Connect with us

Siraj Article

ജനാധിപത്യത്തിലെ പോരാളിയെ നിരായുധനാക്കുമ്പോള്‍

അധികാരമില്ലാത്തവന്റെയും കഷ്ടത അനുഭവിക്കുന്നവന്റെയും പീഡിതന്റെയും തിരസ്‌കൃതന്റെയും ശക്തമായ ആയുധം കൂടിയാണ് വിവരാവകാശ നിയമം. അതിനെ ദുര്‍ബലമാക്കുന്നത് ആയുധമില്ലാതെ യോദ്ധാവിനെ പടക്കളത്തിലേക്ക് അയക്കുന്നതു പോലെയാണ്. പല നിയമങ്ങളും ഭരണക്കാരുടെയും ഇഷ്ടക്കാരുടെയും താത്പര്യമനുസരിച്ച് ദുര്‍ബലപ്പെടുത്തുന്നതോ ദുരുപയോഗം ചെയ്യുന്നതോ പതിവായിരിക്കുന്നു.

Published

|

Last Updated

ത്ബുദ്ധ സമൂഹത്തിനേ ഉത്തമ രാഷ്ട്ര നിര്‍മിതിക്ക് ശേഷിയുണ്ടാകൂ. അറിവാണ് മനുഷ്യനെ ഉത്ബുദ്ധനാക്കുന്നത്. ഇന്ത്യന്‍ ഭരണഘടന 19 (1) (എ) വകുപ്പ് പ്രകാരം പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന “പറയാനും ആവിഷ്‌കരിക്കാനുമുള്ള’ മൗലികാവകാശങ്ങളില്‍ പ്രമുഖമാണ് അറിയാനുള്ള അവകാശം. ഇതിന്റെ ഭാഗമായാണ് 2005ല്‍ ഇന്ത്യയില്‍ വിവരാവകാശ നിയമം നടപ്പില്‍ വന്നത്. ലോകത്ത് 54 രാജ്യങ്ങള്‍ നമുക്ക് മുമ്പേ ഈ നിയമം നടപ്പാക്കി.

ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യമാണ് നമ്മുടേത്. എങ്കിലും നമ്മെ ഭരിക്കുന്നത് നമ്മളല്ല. നിയമ നിര്‍മാണ സഭകളില്‍ ജനപ്രതിനിധികളേയുള്ളൂ. എക്‌സിക്യൂട്ടീവിലും ജുഡീഷ്യറിയിലും നിശ്ചിത യോഗ്യതകളുള്ള, സേവന വേതന വ്യവസ്ഥകള്‍ പ്രകാരം മാത്രം പ്രവര്‍ത്തിക്കുന്ന വിഭാഗമേയുള്ളൂ. ജനാധിപത്യത്തിന്റെ ഈ മൂന്ന് സ്തംഭങ്ങളിലും പൊതുജനത്തിന് പ്രവേശനമില്ല.
അകത്തളങ്ങളില്‍ ഉള്ളവരേക്കാള്‍ വിവരവും പ്രാപ്തിയും ഭാവനയുമുള്ളവരായാലും പുറത്തുള്ള ജനങ്ങള്‍ക്ക് അവിടെയൊന്നും നേരിട്ടെത്തി ഭരണത്തില്‍ ഇടപെടാന്‍ അവകാശമില്ല. ജനാധിപത്യത്തില്‍ അവന്റെ നേരിട്ടുള്ള പങ്കാളിത്തം വോട്ട് രേഖപ്പെടുത്തുന്നതോടെ അവസാനിക്കുന്നു. ഇവിടെയാണ് വിവരാവകാശ നിയമത്തിന്റെ പ്രയോഗം പ്രസക്തമാകുന്നത്. ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണവും അവര്‍ നല്‍കിയ അധികാരവും ഉപയോഗിച്ച് ജനാധിപത്യ സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമാണ് വിവരാവകാശ നിയമം വഴി ലഭ്യമായത്.

പൊതുഖജനാവില്‍ നിന്ന് പണം വിനിയോഗിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം അറിയാന്‍ ഈ നിയമം അവകാശം ഉറപ്പാക്കി. വില്ലേജ് ഓഫീസ് മുതല്‍ ഡല്‍ഹിയിലെ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് വരെയും പഞ്ചായത്ത് ഓഫീസ് മുതല്‍ പാര്‍ലിമെന്റ് വരെയും പത്ത് രൂപ മുടക്കിയാല്‍ രാജ്യത്തെ ഏത് പൗരനും കടന്നുചെന്ന് ഫയല്‍ കാണാനും സിസ്റ്റത്തില്‍ നിന്നും കടലാസില്‍ നിന്നും സാക്ഷ്യപ്പെടുത്തിയ രേഖകള്‍ നേടാനും പ്രാപ്തിയുണ്ടായി. സര്‍ക്കാര്‍ കാര്യാലയങ്ങളുടെ വിശ്വാസ്യതയും സുതാര്യതയും അതുവഴി വര്‍ധിച്ചു കൊണ്ടിരുന്നു. ജനങ്ങളോട് നാം കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ഉത്തരവാദപ്പെട്ടവരാണെന്ന് അധികാരം കൈയാളുന്നവര്‍ക്ക് തോന്നിത്തുടങ്ങി. ഭരണത്തിന്റെ ഏതു തലത്തിലുമുള്ള എന്ത് രഹസ്യവും പുറത്ത് അറിയുമെന്നായി.

