Editorial
ഡല്‍ഹി വിധിയെഴുതുമ്പോള്‍
മധ്യവര്‍ഗ വോട്ടര്‍ എന്നത് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ സങ്കീര്‍ണ സമസ്യയാണ്; അത് തിരുവനന്തപുരത്തായാലും ഡല്‍ഹിയിലായാലും. ഡല്‍ഹിയുടെ രാഷ്ട്രീയ മനസ്സ് പിടികിട്ടാത്തതിന്റെ കാരണവും അതാണ്. എങ്കിലും ജനാധിപത്യ ഇന്ത്യ എന്ന ആശയത്തിന് രാജ്യതലസ്ഥാനത്ത് അതിജീവനം സാധ്യമാകും എന്നുതന്നെയാണ് പ്രതീക്ഷ.
![](https://assets.sirajlive.com/2021/08/editorial.jpg)
ഡല്‍ഹി ഇന്ന് ബൂത്തിലേക്ക്. 13,033 ബൂത്തുകളാണ് നിയമസഭാ തിരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. 1.55 കോടി വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളത്. ഈ തിരഞ്ഞെടുപ്പ് ഡല്‍ഹിക്ക് മാത്രമല്ല, രാജ്യത്തിനാകെയും ഏറെ നിര്‍ണായകമാണ്. ശിഥിലമായ ഇന്ത്യ സഖ്യത്തെയാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് ഡല്‍ഹിയില്‍ കണ്ടത്. സഖ്യത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സും മുന്നണിയിലെ പ്രധാന കക്ഷിയായ ആം ആദ്മി പാര്‍ട്ടിയും സൗഹൃദം മറന്ന് ഏറ്റുമുട്ടുകയും ആരോപണ, പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു പ്രചാരണ വേദികളില്‍. കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ ആം ആദ്മി പാര്‍ട്ടി ലീഡര്‍ അരവിന്ദ് കെജ്്രിവാളിനെ വേട്ടയാടിപ്പിടിച്ച് അകത്താക്കിയപ്പോള്‍ അതിനെതിരെ സഖ്യത്തിലെ പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് സമരം ചെയ്തിട്ടുണ്ട് കോണ്‍ഗ്രസ്സ്. ഏറെക്കാലം മുമ്പല്ല അത് സംഭവിച്ചത്. അതേ പാര്‍ട്ടി കെജ്്രിവാളിനെ അഴിമതി വീരനായി ചിത്രീകരിക്കുന്നുണ്ടായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളില്‍. ഡല്‍ഹിയുടെ വികസനമില്ലായ്മയുടെ പേരില്‍ ആം ആദ്മി സര്‍ക്കാറിനെ അവര്‍ കടന്നാക്രമിക്കുകയും ചെയ്തു. കെജ്്രിവാളിനെ ദേശവിരുദ്ധന്‍ എന്ന് കോണ്‍ഗ്രസ്സ് നേതാവ് അജയ് മാക്കന്‍ അധിക്ഷേപിക്കുമാറ് ഇരുപാര്‍ട്ടികള്‍ക്കിടയിലും “യുദ്ധം’ കൊടുമ്പിരിക്കൊണ്ടു.
