്കുക തന്നെ വേണം. ഇനിയിപ്പോൾ തങ്ങളെക്കൊണ്ട് സാധിക്കില്ലെങ്കിൽ രക്ഷാകർത്താക്കളോട് പറഞ്ഞു രമ്യതയിൽ പരിഹരിക്കുവാനുള്ള ഉത്തരവാദിത്വവും കുട്ടികൾ തന്നെ കാണിക്കണം. സാങ്കേതിക വിദ്യയിൽ ഇന്ത്യ അത്രയേറെ മുൻപന്തിയിൽ അല്ലെങ്കിലും നേടിയ ടെക്നോളജിയുടെ ഗുണഫലങ്ങളെക്കാൾ ഏറെ ദോഷഫലങ്ങൾ അനുഭവിക്കുന്ന കാര്യത്തിൽ മുന്നിലാണ്. കുട്ടികളിലെ മൊബൈൽ പക്വതയുടെ കാര്യത്തിൽ പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നതും അതുതന്നെയാണ്.

ടെക്നോളജിയുടെ മുന്നേറ്റത്തിനൊപ്പം സാമൂഹിക- സാംസ്‌കാരിക പക്വതകൂടി കുട്ടികൾ കൈവരിച്ചാൽ ഇവയൊക്കെ ഗുണകരമായി ഭവിക്കാവുന്നതേയുള്ളൂ. അത്തരത്തിൽ ഒരു മുന്നേറ്റമാണ് സത്യത്തിൽ രാജ്യം ആഗ്രഹിക്കുന്നത്.

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)

Latest