അങ്ങനെ നിരവധി ഔദ്യോഗിക രഹസ്യങ്ങളുടെ ചുരുളുകള്‍ പത്രത്താളുകളിലൂടെയും മീഡിയാ സ്‌ക്രീനുകളിലൂടെയും അഴിഞ്ഞു വീഴുന്നത് നാം കണ്ടു. നോട്ട് നിരോധനത്തിലെ ഉള്ളറ രഹസ്യങ്ങള്‍, കള്ളപ്പണ നിക്ഷേപങ്ങളുടെയും സ്വിസ് ബേങ്ക് ഇടപാടുകളുടെയും നേരും നുണയും, തിരഞ്ഞെടുപ്പ് കടപ്പത്രത്തിലൂടെ ഓരോ പാര്‍ട്ടിക്കും കിട്ടിയ പണത്തിന്റെ കണക്ക്, 1961നും 2003നും ഇടയില്‍ രാജ്യത്തുണ്ടായ വര്‍ഗീയ കലാപങ്ങളില്‍ 13 എണ്ണത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ കാണാനില്ലെന്ന സത്യം, കൂടംകുളം ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിലെ സുരക്ഷാ പരിശോധനാ റിപ്പാര്‍ട്ട്, നിരവധി ബേങ്കുകളുടെ ധനകാര്യ പരിശോധനാ റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ സോളാര്‍ – സ്പ്രിംക്ലര്‍ കേസുകള്‍ എന്നിവയെല്ലാം നാമറിഞ്ഞത് അങ്ങനെയാണ്. രാജ്യത്തെ കോടതികള്‍ വാദിയും എതിര്‍കക്ഷിയുമായി ഈ നിയമത്തിന്റെ ശാക്തീകരണത്തിനു വേണ്ടി വാദിച്ചു. വിവരം നല്‍കാന്‍ മടിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സിന് സുപ്രീം കോടതിയില്‍ കൈയും കെട്ടി നില്‍ക്കേണ്ടിവന്നു. സീനിയോരിറ്റി മറികടന്ന് ജഡ്ജിമാരെയും ഉദ്യോഗസ്ഥരെയും നിയമിച്ചതു സംബന്ധിച്ച് സാധാരണക്കാരനോട് സര്‍ക്കാര്‍ വിശദീകരിക്കേണ്ടിവന്നു. കര്‍ഷകനും റിക്ഷാക്കാരനും തൊഴിലുറപ്പു തൊഴിലാളിക്കും ഈ നിയമം നീതിയുടെ പോരാളിയായി. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളുമായി ഓരോ വര്‍ഷവും 40 ലക്ഷത്തിലേറെ വിവരാവകാശ അപേക്ഷകള്‍ രാജ്യം പരിശോധിച്ച് സത്യാവസ്ഥ പറയുന്നു.
നമ്മുടെ ജനാധിപത്യം അതുവഴി അനുദിനം ശക്തവും അര്‍ഥവത്തും ആയിക്കൊണ്ടിരുന്നു.