എ എ പിയും വെറുതെയിരുന്നില്ല. കോണ്‍ഗ്രസ്സിനെ നിശിതമായി തന്നെ വിമര്‍ശിച്ചു ഡല്‍ഹി മുഖ്യമന്ത്രി അതിഷി ഉള്‍പ്പെടെ പാര്‍ട്ടി നേതാക്കള്‍. കോണ്‍ഗ്രസ്സിന് ബി ജെ പിയുമായി രഹസ്യ സൗഹൃദമുണ്ട് എന്ന വിമര്‍ശത്തിലാണ് എ എ പി ഊന്നിയത്. കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കിയത് ബി ജെ പി ഓഫീസിലാണെന്ന് പരിഹസിച്ചു മുതിര്‍ന്ന നേതാവ് സഞ്ജയ് സിംഗ്. കൊണ്ടും കൊടുത്തും കൊടിയ ശത്രുക്കളായി മാറി ഏതാനും ദിവസങ്ങള്‍ കൊണ്ട് കോണ്‍ഗ്രസ്സ്- എ എ പി നേതാക്കള്‍. അപ്പുറത്ത് ഡല്‍ഹിയുടെ അധികാരം റാഞ്ചാന്‍ കാത്തിരിക്കുന്ന ബി ജെ പിയെ സഹായിക്കുന്നതായിരുന്നു ഇരു പാര്‍ട്ടികളുടെയും എടുത്തുചാട്ടങ്ങള്‍. പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ മുതല്‍ ഏറ്റവും മുതിര്‍ന്ന നേതാക്കളെ ഇറക്കിയാണ് ബി ജെ പി പ്രചാരണം കൊഴുപ്പിച്ചത്. കേന്ദ്ര മന്ത്രിമാര്‍ ഏറ്റവും അടിത്തട്ട് വരെ ഇറങ്ങിയിട്ടുണ്ട്. ഒരു വോട്ടും കൈവിടരുത് എന്നുറപ്പിച്ചാണ് അവരിറങ്ങിയത്. രണ്ട് പാര്‍ട്ടികള്‍ തമ്മില്‍ത്തല്ലുമ്പോള്‍ അവര്‍ക്കിടയില്‍ പ്രശ്നം പരിഹരിക്കപ്പെടാതെ നോക്കുക മാത്രമേ ബി ജെ പിക്ക് ചെയ്യേണ്ടി വന്നുള്ളൂ.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം ബി ജെ പിക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. ഒറ്റയ്ക്ക് 400 സീറ്റ് ലക്ഷ്യമിട്ടിറങ്ങിയ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ പോലും സ്വന്തമായി നേടാനായില്ല. തെലുഗു ദേശം, ജെ ഡി യു എന്നീ ഊന്നുവടികളില്‍ താങ്ങിയാണ് ബി ജെ പി ദേശീയ ഭരണം നിലനിര്‍ത്തുന്നത്. അവരെ പിണക്കാതിരിക്കാനാണ് ബജറ്റില്‍ പോലും ബി ജെ പി ശ്രദ്ധിക്കുന്നത്. രണ്ട് പാര്‍ട്ടികള്‍ എഴുതിക്കൊടുത്ത ആവശ്യങ്ങള്‍ ഒരക്ഷരം പോലും വെട്ടിക്കളയാതെ വായിക്കുകയാണ് മോദി 3.0 സര്‍ക്കാറിന്റെ രണ്ട് ബജറ്റുകളിലും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ചെയ്തത്. സഖ്യ കക്ഷികളിലൊന്ന് ഊന്നുവടി വലിച്ചാല്‍ നിലം പൊത്തുന്ന സര്‍ക്കാര്‍ എന്ന ദയനീയതയിലേക്ക് ബി ജെ പിയെ എത്തിച്ചത് ഇന്ത്യ സഖ്യമാണ്. ആ ജനാധിപത്യവേദി തകരുന്നത് കാണുമ്പോള്‍ ഏറ്റവും സന്തോഷിക്കുന്നത് ബി ജെ പിയാണ്.
ഹരിയാനയിലും മഹാരാഷ്ട്രയിലും കനത്ത തിരിച്ചടി കിട്ടിയിരുന്നു ഇന്ത്യ സഖ്യത്തിന്. ഝാര്‍ഖണ്ഡിലും കശ്മീരിലും ആശ്വാസ ജയവും കിട്ടി. അപ്പോഴും പരസ്പരം പഴിചാരിയിരുന്നു സഖ്യത്തിലെ പാര്‍ട്ടികള്‍. ഡല്‍ഹിയിലെത്തിയപ്പോള്‍ എല്ലാ പരിധിയും വിട്ടു. പരസ്പരം പോര്‍വിളിക്കുന്ന നിലയായി. കെജ്്രിവാളിനെ സഹായിക്കാന്‍ അഖിലേഷ് യാദവിന്റെ എസ് പിയും മമതയുടെ തൃണമൂലും മുന്നോട്ടുവന്നു. കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കാന്‍ ആരുമുണ്ടായില്ല.