പക്ഷേ, അധികാരത്തിലെ അഴിമതി വീരന്മാര്‍ക്ക് വിവരാവകാശ നിയമം തലവേദന തന്നെയാണ്. അവര്‍ ഒളിഞ്ഞും തെളിഞ്ഞും ഈ നിയമത്തെ ദുര്‍ബലമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. രാജ്യസുരക്ഷക്ക് ഭീഷണിയായേക്കാവുന്ന വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്ന എട്ടാം വകുപ്പിന്റെ പഴുത് ഉപയോഗിച്ച് പലരും വിവരങ്ങള്‍ തടഞ്ഞുവെച്ചു. പോലീസ്, വിജിലന്‍സ്, ഫോറന്‍സിക് ലാബുകള്‍ തുടങ്ങി വിവരം തടയപ്പെടാത്ത മേഖലകളെ കൂടി ചില സര്‍ക്കാറുകള്‍ സൗകര്യപൂര്‍വം എട്ടാം വകുപ്പിലേക്ക് ചേര്‍ത്ത് വിവരങ്ങള്‍ ഒളിപ്പിച്ചു. 2019ല്‍ ലോക്‌സഭയിലും രാജ്യസഭയിലും വിവരാവകാശ നിയമത്തിന്റെ പല്ലും നഖവും പിഴുതെറിയുന്ന ഭേദഗതികള്‍ പാസ്സാക്കി.
കഴിഞ്ഞ 17 വര്‍ഷത്തിനകം നൂറോളം വിവരാവകാശ പ്രവര്‍ത്തകരെ ശത്രുപക്ഷം കൊന്നുകളഞ്ഞു. വിവരം ആയുധമാക്കി ജനാധിപത്യപ്പോരാട്ടം നടത്തിയ ആയിരങ്ങള്‍ക്കാണ് ആക്രമണം ഏല്‍ക്കേണ്ടി വന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ജീവന് ഭീഷണി നേരിട്ടവര്‍ 203 ആണ്. ഏഴ് പേര്‍ ഇതിനകം ആത്മഹത്യ ചെയ്തു. കേരളത്തില്‍ കരുനാഗപ്പള്ളിയിലൊരു വിവരാവകാശ പ്രവര്‍ത്തകന്‍ അക്രമത്തിനിരയായി ഇപ്പോഴും ആശുപത്രിയിലാണ്.

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവരാവകാശ കമ്മീഷണര്‍മാരുടെ ശക്തി ചോര്‍ത്തുന്നതായിരുന്നു മറ്റൊരു നടപടി. അവരുടെ നിയമന, ശമ്പള വ്യവസ്ഥയില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റംവരുത്തി. അഞ്ച് വര്‍ഷമായിരുന്ന കമ്മീഷണര്‍മാരുടെ കാലാവധി മൂന്ന് വര്‍ഷമാക്കി. സംസ്ഥാനങ്ങളിലെ കമ്മീഷണര്‍മാരെ നിയമിക്കാനുള്ള അധികാരം കേന്ദ്രം ഏറ്റെടുത്തു. ഫലത്തില്‍ കമ്മീഷണര്‍മാരുടെ കാലാവധിയും ശമ്പളവും ഇപ്പോള്‍ വ്യത്യസ്തമാണ്. പഴയ വേതനത്തിലും കാലാവധിയിലും തുടരുന്നവരും അല്ലാത്തവരും എന്ന വിവേചനം.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റേതിനു തുല്യമായ അധികാരവും സേവന വേതന വ്യവസ്ഥയുമാണ് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ക്കും മൂലനിയമം വിഭാവനം ചെയ്തിരുന്നത്. സുപ്രീം കോടതി ജഡ്ജിക്കു തുല്യമാണിത്. സംസ്ഥാനങ്ങളില്‍ ഇത് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും ചീഫ് സെക്രട്ടറിക്കും സമമായിരുന്നു. വിവരാവകാശ കമ്മീഷന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശാധികാരങ്ങള്‍ വേണ്ടെന്നാണ് ഇപ്പോള്‍ കേന്ദ്രം പറയുന്നത്. താഴേതട്ടില്‍ വിവരങ്ങള്‍ നിര്‍ലോപം നല്‍കുന്ന ഉദ്യോഗസ്ഥര്‍ പല നിലക്കും പീഡിപ്പിക്കപ്പെടുന്നു. പല സംസ്ഥാനങ്ങളിലും വിവരാവകാശത്തിന്റെ സീറ്റില്‍ ഇരുന്നവര്‍, പുറത്തുവിട്ട രഹസ്യ വിവരങ്ങള്‍ സര്‍ക്കാറിന് അനിഷ്ടങ്ങളുണ്ടാക്കിയതോടെ, അവര്‍ ഭരണക്കാരുടെ നോട്ടപ്പുള്ളികളാകുന്നു. മറ്റ് ഉദ്യോഗസ്ഥര്‍ ഇത് തങ്ങള്‍ക്കുമുള്ള താക്കീതായി പരിഗണിച്ചതോടെ വിവരങ്ങള്‍ ചോദിക്കുന്നവര്‍ക്ക് അവ കൈമാറി കിട്ടാതായി. വിവരാവകാശ നിയമം സ്വയമേവ ദുര്‍ബലമാകാന്‍ ഇനി കൂടുതല്‍ കാരണങ്ങള്‍ വേണ്ടാതായി.

സുപ്രീം കോടതിയുടെ അഭിപ്രായത്തില്‍, അറിയാനുള്ള അവകാശവും അഭിപ്രായ സ്വാതന്ത്ര്യവും ഉറപ്പാക്കാന്‍ മാത്രമുള്ളതല്ല വിവരാവകാശ നിയമം. ആത്മാര്‍ഥമായി നടപ്പാക്കിയാല്‍ അതിന് സദ്ഭരണം സാധ്യമാക്കാനുള്ള ശേഷിയുമുണ്ട്. പരമോന്നത കോടതിയുടെ ഈ സുപ്രധാന അഭിപ്രായം വന്നത് വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമനം സംബന്ധിച്ച കേസിന്റെ വിധിയില്‍ തന്നെയാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324(1) പ്രകാരം പ്രാബല്യത്തില്‍ വന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണഘടനാ സ്ഥാപനമാണ്. പക്ഷേ, ആര്‍ട്ടിക്കിള്‍ 19(1)(എ) പ്രകാരം നിലവില്‍ വന്ന വിവരാവകാശ കമ്മീഷന്‍ ഭരണഘടനാ സ്ഥാപനമല്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വാദം. അതേസമയം, കേന്ദ്രത്തിലും സംസ്ഥാനത്തും വിവരാവകാശ കമ്മീഷണര്‍മാരായിരുന്നവരെല്ലാം കമ്മീഷന്റെ പ്രവര്‍ത്തനത്തെയും സ്വാതന്ത്ര്യത്തെയും കൂടുതല്‍ ശക്തമാക്കണമെന്ന പക്ഷക്കാരാണ്.

അധികാരമില്ലാത്തവന്റെയും കഷ്ടത അനുഭവിക്കുന്നവന്റെയും പീഡിതന്റെയും തിരസ്‌കൃതന്റെയും ശക്തമായ ആയുധം കൂടിയാണ് വിവരാവകാശ നിയമം. അതിനെ ദുര്‍ബലമാക്കുന്നത് ആയുധമില്ലാതെ യോദ്ധാവിനെ പടക്കളത്തിലേക്ക് അയക്കുന്നതു പോലെയാണ്. പല നിയമങ്ങളും ഭരണക്കാരുടെയും ഇഷ്ടക്കാരുടെയും താത്പര്യമനുസരിച്ച് ദുര്‍ബലപ്പെടുത്തുന്നതോ ദുരുപയോഗം ചെയ്യുന്നതോ പതിവായിരിക്കുന്നു. രാഷ്ട്രീയ എതിരാളികളോടും സ്വന്തം പാര്‍ട്ടിയില്‍ എതിരഭിപ്രായം പറയുന്നവരോടും പക വീട്ടാനായി പല നിയമങ്ങളും എടുത്തു പ്രയോഗിക്കുന്നതാണ് സമീപകാല അനുഭവം. ഓരോ സര്‍ക്കാറും മുന്‍ സര്‍ക്കാറിലെ മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും ഈ നയമാണ് സ്വീകരിച്ചു വരുന്നത്. പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാന്‍ ഈ തന്ത്രം ഉപയോഗിക്കുന്നത് നാട്ടുനടപ്പായി വളര്‍ന്നിരിക്കുന്നു.
വിവരാവകാശ നിയമം ഇന്ത്യയില്‍ നിലവില്‍ വന്നിട്ട് നാളേക്ക് 17 വര്‍ഷം തികയുന്നു. അധികാരം ജനങ്ങളെ പറ്റിക്കാനുള്ള മാന്ത്രിക വടിയായി കുറേ പേര്‍ കൊണ്ടുനടക്കുന്ന, ഇ ഡിയെയും വിജിലന്‍സിനെയും കാപ്പ, പോട്ട, യു എ പി എ തുടങ്ങിയ നിയമങ്ങളെയും ഇരയുടെ രാഷ്ട്രീയം, മതം തുടങ്ങിയവ നോക്കി തരം പോലെ ദുരുപയോഗം ചെയ്യപ്പെടുന്ന, ഇല്ലാത്ത ലവ് ജിഹാദും നാര്‍കോട്ടിക് ജിഹാദും മാര്‍ക്ക് ജിഹാദും ഉണ്ടെന്ന് പറഞ്ഞ് മനുഷ്യ സാഹോദര്യത്തില്‍ വിഷം കലര്‍ത്തുന്ന ഇക്കാലത്ത്, അറിയാനുള്ള അവകാശം കൂടുതല്‍ ശക്തമായി നിലനില്‍ക്കേണ്ടതുണ്ട്. ഈ നിയമത്തിന്റെ ചിറകരിയുന്നത് ശരിയായ പൊതുജനാഭിപ്രായം രൂപപ്പെടുന്നതിന് തടസ്സമാകും. അത് ജനാധിപത്യത്തിന്റെ സത്തയെത്തന്നെ ചോര്‍ത്തിക്കളയും. നമ്മുടെ ഫെഡറലിസത്തെ ഇല്ലാതാക്കുന്ന നീക്കവുമാകും.

nahahakkim@gmail.com