സൗജന്യ വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യുകയായിരുന്നു ഡല്‍ഹിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍. എ എ പിയും കോണ്‍ഗ്രസ്സും ബി ജെ പിയും വാഗ്ദാനങ്ങള്‍ ചൊരിയാന്‍ മത്സരിക്കുകയായിരുന്നു. മധ്യവര്‍ഗ ജീവിതത്തെ സമ്മോഹന വാഗ്ദാനങ്ങള്‍ നല്‍കി ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ആം ആദ്മി പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്. നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചു എന്ന ആത്മവിശ്വാസത്തോടെയാണ് അവര്‍ ഇത്തവണ കളത്തിലുള്ളത്. പക്ഷേ ഒരു ജനാധിപത്യ പ്രക്രിയയില്‍ ഇത് എത്രത്തോളം ആശാവഹമാണ് എന്ന കാര്യം എല്ലാ പാര്‍ട്ടികളും ആലോചിക്കണം. സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള പൗരന്റെ പരമാധികാരത്തെ ഇവ്വിധം ഓഫറുകളിലേക്ക് വഴിതിരിച്ചുവിടുമ്പോള്‍ സമ്മതിദാനം സ്വതന്ത്രമല്ലാതാകുകയും മറ്റു പല പരിഗണനകളും ഇതില്‍ കടന്നുവരികയും ചെയ്യും.
ബി ജെ പിക്ക് ഡല്‍ഹി പിടിക്കേണ്ടത് പല കാരണങ്ങളാല്‍ പ്രധാനമാണ്. എന്താണ് ട്രെന്‍ഡ് എന്ന് വേര്‍തിരിച്ചു മനസ്സിലാക്കാന്‍ കഴിയാത്ത വിധം സങ്കീര്‍ണമാണ് ഡല്‍ഹിയുടെ രാഷ്ട്രീയാന്തരീക്ഷം. എ എ പിയിലെ എട്ട് എം എല്‍ എമാരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന മണിക്കൂറില്‍ തങ്ങളുടെ പക്ഷത്തേക്ക് ചാടിക്കാന്‍ ബി ജെ പിക്ക് സാധിച്ചിട്ടുണ്ട്. എന്നിട്ടും അവിടെ ബി ജെ പിക്ക് അനുകൂലമായ ട്രെന്‍ഡ് രൂപപ്പെട്ടിട്ടില്ല. ബി ജെ പിയുടെ ആക്്ഷന്‍ പ്ലാന്‍ പ്രതീക്ഷിച്ച ഫലം കണ്ടില്ല എന്നാണ് അതിനര്‍ഥം. 70 അംഗ അസംബ്ലിയില്‍ 62 സീറ്റ് നേടിയാണ് എ എ പി കഴിഞ്ഞ തവണ അധികാരത്തിലെത്തിയത്. പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പിലേക്കെത്തുമ്പോള്‍ അത്രതന്നെ എം എല്‍ എമാര്‍ കൂടെയില്ല എന്നത് എ എ പിക്ക് ക്ഷീണം തന്നെയാണ്. കഴിഞ്ഞ തവണ ഒറ്റ സീറ്റില്‍ പോലും ജയിക്കാതിരുന്ന കോണ്‍ഗ്രസ്സിനാകട്ടെ കിട്ടുന്നതെന്തും ലാഭമാണ്.
മധ്യവര്‍ഗ വോട്ടര്‍ എന്നത് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ സങ്കീര്‍ണ സമസ്യയാണ്; അത് തിരുവനന്തപുരത്തായാലും ഡല്‍ഹിയിലായാലും. ഡല്‍ഹിയുടെ രാഷ്ട്രീയ മനസ്സ് പിടികിട്ടാത്തതിന്റെ കാരണവും അതാണ്. എങ്കിലും ജനാധിപത്യ ഇന്ത്യ എന്ന ആശയത്തിന് രാജ്യതലസ്ഥാനത്ത് അതിജീവനം സാധ്യമാകും എന്നുതന്നെയാണ് പ്രതീക്ഷ. അങ്ങനെ ആര്‍ക്കെങ്കിലും എളുപ്പം ഊതിക്കെടുത്താവുന്ന മെഴുകുതിരി വെട്ടമല്ലല്ലോ ഇന്ത്യ.